കീവ്: നാല് വർഷത്തിലേറെയായി തുടരുന്ന ഉക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് നേരിട്ടുള്ള ചർച്ചയ്ക്കുള്ള നിർദ്ദേശവുമായി ഉക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്‌കി.
ഇതുസംബന്ധിച്ച് പുടിന് അദ്ദേഹം ഒരു തുറന്ന കത്തെഴുതി. ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ രാജ്യത്തിന്റെ നിലനിൽപ്പിനായി ഉക്രെയ്ൻ പോരാട്ടം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉക്രെയ്ൻ പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട ഈ കത്ത് അമേരിക്ക ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ രാജ്യങ്ങൾക്കും അയച്ചിട്ടുണ്ട്.
ഉക്രെയ്ൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ, പണപ്പെരുപ്പം, ഇന്ധനക്ഷാമം എന്നിവ കാരണം ഭൂരിഭാഗം റഷ്യൻ ജനതയും യുദ്ധം മടുത്തു കഴിഞ്ഞുവെന്നും അവർ സമാധാനത്തിനായി ആഗ്രഹിക്കുന്നുവെന്നും സെലൻസ്‌കി കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ചർച്ചകൾ നടക്കുന്ന കാലയളവിൽ പൂർണ്ണമായ വെടിനിർത്തൽ വേണമെന്നാണ് ഉക്രെയ്ന്റെ ആവശ്യം. യുദ്ധം താൽക്കാലികമായി നിർത്തുന്ന അതിർത്തികളിൽ വെടിനിർത്തൽ കരാർ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ചകൾക്കായി ഒരു കൃത്യമായ തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട സെലൻസ്‌കി, ഇതിനായി സ്വിറ്റ്‌സർലൻഡ്, തുർക്കി അല്ലെങ്കിൽ അറബ് രാജ്യങ്ങൾ തുടങ്ങിയ ഏതെങ്കിലും വേദിയാക്കാമെന്നും നിർദ്ദേശിച്ചു.
"ഈ യുദ്ധത്തിൽ നിന്ന് പുറത്തുകടക്കാനുള്ള വഴി തിരഞ്ഞെടുക്കാൻ ഭയപ്പെടരുത്. അതാണ് ഇപ്പോൾ നിങ്ങളിൽ നിന്ന് ആവശ്യമുള്ള പ്രധാന കാര്യം. നമ്മൾ തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളിലൂടെ ഈ യുദ്ധം അവസാനിപ്പിക്കാനാണ് യുക്രെയ്ൻ നിർദ്ദേശിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചുവെന്ന് നിങ്ങൾക്ക് വ്യക്തിപരമായി തോന്നുന്നില്ലെങ്കിൽ, യുക്രെയ്ൻ അതിന്റെ നിലനിൽപ്പിനായുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും," സെലൻസ്‌കി കത്തിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
