ക്രൂഡ് ഓയിലിന് വേണ്ടി ഇന്ത്യയ്ക്ക് വിശ്വസിച്ച് ആശ്രയിക്കാവുന്നത് ഗള്‍ഫ് രാജ്യങ്ങളെ മാത്രമാണ്. സൗദി അറേബ്യയും യുഎഇയും കുവൈറ്റും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍. പശ്ചിമേഷ്യയിലെ പ്രധാന ക്രൂഡ് ഓയില്‍ ഉല്‍പ്പാദകരായ ഇറാഖില്‍ നിന്നും ഇന്ത്യ വന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനിടെ ചില മാറ്റങ്ങളും ഇന്ത്യ വരുത്തി.
സാമ്പത്തികമായി റഷ്യയെ ഒതുക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയുടെ ക്രൂഡ് ഓയിലിനെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. റഷ്യയുടെ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടി എടുക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ റഷ്യയില്‍ നിന്ന് വാങ്ങുന്ന എണ്ണയുടെ അളവില്‍ വലിയ മാറ്റം വരുത്തിയിരിക്കകുയാണ് ഇന്ത്യ. പകരം വെനസ്വേലയില്‍ നിന്ന് വാങ്ങാനാണ് നീക്കം.
പൊതുമേഖല എണ്ണ കമ്പനിയായ മാംഗ്ലൂര്‍ റിഫൈനറി പെട്രോകെമിക്കല്‍സ് ലിമിറ്റഡ് (എംആര്‍പിഎല്‍) വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ശ്രമം തുടങ്ങി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് കമ്പനി പൂര്‍ണമായും നിര്‍ത്തിയിട്ടുണ്ട് എന്ന് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉപരോധ നിര്‍ദേശം പൂര്‍ണമായി പാലിക്കുന്നുണ്ട് എന്ന് എംആര്‍പിഎല്‍ ധനകാര്യ മേധാവി ദേവേന്ദ്ര കുമാര്‍ പറഞ്ഞു.
ഇന്ത്യയിലെ പ്രധാന എണ്ണ കമ്പനികളെല്ലാം റഷ്യയില്‍ നിന്നുള്ള എണ്ണ നിര്‍ത്തുകയോ വാങ്ങുന്ന അളവില്‍ കുറവ് വരുത്തുകയോ ചെയ്തു എന്നാണ് വാര്‍ത്തകള്‍. റഷ്യയുടെ റോസ്നെഫ്റ്റ്, ലുക്കോയില്‍ എണ്ണകള്‍ക്കാണ് ഉപരോധം. കഴിഞ്ഞ ഒക്ടോബറിലാണ് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്. ഇതോടെയാണ് ഇന്ത്യന്‍ കമ്പനികള്‍ മറ്റുവഴികള്‍ ആലോചിച്ചത്.
40 ശതമാനവും പശ്ചിമേഷ്യയില്‍ നിന്ന്
സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഇറാഖ് എന്നിവിടങ്ങളില്‍ നിന്ന് 40 ശതമാനം എണ്ണ എംആര്‍പിഎല്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. കൂടാതെ സ്പോട്ട് മാര്‍ക്കറ്റുകളില്‍ നിന്നും ക്രൂഡ് വാങ്ങുന്നു. വെനസ്വേലയില്‍ നിന്നുള്ള എണ്ണ കൂടി വാങ്ങാനുള്ള നീക്കം വിജയിച്ചാല്‍ നേട്ടമാകുമെന്നാണ് കമ്പനി കരുതുന്നത്. വില, ചരക്കു കൂലി എന്നിവയെല്ലാം ലാഭകരമാകുമെങ്കില്‍ മാത്രമാണ് ഇടപാട് തുടങ്ങുക.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണ കമ്പനി. വെനസ്വേലന്‍ എണ്ണ വാങ്ങാന്‍ ഇവര്‍ ചര്‍ച്ച തുടങ്ങി. വെനസ്വേലയുടെ എണ്ണ ഇപ്പോള്‍ നിയന്ത്രിക്കുന്നത് അമേരിക്കയാണ്. വെനസ്വേലയില്‍ ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മദ്യൂറോയെ തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ സൈന്യം ശക്തമായ താക്കീത് നല്‍കുകയും ചെയ്തു. വെനസ്വേലയുടെ എണ്ണ ആര്‍ക്ക് വില്‍ക്കണം എന്ന് തീരുമാനിക്കുന്നത് അമേരിക്കയാണ്.
വെനസ്വേലയുടെ എണ്ണ ലോക വിപണിയില്‍ എത്തിക്കുന്നത് വിറ്റോള്‍, ട്രഫിഗുര എന്നീ കമ്പനികളാണ്. ചൈനയ്ക്കും ഇന്ത്യയ്ക്കും മാര്‍ച്ച് മുതല്‍ എണ്ണ നല്‍കാന്‍ രണ്ട് കമ്പനികളും തയ്യാറായിട്ടുണ്ട്. ഇവര്‍ക്ക് അമേരിക്ക പ്രത്യേക സഹായവും ലൈസന്‍സും അനുവദിച്ചു. വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ രണ്ട് കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. ഇന്ത്യയ്ക്ക് ബാരലിന് 8 ഡോളര്‍ വില കുറച്ച് നല്‍കാമെന്ന് വിറ്റോള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
