സാന്‍ ഫ്രാന്‍സിസ്‌കോ: ആഗോള സാങ്കേതിക മേഖലയെ ഞെട്ടിച്ചുകൊണ്ട് പ്രമുഖ ഇന്റര്‍നെറ്റ് സുരക്ഷാ-കണക്റ്റിവിറ്റി കമ്പനിയായ ക്ലൗഡ്ഫ്‌ലെയര്‍ തങ്ങളുടെ 20 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് വരുമാനം സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ വന്‍ പിരിച്ചുവിടല്‍ എന്നത് ശ്രദ്ധേയമാണ്.
നിര്‍മ്മിത ബുദ്ധി ഒരു വിഭാഗം തൊഴിലാളികളെ പൂര്‍ണമായും കാലഹരണപ്പെടുത്തിയതാണ് ഈ നടപടിക്ക് പിന്നിലെന്ന് ക്ലൗഡ്ഫ്‌ലെയര്‍ സിഇഓ മാത്യു പ്രിന്‍സ് വ്യക്തമാക്കി. വാള്‍സ്ട്രീറ്റ് ജേണലില്‍ എഴുതിയ ലേഖനത്തിലാണ് സിഇഓ തന്റെ നിലപാട് വിശദീകരിച്ചത്. കമ്പനി വളരെ വേഗത്തില്‍ വളരുകയാണെന്നും ഉപഭോക്തൃ അടിത്തറ വികസിക്കുകയാണെന്നും വ്യക്തമാക്കിയ അദ്ദേഹം, എന്നാല്‍ 'ഏജന്റിക് എഐ' യുഗത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന ക്ഷമത കൂട്ടാന്‍ മിഡില്‍ മാനേജ്മെന്റ് തസ്തികകള്‍ വെട്ടിച്ചുരുക്കുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു എന്നും കൂട്ടിച്ചേര്‍ത്തു.
പിരിച്ചുവിടപ്പെട്ടവരില്‍ ഭൂരിഭാഗവും കമ്പനിയിലെ 'മേഷറര്‍മാര്‍' (തൊഴില്‍ അളക്കുന്നവര്‍) ആയിരുന്നു എന്ന് മാത്യു പ്രിന്‍സ് നിര്‍വചിക്കുന്നു. അതായത് ക്ഷീണമില്ലാത്തതും സ്വതന്ത്രവുമായ എഐ സിസ്റ്റങ്ങള്‍ക്ക്, ഇപ്പോള്‍ മികച്ച മനുഷ്യ ജീവനക്കാരേക്കാള്‍ കൃത്യതയോടെയും വസ്തുനിഷ്ഠതയോടെയും ഒരു സ്ഥാപനത്തിന്റെ കാര്യങ്ങള്‍ വിലയിരുത്താന്‍ സാധിക്കുമെന്ന് മാത്യു പ്രിന്‍സ് വ്യക്തമാക്കി.
എഐക്ക് മികച്ച രീതിയില്‍ കോഡിംഗ് ചെയ്യാന്‍ സാധിക്കുമെങ്കിലും, സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെപ്പോലെയുള്ള 'ബില്‍ഡര്‍മാരെ' കമ്പനി നിലനിര്‍ത്തിയിട്ടുണ്ട്. അതുപോലെ തന്നെ ബിസിനസ് കൊണ്ടുവരുന്ന 'സെല്ലര്‍മാരും'ഓട്ടോമേഷനില്‍ നിന്ന് തല്‍ക്കാലം സുരക്ഷിതരാണ്. ഇത് കേവലം ജീവനക്കാരുടെ എണ്ണം കുറയ്ക്കലല്ല, മറിച്ച് ജോലിയുടെ സ്വഭാവം മാറ്റലാണെന്നും വളര്‍ച്ചാ സാധ്യതയുള്ള മേഖലകളില്‍ പുതിയ ഒഴിവുകള്‍ ഉണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.
ധനകാര്യം, നിയമം, മാനേജ്മെന്റ് മേഖലകളിലെ ജോലികള്‍ മനുഷ്യരേക്കാള്‍ വേഗത്തില്‍ ചെയ്യാന്‍ എഐക്ക് സാധിക്കുമെന്ന ആന്ത്രോപിക് പഠന റിപ്പോര്‍ട്ടുകളെ സാധൂകരിക്കുന്നതാണ് ക്ലൗഡ്ഫ്‌ലെയറിന്റെ ഈ നടപടി.
ടെക് ലോകത്തെ 'എഐവാഷിംഗ്' വിവാദം
2022 ല്‍ ചാറ്റ്ജിപിറ്റിയുടെ വരവോടെ ആരംഭിച്ച എഐ പിരിച്ചുവിടല്‍ ഭീതി ഇപ്പോള്‍ യാഥാര്‍ത്ഥ്യമാവുകയാണ്. ഈ വര്‍ഷം മാത്രം യുഎസില്‍ 49,135 ലധികം പിരിച്ചുവിടലുകള്‍ എഐയുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. ജാക്ക് ഡോര്‍സിയുടെ 'ബ്ലോക്ക്' (40%), മെറ്റാ (10%) എന്നിവ ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു.
എന്നാല്‍, ഈ പിരിച്ചുവിടലുകള്‍ക്ക് പിന്നില്‍ എഐ വാഷിംഗ് ആണെന്ന സംശയവും ശക്തമാണ്. കോവിഡ് കാലത്ത് അമിതമായി ജീവനക്കാരെ നിയമിച്ച കമ്പനികള്‍, തങ്ങളുടെ ബ്യൂറോക്രാറ്റിക് വീര്‍പ്പുമുട്ടല്‍ ഒഴിവാക്കാന്‍ എഐയെ ഒരു ഒഴികഴിവ് മാത്രമാക്കുകയാണെന്ന് പ്രമുഖ നിക്ഷേപകന്‍ മാര്‍ക്ക് ആന്‍ഡ്രീസെന്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിക്കുന്നു.
അതേസമയം ബാധിക്കപ്പെട്ട ജീവനക്കാര്‍ക്കായി മികച്ച പിരിച്ചുവിടല്‍ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ക്ലൗഡ്ഫ്‌ലെയര്‍ അറിയിച്ചിട്ടുണ്ട്. എങ്കിലും റെക്കോര്‍ഡ് ലാഭത്തിലും തൊഴിലാളികളെ പുറത്താക്കുന്ന കോര്‍പ്പറേറ്റ് ശൈലി വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
