ഇലക്ഷൻ വിവാദങ്ങൾ ആർക്ക് പൊളളും

APRIL 25, 2024, 11:38 AM

പ്രചാരണങ്ങൾക്കിടയിൽ വന്നുപെടുന്ന വിവാദങ്ങളിൽ ഭയക്കാത്തവർ ആരുമില്ല. ഇത്തവണയും അതുണ്ട്, പ്രത്യേകിച്ച് കേരളത്തിൽ. പൊതുരാഷ്ട്രീയ സ്ഥ്തിയിൽ നിന്ന് മാറി ചിലപ്പോൾ നിർണായകമാവുക പ്രാദേശികമായി ഉണ്ടാകുന്ന വിവാദങ്ങളാണ്. കാരണം ഓരോ മണ്ഡലത്തിലും ജയപരാജയം നിർണയിക്കുന്നത് ചാഞ്ചാടിക്കളിക്കുന്ന മൂന്ന് ശതമാനം വോട്ടുകളായിരിക്കും. ഒരു മുന്നണിയിൽനിന്ന് അത് മറ്റൊന്നിലേക്ക് പോകുമ്പോൾ ഫലത്തിൽ ആറ് ശതമാനം വോട്ടിന്റെ ആഘാതം അതുണ്ടാക്കും.

കേരളത്തിൽ 2019ൽ നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വോട്ട് വിഹിതം 47.48% ആയിരുന്നു. എൽ.ഡി.എഫിന് 36.29%. എൻ.ഡി.എയ്ക്ക് 15.64%. കഴിഞ്ഞ തവണ പതിവ് വിട്ടുള്ള ട്രെൻഡിൽ അന്തരം കൂടിയിട്ടുണ്ട്. എങ്കിലും പൊതുവേ കേരളത്തിലെ ഫലം നിർണയിക്കുക ആടിക്കളിക്കുന്ന വോട്ടർമാരാണ്. അതിലാണ് എല്ലാവരുടെയും നോട്ടവും.
പ്രധാന മന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രാജസ്ഥാനിൽ നടത്തിയ പ്രസംഗത്തിൽ വിദ്വേഷം പ്രകടമായതിന്റെ പ്രതികരണങ്ങൾ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് വന്നു. മുസ്ലീം വിരുദ്ധതയായിരുന്നു അതിന്റെ കാതൽ.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വയനാട് മണ്ഡലത്തെയും മലപ്പുറത്തെയും പരാമർശിച്ച് മോദിയും ബി.ജെ.പി നേതാക്കളും രാഹുൽഗാന്ധിയെയും കോൺഗ്രസിനെയും വിമർശിച്ചു. കേരളത്തിൽ അല്ല അതുകൊണ്ട് ബി.ജെ.പി ലക്ഷ്യം വെക്കുന്നത് മറ്റ് സംസ്ഥാനങ്ങളിലെ ഹിന്ദു വോട്ടർമാരെയാണ്. ഇത്തവണത്തെ പ്രസംഗവും അതുപോലെ തന്നെ. അതിന്റെ അനുരണങ്ങൾ കേരളത്തിലെ മണ്ഡലത്തിൽ ആർക്ക് അനുകൂലമാകും? യു.ഡി.എഫിനോ, എൽ.ഡി.എഫിനോ? ഒരു പണത്തൂക്കം യു.ഡി.എഫിന് എന്ന് അനുമാനിക്കാം.

vachakam
vachakam
vachakam

ഇടയ്‌ക്കൊന്ന് മിന്നിക്കത്തിയതാണ് തൃശൂർപൂര വിവാദം. നടയിൽ പോലീസിന്റെ ഇടപെടൽ സൃഷ്ടിച്ചത് അസാധാരണ പ്രതിസന്ധി. കലാപത്തിനുള്ള വെടിമരുന്ന് പൊട്ടിക്കാൻ പോലും ശേഷിയുണ്ടായത്. ഭാഗ്യം അനിഷ്ടങ്ങളൊന്നുമുണ്ടായില്ല. എങ്കിലും സ്ഥാനാർത്ഥികളും മുന്നണികളും അതിൽ കയറിപ്പിടിച്ചു. ആരെ തുണയ്ക്കും ആരെ വലയ്ക്കും. കോട്ടം എൽഡിഎഫിന് തന്നെ. നേട്ടം യു.ഡി.എഫിനോ എൻ.ഡി.എയ്‌ക്കോ

