മോദിയെ നമിച്ച് 'പിപിപി' യെ പുൽകി പിണറായി

MARCH 13, 2025, 2:41 AM

ഇൻക്വിലാബിനോടു പരസ്യമായി വിട പറഞ്ഞിട്ടില്ല; എങ്കിലും വിപ്ലവ മോഹങ്ങൾക്കു വിരാമമിട്ട് 'ക്രോണി ക്യാപ്പിറ്റലിസ'മെന്ന ചങ്ങാതി മുതലാളിത്തത്തെ പുണരാനാണ് കേരളത്തിലെ ഇടതു മുന്നണി മന്ത്രിസഭ ഒരുങ്ങുന്നതെന്ന് കൊല്ലത്ത് കൊടിയിറങ്ങിയ സി.പി.എം സംസ്ഥാന സമ്മേളനം വ്യക്തമാക്കി. സ്വകാര്യ മൂലധനനിക്ഷേപത്തിനു വാതിൽ തുറന്നിടാനുള്ള സന്നദ്ധത സംശയലേശമെന്യേ പാർട്ടി ലോകത്തോട് വിളിച്ചു പറഞ്ഞു. 

ജനങ്ങൾക്കുമേൽ അധിക ഭാരം കയറ്റുന്നതുൾപ്പെടെയുള്ള ഏതു മാർഗവും വിഭവസമാഹരണത്തിനു വേണ്ടി സ്വീകരിക്കുമെന്നു കൂടി പ്രഖ്യാപിച്ചാണ് നിർണായക നയംമാറ്റങ്ങൾക്കു സമ്മേളനം പച്ചക്കൊടി കാട്ടിയത്. കേന്ദ്രഭരണത്തെ മുച്ചൂടും പഴിക്കുന്ന സി.പി.എം പുതിയ പാതയൊരുക്കുന്നത് നരേന്ദ്ര മോദി ഉപാസിക്കുന്ന 'പിപിപി' മാതൃകയെ നമിച്ചു തന്നെ.

'നഷ്ടപ്പെടുവാനില്ലൊന്നും കൈവിലങ്ങുകളല്ലാതെ' എന്ന പഴയ പല്ലവി സി.പി.എം അണികൾ പാടാതായിട്ട് വർഷങ്ങളേറെയായി. അണികളുടെ നിലവാരത്തിനതീതമായി നേതൃനിരയ്ക്കു നഷ്ടപ്പെടാനുള്ള ഭാഗ്യങ്ങൾ വളരെയുണ്ടെന്നതു തന്നെ കാരണം. 'നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ' എന്ന ജനകീയ ഈരടി അപ്രസക്തമായതായി പ്രസ്ഥാനം തിരിച്ചറിഞ്ഞതിനൊപ്പം തന്നെ വയലുകളത്രയും കരകളാക്കപ്പെടുകയും കോൺക്രീറ്റ് നിർമ്മിതികളുടെ ഇടമാവുകയും ചെയ്തു.

vachakam
vachakam
vachakam

'കേരളമെന്നു കേട്ടാലോ തുടിക്കണം ചോര നമുക്കു ഞരമ്പുകളിൽ' എന്ന വരികൾ പാടാനും കേൾക്കാനും യുവതലമുറയുടെ സാന്നിധ്യമില്ലെന്നതും വസ്തുത. നവകേരളത്തിന്റെ നിദാനമെന്നു ചിത്രീകരിക്കാവുന്ന ഈ പരിണാമത്തിലെ അടുത്ത ഘട്ടമായി ചങ്ങാത്ത മുതലാളിത്തത്തിലേക്ക് സുഗമ പാതയൊരുക്കുന്നു 'പിപിപി' ഫാഷനിലെ നിർദ്ദിഷ്ട സ്വകാര്യ മൂലധനനിക്ഷേപം.
മുഖ്യമന്ത്രി പിണറായി വിജയനു പാർട്ടി പൂർണമായും കീഴ്‌പ്പെട്ടത് കൊല്ലത്ത് ദൃശ്യമായിരുന്നു. 

