മുല്ലപ്പെരിയാറിൽ അധിക ആധി വിതച്ച് വിജയ്

JUNE 24, 2026, 12:59 PM

തമിഴ്‌നാട്ടിൽ ആരു ഭരിച്ചാലും മുല്ലപ്പെരിയാർ ഡാമിനെച്ചൊല്ലിയുള്ള കേരളത്തിന്റെ പരാതിക്കും ഭീതിക്കും അന്ത്യമില്ല. പുതിയ അണക്കെട്ടു പണിയാനനുവദിക്കില്ലെന്നു ശഠിച്ചു ജയലളിതയും കരുണാനിധിയും സ്റ്റാലിനുമെല്ലാം. ഇപ്പോൾ അക്കാര്യത്തിൽ മുൻഗാമികളെ വെല്ലുന്ന കടുത്ത നിലപാടു തന്നെ പുതിയ മുഖ്യമന്ത്രി വിജയ്‌യും പരസ്യമാക്കിക്കഴിഞ്ഞു.

തമിഴ്‌നാടിന് വെള്ളം; കേരളത്തിന് സുരക്ഷ എന്ന മുദ്രാവാക്യം ഉചിതമാണെന്നു പറയുമ്പോഴും കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പുതിയ ഡാം നിർമ്മാണം എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുപോലും വയ്ക്കാൻ കേരളത്തിന് തമിഴ്‌നാടിന്റെ ശക്തമായ എതിർപ്പിനാൽ ഇതുവരെ സാധിച്ചിട്ടില്ല. തമിഴ്‌നാടിന് വേണ്ടത് ജലമാണ്. അതവർക്ക് മുല്ലപ്പെരിയാർ ഡാമിൽ നിന്ന് ലഭിക്കുന്നുണ്ട്. ഡാമിന്റെ സുരക്ഷ അവരെ അലട്ടുന്ന പ്രശ്‌നമല്ല. ഡാമിന് എന്തെങ്കിലും സംഭവിച്ചാലും നാശനഷ്ടം കേരളത്തിനു തന്നെ. തമിഴ്‌നാട്ടിലേക്ക് വെള്ളം ഇരച്ചുകയറി ചെല്ലില്ല. 

പ്രശ്‌നത്തിൽ കാലാകാലങ്ങളായി കേരളത്തിലെ ഉദ്യോഗസ്ഥ രാഷ്ട്രീയ നേതൃത്വങ്ങൾ പുലർത്തിയ അശ്രദ്ധയും നിസംഗതയുമാണ് വർഷങ്ങൾക്കുമുമ്പേ പരിഹരിക്കേണ്ടിയിരുന്ന ഈ പ്രശ്‌നം ഇത്രയും വഷളാക്കിയത്. സുപ്രീം കോടതിയിലെ വ്യവഹാരങ്ങളിൽ 2006 ലും 2014ലും വിധി വന്ന രണ്ടു കേസുകളിലും തോറ്റിട്ടും കാര്യമായ ഒരു ഇടപെടലും കേരളം നടത്തിയില്ല. അണക്കെട്ടിന്റെ സുരക്ഷയും 999 വർഷത്തെ പാട്ടക്കരാറിന്റെ നിയമസാധുതയും സംബന്ധിച്ച സുപ്രീം കോടതിയിലെ കേസ് വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള നീക്കങ്ങളും മന്ദഗതിയിലാണ്. 

vachakam
vachakam
vachakam

നിർമ്മിച്ച കാലത്ത് മുല്ലപ്പെരിയാർ ഡാമിന്റെ ആയുസ് അമ്പത് വർഷമെന്നാണ് നിർണയിച്ചിരുന്നത്. ഇപ്പോൾ വയസ് 130. അക്കാലത്തിൽനിന്ന് ഡാമിന്റെ നിർമ്മാണ രീതികളും ഘടനയുമൊക്കെ അടിമുടി മാറിയിട്ടുണ്ട്. അതിനാൽ ഒരു പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം ഉന്നത നീതിപീഠങ്ങൾക്കും അണക്കെട്ട് സുരക്ഷാ അതോറിട്ടിക്കും ഒടുവിൽ തമിഴ്‌നാടിന് തന്നെയും അംഗീകരിക്കേണ്ടിവരുമെന്നു തീർച്ച. പക്ഷേ അതെത്ര നാൾ കഴിഞ്ഞ് എന്നതാണ് കാതലായ ചോദ്യം.