ഹിന്ദു വോട്ടുകളാണ് അതിൽ രണ്ടുപേരും ലക്ഷ്യമിടുന്നത്. തൃശൂരിന് പുറത്ത് പൂര വിവാദം വലിയ തോതിൽ കത്തിക്കയറാനിടയില്ല. മണ്ഡലത്തിൽ അത് ആഴ്ന്നിറങ്ങിയാലും പരമ്പരാഗത ഹിന്ദു വോട്ടുകളെയായിരിക്കും അത് സ്വാധീനിക്കുക. ശബരിമല കാലത്ത് ഉണ്ടായത് പോലെ സംസ്ഥാനത്തുടനീളം വ്യപിക്കുന്ന ഇംപാക്ട് പൂരവിവാദം കൊണ്ട് ഉണ്ടാകുമെന്ന് തോന്നുന്നില്ല. മൃദുഹിന്ദുത്വം പിന്തുടരുന്ന വോട്ടർമാരിൽ അത് ചലനങ്ങൾ ഉണ്ടാക്കിയേക്കാം.

മലബാറിൽ ഇത്തവണ ശ്രദ്ധേയമാവുക ലീഗ് സമസ്ത പ്രശ്‌നങ്ങളാണ്. സമസ്ത പരമ്പരാഗതമായി ലീഗ് തന്നെയാണ്. ഇളക്കമില്ലാത്ത കണ്ണിയാണ് അത് എന്ന പൊതുധാരണയിൽ ഇത്തവണ പരസ്യ പ്രസ്താവനകൾ, രഹസ്യ നിർദേശങ്ങൾ, സോഷ്യൽ മീഡിയ വാഗ്വാദങ്ങൾ, വാട്‌സാപ്പ് സന്ദേശങ്ങൾ അങ്ങനെ അത് പടരുന്നു. സമസ്ത വോട്ടുകൂടി നേടാനാണ് പൊന്നാനിയിൽ ലീഗ് വിട്ട് വന്ന ഹംസയെ സി.പി.എം സ്വന്തം ചിഹ്നത്തിൽ മത്സരിപ്പിക്കുന്നത്. സി.പി.എം ചിഹ്നത്തിന് വോട്ട് ചെയ്യാനും മടിക്കേണ്ടതില്ല എന്ന സന്ദേശങ്ങൾ സമസ്തയുടെ കേഡർമാർക്കിടയിൽ പ്രചരിക്കുന്നു.

vachakam
vachakam
vachakam

ദീന് വേണോ, പാർട്ടി വേണോ എന്നതാണ് അതിലെ ചോദ്യം. ലീഗ് ഇത്തവണയും ജയിച്ചാൽ ദീൻ ഇല്ലാതാകും എന്ന ആശങ്ക. ഈ കാംപെയിനുകൾ സമുദായ നേതാക്കളുടെ നിർദേശത്തിനോടാണോ പാർട്ടി നേതാക്കളുടെ തീരുമാനത്തോടാണോ അണികൾ ചേർന്നുനിൽക്കുക എന്നതാണ് ഉറ്റുനോക്കുന്നത്. സി.പി.എം ജയിച്ചാലും കേന്ദ്രത്തിൽ ബി.ജെ.പിക്കെതിരെ നിലകൊള്ളും എന്ന സന്ദേശം ഈ നേതാക്കൾ പങ്കിടുന്നു. കേരളത്തിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് പ്രത്യേകിച്ച് മലബാറിൽ കാരണമാകുന്നതാകും സമസ്തയുടെ നേതാക്കളുടെ ആഹ്വാനം അനുയായികൾ സ്വീകരിച്ചാലുള്ള സ്ഥിതി.

പിണറായിയെ എന്തേ ജയിലിൽ അടക്കാത്തത് എന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം പിണറായി വിജയനെ വല്ലാതെ പ്രകോപിപ്പിച്ചു. നിങ്ങളുടെ മുത്തശ്ശി എന്നെ ജയിലിൽ അടച്ചിട്ടുണ്ട് എന്നായിരുന്നു അതിനുള്ള മറുപടി. പ്രധാന നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ വാഗ്വാദമായി അത് മാറി. വയനാട്ടിൽ മാത്രമല്ല കേരളത്തിൽ ഉടനീളം ഈ  വാഗ്വാദം പ്രചാരണ ഘട്ടത്തിൽ ഉയർന്നുവന്നു. രാഹുലിന്റെ ചോദ്യം സി.പി.എമ്മിനെ പ്രകോപിപ്പിക്കും. എന്നാൽ, ആ ചോദ്യം പിണറായി അനുകൂല സഹതാപമായി മാറാനിടയില്ല. മറിച്ച് പിണറായിയുടെ പരാമർശം ആടിനിൽക്കുന്ന വോട്ടർമാരെ രാഹുലിലേക്കും യു.ഡി.എഫിലേക്കും അടുപ്പിക്കാൻ പോന്നതാണ്.

വടകര വീറും വാശിയും വന്നത് കെ.കെ. ശൈലജയെ നേരിടാൻ ഷാഫി പറമ്പിൽ എത്തിയപ്പോഴാണ്. പല രീതിയിലുള്ള പ്രചാരണം മുന്നേറുന്നതിനിടയിൽ അപ്രതീക്ഷിതമായാണ് ശൈലജ ടീച്ചറുടെ മോർഫ് കാംപെയിൻ പരാമർശം വന്നത്. ആ വീഡിയോ എവിടെ എന്നായി പിന്നീടുള്ള ചോദ്യം. ഒരാഴ്ചയിലേറെ കത്തിനിന്ന ശേഷം ടീച്ചർ കൂടുതൽ വ്യക്തത വരുത്തിയപ്പോൾ അത് ഷാഫിയും യു.ഡി.എഫും ബൂമറാങ് ആയി ടീച്ചർക്ക് നേരെ പ്രയോഗിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് വിഷയങ്ങളിൽനിന്ന് മാറി സ്ഥാനാർത്ഥികൾ തമ്മിലുള്ള വ്യക്തികേന്ദ്രീകൃത പരാമർശങ്ങളായി പിന്നീട് കാംപെയിൻ രംഗത്ത്. അതിൽ ഒരു വോട്ടിന്റെ പോലും അധിക പിന്തുണ എൽ.ഡി.എഫിന് കിട്ടുമെന്ന് കണക്കാക്കാൻ കഴിയില്ല. ചാഞ്ചാട്ട മനസ്സുള്ളവരെ സ്വാധീനിക്കാൻ യു.ഡി.എഫ് അതും ആയുധമാക്കുന്നു.

vachakam
vachakam
vachakam

വയനാട് രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന് ആരുടെയും കൊടി ഉയർത്താത്തതിൽ അണികൾക്കിടയിൽ അമർഷം സൃഷ്ടിക്കാൻ എൽ.ഡി.എഫ് കൊണ്ടുപിടിച്ച ശ്രമങ്ങൾ തന്നെ നടത്തി. ചോദ്യം പ്രധാനമായി ലീഗിനോട് ആയിരുന്നു. സ്വന്തം കൊടി ഉയർത്താൻ കഴിയാത്തവർ എന്തിനാണ് ആ പാർട്ടിക്ക് വോട്ട് ചെയ്യുന്നത് എന്നത്. രാഹുലിന്റെ തെരഞ്ഞെടുപ്പ് ഫലത്തെ അത് സ്വാധീനിക്കാനേ ഇടയില്ല. സി.എ.എ മുതൽ സമസ്ത പ്രശ്‌നം വരെ ഉയർന്നു നിൽക്കുന്ന മലബാറിലെ ലീഗ് അനുഭാവി വോട്ടർമാരുടെ മനസ്സിൽ കനൽ കോരിയിടാനാണ് സി.പി.എം ശ്രമിച്ചത്. അത് പ്രകടമായ വോട്ട് വ്യതിയാനത്തിന് കാരണമാകുന്നതല്ല. എങ്കിലും മറ്റ് പല വിഷയങ്ങൾക്കുമൊപ്പം മുസ്ലീം ന്യൂനപക്ഷങ്ങളുടെ സംരക്ഷകർ തങ്ങളാണ് എന്ന പ്രതീതിയുണ്ടാക്കാൻ ഇത് കൂടി ഒരു അധിക വിഭവമായി എൽ.ഡി.എഫ് ഉപയോഗിച്ചു.

മധ്യകേരളത്തിൽ ക്രൈസ്ത സഭകളുടെ വോട്ടിൽ കൂടിയാണ് എൻ.ഡി.എയുടെ നോട്ടം. ജയിക്കാനായില്ലെങ്കിലും വോട്ട് വിഹിതം കൂട്ടുകയെന്ന ദൗത്യം. ലൗജിഹാത് സംബന്ധിച്ച് കാസ നേരത്തേ നടത്തിയ കാംപെയിനുകൾ തങ്ങൾക്ക് അനുകൂല വോട്ടായി മാറുമെന്ന് എൻ.ഡി.എ ആശിക്കുന്നു. വിവിധ 'കേരള സ്റ്റോറി' സിനിമ പ്രദർശിപ്പിച്ച് ഇടുക്കിയിൽ ആ പ്രതീക്ഷകളെ ഇടുക്കിയിൽ ഒന്നുകൂടി ഊതിത്തെളിച്ചു. ബി.ജെ.പിയുമായുള്ള ചങ്ങാത്തത്തിന് സഭാവിശ്വാസികൾ കൂട്ടമായി നീങ്ങുമെങ്കിൽ മാത്രമേ അത് യു.ഡി.എഫിന് ക്ഷീണമാവുകയുള്ളൂ. മധ്യകേരളത്തിലെ ഒരു മണ്ഡലവും യു.ഡി.എഫ് അക്കാരണത്താൽ ഭയക്കേണ്ടതല്ല. ആഘാതമുണ്ടാക്കുന്ന വോട്ടായി മാറാനുള്ള സാധ്യത വളരെ കുറവ്.

തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രൗഡിയും പന്ന്യൻ രവീന്ദ്രന്റെ ലാളിത്വവും മാറ്റുരച്ച ആദ്യഘട്ട പ്രാചരണത്തിൽ മാറ്റം വന്നതാണ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാർത്ഥിത്വം. നാമനിർദേശ പത്രികയിൽ രാജീവ് ചന്ദ്രശേഖറിന്റെ സ്വത്ത് വെളിപ്പെടുത്തിയതിലെ പ്രശ്‌നം ഇടയ്ക്ക് ചർച്ചയായി. സ്ഥാനാർത്ഥിത്വം തന്നെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജിയും വന്നു. പക്ഷെ, വോട്ടിങിനെ സ്വാധീനിക്കാനുള്ള ശക്തിയുള്ളതല്ല സാങ്കേതികമായ ഇത്തരം പ്രശ്‌നങ്ങൾ.
പത്തനംതിട്ടയിൽ അനിൽ ആന്റണി എന്ത് വോട്ടുപിടിക്കും എന്ന കൗതുകം ആണുകൾക്കുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രൻ ഉണ്ടാക്കിയ മുന്നേറ്റത്തിന്റെ ക്ഷീണം തട്ടിയത് ആന്റോ ആന്റണിക്കായിരുന്നു. ഭൂരിപക്ഷം കുറഞ്ഞു. വന്യജീവി ആക്രമണം വരെ തെരഞ്ഞെടുപ്പ് രംഗത്ത് ചർച്ചയാണ് അവിടെ. ആന്റോയുടെ വിപണി മൂല്യം കുറയുമെന്ന പ്രതീക്ഷയിലാണ് തോമസ് ഐസക്കിനെ എൽ.ഡി.എഫ് മുന്നോട്ടുവെച്ചത്. ബി.ജെ.പി കഴിഞ്ഞ തവണ പിടിച്ച അധിക വോട്ടുകൾ ഇത്തവണ ഏത് പാളയത്തിലേക്ക് തിരിച്ചുപോകും എന്നത് അവിടെ ഫലനിർണയത്തിൽ പ്രധാനമാണ്

ചൗക്കിദാർ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam