സാമൂഹിക വിരുദ്ധർ 'ഇൻഫ്‌ളുവെൻസർ' അവതാരമെടുത്ത് കേരളത്തിൽ അഴിഞ്ഞാടുന്നതു പ്രതിരോധിക്കേണ്ട ദൗത്യവും പോലീസിന്. പരിചിതമല്ലാത്ത നിയമങ്ങളും ചട്ടങ്ങളും അവയുടെ ആഖ്യാനങ്ങളുമായി ഇക്കൂട്ടരെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കനത്ത വെല്ലുവിളി പോലീസ് നേരിടുമ്പോൾ ഉളുപ്പേതുമറിയാത്ത സാമൂഹിക മാധ്യമക്കോടതികളുടെ തുടർവിചാരണയും പൊടിപൊടിക്കുന്നു. ആൾക്കൂട്ടം നീതി നടപ്പാക്കാൻ തുടങ്ങുന്നിടത്ത് ജനാധിപത്യം തോൽക്കുന്നു. പോലീസും കോടതിയും നിലനിൽക്കുന്ന ഒരു രാജ്യത്ത് സമാന്തര സൈബർ കോടതികളെ പ്രോത്സാഹിപ്പിക്കുന്നതിനു ന്യായീകരണമില്ല.
സങ്കേതികവിദ്യയുടെ വളർച്ച മനുഷ്യരാശിയെ ആഗോള ഗ്രാമമായി ചുരുക്കിയപ്പോൾ, ആ ഗ്രാമത്തിന്റെ നടുമുറ്റത്ത് മനുഷ്യത്വമകന്ന 'ഡിജിറ്റൽ വിചാരണ' യ്ക്ക് വേദിയൊരുക്കാൻ ഏതൊരാൾക്കും കഴിയുന്നു. ഇതിന്റെ സാക്ഷ്യമായി സാമൂഹിക മാധ്യമത്തിലൂടെയുള്ള ലൈംഗികാതിക്രമ ആരോപണത്തെ തുടർന്നുള്ള മനോവിഷമത്തിൽ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കേസെടുത്തതിന് പിറകെ വടകര സ്വദേശിയായ ഷിംജിത ഒളിവിൽ പോവുകയായിരുന്നു. ഇവർ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയത്.
കേസിൽ സുപ്രധാന തെളിവായ ദീപക്കിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോണും പോലീസിന് കണ്ടെടുക്കേണ്ടതുണ്ട്. സംഭവത്തിൽ ഷിംജിതയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യുവതി സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച വീഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നു പോലീസ് കണ്ടെത്തിയിരുന്നു. ഫോൺ കണ്ടെടുത്ത ശേഷം വീഡിയോയുടെ പൂർണരൂപം വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം തേടാനുള്ള ശ്രമത്തിലാണ് പോലീസ്. ദീപക്കിന്റെ അമ്മ നൽകിയ പരാതിയിലാണ് മെഡിക്കൽ കോളജ് പോലീസ് കേസെടുത്തത്.
തരംഗമായ സൂംബ ഡാൻസ്, ഐ.ഫോൺ വാങ്ങാനുള്ള തിരക്കിന്റെ വിഡിയോ, എം.എൽ.എയുടെ ലൈംഗിക ചുവയുള്ള വൈറാലിറ്റി, കെ.എസ്.ആർ.ടി.സി ബസിലെ വയോധികന്റെ നോട്ടം അങ്ങനെ പലതരത്തിലുള്ള വൈറൽ വീഡിയോകൾ വിഹരിക്കുന്ന കാലത്ത് വൈറൽ വിഡിയോകളാൽ നയിക്കപ്പെടുന്ന സവിശേഷ സമൂഹമാധ്യമ ആവാസവ്യവസ്ഥയിൽ ഇൻഫ്‌ളുവെൻസർമാർ വൈറലാകാൻ കൊതിക്കുന്നു. നിങ്ങളിൽ വൈറലാകാൻ ആഗ്രഹിക്കാത്തവർ ആകണം ആദ്യം അവരെ കല്ലെറിയേണ്ടതെന്ന നിരീക്ഷണവും തള്ളാനാകില്ല. ദീപക്കിന്റെ ആത്മഹത്യയെ ഒറ്റപ്പെട്ട സംഭവമായി കണേണ്ടതില്ല.
തുടക്കത്തിൽ ലഭിച്ച കമന്റുകളിൽ ഇൻഫ്‌ളുവെൻസർക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. എന്നാൽ ദീപക്കിന്റെ മരണത്തോടെ കമന്റുകാരൊക്കെ അവർക്ക് എതിരായി. ബസിൽ വെച്ച് വീഡിയോ പകർത്തിയ സ്ത്രീ അത് നിയമപാലകർക്ക് കൈമാറുന്നതിന് പകരം വെർച്വൽ ലോകത്ത് വിചാരണയ്ക്ക് വെച്ചുകൊടുത്തപ്പോൾ, അവിടെ റദ്ദാക്കപ്പെട്ടത് ഇന്ത്യൻ ശിക്ഷാനിയമത്തിലെ സ്വാഭാവിക നീതിയുടെ എല്ലാ തത്ത്വങ്ങളുമാണ്. ദൃശ്യങ്ങളിൽ കാണുന്നതിനപ്പുറം ആ വ്യക്തിയുടെ ശാരീരിക അവസ്ഥയോ സാഹചര്യങ്ങളോ ആരും പരിശോധിച്ചില്ല.
ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഒരാൾ കുറ്റവാളിയാണെന്ന് വിധിക്കപ്പെടുന്നത് വരെ അയാൾ നിരപരാധിയാണെങ്കിലും സോഷ്യൽ മീഡിയയിൽ ഈ തത്ത്വം നേരെ തിരിച്ചാണ്. അവിടെ കുറ്റരോപിതൻ ആദ്യം തന്നെ കുറ്റവാളിയായി മാറുന്നു. പിന്നീട് താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ അയാൾക്ക് ലോകത്തിന് മുന്നിൽ അവസരമില്ല.
'റൈറ്റ് ടു പ്രൈവസി' എന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്. പൊതുസ്ഥലത്ത് വെച്ച് ഒരാളുടെ ദൃശ്യങ്ങൾ അയാളുടെ അനുവാദമില്ലാതെ പകർത്തുന്നതും അത് അപകീർത്തികരമായ രീതിയിൽ പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. ഇതു ഗൗനിക്കാതെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ അൽഗോരിതങ്ങൾ പ്രകോപനപരമായ ദൃശ്യങ്ങൾക്ക് കൂടുതൽ പ്രചാരം നൽകുന്നു എന്നതും ഈ വിപത്തിന്റെ ആഴം കൂട്ടുന്നു. ദീപക്കിന്റെ മരണം വെറുമൊരു ആത്മഹത്യയല്ല, അതൊരു 'സാമൂഹിക കൊലപാതക' (സോഷ്യൽ മർഡർ) മാണെന്ന് നിയമജ്ഞർ പറയുന്നു. വീഡിയോ പകർത്തിയവരും അത് യാതൊരു പരിശോധനയുമില്ലാതെ പ്രചരിപ്പിച്ചവരും ആ മരണത്തിൽ ധാർമികമായ ഉത്തരവാദിത്വം ഏൽക്കേണ്ടതുണ്ട്.
'വിജിലാന്റിസം'
മനുഷ്യനിലെ 'വിജിലാന്റിസം' അഥവാ നീതി നടപ്പാക്കാനുള്ള ത്വരയെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ചൂഷണം ചെയ്യുന്നതിനാലാണ് ഇത്തരം വീഡിയോകൾ വേഗത്തിൽ പടരുന്നത്. ഒരാളെ ക്രൂശിക്കുന്നതിലൂടെ താൻ വലിയൊരു സാമൂഹിക സേവനം ചെയ്യുന്നു എന്ന മിഥ്യബോധം ഒരോ ഷെയറിലും ലൈക്കിലും ഒളിഞ്ഞിരിക്കുന്നു. ഈ ആൾക്കൂട്ട മനഃശാസ്ത്രം ഇരയുടെ സ്വകാര്യതയെയും അന്തസ്സിനെയും ലംഘിക്കുന്നത് ഒരു ലഹരിയായി മാറുന്നു. ദീപക്കിന്റെ കാര്യത്തിൽ, അദ്ദേഹത്തിന്റെ മാനസികാവസ്ഥയോ അദ്ദേഹം നേരിട്ടേക്കാവുന്ന സാമൂഹിക അപമാനമോ ആരും ചിന്തിച്ചില്ല. ഇരയാക്കപ്പെട്ടത് കേവലം വ്യക്തിയല്ല, സാമൂഹിക വിവേകമാണ്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ യാഥാർഥ്യമാണ്. അതിനെതിരേ ശക്തമായ നിലപാട് അനിവാര്യവുമാണ്. അതിൽ ഒരു വിട്ടുവീഴ്ചയുമായിക്കൂടാ. അതേസമയം, 'ആരോപണങ്ങൾ' വൈറൽ ഉള്ളടക്കമായി സമൂഹമാധ്യമങ്ങളിൽ പരസ്യ വിചാരണ നേരിടുമ്പോൾ, അതിന്റെ ദോഷഫലങ്ങൾക്ക് ഉത്തരവാദി ആരാണ്? എന്താണ് ശരിക്കും സത്യം? അതോ പല സത്യങ്ങൾ ചെറു വീഡിയോകളായി, ക്യാപ്ഷനുകളായി, റീലുകളായി, ഷെയറുകളായി, കമന്റുകളായി വ്യവഹരിക്കുകയണോ? നിലവിലെ സംഭവത്തിൽ ആരുടെ ഭാഗത്താണ് ശരി, ആരുടെ ഭാഗത്താണ് തെറ്റ് എന്ന രീതിയിലുള്ള ബൈനറി വിശകലനത്തിലേയ്ക്ക് പോകാൻ സാധിക്കില്ല.
പക്ഷേ 'വൈറൽ സംസ്‌കാരത്തെ' അക്കാദമിക സമൂഹവും സർക്കാർ സംവിധാനങ്ങളും സാമൂഹികശാസ്ത്രജ്ഞരും ഗൗരവകരമായി സമീപിക്കേണ്ടിയിരിക്കുന്നു.
ഉത്തരവാദിത്വപൂർണമായ ഇൻഫ്‌ളുവെൻസർ സംസ്‌കാരം രുപപ്പെടുത്തേണ്ട അനിവാര്യ സാഹചര്യമാണിത്. തുറന്ന വിചാരണ നടക്കുന്ന സോഷ്യൽ മീഡിയ കോടതിയിൽ ജഡ്ജ് ആരാണ്? ജൂറി ആരാണ്? ഉത്തരം ലളിതമാണ്; എല്ലാവരും. വൈറൽ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പരസ്യ വിചാരണയ്ക്ക് വഴിവയ്ക്കുന്നുവെന്നത് യാഥാർഥ്യമാണ്. ഇത്തരം ഇടങ്ങളിൽ വസ്തുതാപരിശോധനയെക്കാൾ വൈകാരിക വേഗതയ്ക്കാണ് പ്രാധാന്യമെന്ന് വൈറൽ ജേർണലിസത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.
ദീപക് കേസിൽ, ഔദ്യോഗിക വിശദീകരണങ്ങൾ വരുന്നതിനുമുമ്പ് പൊതുഅഭിപ്രായം രൂപപ്പെട്ടു. ഇതു സംബന്ധിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ച നിമിഷംമുതൽതന്നെ ഒരു തുറന്ന വിചാരണ ആരംഭിച്ചിരുന്നു. കോടതി മുറിയിലല്ല, ഫേസ്ബുക്ക് ടൈംലൈനുകളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലും. തെളിവുകൾ പരിശോധിക്കാനോ ഇരുപക്ഷങ്ങളെയും കേൾക്കാനോ ഈ വിചാരണയ്ക്ക് ഇടയുണ്ടായിരുന്നില്ല. ഇവിടെ ഒരു പ്രധാന ചോദ്യം ഈ വീഡിയോ സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് കൈമാറേണ്ടത് ഇൻഫ്‌ളുവെൻസർമാരുടെ ഉത്തരവാദിത്വമായിരുന്നോ?
അവർ സാധാരണയായി ഈ ഷെയറിങ്ങിനെ മൂന്നു വഴികളിലാകാം ന്യായീകരിക്കുന്നത്. ഒന്ന്, സമൂഹത്തിനുവേണ്ടി സംസാരിക്കുന്നു എന്ന അവകാശവാദം. രണ്ട്, സ്ത്രീകളുടെ സുരക്ഷ. മൂന്ന്, വീഡിയോ ഇതിനകം നിങ്ങൾക്ക് മുന്നിലുണ്ട് എന്ന വാദം. എന്നാൽ ഇത്തരത്തിലുള്ള എല്ലാ വൈറൽ വീഡിയോ കേസുകളിലും നിയമസംവിധാനത്തെ സഹായിക്കാനാണോ വീഡിയോകൾ പ്രേക്ഷകർക്ക് നൽകുന്നത്? അതോ പ്ലാറ്റ്‌ഫോം അൽഗോരിതത്തിന് അനുയോജ്യമായ 'വിധി' സൃഷ്ടിക്കാനായിക്കൂടേ?
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരായ പോരാട്ടം അനിവാര്യമാണ്. അതിനെ ഒരുതരത്തിലും ദുർബലപ്പെടുത്താൻ പാടില്ല. പക്ഷേ ദീപക് കേസ് ചോദിക്കുന്നത് മറ്റൊരു കാര്യംകൂടിയാണ്. നീതി തേടുമ്പോൾ, നമ്മൾ ആരെയാണ് ലക്ഷ്യമിടുന്നത്? കുറ്റകൃത്യത്തെയോ ഒരാളെയോ? ഇൻഫ്‌ളുവെൻസർമാർ വൈറൽ വീഡിയോകൾ സമൂഹമാധ്യമ പ്രേക്ഷകർക്ക് നൽകുമ്പോൾ അവർ നീതിയുടെയോ നൈതികതയുടെയോ ഭാഗമല്ല, കാഴ്ചയുടെ മാത്രം ഭാഗമായാണ് പെരുമാറുന്നതെന്ന് തോന്നിപ്പോകുന്നു. ആ കാഴ്ചയിൽ മനുഷ്യൻ അപ്രസക്തനായി മാറുന്നു. വൈറൽ വീഡിയോയും ഡിജിറ്റൽ പൊതുമണ്ഡലവും വീഡിയോ വൈറലായതോടെ 'ഒരു സ്വകാര്യ വ്യക്തിയെന്ന' നിലയിലുള്ള സ്വത്വം നഷ്ടപ്പെടുകയാണ്. കമന്റുകൾകൊണ്ട്(പ്രതികരണങ്ങൾ) രൂപപ്പെട്ട ഒരു ഡിജിറ്റൽ പൊതുസ്ഥലത്തിലെ കഥാപാത്രം മാത്രം.
ആദ്യം വിചാരണ
'വൈറാലിറ്റിയെ' കുറിച്ചുള്ള ഗവേഷണ പഠനങ്ങൾ പറയുന്നത്, ഈ 'ഡിജിറ്റൽ പൊതുമണ്ഡലം' ദൃശ്യകേന്ദ്രിതവും അസ്ഥിരവുമാണെന്നാണ്. സമൂഹമാധ്യമ കമന്റുകളും പ്രതിനിധാനങ്ങളും അതിന്റെ യഥാർഥ്യത്തെ മാറ്റിസ്ഥാപിക്കുന്നു. യാഥാർഥ്യം പിന്നിലാകുന്നു. ഒറിജിനൽ വൈറൽ വീഡിയോയെക്കാൾ പുനരാവിഷ്‌കാരം, എഡിറ്റ് ചെയ്ത പതിപ്പുകളാണ് കൂടുതൽ സത്യമെന്നു വിശ്വസിക്കപ്പെടുന്ന ഡിജിറ്റൽ ഇടത്തിലാണ് 'കമന്റുകൾ' വിധികർത്താക്കളാകുന്നത്. ഇത്തരത്തിലുള്ള വൈറൽ വീഡിയോ കേസുകളിൽ, യഥാർഥ സംഭവത്തെക്കുറിച്ചുള്ള പോലിസ് അന്വേഷണം നടക്കുമ്പോഴും സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യവഹാരങ്ങൾ ആ കഥകൾക്ക് വില്ലനെയും ഇരയേയും ഉണ്ടാക്കിക്കൊണ്ടിരിക്കും. മാനസികരോഗ്യം തകർക്കുന്ന വിചാരണയാണത്.
വൈറൽ അപമാനം സാധാരണ അപമാനങ്ങളിൽനിന്ന് വ്യത്യസ്തമാണ്. ഇത് അവസാനിക്കുന്നില്ല. ഫോൺ തുറക്കുന്ന ഒരോ തവണയും വിചാരണ വീണ്ടും ആരംഭിക്കുന്നു. ഇത് വിട്ടുമാറാത്ത സമ്മർദം സൃഷ്ടിക്കുന്നു. സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും നോട്ടംപോലും സംശയമായി മാറുമ്പോൾ വ്യക്തി പൂർണമായ ഒറ്റപ്പെടലിലേക്ക് തള്ളപ്പെടുന്നു. ദീപക് കേസിൽ, സുഹൃത്തുകൾ പറഞ്ഞ 'മാനസികമായി തകർന്ന നില' എന്ന വാക്കുകൾ ഈ ഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. എഡിറ്റ് ചെയ്ത വീഡിയോ, ശക്തമായ ക്യാപ്ഷനുകൾ, പ്രതികരണ വീഡിയോകൾ എന്നിവ ചേർന്ന് വ്യക്തിയുടെ യഥാർഥ ജീവിതത്തെ മറികടക്കുന്ന ഒരു ഹൈപ്പർ റിയാലിറ്റി സൃഷ്ടിച്ചു. യഥാർഥ ലോകത്ത് അന്വേഷണം നടക്കുന്നതിനിടെ ഡിജിറ്റൽ ലോകത്ത് വിധി പൂർത്തിയായി.
'ഞാൻ വെറും ഷെയർ ചെയ്തതല്ലേ' എന്ന് ഇൻഫ്‌ളുവെൻസർ പറയും. പ്ലാറ്റ്‌ഫോം അൽഗോരിതത്തെ ചൂണ്ടിക്കാണിക്കും. സമൂഹം അടുത്ത വിഷയത്തിലേക്ക് നീങ്ങും. നീതി എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന തുറന്ന വിചാരണകൾ മനുഷ്യനെ കാണുന്നില്ല. അവ ഒരു വീഡിയോ കാണുന്നു, ക്യാപ്ഷൻ വായിക്കുന്നു, പിന്നെ വിധി പറയുന്നു. നിയമം തെളിവുകൾ ചോദിക്കും, വൈറൽ സംസ്‌കാരം ഒന്നും ചോദിക്കില്ല. ഇനി ഇത്തരം വീഡിയോകൾ വീണ്ടും നമ്മുടെ ടൈംലൈനുകളിൽ പ്രത്യക്ഷപ്പെടും. അത് ഒഴിവാക്കാനാവില്ല. പക്ഷേ അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരോരുത്തർക്കും തീരുമാനിക്കാം. നീതിക്കായി സംസാരിക്കുമ്പോൾപോലും മനുഷ്യനെ നഷ്ടപ്പെടുത്തരുത്.
ഇത്തരം സംഭവങ്ങളിൽ സൈബർ നിയമങ്ങൾ കർശനമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരാളെ അപകീർത്തിപ്പെടുത്തുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കപ്പെടണം. എങ്കിൽ മാത്രമേ വിരൽത്തുമ്പിലെ ഈ ക്രൂരതയ്ക്ക് അറുതിയുണ്ടാകൂ.
സ്മാർട്ട്‌ഫോണും ഇന്റർനെറ്റും അറിവ് നേടാനും നീതിക്കായി പോരാടാനുമുള്ള ആയുധങ്ങളാകുന്നതിനിടെ അത് വ്യക്തിയുടെ ജീവനെടുക്കുന്ന കൊലക്കയറായി മാറരുത്. തെറ്റുകൾ കണ്ടാൽ അത് നിയമത്തിന്റെ വഴിക്ക് വിടുകയാണാവശ്യം.
ക്യാമറകൾക്ക് പിന്നിൽ ഒളിച്ചിരുന്ന് വിധികർത്താക്കളാകുന്ന പ്രവണതയ്ക്കു ന്യായീകരണമില്ല. ഒരു ഷെയർ ബട്ടൺ അമർത്തുന്നത്് ഒരു മിനിറ്റെങ്കിലും ആലോചിച്ചിട്ടാകണം. ഇപ്പുറത്ത് കാണുന്നത് ഒരു വീഡിയോ; എന്നാൽ അപ്പുറത്ത് നശിക്കുന്നത് ഒരു മനുഷ്യന്റെ ജീവിതമാകാമെന്ന തിരിച്ചറിവ് പ്രധാനം.
ബാബു കദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