കാലപ്പഴക്കത്തിന്റെ ബലക്ഷയവും മറ്റ് ചെറിയ ചോർച്ചകളുമല്ലാതെ പ്രധാന നിർമ്മിതിക്ക് വലിയ കുഴപ്പമൊന്നുമില്ലാതെ നിൽക്കുന്നതിന് നന്ദിപറയേണ്ടത് മുല്ലപ്പെരിയാർ ഡാം നിർമ്മാണത്തിന് നേതൃത്വം നൽകിയ പെനിക്യുക്ക് എന്ന ബ്രിട്ടീഷ് എൻജിനീയർക്കു തന്നെ. ഇടയ്ക്ക് പണത്തിന് ക്ഷാമം വന്നപ്പോൾ ഇംഗ്‌ളണ്ടിൽ തിരിച്ചുപോയി തന്റെ വീടും വസ്തുക്കളും വിറ്റുകൊണ്ടുവന്ന പണം കൊണ്ടുകൂടിയാണ് ആ മനുഷ്യസ്‌നേഹിയും മഹാനുമായ എൻജിനീയർ മുല്ലപ്പെരിയാർ ഡാം പൂർത്തിയാക്കിയത്.

തമിഴ്‌നാട്ടിലെ പുതിയ മുഖ്യമന്ത്രി വിജയ്യുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടും ഇതിനെതിരെ കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് ബദൽ പ്രതികരണങ്ങളില്ല. നിലവിലുള്ള അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താനുള്ള നീക്കങ്ങൾക്കെതിരെ നടക്കുന്ന ഇടപെടലുകളെ ശക്തമായി എതിർക്കുമെന്നും തമിഴ്‌നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഡാമിന്റെ സുരക്ഷാ പരിശോധനയ്ക്കായി നിയോഗിച്ച സ്വതന്ത്ര സമിതിയിൽ നിന്ന് കേരളം നിർദ്ദേശിച്ച വിദഗ്ദ്ധനെ ഏകപക്ഷീയമായി നീക്കിയ നടപടിയും വിവാദമായി. കേരള പ്രതിനിധി ടി.കെ.ശിവരാജനെയാണ് കേന്ദ്ര അണക്കെട്ട് സുരക്ഷാ അതോറിട്ടി നീക്കിയത്. പകരം ഐ.ഐ.ടി റൂർക്കിയിലെ പ്രൊഫ.എം.എൽ.ശർമ്മയെ ഉൾപ്പെടുത്തി.

vachakam
vachakam
vachakam

സ്വതന്ത്ര സമിതിയിൽ കേരള പ്രതിനിധി ഉണ്ടായാൽപോലും തമിഴ്‌നാടിന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ ബുദ്ധിമുട്ടായ പശ്ചാത്തലത്തിൽ കേരളത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ അന്യനാട്ടുകാരനായ ഒരു വിദഗ്ദ്ധന് എത്രത്തോളം കഴിയുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. തികച്ചും നിയമവിരുദ്ധവും ഏകപക്ഷീയവുമായ ഈ നടപടിക്കെതിരെ കേരളത്തിൽ നിന്നുള്ള എം.പിമാരും സർക്കാരും ശക്തമായ ഇടപെടലുകൾ നടത്തിയിട്ടില്ല ഇതുവരെ. ഇത്തരം സംഭവങ്ങൾ വിവാദമാകുമ്പോൾ മാത്രം ഉണരുന്ന ഒരു സമീപനമാണ് കേരളം ഇക്കാലമത്രയും സ്വീകരിച്ചുവരുന്നത്. ജനങ്ങളെ തമ്മിലടിപ്പിക്കാതെ നിയമപരമായും ജനാധിപത്യപരമായും തമിഴ്‌നാടിനെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പരിഹാരമാർഗങ്ങളാണ് കേരളം ആരായേണ്ടതെന്ന അഭിപ്രായം ശക്തം. പക്ഷേ, വിവേകപൂർണ്ണമായ ചുവടുവയ്പ്പുകൾ ഈ ദിശയിൽ ഉണ്ടാകുന്നില്ല.