മുഖ്യമന്ത്രി അവതരിപ്പിച്ച 'നവകേരളത്തെ നയിക്കാൻ പുതുവഴികൾ' എന്ന രേഖയായിരുന്നു സമ്മേളനത്തിന്റെ തലക്കുറി. മുഖ്യമന്ത്രിയും സർക്കാരും ആഗ്രഹിക്കുന്ന കാര്യങ്ങൾ അംഗീകരിക്കാനും നടപ്പാക്കാനും പ്രചരിപ്പിക്കാനുമുള്ള സംവിധാനമെന്ന നിലയിലേക്ക് പാർട്ടി സ്വഭാവമാറ്റത്തിനു വിധേയമായി. സർക്കാരിന്റെ നയപരമായ ഓരോ തീരുമാനവും പാർട്ടി തലനാരിഴ കീറി ചർച്ച ചെയ്യുന്ന രീതി പഴങ്കഥയാവുകയാണ്. 

വൻ നയംമാറ്റത്തിനു വിത്തുപാകുന്ന രേഖ സംസ്ഥാന കമ്മിറ്റിയിൽ പോലും ചർച്ച ചെയ്യാതെ അതു പാർട്ടിയുടെ നിലപാടായി മാറിയിരിക്കുന്നു. വെറും കാഴ്ചക്കാരുടെ റോളിലേക്കൊതുങ്ങുന്നു കേന്ദ്രനേതൃത്വം. സീതാറാം യെച്ചൂരി ജീവിച്ചിരുന്നെങ്കിൽ പിണറായി വിജയനു കാര്യങ്ങൾ ഇത്രയെളുപ്പമാകുമായിരുന്നില്ലെന്നതു തീർച്ച.അദാനിയെപ്പോലുള്ളവരുടെ മനസ്സറിഞ്ഞ് നരേന്ദ്ര മോദിയെ നമിച്ചു തയ്യാറാക്കപ്പെട്ടതാണ് 'നവകേരളത്തെ നയിക്കാൻ പുതുവഴികൾ' എന്ന നിരീക്ഷണത്തിനു പുല്ലുവില നൽകുന്നു സി.പി.എം. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ പല തട്ടുകളിലാക്കി ഫീസും സെസും ഏർപ്പെടുത്താനുള്ള സുപ്രധാന നയവ്യതിയാനത്തെ ശക്തിയുക്തം ന്യായീകരിക്കുന്നതിനിടെ 'സെസ് സർവതലസ്പർശി' ആയിരിക്കുമെന്നുവരെ വ്യക്തമാക്കുകയും ചെയ്തു. 

vachakam
vachakam
vachakam

സർക്കാർ ആശുപത്രികളിലെ ഒരു രൂപയുടെ ഒപി ടിക്കറ്റ് രണ്ടു രൂപ ആക്കിയപ്പോൾ നൂറു ശതമാനം വർധന ആരോപിച്ച് സി.പി.എം സമരം അഴിച്ചുവിട്ടിരുന്നു യു.ഡി.എഫ് ഭരിക്കുമ്പോൾ. ഇപ്പോഴാകട്ടെ, ഏതു മേഖലയിലും ഫീസ് കൂട്ടാൻ കോപ്പു കൂട്ടുന്നു. കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിനെതിരെ സമരം തുടരുമെന്നു പറഞ്ഞതിനു പിന്നാലെയാണ് പൊതുമേഖലയിൽ സ്വകാര്യപങ്കാളിത്തമാകാമെന്നും പ്രഖ്യാപിച്ചത്. ഈ മാറ്റങ്ങൾ ഭരണതലത്തിലും കേരളീയ സമൂഹത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചർച്ച വ്യാപകമായിക്കഴിഞ്ഞു.

വിദേശ വായ്പ, പൊതുമേഖലയോടുള്ള കാഴ്ചപ്പാട്, നേരിട്ടുള്ള വിദേശനിക്ഷേപം തുടങ്ങിയവയെക്കുറിച്ചു കേരളത്തിലടക്കം ആശയപരമായ തർക്കങ്ങൾ ഉയർന്നപ്പോൾ 2005ലെ ഡൽഹി പാർട്ടി കോൺഗ്രസിൽ വരെ സംവാദം രൂക്ഷമായിരുന്നു. 2006ലെ വി.എസ്.സർക്കാരിന്റെ കാലത്ത് അഞ്ചു കോർപറേഷനുകൾക്കുള്ള എ.ഡി.ബി വായ്പ, കൊച്ചി സ്മാർട് സിറ്റിയിലെ വിദേശനിക്ഷേപം എന്നിവയെക്കുറിച്ച് സംസ്ഥാന സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും തീവ്രമായ തർക്കം ഉണ്ടായപ്പോൾ പൊളിറ്റ് ബ്യൂറോയുടെ ഇടപെടലുമുണ്ടായതൊക്കെ കൊല്ലം സമ്മേളനം ഗൗനിച്ചേയില്ല. 

നവകേരളത്തെ നയിക്കാനുള്ള പുതുവഴികളിലെ ഇടതുപക്ഷ വിരുദ്ധ സമീപനത്തെക്കുറിച്ചു സമ്മേളനത്തിൽ ഉയർന്ന ചോദ്യങ്ങൾക്കു നിർവീര്യമാകാനായിരുന്നു വിധി. എല്ലാ മേഖലകളുടെയും വികസനവും എല്ലാ വിഭാഗം ജനങ്ങൾക്കും പുരോഗതിയും വാഗ്ദാനം ചെയ്യപ്പെട്ടു. അതേസമയം, ആശാ വർക്കർമാർ തുച്ഛമായ വേതന വർധനയ്ക്കായി തെരുവിൽ ഒരു മാസമായി സമരം ചെയ്യവേ വാഗ്ദാനങ്ങൾക്കും യാഥാർത്ഥ്യങ്ങൾക്കുമിടയിലെ പൊള്ളത്തരം പ്രകടമായി.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമായി നിർദ്ദേശിക്കപ്പെടുന്നവയിൽ, കഴിവുള്ളവരിൽ നിന്നെല്ലാം ഫീസ് പിരിക്കണമെന്ന ആശയവും മുന്നോട്ടുവയ്ക്കുന്നു. 

vachakam
vachakam
vachakam

സൗജന്യങ്ങളെല്ലാം അർഹിക്കുന്നവർക്കു മാത്രമായി പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യകത വളരെ മുന്നേതന്നെ ബോദ്ധ്യപ്പെടേണ്ടതായിരുന്നു. പരിമിതമായ വിഭവശേഷിയാണ്, നിലവിൽ അർഹതയില്ലാത്ത എത്രയോ പേർക്ക് സൗജന്യങ്ങൾക്കായി വീതിക്കപ്പെടുന്നത്. സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയെടുക്കുന്നവരിൽ സർക്കാർ ജീവനക്കാർ പോലും ഉണ്ടെന്നുള്ള വിവരം പുറത്തുവന്നിരുന്നു. പെൻഷൻ വാങ്ങുന്നവരുടെ പട്ടിക സമഗ്രമായ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് പറഞ്ഞിരുന്നു. 

പക്ഷേ, ഒന്നും നടന്നില്ല. അനർഹമായി പെൻഷൻ കൈപ്പറ്റിയവരിൽ ചിലരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും, വാങ്ങിയ പെൻഷൻ തുക തിരികെ ഈടാക്കുകയും ചെയ്തതൊഴിച്ചാൽ മറ്റു നടപടികളൊന്നുമുണ്ടായില്ല. സർക്കാരിന്റെ ചെലവുചുരുക്കൽ പ്രഖ്യാപനങ്ങൾ വരുന്നതിനിടെ തന്നെ പി.എസ്.സി മെമ്പർമാരുൾപ്പെടെയുള്ളവർക്ക് വാരിക്കോരി നൽകുന്നു.

മൻമോഹന്റെ സിദ്ധാന്തം

പബ്‌ളിക്, പ്രൈവറ്റ് പാർട്ടിസിപ്പേഷൻ പ്രോജക്ട് എന്ന പ്രഖ്യാപിത പിപിപി വേറെയെന്നും 'അതല്ല ഇതെ'ന്നും വ്യാഖ്യാനിക്കും എം.വി. ഗോവിന്ദനും രാജീവും വിജയരാഘവനും. പക്ഷേ, ജനങ്ങൾക്കു കാര്യം സുവ്യക്തം. അദാനി കമ്പനികൾക്ക് വലിയ പദ്ധതികൾ അനുവദിച്ചതോടെ രാജ്യത്തു നിലവിൽ വന്ന രീതിയെ തന്നെയാണ് സി.പി.എം കൈനീട്ടി സ്വീകരിക്കനൊരുങ്ങുന്നത്. 1990കളിൽ മൻമോഹൻ സിങ്ങിന്റെ സിദ്ധാന്തം അടിസ്ഥാനമാക്കി പി.വി. നരസിംഹ റാവു സമ്പദ്‌വ്യവസ്ഥ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുത്തപ്പോൾ, അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ആകർഷകമായ തന്ത്രമായി പിപിപി (പൊതുസ്വകാര്യ പങ്കാളിത്തം) മാറി. സർക്കാരിന് ഫണ്ടില്ലാതെ വരികയും ബിസിനസ്സ് ആകർഷിക്കുന്നതിനായി നികുതി കുറയ്ക്കാൻ സമ്മർദ്ദമേറുകയും ചെയ്ത സാഹചര്യത്തിൽ വിദേശ, ആഭ്യന്തര വിപണികളിൽ നിന്ന് മൂലധനമെത്തിക്കാൻ സ്വകാര്യ മേഖല രംഗത്തു വന്നു.

പദ്ധതി രൂപകൽപ്പന, നിർവ്വഹണം, പ്രവർത്തനം എന്നിവയിൽ കിടയറ്റ വൈദഗ്ദ്ധ്യം കൊണ്ടുവരാനും സ്വകാര്യ മേഖലയ്ക്കായി. പല രംഗങ്ങളിലും ആവശ്യമായത്ര വൈദഗ്ദ്ധ്യം സർക്കാരിന് ഇല്ലായിരുന്നു. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഹൈവേകൾ, വെള്ളം, വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങി സാധാരണ പൗരന്മാർക്ക് നേരിട്ട് സേവനമേകേണ്ട വിവിധ മേഖലകളിൽ രാജ്യത്ത് മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലായിരിക്കേ സർക്കാരിനു വേറെ വഴിയുണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വൈകാതെ നയരൂപീകരണക്കാരുടെ പ്രിയപ്പെട്ട ഉപകരണമായി മാറി 'പിപിപി. മിക്കയിടത്തും സാമ്പത്തിക സഹായത്തിനായി ആസൂത്രണ കമ്മീഷനെ സമീപിക്കുന്ന ഏതൊരു മന്ത്രാലയത്തിനും സംസ്ഥാനങ്ങൾക്കും 'പിപിപി മോഡ്' പ്രയോഗിക്കാൻ പ്രേരണ ലഭിച്ചു. 

ആസൂത്രണ കമ്മീഷനും നിതി ആയോഗും പിപിപി നടപടിക്രമങ്ങളുടെ മാനുവലുകൾ നൽകുകയും ചെയ്തു. സർക്കാരും (പൊതുജനങ്ങളെ പ്രതിനിധീകരിക്കുന്ന) സ്വകാര്യ മേഖലയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ആത്യന്തിക ഗുണഭോക്താക്കൾ രാജ്യത്തെ ജനങ്ങളായിരിക്കുമെന്നായിരുന്നു വിധാതാക്കളുടെ പ്രതീക്ഷ. പദ്ധതികളുടെ എണ്ണവും വലിപ്പവും കൂടിയതോടെയാകട്ടെ 'പിപിപി' യിലൂടെ അരങ്ങുതകർത്തു തുടങ്ങി 'ക്രോണി ക്യാപ്പിറ്റലിസ'മെന്ന ചങ്ങാതി മുതലാളിത്തം. രാഷ്ട്രീയവും മുതലാളിത്തവും കമ്മീഷൻ വ്യവസ്ഥയിൽ ഒത്തു കളിക്കുന്നുവെന്ന ആരോപണം തീവ്രമായി. വിപണിയിലെ തങ്ങളുടെ ഓഹരി മൂല്യം ഉയർത്താൻ ഏതു ചെകുത്താന്റെ വഴികളും സ്വന്തമാക്കുന്ന കോർപ്പറേറ്റുകളെ ഇത്തരം പദ്ധതികൾ ഏൽപ്പിച്ചു കൊടുക്കുന്നതോടെ പിപിപി മോഡിൽ നിന്നു ജനങ്ങൾ പുറത്താകുമെന്ന് വിദഗ്ധർ ആവർത്തിച്ചു പറയാറുണ്ട്. 

കമ്മീഷനും അഴിമതിയും കൂടുതൽ രൂക്ഷമാകും. ടോളും സെസും പുതുതായി അവതരിക്കും. കോർപ്പറേറ്റുകൾ രാഷ്ട്രീയ ശക്തികളുടെ കക്ഷത്തിൽ തലവച്ചിരിക്കവേ 'ക്രോണി ക്യാപ്പിറ്റലിസ'ത്തിന്റെ സുവർണ്ണ കാലം ഇനിയും വരാനിരിക്കുന്നുവെന്നു തന്നെ കരുതണം. കൂടുതൽ കുരുക്കുകളിലേക്കു നീങ്ങും ഇതോടെ സാധാരണ ജനങ്ങളെന്ന നിരീക്ഷണം ശക്തമാണ്.
രാജ്യത്തുടനീളം പിപിപി മോഡിനെ ചങ്ങാത്ത മുതലാളിത്തം ആവേശിക്കുന്ന പ്രവണത ജനങ്ങൾ മെല്ലെയാണ് തിരിച്ചറിഞ്ഞുതുടങ്ങിയത്. അദാനി ഓഹരികളുമായി ബന്ധപ്പെട്ടു പൊന്തിവന്ന കുഴപ്പങ്ങൾ ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ കടുത്ത ആരോപണങ്ങൾക്ക് കാരണമായി. പക്ഷേ, ഭരണകക്ഷി തിരിച്ചടിച്ചത് പിപിപി മോഡ് കൊണ്ടുവന്നു കുളമാക്കിയത് നിങ്ങൾ ഭരിച്ചപ്പോഴായിരുന്നുവെന്ന പ്രത്യാരോപണവുമായാണ്. ഓഹരി വിപണി വ്യവസ്ഥയുടെ രൂപകൽപ്പനയിൽ ചങ്ങാത്ത മുതലാളിത്തം ഉൾപ്പെട്ടിരിക്കുന്നതായി ഇതിനിടെ തെളിവുണ്ടായെങ്കിലും നടപടികളുണ്ടായില്ല. പൊതുവേ രാഷ്ട്രീയക്കാർക്കതിൽ താൽപ്പര്യവുമില്ല. 

പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്ന പ്രവണത ശക്തമായതോടെ പൊതുമേഖല അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ നിന്നും പൊതു സേവനങ്ങളിൽ നിന്നും പിൻമാറ്റപ്പെടുന്നുവെന്നത് യാഥാർത്ഥ്യമാണ്. ഇതിന്റെ പ്രത്യാഘാതം ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതിനിടെയും പിപിപി പ്രവണതയ്ക്കു വളർച്ച തന്നെ. പാഠമുൾക്കൊള്ളുന്നില്ല സി.പി.എമ്മും എന്ന പരാതി ശക്തമാവുകയാണ്.

ശക്തമായ സാമ്പത്തിക വളർച്ച സംബന്ധിച്ചുള്ള അമിത പ്രചാരണം വിശ്വസിച്ച് ഇന്ത്യ വലിയ തെറ്റ് ചെയ്യുന്നുവെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ ഈയിടെ ചൂണ്ടിക്കാട്ടിയത് ചങ്ങാത്ത മുതലാളിത്തത്തിന്റെ വേരോട്ടം വിലയിരുത്തിയാണ്. സാമ്പത്തികമായുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് തടസമായി നിലനിൽക്കുന്ന ഘടനാപരമായ പ്രശ്‌നങ്ങൾ രാജ്യം പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം അക്കാര്യം ഗൗനിച്ചതായി കാണുന്നില്ല. 'നമുക്ക് വികസിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ ശക്തിയുണ്ട്, പക്ഷേ അവർ നല്ല ജോലികളിൽ ഏർപ്പെട്ടാൽ മാത്രമേ അതു ലാഭവിഹിതമാകൂ. 

ഒരുപക്ഷേ നമ്മൾ അഭിമുഖീകരിക്കാൻ സാധ്യതയുള്ള തിരിച്ചടി അതായിരിക്കും.' അദ്ദേഹം പറഞ്ഞതിങ്ങനെ. ഇന്ത്യ ആദ്യം തൊഴിലാളികളെ കൂടുതൽ തൊഴിൽ യോഗ്യമാക്കേണ്ടതുണ്ടെന്നും അതിനുശേഷം അവർക്കു തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. അദ്ധ്വാനവർഗത്തിന്റെ പ്രാതിനിധ്യാവകാശം ഫലത്തിൽ നഷ്ടമായിരിക്കേ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഇതിലൊന്നും താൽപ്പര്യമില്ലെന്ന് കൊല്ലത്തെ സി.പി.എം സംസ്ഥാന സമ്മേളനം തെളിയിച്ചു.

ബാബു കദളിക്കാട്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam