കേരളം പാർട്ടിയാണോ ഭരിക്കുന്നത് സർക്കാരാണോ ഭരിക്കുന്നത് എന്ന ഇരട്ടച്ചോദ്യത്തിന് മറുപടി ഒന്നേയുള്ളു അത് പാർട്ടി തന്നെ. പാർട്ടി എന്നാൽ പിണറായി. പിണറായി എന്നാൽ പാർട്ടി! സർക്കാർ എന്നാലും പാർട്ടി തന്നെ.സംസ്ഥാന സമ്മേളനം കൊടിയിറങ്ങിയതോടെ ഈ ചിത്രം കൂടുതൽ തെളിയുകയാണ്. അപശബ്ദങ്ങൾ അങ്ങിങ്ങ് ഇല്ലാതെയല്ല. എങ്കിലും അവയൊക്കെയും പൊടിയടങ്ങി രംഗം ശാന്തമായി.
ഒരു മൂന്നാമൂഴമുണ്ടെങ്കിൽ പിണറായി തന്നെ നയിക്കും. അത് സി.പി.എമ്മിന്റെ നിശ്ചയം. എം.വി. ഗോവിന്ദൻ തുടർന്നും നയിക്കുന്ന പാർട്ടിയുടെ നിലപാട്.നിലപാടുകൾ മാറി മറിഞ്ഞ ഒരു സംസ്ഥാന സമ്മേളനമാണ് കൊല്ലത്ത് കഴിഞ്ഞത്. സംസ്ഥാന സമ്മേളനം എറണാകുളത്തു നിന്ന് കൊല്ലത്ത് എത്തിയപ്പോൾ മുദ്രാവാക്യങ്ങൾ പഴയതു തന്നെ; ഒരു മാറ്റവുമില്ല. മുതലാളിത്ത സാമ്രാജ്യത്വ വിരുദ്ധ ഗാനമാലപിച്ചു കൊണ്ടുതന്നെയാണ് കോടിയേരി നഗറിൽ പതാക ഉയർന്നത്.
ആഗോള നിക്ഷേപക സംഗമം രണ്ടാഴ്ച മുൻപ് കൊച്ചിയിൽ നടത്തി, സംസ്ഥാനത്ത് മുതൽമുടക്കാൻ താൽപര്യമുള്ള വിദേശ സംരംഭകരെ ആദരിച്ച് മടങ്ങിയ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ആഗോള നിക്ഷേപകരെ ആ സംഗമത്തിൽ വാനോളം വാഴ്ത്തിയ മന്ത്രിയാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമായ പി.രാജീവ്.
മുതലാളിത്ത വിരോധവും കുത്തകകളെ വരവേൽക്കലും! ഇത് നയം മാറ്റമാണെന്ന് വിമർശിക്കുന്നവരെ അവരുടെ പാട്ടിനു വിടുകയാണ് പാർട്ടി. എങ്കിലും കട്ടൻചായ, പരിപ്പുവട നൊസ്റ്റാൾജിയ കൈ വിടാത്തവരോട് ഒന്നേ പറയാനുള്ളു. പണ്ട് പിണറായി പറഞ്ഞ അതേ കാര്യം നിങ്ങൾക്ക് ഈ പാർട്ടിയെപ്പറ്റി ഒരു ചുക്കും അറിയില്ല !
പാർട്ടിക്കുള്ളിലെ പാർട്ടി
കോൺഗ്രസ് ഉൾപ്പെടെ മറ്റൊരു രാഷ്ട്രീയ കക്ഷിക്കും കാര്യമായി അവകാശപ്പെടാൻ കഴിയാത്ത ഒന്നാണ് സി.പി.എം ഇപ്പോഴും വച്ചു പുലർത്തുന്ന ഉൾപ്പാർട്ടി ജനാധിപത്യം. ഇത്തവണത്തെ സമ്മേളനത്തിൽ ഇതര ചർച്ചാ വിഷയങ്ങളേക്കാൾ ശ്രദ്ധ നേടിയത് പാർട്ടിക്കുള്ളിൽ നേതൃനിരയിൽ നിന്ന് പിന്തള്ളപ്പെട്ടു പോയവരുടെ അടക്കിപ്പിടിച്ച പ്രതിഷേധ ശബ്ദങ്ങളും കീഴടങ്ങലുകളുമാണ്. പുറമെനിന്ന് നോക്കിയാൽ നീതികേട് എന്നു തോന്നാവുന്ന പല ഒഴിവാക്കലുകളും കൂട്ടിച്ചേർക്കലുകളും പുതിയ നേതൃ പട്ടികയിൽ സംഭവിച്ചുവെന്ന് കടുത്ത സഖാക്കൾ പോലും സമ്മതിക്കും.
എന്നാൽ, കണക്കറ്റ് വിമർശിക്കാൻ മാധ്യമങ്ങൾ ചുറ്റിനുമുള്ളപ്പോഴും പാർട്ടി ഇരകളുടെ കണ്ണീർക്കഥകൾക്ക് വലിയ പ്രാമുഖ്യം കിട്ടിയില്ല. വിവാദങ്ങൾക്ക് തുടക്കമിട്ടവർ തന്നെ അത് കൂട്ടിയിട്ട് കത്തിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇത് അണയാൻ പോവുന്ന പ്രസ്ഥാനമല്ലെന്നും തുടരെ അധികാരത്തിലേറാൻ സർവ്വ ശക്തിയും സംഭരിക്കുന്ന, കേരളം ആസ്ഥാനമായി മാറിയ ഇന്ത്യൻ രാഷ്ട്രീയ കക്ഷിയാണ് എന്നുമുള്ള സന്ദേശം ഇവിടുത്തെ ഓരോ പാർട്ടി അംഗത്തിനും ഹൃദിസ്ഥമാണ്. അപ്പോൾ അവർ മറ്റൊരു തരത്തിൽ പ്രതികരിച്ചാലേ അതിശയിക്കാനുള്ളു.
പിണറായിയെ ക്യാപ്ടൻ എന്നു വിളിച്ച് ഏകാധിപതിയായി ചിത്രീകരിക്കുന്നതിനോടും അവർക്ക് വലിയ യോജിപ്പുണ്ടാവില്ല.
രണ്ടാമൂഴം പൂർത്തീകരിക്കാൻ പോവുന്ന പിണറായി വിജയന് പ്രായക്കൂടുതൽ എന്ന പ്രതികൂല വ്യവസ്ഥ അവഗണിച്ചുകൊണ്ട് മൂന്നാമൂഴത്തിലെ ക്യാപ്ടൻ പദവി കാലേക്കൂട്ടി പതിച്ചുനൽകിയതാണ്. ദേശീയതലത്തിൽ സി.പി.എമ്മിന്റെ ശക്തി ക്ഷയിച്ചുവരവെ, കേരളത്തിലെ പച്ചത്തുരുത്ത് നിലനിർത്താൻ പിണറായിതന്നെ വേണമെന്ന് പാർട്ടി ഏതാണ്ട് തീരുമാനിച്ചപോലെയാണ്. ഏപ്രിൽ ആദ്യവാരത്തിൽ നടക്കുന്ന ദേശീയ കോൺഗ്രസാണ് അതിന് അന്തിമമായി പച്ചക്കൊടി കാട്ടേണ്ടത്. സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എം.വി. ഗോവിന്ദനെതിരെ വിമർശനങ്ങളുയർന്നെങ്കിലും പിണറായിക്കെതിരെ ഒരപസ്വരവും സംസ്ഥാന സമ്മേളനത്തിൽ ഉയർന്നില്ല.
അതിന് ഉതകും വിധം താൻ വിഭാവനം ചെയ്യുന്ന 'നവകേരളത്തെ നയിക്കാൻ പുതുവഴികൾ' എന്ന നയരേഖ സമ്മേളനത്തിൽ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു. സോഷ്യലിസം കാപിറ്റലിസത്തിന് വഴിമാറിയ ആ നയരേഖയെക്കുറിച്ച് നടന്ന ചർച്ചകളിലും പിണറായി ചോദ്യം ചെയ്യപ്പെട്ടില്ല. അതിന് മുൻ മാതൃകകളുണ്ടെന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. ലോകത്ത് കഴിഞ്ഞുപോയതും നിലനിൽക്കുന്നതുമായ എല്ലാ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളിലും തൊഴിലാളിവർഗ സർവാധിപത്യം അന്തിമമായി ഏകവ്യക്തിയിൽ ഒതുങ്ങുന്ന കാഴ്ച കാണാൻ കഴിയും.
മന്ത്രിമാർക്കും പാർട്ടി സെക്രട്ടറിക്കും നേരെ വരെ വിമർശനമുയർന്നിട്ടും മുഖ്യമന്ത്രിക്ക് നേരെ ശബ്ദമുയർന്നില്ലെന്നും കയ്യടികളാണ് തേടിയെത്തിയതെന്നതും പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവ് പാർട്ടിയിൽ ഒരിക്കൽ കൂടി കരുത്തുതെളിയുക്കുന്നുവെന്നതിന്റെ കൃത്യമായ സൂചനയാണ്. വിമർശനാതീതമായി പിണറായിക്ക് കിട്ടുന്ന അംഗീകാരം ഇതിന് സാക്ഷ്യവുമാണ്. എൺപതാം വയസിലേക്ക് കടക്കുന്ന പിണറായി തന്നെ നയിക്കണമെന്ന് ഉറപ്പിക്കുകയാണ് സി.പി.എം.
പിണറായി വിജയൻ ഒഴികെയുള്ള മന്ത്രിമാരുടെ പ്രകടനം അത്ര പോരെന്നും സംസ്ഥാന സമ്മേളനത്തിൽ വിമർശനമുയർന്നു. മാത്രമല്ല മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന സാഹചര്യമുണ്ടായിട്ട് അതിനെ വേണ്ടവിധം മന്ത്രിമാർ പ്രതിരോധിക്കാൻ ശ്രമിച്ചില്ല എന്നും ചില പ്രതിനിധികളുടെ ഭാഗത്തുനിന്ന് വിമർശനം വന്നു. കണ്ണൂരുകാർക്ക് പാർട്ടിയിലുള്ള അപ്രമാദിത്വവും സ്ഥാനമാനങ്ങളുടെ കാര്യത്തിലുള്ള വിവേചനവും ചൂണ്ടിക്കാട്ടിയും വിമർശനം ഉയർന്നു. 'മെറിറ്റ് ' എന്ന് എപ്പോഴും പറയുന്ന സംസ്ഥാന സെക്രട്ടറി എങ്ങനെയാണ് മെറിറ്റ് നിശ്ചയിക്കുന്നതെന്ന്, കണ്ണൂർ ആധിപത്യം ചൂണ്ടിക്കാട്ടി എം.വി. ഗോവിന്ദന് നേരെയും വിമർശനമുണ്ടായി.
പരിഭവ ശബ്ദങ്ങൾ
പാർട്ടി കീഴ്ഘടക സമ്മേളനങ്ങളുടെ തുടക്കത്തിൽ ആഭ്യന്തരവകുപ്പിനെതിരായി വിമർശനങ്ങൾ ഉണ്ടായെങ്കിലും പിന്നാലെ നടന്ന ജില്ലാ സമ്മേളനങ്ങളിൽ തിരക്കുകൾ മാറ്റിവെച്ച് മുഖ്യമന്ത്രി സജീവമായി പങ്കെടുത്തതോടെ വിമർശനങ്ങളുടെ കടുപ്പം കുറയുകയായിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത സമ്മേളനങ്ങളിൽ വിമർശനങ്ങൾക്കും ചർച്ചകൾക്കും പിണറായി വിജയൻ തന്നെ മറുപടി നൽകി. പലയിടങ്ങളിലും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വരെ അപ്രസക്തനാക്കി മുഖ്യമന്ത്രി.
വിമർശനവും സ്വയം വിമർശനവും തിരുത്തലും ബ്രാഞ്ച് മുതൽ ജില്ലാ സമ്മേളനം വരെ മുറപോലെ നടന്നു. വിമർശനങ്ങളുടെ അടിസ്ഥാനത്തിലുള്ള തിരുത്തലിന് സി.പി.എം തയ്യാറായോ എന്ന ചോദ്യം ബാക്കിയാണെങ്കിലും. സമ്മേളനങ്ങൾ തുടങ്ങുന്നതിന് തൊട്ടുമുമ്പ് പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഏറ്റു എന്നു വേണം ശശിയെ ഒഴിവാക്കിയതിൽ നിന്ന് മനസിലാക്കാൻ.
സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നവർ കൂടുതലായി.. ഇടതുപക്ഷം ഭരിക്കുന്ന ഏക സംസ്ഥാന മുഖ്യമന്ത്രി ആയതുകൊണ്ട് പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലും മുഖ്യമന്ത്രിക്ക് പ്രായപരിധിയിൽ ഇളവ് പ്രതീക്ഷിച്ചതാണ്.
മുനയൊടിഞ്ഞ പ്രതിഷേധങ്ങൾ
സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റികളുടെ രൂപീകരണത്തിനെതിരെയാണ് പാർട്ടിക്കകത്തും പുറത്തും വിമർശനം ഉയർന്നത്. പത്തനംതിട്ടയിലെ മുതിർന്ന നേതാവായ എ. പത്മകുമാർ പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്ന് ഒഴിവാകാൻ പരസ്യമായി സന്നദ്ധത അറിയിച്ചത് ആദ്യം നേതൃത്വത്തെ ഞെട്ടിച്ചു. 'പത്മകുമാർ പാർട്ടിക്ക് ഒരു പ്രശ്‌നം അല്ല' എന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചെങ്കിലും നേതൃത്വം പിന്നീട് കരുതലിലായി.
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കാത്തതിന്റെ പേരിൽ, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്ന് ഒഴിയാൻ നൽകിയ കത്ത് ഇത്തവണ പാർട്ടി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ കെ.സുരേഷ്‌കുറുപ്പ് നേതൃനിരയിൽനിന്ന് ഒഴിവായതിന് പിന്നാലെയാണ് അതേ മാതൃക പിന്തുടരാൻ പത്മകുമാർ മുതിർന്നത്.
തന്നെ ഉൾപ്പെടുത്താതെ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പാനൽ വച്ചതിനെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി. ജയരാജൻ രൂക്ഷമായി ചോദ്യം ചെയ്തിരുന്നു. സെക്രട്ടേറിയറ്റ് രൂപീകരണത്തിൽ തനിക്ക് ശക്തമായ അമർഷമുണ്ടെന്ന വാർത്തകളെ നിഷേധിക്കാൻ പി.ജയരാജൻ തയ്യാറായുമില്ല. ജയരാജന്റെ മകൻ ജയിൻരാജും പിന്നാലെ, 'ഇത് അനീതിയാണ്' എന്നു സംസ്ഥാനകമ്മിറ്റി യോഗത്തിൽ തുറന്നടിച്ച ജെ.മേഴ്‌സിക്കുട്ടിയമ്മയും പ്രതിഷേധസ്വരം കേൾപ്പിച്ചു.
സെക്രട്ടേറിയറ്റ് രൂപീകരണത്തിൽ തഴയപ്പെട്ട മറ്റൊരു മുതിർന്ന നേതാവ് കടകംപള്ളി സുരേന്ദ്രൻ 'നവകേരള മാർച്ചിന്റെ സമാപന സമ്മേളനം, 2016 ഫെബ്രുവരി 15' എന്ന കുറിപ്പുമായി അദ്ദേഹം ശംഖുമുഖം ബീച്ചിൽ ജനക്കൂട്ടത്തോടു സംസാരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു.
ആദ്യമായി മുഖ്യമന്ത്രിയാകും മുൻപ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി വിജയൻ നയിച്ച നവകേരള മാർച്ചിന്റെ തലസ്ഥാനത്തെ സമാപന സമ്മേളന വിജയത്തിന്റെ മുഖ്യശിൽപി താനായിരുന്നുവെന്ന ഓർമപ്പെടുത്തലായിരുന്നു കടകംപള്ളിയുടേത്. പ്രതിഷേധം ചെഗുവാരയുടെ ഉദ്ധരണിയിലൂടെ ധ്വനിപ്പിച്ച കണ്ണൂരിൽനിന്നുള്ള എൻ.സുകന്യ പിന്നീട് തനിക്ക് അതൃപ്തിയില്ലെന്നും ദുർവ്യാഖ്യാനം വേണ്ടെന്നുമുള്ള വിശദീകരണവുമായെത്തി.
ഏതായാലും, സമരം മറന്നുപോകുന്ന പാർട്ടിയായും വഴിപാട് സമരങ്ങളുടെ ഏറ്റെടുപ്പുകാർ മാത്രമായും സി.പി.എം. മാറരുതെന്ന സംസ്ഥാനസമ്മേളനത്തിലെ ചർച്ചയുടെ പൊതുവികാരം ആശയ്ക്ക് വക നൽകുന്നുണ്ട്. നേതൃത്വം നിർദേശിക്കുന്ന ചട്ടപ്പടി സമരങ്ങളുടെ പ്രയോക്താക്കൾ മാത്രമായി മാറുകയാണ് അടിസ്ഥാന ഘടകമായ ബ്രാഞ്ചുകൾ.
പ്രാദേശികമായ പ്രശ്‌നങ്ങൾ ഏറ്റെടുക്കാതെയും ജനങ്ങളുമായി ബന്ധമുള്ള വിഷയങ്ങളുടെ ഭാഗമാകാതെയും മാറുന്നത് പാർട്ടിയെ നിർജീവമാക്കും. ഈ ശൂന്യതയിലേക്ക് ബി.ജെ.പി. കടന്നുകയറുന്നുവെന്ന രാഷ്ട്രീയ അപകടവുമുണ്ട്. പാർട്ടി ഏറ്റെടുക്കേണ്ട 35 ദൗത്യങ്ങളാണ് റിപ്പോർട്ടിലും ചർച്ചയിലും അതിനുള്ള സംസ്ഥാനസെക്രട്ടറിയുടെ മറുപടിയിലുമായുണ്ടായത്.
പാർട്ടി എന്നത് ബ്രാഞ്ചുമാത്രമല്ല. അനുഭാവികൾകൂടിയാണ്.
പ്രിജിത് രാജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്