മെക്കെദാട്ട് ഡാം

vachakam
vachakam
vachakam

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളവുമായും കാവേരി വിഷയത്തിൽ കർണാടകയുമായും എം.കെ. സ്റ്റാലിന്റെ ഡി.എം.കെ സർക്കാർ തീവ്രമായ തർക്കത്തിലേക്ക് പോയിരുന്നില്ല. മുല്ലപ്പെരിയാർ തർക്കത്തിൽ പിണറായി വിജയൻ സർക്കാരുമായി സ്റ്റാലിൻ സർക്കാർ രമ്യതയുടെ പാതയായിരുന്നു പിന്തുടർന്നതെങ്കിൽ വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാർ മുല്ലപ്പെരിയാർ വിഷയത്തിൽ കേരളവുമായും മെക്കെദാട്ടു അണക്കെട്ട് വിഷയത്തിൽ കർണാടകയുമായും ഉടക്കാനുറച്ചാണ് രംഗത്തുള്ളത്.

കർണാടക കാവേരി നദിക്ക് കുറുകെ നിർമിക്കാൻ ഉദ്ദേശിക്കുന്ന മേക്കെദാട്ടു അണക്കെട്ട് പദ്ധതിക്ക് തമിഴ്‌നാട്, കേരളം, പുതുച്ചേരി സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ അംഗീകാരം നൽകരുതെന്നാണ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടത്. എന്നാൽ, മുല്ലപ്പെരിയാർ വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിക്കുന്ന ടിവികെ സർക്കാരിന് മെക്കെദാട്ടു അണക്കെട്ട് തർക്കത്തിൽ കേരളം പിന്തുണ നൽകുമോ എന്ന ആകാംക്ഷ ഉയരുന്നു. കേരളത്തിലും കർണാടകയിലും കോൺഗ്രസ് സർക്കാരുകളാണ് അധികാരത്തിലുള്ളത്. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് അടുത്തബന്ധമാണുള്ളത്.

തമിഴ്‌നാട് മുഖ്യമന്ത്രി വിജയുമായി കേരളത്തിന് ഇതുവരെ അത്ര വലിയ അടുപ്പവുമില്ല.
കർണാടക സർക്കാർ കാവേരി നദിക്ക് കുറുകെ നിർദേശിച്ചിരിക്കുന്ന ജലവൈദ്യുത കുടിവെള്ള പദ്ധതിയാണ് മെക്കെദാട്ടു അണക്കെട്ട് പദ്ധതി. തമിഴ്‌നാട് അതിർത്തിയിൽ നിന്ന് വെറും നാല് കിലോമീറ്റർ അകലെ രാമനഗര ജില്ലയിലെ കനകപുരയ്ക്ക് സമീപം കാവേരി നദിക്ക് കുറുകെ നിർദിഷ്ട പദ്ധതി നിർമിക്കാനാണ് കർണാടക സർക്കാർ നീക്കം നടത്തുന്നത്. ഏകദേശം 9,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഐടി നഗരമായ ബംഗളൂരുവിന്റെ വെള്ള പ്രശ്‌നം പരിഹരിക്കുമെന്നാണു കണക്കുകൂട്ടൽ. അതിനൊപ്പം വൈദ്യുതി ഉത്പാദനവുമാണ് പ്രധാന ലക്ഷ്യം.

