മൂന്നാം തുടർ ഭരണത്തിനായി നൂറ്റൊന്ന് ആവർത്തിച്ച 'നവകേരള രസായനം

MARCH 13, 2025, 2:44 AM

അധികാരലഹരി. രാസലഹരി. ധനസമ്പാദന ലഹരി. പദവികളുടെ ലഹരി. ആഡംബരങ്ങൾക്കായുള്ള ലഹരി അങ്ങനെയങ്ങനെ കേരളം പുതിയ ലഹരികൂത്താടികളെക്കൊണ്ടു നിറഞ്ഞു കഴിഞ്ഞു. നമുക്ക് അധികാരത്തിൽ നിന്നു തുടങ്ങാം. ഞാൻ, ഞാൻ മാത്രം എന്ന മട്ടിൽ ചിന്തിക്കുന്ന ഒരു നേതാവിനായി രംഗപടമൊരുക്കുന്ന വിപ്ലവപാർട്ടി ഇന്ന് പഴയ നയപരിപാടികളിൽ നിന്നും നിലപാടുകളിൽ നിന്നും വ്യതിചലിക്കുന്നതാണ് കൊല്ലം സമ്മേളനത്തിൽ കണ്ടത്. 

ഏതോ ഒരു ചാനൽ ചർച്ചക്കാരൻ പറഞ്ഞതുപോലെ മയിലെണ്ണ പുരട്ടി വഴുവഴാ പരുവത്തിൽ സി.പി.എമ്മിന്റെ നവകേരള രേഖയെ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനാണ് ഈ സമ്മേളനത്തിലെ മികച്ച നടൻ. ഗോവിന്ദന്റെ 'താത്വികാവലോകനം' ഉണങ്ങി വീഴുന്ന തേങ്ങാപ്പരുവത്തിൽ സമീപ ഭാവിയിൽ പാർട്ടിയുടെ തലമണ്ടയിൽ വീഴുമെന്ന കാര്യം ഉറപ്പാണ്.

ഒളിച്ചേ, കണ്ടേ പരുവത്തിൽ മുകേഷ്

vachakam
vachakam
vachakam

കൊല്ലം സമ്മേളനത്തിൽ സ്ഥലം എം.എൽ.എയായ മുകേഷിനെ കാണാതെ പോയത് ആദ്യ ദിനത്തിൽ തന്നെ മാധ്യമങ്ങൾ വാർത്തയാക്കി. കോട്ടയത്ത് 'ഔദ്യോഗിക കൃത്യനിർവഹണ' ത്തിലായിരുന്നുവെന്നായിരുന്നു പിന്നീട് പൊങ്ങിയ മുകേഷിന്റെ വിശദീകരണം. തന്നെ കാണാതെ പോയതിൽ മാധ്യമങ്ങൾ കാണിച്ച കരുതലിന് നന്ദി പറയാനും മുകേഷ് മറന്നില്ല. പക്ഷെ, സമ്മേളനത്തിന്റെ പ്രധാന സ്റ്റേജിൽ പ്രത്യക്ഷപ്പെടാതെ ഏതോ ഒരു പന്തലിൽ കയറി കുറച്ചു നേരം കഴിച്ചു കൂട്ടിയശേഷം മുകേഷ് മടങ്ങിപ്പോയ കാര്യവും വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. 

ഏതോ ഒരു 'പ്രിയദർശൻ സിനിമയിൽ' 'കൊല്ലംകാരുടെ സ്വഭാവം നിനക്കറിഞ്ഞുകൂടാ' എന്ന മുകേഷിന്റെ ഡയലോഗ് അങ്ങനെ അച്ചട്ടായി.  മറ്റൊരു കല്ലുകടി പി.കെ.ഗുരുദാസന്റെ മാതൃഭൂമി ദിനപത്രത്തിൽ വന്ന അഭിമുഖമായിരുന്നു. എല്ലാവരും 75 വയസ്സാകുമ്പോൾ വിരമിക്കണമെന്നാണ് പാർട്ടി ചട്ടമെങ്കിൽ, അതിന് വിരുദ്ധമായി ആർക്കും ഇളവിന് അർഹതയില്ലെന്ന് സഖാക്കൾ 'ഗുരു' എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഗുരുദാസന്റെ നാവിൽ നിന്ന് വീണത് ഏഷ്യാനെറ്റോ മനോരമയോ കൊത്തിയില്ല. 

ചിലപ്പോൾ നമ്മുടെ മാധ്യമങ്ങൾ അങ്ങനെയാണ്. പൊതുതാൽപ്പര്യത്തിനായി പോലും മറ്റൊരു മാധ്യമത്തിൽ വന്നത് വീണ്ടും 'പതപ്പിക്കാൻ' അവർ ശ്രമിക്കാറില്ല. അതേ അഭിമുഖം മാതൃഭൂമിയിൽ വന്നത് സി.പി.എമ്മിന് ഗുണകരമായി. പൊതു സമൂഹം ഗുരുദാസന്റെ പിണറായിക്കെതിരെയുള്ള 'കൊള്ളി വാക്ക്' കണ്ടതുമില്ല, വായിച്ചതുമില്ല.

vachakam
vachakam
vachakam

പാർട്ടിയായാൽ ഇങ്ങനെ വേണം....

ഒരു കാര്യത്തിൽ സി.പി.എമ്മിനെ സമ്മതിക്കണം. ഓരോ മൂന്നു വർഷം കൂടുമ്പോഴും ഇത്തരമൊരു സംസ്ഥാന സമ്മേളനം നടത്താൻ അവർക്ക് കഴിയുന്നത് ആ പാർട്ടിയുടെ നേട്ടം തന്നെയാണ്. മുപ്പത്തിയയ്യായിരത്തോളം ബ്രാഞ്ച്, ഏരിയാ, ജില്ലാ സമ്മേളനങ്ങൾ സമയബന്ധിതമായി  നടത്തുന്നതിൽ സി.പി.എം. കാണിച്ച വൈഭവം അംഗീകരിക്കേണ്ടതു തന്നെയാണ്. താഴെത്തട്ടിൽ ഭരണത്തിനെതിരെ പുകഞ്ഞു കിടന്ന കനലുകളത്രയും തല്ലിക്കെടുത്താൻ പാർട്ടി നേതാവെന്ന നിലയിൽ പിണറായി പ്രകടിപ്പിച്ച നിശ്ചയദാർഢ്യവും പ്രശംസിക്കപ്പെടേണ്ടതാണ്.

അതുകൊണ്ടു തന്നെ, കാൽനൂറ്റാണ്ടിനപ്പുറം പാർട്ടി ചുമലിൽ പേറിയിരുന്ന 'നിലപാട് ഭാര' ങ്ങളത്രയും കുടഞ്ഞെറിഞ്ഞ് ആദ്യം സംസ്ഥാന ബജറ്റിലും പിന്നീട് പാർട്ടി നയരേഖയിലും നവരേഖയായി അവതരിപ്പിച്ച് ഉറപ്പിക്കാൻ സി.പി.എമ്മിന് കഴിഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾക്ക് നേട്ടമായില്ലെങ്കിലും പാർട്ടി ഫണ്ട് കൊഴുപ്പിക്കാൻ ഈ 'പുതുവഴികൾ' പ്രയോജനപ്പെടും. 

vachakam
vachakam
vachakam

'ആശ'യറ്റ നേതാക്കൾക്കായും ഒരു പാക്കേജ് 

സ്ഥാനമോ പദവിയോ ലഭിക്കാത്ത 'ആശ' കെട്ടു പോയ നേതാക്കൾക്കായുള്ള 'സാന്ത്വന പാക്കേജ്' എ.കെ.ജി. സെന്ററിൽ ഒരുങ്ങുന്നുണ്ട്. പുറത്തു പോയാൽ പാർട്ടിക്ക് അപകടം ചെയ്യുമെന്ന് കരുതുന്ന നേതാക്കളെയായിരിക്കും പുതിയ പദവികളിൽ അവരോധിക്കുക.
കണ്ടാൽ ദക്ഷിണേന്ത്യയിലെ വില്ലൻ കഥാപാത്രമായ പ്രകാശ് രാജിന്റെ മുഖസാദൃശ്യമുള്ള പത്തനംതിട്ടക്കാരൻ എ. പത്മകുമാർ എന്ന നേതാവ് 52 വർഷത്തെ 'പാർട്ടി സർവീസ്' പരസ്യമാക്കിയതും മന്ത്രി വീണാജോർജിന്റെ 9 വർഷത്തെ ''പാർട്ടി പബ്ലിസിറ്റി വർക്ക്'' വിളിച്ചു പറഞ്ഞതും വലിയ കൊടുങ്കാറ്റായി മാറുമെന്ന് കരുതിയവരുണ്ട്. 

വലിയ കലത്തിൽ വെള്ളം വച്ച് ബി.ജെ.പി.യുടെ ജില്ലാ നേതാക്കൾ പത്മകുമാറിന്റെ വീട് സന്ദർശിക്കുകയും ചെയ്തിരുന്നു. എന്നാൽ ജില്ലാ സെക്രട്ടറി രാജു എബ്രഹാമും സി.ഐ.ടി.യു.വിന്റെ പ്രാദേശിക നേതാവും പത്മകുമാറിനെ വീട്ടിൽ പോയി കണ്ടതോടെ അദ്ദേഹം പിണറായിയുടെ കുഞ്ഞാടായി മാറി. പത്മകുമാറിനെതിരെയുള്ള പാർട്ടി നടപടി വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് പറയുന്നു.

പി.ജയരാജനെ തഴയുക മാത്രമല്ല ഇ.പി.ജയരാജനെ കൈവിടാഞ്ഞതും കണ്ണൂർ രാഷ്ട്രീയത്തിൽ ഇനിയുള്ള നാളുകളിൽ പ്രകമ്പനമുണ്ടാക്കിയേക്കാം. തുടർഭരണം മൂന്നാമതും കിട്ടുമ്പോൾ പാർട്ടി കൈയിലുണ്ടാകുമെന്ന 'ഉള്ളിലിരുപ്പാ' ണ് ഗോവിന്ദന്റെ തുറുപ്പു ചീട്ട്. അങ്ങനെ വന്നാൽ, പിണറായിയുടെ അസാന്നിദ്ധ്യം ഏതെങ്കിലും തരത്തിൽ 'സംഭവിച്ചാൽ' പി.ജയരാജൻ തനിക്കെതിരെ പടവാളെടുക്കുമെന്ന് ഗോവിന്ദൻമാഷിനറിയാം. പി.ജയരാജനെ പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ കഴിയാതെ പോയത് ഇ.പി.യുടെ പിണറായിയുമായുള്ള അടുപ്പം കൊണ്ടാണെന്നതും നാട്ടിൽ പാട്ടാണ്. 

അടുത്ത പാർട്ടി സംസ്ഥാന സമ്മേളനം, മൂന്ന് വർഷം കഴിഞ്ഞ് നടക്കുമെങ്കിലും ആ 'കാവിലെ പാട്ട് മത്സര'ത്തിൽ തനിക്ക് റോളൊന്നുമുണ്ടാവില്ലെന്നു പി.ജെ.യ്ക്കറിയാം. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ പി.ജെ. ആർമി വീണ്ടും ശക്തിയോടെ രംഗത്തെത്താം.

പോലീസുകാരും എക്‌സൈസുകാരും മനുഷ്യരാണ്... 

ലഹരി വ്യാപനം എത്രത്തോളം വ്യാപകമായെന്നും നാട്ടിലെ ക്രമസമാധാനം തകരുന്നതിന് മുഖ്യകാരണം രാസലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതുകൊണ്ടാണെന്നും ഇതിനകം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഏറെ അപകടകാരികളാണ് രാസലഹരി ഉപയോഗിക്കുന്നവർ. അവരുടെ ആക്രമണങ്ങളിൽ പോലീസുകാർക്കും എക്‌സൈസുകാർക്കും പരിക്ക് പറ്റുന്നുണ്ട്. അതുകൊണ്ടു തന്നെ ലഹരിക്ക് അടിമകളായ ക്രിമിനലുകളെ കൈകാര്യം ചെയ്യാൻ പ്രത്യേക നിയമങ്ങൾ തന്നെ വേണ്ടിവരാം. മാത്രമല്ല, ലഹരി ഉപയോഗിക്കുന്നവരുമായുള്ള ഏറ്റുമുട്ടലിൽ പരുക്കേൽക്കാൻ സാധ്യതയുള്ള ഉദ്യോഗസ്ഥർക്കായുള്ള ഇൻഷുറൻസ് പരിരക്ഷയും അനിവാര്യമാണ്. 

സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ രാസലഹരി ഉപയോഗിച്ചവരെ കണ്ടെത്താനുള്ള വേണ്ടത്ര പരിശോധനാ കിറ്റുകൾ പോലും ഇന്ന് പോലീസ് എക്‌സൈസ് ഡിപ്പാർട്ടുമെന്റിന്റെ കൈവശമില്ല. കേന്ദ്ര നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ നൽകിയ പരിശോധനാ കിറ്റിൽ ചില രാസലഹരികൾ കണ്ടെത്താൻ കഴിയുന്നില്ല. 2 മാസം മുമ്പ് തിരുവനന്തപുരം സ്മാർട്ട് സിറ്റിയാക്കുന്ന പദ്ധതിയുടെ പേരിൽ ലഭിച്ച ഡ്രഗ് ഡിറ്റക്ഷൻ ഉപകരണം ഉമിനീർ പരിശോധിച്ച് ലഹരി ഉപയോഗിച്ചവരെ കണ്ടുപിടിക്കാൻ പ്രയോജനപ്പെടുന്നുണ്ട്. 

ഇത്തരത്തിലുള്ള 1000 കിറ്റെങ്കിലും സംസ്ഥാനത്തെ 20 പോലീസ് ജില്ലകൾക്കായി സർക്കാർ വാങ്ങി നൽകണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടും, 25 ലക്ഷം രൂപ മാത്രം വില വരുന്ന ഈ പർച്ചേസ് ഓർഡറിന് ധനവകുപ്പ് ഇനിയും പച്ചക്കൊടി കാണിച്ചിട്ടില്ല!

കാപ്പി കുടിച്ചു, ചർച്ച നടത്തി പക്ഷേ...

ബുധനാഴ്ച (മാർച്ച് 12) രാവിലെ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ, കേരളാ ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഗവർണറും അവിടെയുണ്ടായിരുന്നു. മൂന്നു പേരും ഒരുമിച്ച് കാപ്പി കുടിച്ചു. പിന്നാലെ ധനമന്ത്രിയുടെ സന്ദർശനം അനൗദ്യോഗികമാണെന്ന് കേന്ദ്രസർക്കാർ വക വിശദീകരണവും വന്നു. വായ്പാ പരിധി വർധിപ്പിക്കൽ, വിഴിഞ്ഞത്തിനായും വയനാടിനുമായുള്ള പാക്കേജ് തുടങ്ങി പലതും ചർച്ച ചെയ്തുവെന്നാണ് രാവിലെയുള്ള ചാനൽ വാർത്തകളിൽ കണ്ടത്. ആശാവർക്കർമാരുടെ കാര്യം ധനമന്ത്രിയോട് മുഖ്യമന്ത്രി മിണ്ടിയില്ലത്രെ. 

ആശാവർക്കർമാരോട് പിണറായിയെന്ന പാർട്ടി നേതാവ് ഔദാര്യം കാണിക്കേണ്ടെങ്കിലും, സംസ്ഥാന മുഖ്യമന്ത്രിയെന്ന നിലയിൽ 'ആശ' മാർക്ക് കേന്ദ്രം വക കൂടിശ്ശികയുണ്ടെങ്കിൽ അത് നൽകണമെന്നെങ്കിലും നിർമ്മലാ സീതാരാമനോട് അദ്ദേഹത്തിന് പറയാമായിരുന്നില്ലേ? പക്ഷെ പിണറായി മിണ്ടില്ല. രണ്ട് കാരണങ്ങളാണ് ഈ സമീപനത്തിനു പിന്നിൽ. ഒന്ന് : രാഷ്ട്രീയം. രണ്ട് : പണം. എസ്.യു.സി.ഐ. എന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ആശാവർക്കർമാരുടെ സമരത്തിനു പിന്നിലെന്ന് സി.പി.എം. കരുതുന്നു. ഇപ്പോൾ തന്നെ സംഘടിത തൊഴിലാളി മേഖലയിൽ എസ്.യു.സി.ഐ. യുടെയും സ്വതന്ത്ര യൂണിയനുകളുടെയും സാന്നിദ്ധ്യം രാഷ്ട്രീയ പാർട്ടികളുടെ ട്രേഡ് യൂണിയനുകളെ  ദോഷകരമായി ബാധിച്ചിട്ടുണ്ട്. 

അതുകൊണ്ട്, ഈ സമരത്തോട് ഇടതു ഭരണം അനുഭാവമോ അനുകമ്പയോ പ്രകടിപ്പിക്കരുതെന്ന് സി.പി.എം. ഉറച്ചു വിശ്വസിക്കുന്നു. അടുത്ത കാരണം ധനപരമാണ്. 27000ഓളം ആശാവർക്കർമാരിൽ ഭൂരിപക്ഷവും മധ്യവയ്‌സ്‌ക്കരാണ്. വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം പല സംസ്ഥാനങ്ങളും നൽകിവരുന്നുണ്ട്. ഈ ഡിമാൻഡ് അംഗീകരിച്ചാൽ കുറെ കോടികൾ ആശാവർക്കർമാർക്ക് നൽകേണ്ടിവരുമെന്ന് ധനവകുപ്പ് കണക്ക് കൂട്ടുന്നു. ഇപ്പോൾ തന്നെ ഇടതു ഭരണത്തോട് കലിപ്പുള്ള ആശമാർക്കായി എന്തിന് കോടികൾ വാരി വിതറണമെന്ന് ധനവകുപ്പ് ഉദ്യോഗസ്ഥർ ചിന്തിക്കുന്നുണ്ടാകും. 

അതുകൊണ്ട് മാർച്ച് 17ലെ സെക്രട്ടറിയേറ്റ് വളയൽ കഴിഞ്ഞാലും ആശാവർക്കർമാർക്ക് ആശാവഹമായ എന്തെങ്കിലും നടപടി പിണറായി ഭരണത്തിൽ നിന്ന് പ്രതീക്ഷിക്കാൻ കഴിയുമോ? ഏതായാലും ഇന്നും സുരേഷ് ഗോപി എന്ന 'സോഷ്യൽ ആക്ടിവിസ്റ്റ് ' സമരപ്പന്തലിലെത്തി. വ്യാഴാഴ്ച നടത്തേണ്ട 'സമര പൊങ്കാല'യ്ക്കുള്ള അരിയും കലവുമെല്ലാം സുരേഷ് ഗോപിയുടെ വകയായി ബുധനാഴ്ച രാത്രി തന്നെ സമരപ്പന്തലിലെത്തിച്ചിട്ടുണ്ട്. ഈ പൊങ്കാലയിടലിലൂടെ ദേവീകടാക്ഷമെങ്കിലും അവർക്ക് ലഭിക്കട്ടെ. 'ദേവൻ' മുഖം വീർപ്പിച്ച് നിൽക്കട്ടെ. അങ്ങേർക്കുള്ള 'പൊങ്കാല' 'സിൽവർലൈൻ' പോലെ വഴിയേ വരുന്നുണ്ട്, കേട്ടോ...

ആന്റണി ചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam