ആഗോളവത്ക്കരണത്തിന്റെ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. അവിടെ സമ്പദ്ഘടനകള്‍ പരസ്പരം ആശ്രയിച്ചും സംസ്‌കാരങ്ങള്‍ തമ്മില്‍ സമ്മേളിച്ചുമുള്ള യാത്രയാണ്. സാങ്കേതികത വികസിച്ചതോടെ മുമ്പത്തേക്കാള്‍ ലോകം കൂടുതല്‍ പരസ്പര ബന്ധിതമായി. സാമ്പത്തികമായി ശക്തിയാര്‍ജ്ജിച്ച രാജ്യങ്ങള്‍ ദുര്‍ബല രാഷ്ട്രങ്ങളിലെ പദ്ധതികള്‍ക്ക് പണം നല്‍കി സഹായിക്കാന്‍ തുടങ്ങി.
ഇടത്തരം ശക്തികള്‍ മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കി. സംസ്‌കാരങ്ങള്‍ തമ്മിലും രാഷ്ട്രങ്ങള്‍ തമ്മിലും വിശ്വാസ്യത കെട്ടിപ്പടുത്തു. എങ്കിലും രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം അവിടെ സംഘര്‍ഷങ്ങളുണ്ടാക്കി. ഭീകരതയ്ക്കും വേരോട്ടമുണ്ടായിരുന്നു. കുറഞ്ഞ വേതനത്തിന് തൊഴിലാളികളെ ലഭ്യമാകുന്ന ഇടങ്ങളില്‍ വ്യവസായ ശൃംഖലകള്‍ തങ്ങളുടെ ഉത്പാദന കേന്ദ്രങ്ങള്‍ തുറന്ന് വന്‍ലാഭമുണ്ടാക്കി. അതേസമയം ഇവ തൊഴില്‍ നല്‍കുകയും സമ്പദ്ഘടനകളെ സൃഷ്ടിക്കുകയും ചെയ്തു. ചരക്കുകള്‍ വളരെ വേഗത്തില്‍ കൊണ്ടുപോകാന്‍ കഴിഞ്ഞതും ലാഭകരമായി. ചൈന ലോകത്തിന്റെ സാധന സേവന കൈമാറ്റ കേന്ദ്രമായി മാറി. ആഗോള സ്ഥാപനങ്ങള്‍ ലോകക്രമത്തിന് മാര്‍ഗനിര്‍ദ്ദേശകമായി. മിക്കവയും അമേരിക്കയുടെ പിന്തുണയോടെ തന്നെ സ്ഥാപിക്കപ്പെട്ടവ ആയിരുന്നു. എന്നാല്‍ പതിയെ ഇവയ്ക്ക് മേലുള്ള അമേരിക്കയുടെ അധികാരം കുറഞ്ഞ് തുടങ്ങി.
അമേരിക്ക ലോകത്തിന്റെ അനൗദ്യോഗിക പൊലീസുകാരനായി. അവരുടെ പ്രതിരോധ, സാമ്പത്തിക, സൈനിക, സാങ്കേതിക കരുത്തിനൊപ്പം നില്‍ക്കാന്‍ ലോകത്ത് മറ്റൊരു രാജ്യവും ഇല്ലാത്ത സ്ഥിതിയുണ്ടായി. മറ്റ് രാജ്യങ്ങള്‍ ഭീഷണി നേരിടുമ്പോള്‍ ശരിയും തെറ്റും നോക്കാതെ അവര്‍ ഇടപെട്ടു. അവര്‍ സഖ്യങ്ങള്‍ രൂപീകരിച്ചു. തങ്ങളുടെ സഖ്യരാജ്യങ്ങളെ അവര്‍ പിന്തുണച്ചു. അവരുടെ പങ്കാളികളുടെ ആശങ്കകളെ അവര്‍ ഗൗരവമായി കണ്ടു.
തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ചില രാജ്യങ്ങളിലെ സംഘര്‍ഷങ്ങളെ അവര്‍ പിന്തുണച്ചു. തങ്ങളെ ചോദ്യം ചെയ്യുന്നവര്‍ക്ക് അവര്‍ ഉപരോധം ഏര്‍പ്പെടുത്തി. മിക്ക രാജ്യങ്ങളിലും അവര്‍ ഇടപെട്ടു. ഭരണമാറ്റങ്ങള്‍ പോലും തങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് അമേരിക്ക നിശ്ചയിച്ചു. അമേരിക്കയുടെ നേതൃത്വത്തില്‍ ആഗോള വാണിജ്യം പുഷ്ടിപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ ഇറക്കുമതിക്കാരായി അമേരിക്ക മാറി. ഒപ്പം ലോകത്തെ രണ്ടാമത്തെ കയറ്റുമതിക്കാരും. 2022ല്‍ അമേരിക്ക 3.2 ലക്ഷം കോടി ഡോളറിന്റെ ചരക്കുകള്‍ ഇറക്കുമതി ചെയ്തു. 2.1 ലക്ഷം കോടിയുടെ ചരക്കുകള്‍ കയറ്റുമതി ചെയ്യുകയുമുണ്ടായി. ഇതാണോ നികുതി വര്‍ദ്ധനവിന് ട്രംപിനെ പ്രേരിപ്പിച്ചതെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതിലൂടെ പ്രാദേശിക ഉത്പാദനം വര്‍ദ്ധിപ്പിച്ച് ഉയര്‍ന്ന നികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്ക് തിരിച്ചടി നല്‍കാമെന്ന നയവും അദ്ദേഹം കൊണ്ടുവന്നു.
ദേശീയതയും സംരക്ഷണവാദവും ഉയര്‍ത്തിക്കാട്ടി ട്രംപ് തന്റെ നയങ്ങളില്‍ സമൂലമാറ്റം കൊണ്ടുവന്നു. 2024ലെ പ്രചാരണകാലത്ത് കമ്പനികളെ നമ്മള്‍ തിരികെ കൊണ്ടുവരാന്‍ പോകുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയില്‍ ഉത്പാദനത്തിന് തയാറാകുന്ന കമ്പനികള്‍ക്ക് നികുതി ഇളവുകള്‍ നല്‍കുമന്ന പ്രഖ്യാപനവും അദ്ദേഹം നടത്തുകയുണ്ടായി. ട്രംപ് വൈറ്റ് ഹൗസിലേക്ക് എത്തിയതോടെ തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാനായി അദ്ദേഹം തിരക്ക് പിടിച്ച ശ്രമങ്ങള്‍ നടത്തുകയാണ്. ഇത് ആഗോള ക്രമത്തെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നടപടികള്‍, ചുങ്കത്തെ ചുങ്കം കൊണ്ട് നേരിടല്‍, അമേരിക്കയിലേക്ക് മയക്കുമരുന്നുകള്‍ ഒഴുകിയെത്തുന്ന രാജ്യങ്ങള്‍ പുലര്‍ത്തുന്ന നിസംഗതയ്ക്ക് സാമ്പത്തിക പിഴകള്‍ ഏര്‍പ്പെടുത്തല്‍, അമേരിക്ക നല്‍കി വന്നിരുന്ന ജീവകാരുണ്യ സഹായങ്ങള്‍ റദ്ദാക്കല്‍ തുടങ്ങിയ നടപടികള്‍ ലോകത്തെ ആകെ പിടിച്ച് കുലുക്കി. ആഗോളതലത്തില്‍ നടക്കുന്ന സംഘര്‍ഷങ്ങളോടും വര്‍ഷങ്ങളായി നടക്കുന്ന പ്രശ്നങ്ങളോടും സ്വീകരിക്കുന്ന സമീപനങ്ങള്‍ ട്രംപിന്റെ മിക്ക സഖ്യരാജ്യങ്ങള്‍ക്കും കടകവിരുദ്ധമാണ്.
ട്രംപിന്റെ നടപടികളോട് ലോകം പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്. പല രാജ്യങ്ങളും തങ്ങളുടെ നിലവിലെ നികുതികള്‍ പുനപ്പരിശോധിച്ച് തുടങ്ങി. അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ തങ്ങളുടെ പൗരന്‍മാരെ മിക്ക രാജ്യങ്ങളും സ്വീകരിച്ച് തുടങ്ങി. അമേരിക്ക സഹായങ്ങള്‍ നിര്‍ത്തലാക്കിയതോടെ ഇവ ലഭിച്ച് കൊണ്ടിരുന്ന രാജ്യങ്ങള്‍ തങ്ങളുടെ ആഭ്യന്തര വിഷയങ്ങള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞിരിക്കുന്നു.
ആഗോള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ അമേരിക്ക തങ്ങളുടെ നയങ്ങള്‍ ഉപയോഗിക്കുന്നതായി ലോകം നിരീക്ഷിച്ചു. റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ തന്നെ ഇസ്രയേലിന് ആയുധം നല്‍കി സഹായിക്കുകയും ചെയ്യുന്നു. രണ്ടാം ലോകമഹായുദ്ധത്തിനൊടുവില്‍ രൂപീകരിച്ച നാറ്റോ ഇപ്പോള്‍ അരിക് വത്ക്കരണ ഭീഷണയിലാണ്. അമേരിക്കയുടെ പരമ്പരാഗത പങ്കാളികളായ യൂറോപ്പും ഇപ്പോള്‍ ട്രംപിന്റെ നടപടികളില്‍ അസന്തുഷ്ടരാണോ എന്ന സംശയവും ഉണ്ട്. സൈനിക ശേഷി വര്‍ധിപ്പിക്കാനും അമേരിക്ക നടപടികള്‍ സ്വീകരിച്ച് വരികയാണ്. ചുങ്ക ഭീഷണി യൂറോപ്യന്‍ യൂണിയന്റെ മേലും ഉണ്ട്.
അതേപോലെ തന്നെ ട്രംപിനെയും അദ്ദേഹത്തിന്റെ ആഗോള കാഴ്ചപ്പാടുകളെയും എങ്ങനെ നേരിടണമെന്ന് ലോകരാജ്യങ്ങള്‍ വിലയിരുത്തുകയാണ്. തങ്ങളുടെ നയങ്ങളെ വിമര്‍ശിക്കുന്ന ട്രംപിനെ എങ്ങനെ നേരിടണമെന്ന് ഒരുങ്ങിയാണ് വാഷിങ്ടണ്‍ സന്ദര്‍ശിക്കുന്ന ലോകനേതാക്കള്‍ എത്തുന്നത്. ഗ്രീന്‍ലന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച് അമേരിക്കയുടെ മറ്റൊരു നയവും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. കാനഡയും തങ്ങളുടെ ഭാഗമാക്കുമെന്ന സൂചന നല്‍കി. ഇത്തരമൊരു കാഴ്ചപ്പാട് അമേരിക്കയില്‍ നിന്ന് മുമ്പുണ്ടായിട്ടില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒന്നാം ട്രംപ് കാലത്തെ നയങ്ങളില്‍ നിന്ന് രണ്ടാം ട്രംപ് കാലത്ത് നിര്‍ണായക മാറ്റങ്ങളുണ്ടായിട്ടുണ്ട്. ട്രംപ് സംയുക്ത സമഗ്ര കര്‍മ്മ പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പുറത്ത് പോയി. ഇറാനുമായി അദ്ദേഹത്തിന്റെ മുന്‍ഗാമി ബരാക് ഒബാമയുണ്ടാക്കിയ ആണവ കരാറാണിത്. ആണവ കരാറില്‍ പുത്തന്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് കാട്ടി അദ്ദേഹം ഇറാന് കത്തയച്ചിട്ടുണ്ട്. അതേസമയം സൈനിക നടപടിയെന്ന ഭീഷണിയും ട്രംപ് മുന്നോട്ട് വയ്ക്കുന്നുണ്ട്.
ആഗോള സംഘടനകളില്‍ നിന്ന് അമേരിക്ക പുറത്ത് കടക്കുകയാണ്. തങ്ങളുടെ രാജ്യതാത്പര്യത്തിനെതിരാണ് അവയുടെ നയങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ലോകാരോഗ്യ സംഘടന, പാരിസ് ഉടമ്പടി തുടങ്ങിയവയില്‍ നിന്നടക്കം ഇതിനകം അമേരിക്ക പുറത്ത് കടന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച രാജ്യാന്തര ക്രിമിനല്‍ കോടതിക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തു ട്രംപ്. അമേരിക്കന്‍ പിന്തുണയുള്ള ആഗോള സാമ്പത്തിക സ്ഥാപനങ്ങള്‍ അതിജീവനത്തിനുള്ള പെടാപ്പാടിലാണ് ഇപ്പോള്‍.
ആഗോളവത്ക്കരണം കഴിഞ്ഞ കാര്യമാണെന്ന് പ്രഖ്യാപിക്കുകയാണ് ട്രംപ്. പഴയ സഖ്യങ്ങളും കരാറുകളുമെല്ലാം ഇല്ലാതാക്കുക വഴി ഉഭയകക്ഷി കരാറുകള്‍ക്ക് വേണ്ടി ശ്രമിക്കുന്ന ട്രംപ് നിലവിലുള്ള ബഹുകക്ഷി സംവിധാനത്തെ എതിര്‍ക്കുന്നുവെന്നും വിലയിരുത്തപ്പെടുന്നു. തീരുവ യുദ്ധ പ്രഖ്യാപനം അമേരിക്കന്‍ ഓഹരി വിപണിയുടെ വലിയ തകര്‍ച്ചയിലേക്കാണ് നയിച്ചത്. 2022 സെപ്റ്റംബറിന് ശേഷമുണ്ടായ ഏറ്റവു വലിയ തകര്‍ച്ചയ്ക്കാണ് അമേരിക്കന്‍ ഓഹരി വിപണി ഒറ്റ ദിവസം സാക്ഷ്യം വഹിച്ചത്.
ചുങ്കമുയര്‍ത്തി ഭീഷണി മുഴക്കിയ രാജ്യങ്ങള്‍ തിരിച്ചടിക്കാന്‍ തുടങ്ങി. ആഗോള വാണിജ്യ മേഖലയില്‍ ബഹുകക്ഷി കരാറുകള്‍ക്ക് പകരം ചുരുങ്ങിയ കാലം കൊണ്ട് ഉഭയകക്ഷി കരാറുകള്‍ കൊണ്ടു വന്നു. സൈനിക സഖ്യങ്ങളും മാറ്റത്തിന് വിധേയമാകുകയാണ്. നാറ്റോയ്ക്ക് നിലവിലെ രീതിയില്‍ തുടരാനാകില്ലെന്ന സൂചനയാണ് വരുന്നത്. യൂറോപ്പ് തങ്ങളുടെ സൈനിക ചെലവ് വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. അമേരിക്കയുമായി ചേര്‍ന്ന് സുരക്ഷ നടപ്പാക്കുന്ന രാജ്യങ്ങള്‍ അമേരിക്കന്‍ സൈന്യത്തിന് കൂടുതല്‍ പണം നല്‍കേണ്ട സ്ഥിതിയിലാണ്. ഒപ്പം സ്വന്തം സൈനിക ശേഷി വികസിപ്പിക്കാനും ഇവര്‍ നിര്‍ബന്ധിതരായിരിക്കുന്നു.
ഒരു കാലത്ത് ആഗോള പൊലീസുകാരനായിരുന്ന അമേരിക്ക ഇനി അങ്ങനെയാകില്ലെന്നാണ് ലോകം അടക്കം പറയുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ട്രംപ് ലോക കാഴ്ചപ്പാട് മുമ്പില്ലാത്ത വിധം മാറ്റിയിരിക്കുന്നു. ലോക രാജ്യങ്ങള്‍ പുറത്തോട്ട് നോക്കുന്നതിന് പകരം ഉള്ളിലേക്ക് നോക്കാന്‍ തുടങ്ങിയിരിക്കുന്നു. അയാളുടെ കാലം തുടങ്ങിയിട്ടേയുള്ളൂ. കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് അയാള്‍ ലോകത്തെ ദീര്‍ഘകാലത്തേക്ക് മാറ്റി മറിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്