തമിഴ്‌നാടിനെ കൈക്കലാക്കാൻ ആദ്യം ഹിന്ദു മുന്നണിയെ കൂട്ടുപിടിച്ചുനോക്കി ബി.ജെ.പി. അത് വിലപ്പോയില്ല. പിന്നെ ചെങ്കോൽ എടുത്ത് പാർലമെന്റിൽ സ്ഥാപിച്ചു വണങ്ങിനോക്കി, തമിഴർ അതിലും വീണില്ല. കച്ചത്തീവ് വിഷയം ചുടുപിടിപ്പിക്കാൻ നോക്കി. അതും ഏശിയില്ല. ഒടുവിൽ ഭാഷയിൽ കയറിപ്പിടിച്ചിരിക്കുന്നു. എങ്ങിനെനോക്കിയിട്ടും പറ്റാത്തതുകൊണ്ട് രണ്ടും കൽപ്പിച്ചിറങ്ങിയിരിക്കുകയാണിപ്പോൾ. ഫലം എന്തായാലും വേണ്ടില്ലെന്നമട്ടിലാണിന്ന് ബി.ജെ.പി. തമിഴ്‌നാട് പിടിക്കുക എന്ന മോഹം അത്രക്കുണ്ടെന്നു ചുരുക്കം..!
'ഒരു ഭാഷ, ഒരു മതം, ഒരു രാഷ്ട്രം' അഥവാ 'ഹിന്ദിഹിന്ദുത്വഹിന്ദുസ്ഥാൻ' എന്ന് വിശ്വസിക്കുന്നൊരു കൂട്ടർ. അവരിന്ന് ഭരണചക്രം തിരിക്കുന്നവരുമാണല്ലോ..! അവരുടെ ആഗ്രഹം നടപ്പിൽ വരുത്താനാണ് ഇപ്പോൾ തമിഴ്‌നാടിനോട് കാണിച്ചുകൊണ്ടിരിക്കുന്ന കോഴിപ്പോര്.
ഒരു വർഷത്തിനുള്ളിൽ തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കും. അവിടെ വിജയിക്കാനായി ബി.ജെ.പി ഏതുവഴിയും സ്വീകരിക്കുമെന്നുകൂടി പറയാതെ പറയുകയാണ്. ഇപ്പോവത്തെ ഈ വിവാദം.
2014ൽ അധികാരത്തിൽ വന്നതുമുതൽ ഐക്യത്തിനും മുകളിൽ ഏകരൂപത്വത്തിന് മുൻതൂക്കം നൽകാനുള്ള തോന്നുംപടിയുള്ള പ്രചാരണമാണ് ബി.ജെ.പിയും അതിന്റെ അനുയായികളും വ്യവസ്ഥാപിതമായി നടത്തിക്കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ ഈ രാജ്യത്തെ ഒന്നായി നിർത്തിയ സാമൂഹികനിർമിതിയെത്തന്നെ ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണിപ്പോൾ.
തമിഴരെ സംബന്ധിച്ചാകട്ടെ, തമിഴ് ഭാഷ സംരക്ഷണ പോരാട്ടങ്ങൾക്കും ഹിന്ദി ഭാഷാ വിരുദ്ധ നിലപാടുകൾക്കും ഏതാണ്ട് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്.
തമിഴ് ഭാഷ സെക്കൻഡറി ക്ലാസിൽ ഹിന്ദി പഠനം നിർബന്ധമാക്കിയ 1937ലെ മദ്രാസ് സർക്കാരിന്റെ തീരുമാനത്തിൽ തുടങ്ങി മോദി സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിൽ എത്തിനിൽക്കുകയാണ് ആ ഭിന്നത. 1965ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെ അനുസ്മരിച്ചുകൊണ്ട്, സ്വയം തീകൊളുത്തിയും മറ്റും ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളുടെയും അറസ്റ്റു ചെയ്യപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ട നേതാക്കളുടെയും വലിയൊരു നിരതന്നെഅവിടെയുണ്ട്.
ഭാവിതലമുറയെ സംരക്ഷിക്കുന്നതിനായി 1968ൽ അണ്ണായുടെ നേതൃത്വത്തിലുള്ള ഡി.എം.കെ സർക്കാർ സംസ്ഥാന നിയമസഭയിൽ ദ്വിഭാഷാ നയത്തെക്കുറിച്ചുള്ള പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.
അങ്ങനെ, ഓരോ തവണയും ആധിപത്യ ആക്രമണത്തിൽ നിന്ന് സംസ്ഥാന ഭാഷകളെ സംരക്ഷിക്കുന്നതിൽ തമിഴ്‌നാടും തമിഴ് ജനതയും എന്തു വിലകൊടുക്കാനും തയ്യാറായി നിലകൊള്ളുന്നു. അതിനിടയ്ക്കാണ് കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) തമിഴ് ഉൾപ്പെടെയുള്ള ഭാഷകൾക്ക് മേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള തന്ത്രവുമായി ബി.ജെ.പി സർക്കാർ മുന്നിട്ടിറങ്ങിയത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയില്ലെങ്കിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് അനുവദിക്കില്ലെന്ന കേന്ദ്ര നിലപാട് അജണ്ട അടിച്ചേൽപ്പിക്കാനുള്ള നീക്കമായാണ് സ്റ്റാലിൻ സർക്കാർ ഇതിനെ കാണുന്നത്.
ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച ഭിന്നത കേന്ദ്ര സർക്കാരും തമിഴ്‌നാട് സർക്കാരും തമ്മിലുള്ള തുറന്ന പോരിലേക്ക് എത്തിക്കഴിഞ്ഞു. സംസ്ഥാന മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രൂക്ഷമായ ഭാഷയിൽ തന്നെ നയത്തിന് എതിരെ രംഗത്തെത്തിയത്. പൊതു പരിപാടികളിൽ ഉൾപ്പെടെ അദ്ദേഹം ഭാഷാ സംരക്ഷണ നിലപാട് ആവർത്തിച്ച് ഉന്നയിക്കുകയും ചെയ്യുന്നുണ്ട്. ത്രിഭാഷാ ഫോർമുല അംഗീകരിക്കാൻ തമിഴ്‌നാട് തയ്യാറാവണം എന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ നിലപാടാണ് ചൂടുള്ള ചർച്ചകൾക്ക് വഴി തുറന്നത്.
എന്താണീ ത്രിഭാഷാ നയം
ഇന്ത്യയിലെ കുട്ടികൾ മാതൃഭാഷയ്ക്ക് ഒപ്പം ഹിന്ദിയും ഇംഗ്ലീഷും നിർബന്ധമായും പഠിക്കണം എന്നതാണ് ത്രിഭാഷ നയത്തിന്റെ അടിസ്ഥാനം. 1968ൽ നടപ്പാക്കിയ സമാനമായ നയം തമിഴ്‌നാട്ടിൽ നടപ്പാക്കിയിരുന്നില്ല. തമിഴ്‌നാട്ടിൽ പ്രാബല്യത്തിലുള്ള ദ്വിഭാഷാ സംവിധാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രതികരണമാണ് ഭിന്നത രൂക്ഷമാക്കിയത്.
ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്താൻ ത്രിഭാഷാ നയം അത്യാവശ്യമാണ് എന്നായിരുന്നു ധർമേന്ദ്ര പ്രധാന്റെ പരാമർശം. ഫെബ്രുവരി 15ന് വാരണാസിയിൽ നടന്ന ചടങ്ങളിലായിരുന്നു അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ചില സംസ്ഥാനങ്ങൾ രാഷ്ട്രീയ ലക്ഷ്യം വച്ച് ത്രിഭാഷാ നയത്തെ എതിർക്കുകയാണ്. ഇന്ത്യൻ ഭരണഘടന അനുസരിച്ച് ത്രിഭാഷാ നയത്തെ പിന്തുടരാൻ തമിഴ്‌നാട് തയ്യാറാകണം എന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
വിദ്യാഭ്യാസ നിലവാരം എന്ന വാദം ഉയർത്തി ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നറിയാത്ത ഒരു തമിഴൻ പോലും ഇവിടില്ല. പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പ് മറികടന്ന് നേരിട്ട് ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്ര സർക്കാരിനായില്ല. അതിനാൽ പിൻവാതിലൂടെ നയം ഒളിച്ചു കടത്താനാണ് ശ്രമം എന്നാണ് ആ ശ്രമത്തെ മുഖ്യമന്ത്രി സ്റ്റാലിൻ പറയുന്നത്.
ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ചില്ലെങ്കിൽ തമിഴ്‌നാടിന് ആവശ്യമായ ഫണ്ടുകൾ അനുവദിക്കില്ലെന്ന് കേന്ദ്രം ഭീഷണിപ്പെടുത്തുക കൂടി ചെയ്യുന്നു.
തമിഴ്‌നാട് ഒരുഭാഷയ്ക്കും എതിരല്ല, എന്നാൽ പലകാരണങ്ങളാൽ എൻ.ഇ.പിയെ ഞങ്ങൾ എതിർക്കുന്നു. പിന്തിരിപ്പൻ ആശയങ്ങളാണ് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ട് വയ്ക്കുന്നത്. അത് സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ അകറ്റുന്ന നിലയുണ്ടാക്കും. എസ്സി/എസ്ടി, പിന്നാക്ക വിഭാഗങ്ങളിൽപെടുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ നൽകുന്ന സാമ്പത്തിക സഹായം നിഷേധിക്കുന്ന നിലയുണ്ടാകും.
മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളിൽ പൊതു പരീക്ഷകൾ നടത്താനും ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷ ഏർപ്പെടുത്താനും എൻ.ഇ.പി ശുപാർശ ചെയ്യുന്നുണ്ടെന്നും സ്റ്റാലിൻ പറയുന്നു. എൻ.ഇ.പി നടപ്പാക്കാൻ 2000 കോടി അനുവദിക്കും എന്നാണ് കേന്ദ്ര നിലപാട്. എന്നാൽ 10000 കോടി അനുവദിച്ചാലും എൻ.ഇ.പി നടപ്പാക്കാൻ തയ്യാറല്ല. തമിഴ്‌നാടിനെ രണ്ടായിരം വർഷം പിന്നോട്ടടിക്കുന്ന നയങ്ങളാണ് എൻ.ഇ.പി ശുപാർശ ചെയ്യുന്നതെന്നും പറയാൻ സ്റ്റാലിന് യാതൊരു മടിയുമില്ല.
യുവാക്കളുടെ ഭാവിയെ കരുതി രാഷ്ട്രീയ ഭിന്നത മാറ്റിവച്ച് സഹകരിച്ച് പ്രവർത്തിക്കണം എന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സ്റ്റാലിന്റെ ആരോപണങ്ങളോട് പ്രതികരിച്ചത്. എൻ.ഇ.പി നടപ്പിൽ വരുന്നതോടെ രാജ്യത്തെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും കൂടുതൽ മുന്നേറും. ആഗോള പാൻ ഇന്ത്യൻ നിലയിലേക്ക് വിദ്യാർത്ഥികൾ ഉയരും. ബി.ജെ.പി ഇതര സർക്കാരുകൾ ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ എൻ.ഇ.പി നടപ്പാക്കിയിട്ടുണ്ട്. അവസരങ്ങളുടെ വലിയ സാധ്യത തിരിച്ചറിഞ്ഞാണ് ഈ സർക്കാരുകൾ ഇത്തരം ഒരു തീരുമാനം എടുക്കുന്നതെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടുന്നു.
സ്വതന്ത്ര ഇന്ത്യയിലെ മൂന്നാമത് വിദ്യാഭ്യാസ നയമാണ് 2020ലെ ദേശീയ വിദ്യാഭ്യാസ നയം. 1968, 1986 എന്നിവയുടെ ചുവടുപിടിച്ചാണ് ദേശീയ വിദ്യാഭ്യാസ നയം 2020 തയ്യാറാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ മേഖല കൂടുതൽ വൈദഗ്ധ്യാധിഷ്ഠിതവും, സാംസ്‌കാരിക സമ്പന്നവുമാക്കുക എന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.
ത്രിഭാഷാ ഫോർമുല വിദ്യാർത്ഥികളെ മൂന്ന് ഭാഷകൾ സ്വായത്തമാക്കാൻ പ്രോത്സാഹിപ്പിണം. മൂന്ന് ഭാഷകളിൽ കുറഞ്ഞത് രണ്ട് ഭാഷകളെങ്കിലും ഇന്ത്യൻ ഭാഷയായിരിക്കണം. എന്നാൽ ഒരെണ്ണം ഹിന്ദിയാകണം എന്ന് നിർബന്ധമാക്കുന്നില്ലെന്നൊരു തൊടുന്യായം കേന്ദ്രം പറയുന്നുണ്ടെങ്കിലും അതനുവദിച്ചാൽ ഒട്ടകത്തിന് ഇടം കൊടുത്ത അറഭിയുടെ അവസ്ഥയാകുമെന്നറിയാത്തവരല്ല തമിഴർ...!
എമ എൽസ എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്