ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ആധികാരിക ജയവുമായി രണ്ട് മത്സര ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരി ഓസ്‌ട്രേലിയ. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒമ്പത് വിക്കറ്റ് വിജയവുമായാണ് ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം വിജയലക്ഷ്യമായ 75 റൺസ് ഓസീസ് ട്രാവിസ് ഹെഡിന്റെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അടിച്ചെടുത്തു. ഉസ്മാൻ ഖവാജയും(27*) മാർനസ് ലാബുഷെയ്‌നും(26*) പുറത്താകാതെ നിന്നു. സ്‌കോർ ശ്രീലങ്ക 257, 231, ഓസ്‌ട്രേലിയ 414, 75-1.
54 റൺസ് മാത്രം ലീഡുമായി 211-8 എന്ന നിലയിൽ നാലാം ദിനം ക്രീസിലിറങ്ങിയ ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്‌സ് 231 റൺസിൽ അവസാനിച്ചു. ശ്രീലങ്കയ്ക്കായി പൊരുതിയ കുശാൽ മെൻഡിസിനെ(50) സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിച്ച നഥാൻ ലിയോണാണ് നാലാം ദിനം ലങ്കയ്ക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. കുശാൽ മെൻഡിസിനെ കൈയിലൊതുക്കിയതോടെ സ്റ്റീവ് സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റിൽ 200 ക്യാച്ചുകളെടുക്കുന്ന ആദ്യ ഓസ്‌ട്രേലിയൻ ഫീൽഡറായി. മത്സരത്തിലാകെ അഞ്ച് ക്യാച്ചുകളെടുത്ത സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റിൽ 200 ക്യാച്ചുകളെടുക്കുന്ന അഞ്ചാമത്തെ മാത്രം താരവുമാണ്.
രാഹുൽ ദ്രാവിഡ്(210), ജോ റൂട്ട്(207), മഹേല ജയവർധനെ(205), ജാക് കാലിസ്(200) എന്നിവരാണ് ടെസ്റ്റിൽ 200 ക്യാച്ചുകളെടുത്ത മറ്റ് ഫീൽഡർമാർ. 196 ക്യാച്ചുകളെടുത്ത മുൻ നായകൻ റിക്കി പോണ്ടിംഗിനെ പിന്നിലാക്കിയാണ് സ്മിത്ത് 200 ക്യാച്ചകൾ തികയ്ക്കുന്ന ആദ്യ ഓസീസ് ഫീൽഡറെന്ന നേട്ടം സ്വന്തമാക്കിയത്. ഓസീസിനായി നഥാൻ ലിയോണും മാത്യു കുനെമാനും നാലു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ബ്യൂ വെബ്സ്റ്റർ രണ്ട് വിക്കറ്റെടുത്തു.
രണ്ടാം ഇന്നിംഗ്‌സിൽ 75 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസീസിന് തുടക്കത്തിലെ ഓപ്പണർ ട്രാവിസ് ഹെഡിനെ(23 പന്തിൽ 20) നഷ്ടമായെങ്കിലും ഉസ്മാൻ ഖവാജയും(22), മാർനസ് ലാബുഷെയ്‌നും(13) ചേർന്ന് ഓസീസിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. ടെസ്റ്റ് പരമ്പര 2 -0ന് സ്വന്തമാക്കിയ ഓസീസ് ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ശ്രീലങ്കയ്‌ക്കെതിരെ രണ്ട് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും കളിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്