പദ്ധതിയിലൂടെ 400 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ.
മെക്കെദാട്ടു അണക്കെട്ടിന് ഏകദേശം 67.16 ടിഎംസി അതായത് ആയിരം ദശലക്ഷം ഘന അടി വെള്ളം സംഭരിക്കാൻ ശേഷിയുണ്ടാകും. 99 മീറ്റർ ഉയരവും 735 മീറ്റർ നീളവുമുള്ള കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണ് നിർമ്മിക്കുക. 400 മെഗാവാട്ട് ജലവൈദ്യുത ഉത്പാദിപ്പിക്കാൻ രൂപകൽപ്പന ചെയ്ത ഒരു ഭൂഗർഭ പവർഹൗസും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. നിർദിഷ്ട മെക്കെദാട്ടു അണക്കെട്ട് പ്രദേശത്തെ കർഷകരെ പദ്ധതിക്കുമെന്നാണ് മുഖ്യമന്ത്രി വിജയ് പ്രധനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചത്. പദ്ധതി യാഥാർഥ്യമായാൽ തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് നദിയുടെ ഒഴുക്കിനെ ബാധിക്കും. ഭാവിയിൽ അണക്കെട്ട് ജലസംഭരണിയായി മാറും.

ഇതോടെ കർണാടകയ്ക്ക് ജലപ്രവാഹത്തിന്മേൽ പൂർണ നിയന്ത്രണം ലഭിക്കുമെന്നും തമിഴ്‌നാട് വാദിക്കുന്നു. നിർദിഷ്ട പദ്ധതി നടപ്പാക്കിയാൽ കനത്ത പാരിസ്ഥിതിക ആഘാതം ഉണ്ടാകുമെന്ന വാദം ശക്തമാണ്. പദ്ധതി യാഥാർഥ്യമായാൽ കാവേരി വന്യജീവി സങ്കേതത്തിന്റെ ചില ഭാഗങ്ങൾ ഉൾപ്പെടെ 5,000 ഹെക്ടറിലധികം ഭൂമി വെള്ളത്തിനടിയിലാകുമെന്നും തമിഴ്‌നാട് വാദിക്കുന്നു. കാവേരി നദിയിലെ ജലം സംബന്ധിച്ച സുപ്രീം കോടതിയുടെയും കാവേരി ട്രൈബ്യൂണലിന്റെയും അന്തിമ വിധികളുടെ ലംഘനമാണിതെന്നും തമിഴ്‌നാട് പറയുന്നുണ്ട്. അതേസമയം, തമിഴ്‌നാടിന് സുപ്രീം കോടതി വിധിപ്രകാരം നൽകേണ്ട കാവേരി ജലത്തിന്റെ അളവിൽ ഒരു കുറവും വരുത്തില്ലെന്ന് കർണാടക പറയുന്നു.

പദ്ധതിക്കായി കേന്ദ്ര സർക്കാരിൽ നിന്ന് പ്രത്യേക സാമ്പത്തിക സഹായമൊന്നും കർണാടക ആവശ്യപ്പെടുന്നില്ല. സംസ്ഥാനത്തിന്റെ സ്വന്തം പണവും പവർ സെക്ടറിൽ നിന്നുള്ള വരുമാനവും ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കാനാണ് കർണാടക ഉദ്ദേശിക്കുന്നത്. കാവേരി വന്യജീവി സങ്കേതത്തിലെ ഏതാണ്ട് 12,500ലധികം ഏക്കർ വനഭൂമി പദ്ധതി കാരണം വെള്ളത്തിനടിയിലായേക്കും. ഇതിന് പകരമായി മറ്റ് ജില്ലകളിൽ തുല്യമായ ഭൂമി കണ്ടെത്തി വനവൽക്കരണം നടത്തുന്നതിനുള്ള ഭാരിച്ച ചെലവുകളും കർണാടക സർക്കാർ വകയിരുത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ബാബു കദളിക്കാട്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam