പൊതുസമൂഹം നല്ല പിരിമുറുക്കത്തിലാണ്. മൂന്നോ നാലോ മാസങ്ങൾ കഴിഞ്ഞ് നടക്കാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി ജനം കാണാത്ത കാഴ്ചകൾ കാണുന്നു. ഒരിക്കലും കേട്ടിട്ടില്ലാത്ത പുന്നാരപ്പാട്ടുകൾ കേൾക്കുന്നു. പ്രാദേശിക നേതാക്കൾപോലും കടന്നു ചെല്ലാത്ത വീട്ടിലേക്ക് നടക്കല്ലുകൾ കയറിയെത്തുന്നു. കഴിഞ്ഞ ഒമ്പതു വർഷമായി പൊതുജനത്തെ 'എണ്ണത്തോണിയി'ലിട്ട് തടവി സുഖിപ്പിച്ച കഥകൾ അവർ ഓർത്തെടുത്തു പറയുന്നു.
വികസനം കൊണ്ടുവന്ന സർക്കാരാണ് ഇടതു സർക്കാരുകൾ എന്ന് പറയുന്നതോടെ, പലരും പറമ്പിൽ നാട്ടിയ 'ഗതി കിട്ടാത്ത സർവേക്കല്ലുകൾ' ചൂണ്ടിക്കാട്ടി 'തന്നെ തന്നെ' എന്ന സൂരാജ് ശൈലി മറുപടി കാച്ചുന്നു എന്നിട്ട്, ശ്രീനിവാസന്റെ സിനിമയിലെ ഒരു കഥാപാത്രം പറയുന്നതുപോലെ 'സഖാവിന് ഭരണം കിട്ടണേ, തോറ്റുപോകല്ലേ' യെന്ന് നേതാക്കളോട് പറയുന്നു.
ഇനിയും വരണം, കാണണമെന്ന ഗുഡ്‌ബൈ വാക്യത്തിന് തെല്ല് ചൊരുക്കില്ലേയെന്ന് ദേശീയനേതാക്കൾ സംശയിക്കുമ്പോൾ, പ്രാദേശികനേതാവ് വീട്ടുകാരെ നോക്കി ഇളിച്ചുകാട്ടി നടക്കല്ലിറങ്ങുന്നു. മറന്നുവച്ചുപോയ ലഘുലേഖയുടെ കെട്ടെടുക്കാൻ തിരികെ ചെന്നപ്പോൾ വീട്ടുകാർ അതെല്ലാം എടുത്ത് മുറ്റത്തെറിഞ്ഞിരിക്കുന്നു. അപ്പോൾ കുടുംബനാഥൻ എന്ന കു. നാഥൻ ആത്മഗതംപോലെ പറയുന്നു: ''ഓ എന്തൊരു നശിച്ച കാറ്റാ ഇത്.
സഖാവേ എല്ലാം പറന്നുപോയതാ'' വീണ്ടും ലോക്കൽ നേതാവ് വളിച്ച ചിരിയോടെ ലഘുലേഖകൾ മുറ്റത്തുനിന്ന് പെറുക്കിയെടുത്ത് തിരികെ നടക്കുമ്പോൾ ഉള്ളിൽ പറയുന്നു: അടുത്ത ഭരണം കിട്ടട്ടെ, നിന്നെ എടുത്തോളാം. പക്ഷെ കു.നാഥന്റെ പുറത്തുകേൾക്കാത്ത ഒരു ആത്മഗതം മറുപടിയായി സഖാവിന്റെ പിന്നാലെ ഇഴഞ്ഞെത്തി. ''കിട്ടും അടുത്ത ഭരണമല്ലേ, നീ ഞൊട്ടും !''
പൊതുജനമല്ലേ, ലാസ്റ്റ് വാക്ക്...
മാധ്യമങ്ങളിലും പാർട്ടിക്കാരുടെ വാക്‌പോര് കടുത്തിട്ടുണ്ട്. വെള്ളാപ്പള്ളി നടേശനും ജി.സുകുമാരൻ നായരും ഒരുമിച്ചൊരു സഖ്യമുണ്ടാക്കിക്കഴിഞ്ഞു. സംവരണത്തിന്റെ പേരിൽ രണ്ടു തട്ടിൽ നിൽക്കുന്നവരുടെ അപൂർവ്വ സഖ്യം 'നടേശാ, കൊല്ലേണ്ട' എന്ന് പിണറായി പറഞ്ഞതുകൊണ്ടുമാത്രം കൊല്ലാതെ വിട്ട വി.ഡി.സതീശനെ 'ഊടുപാട്' ആക്രമിക്കുകയാണ് കണിച്ചുകുളങ്ങരയിലെ ക്യാപ്ടൻ. എൻ.എസ്.എസ്. സെക്രട്ടറി ജി.സുകുമാരൻ നായരാകട്ടെ, ''സതീശനൊക്കെ എന്ത്, രമേശല്ലേ വീരൻ'' എന്ന മട്ടിൽ മയത്തിലാണ് നയം വ്യക്തമാക്കിയിട്ടുള്ളത്.
'ഇളം കള്ളിനും മൂത്ത കള്ളിനും' ചെത്തുന്ന പരുവം പലനേതാക്കളിലും കണ്ടുതുടങ്ങി. കഴിഞ്ഞ 30 വർഷമായി എസ്.എൻ.ഡി.പി. എന്ന സംഘടനയുടെ അനിഷേധ്യ നേതൃത്വം വെള്ളാപ്പള്ളി നടേശനുണ്ട്. തൊണ്ടി മുതലിന്റെ ഒരു പങ്ക് കൃത്യമായി വീതിച്ചു നൽകി 35 ലക്ഷത്തോളം വരുന്ന എസ്.എൻ.ഡി.പി.ക്കാരെ 147 ഓളം യൂണിയനുകളാക്കി ഇപ്പോഴും ഭരിച്ചുകൊണ്ടിരിക്കുന്ന നടേശൻ ചില്ലറക്കാരനല്ല. പുള്ളിക്കാരനെ തോൽപ്പിക്കാൻ നോക്കുന്നവർ, കണിച്ചുകുളങ്ങരയിൽ നിന്ന് പലപ്പോഴും രക്ഷപ്പെട്ടത് ദേശീയപാതയിൽ കയറാതെ ഉള്ളുവഴികളിലൂടെയാണ്. സി.കെ. വിദ്യാസാഗർ, ഗോകുലംഗോപാലൻ തുടങ്ങി നടേശനെതിരെ അങ്കത്തിനിറങ്ങിയവരുടെ പട്ടിക നീണ്ടതാണ്.
കാരണം, തന്റെ സ്വന്തക്കാരെ മാത്രം വച്ചാണ് നടേശ ഭരണം. കണ്ണൂരിലെ യോഗം വക കോളജിന്റെ മാനേജർ പോലും ചേർത്തലയിൽ നിന്ന് നടേശൻ റിക്രൂട്ട് ചെയ്തവരായിരിക്കും. മദ്യത്തിനെതിരെ ജീവിതം മുഴുവൻ പോരാടിയ സാമൂഹിക നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനം മദ്യ നിർമ്മാണം, വിപണനം എന്നീമേഖലകളിലേക്ക് എങ്ങനെ വളർത്തപ്പെട്ടുവെന്നതിന് ചരിത്രം തന്നെ സാക്ഷി. എല്ലാ രാഷ്ട്രീയ പാർട്ടികളെയും തന്ത്രപൂർവം കൂടെ നിർത്താൻ നടേശൻ കാണിച്ച മെയ് വഴക്കം ഏതായാലും അഭിനന്ദിക്കപ്പെടേണ്ടതാണ്. ജയശങ്കർ വക്കീലിന്റെ ഭാഷയിൽ പറഞ്ഞാൽ നടേശ ഗുരുവിന് ഒറ്റ കുഴപ്പമേയുള്ളൂ.
അദ്ദേഹം ആരെയെങ്കിലും ജയിപ്പിക്കുമെന്നു പറഞ്ഞാൽ, ആ സ്ഥാനാർത്ഥി തോറ്റിരിക്കും. തോൽപ്പിക്കുമെന്നു പറഞ്ഞാലോ? നടേശ ശത്രു ഗംഭീര ഭൂരിപക്ഷത്തിൽ ജയിച്ചുവരും.
ഉദാഹരണങ്ങൾ നിരത്താം: വി.എം. സുധീരനെ ഒരിക്കൽ തോൽപ്പിക്കാൻ വെള്ളാപ്പള്ളി പല അടവുകളും പയറ്റിയെങ്കിലും സുധീരൻ ജയിച്ചത് ഒരുപാട് പഴക്കമുള്ള കഥയല്ല. ഈയിടെ കെ.സി.വേണുഗോപാലിനെയും പി.സി.വിഷ്ണുനാഥിനെയും തോൽപ്പിക്കാൻ ''കുളിച്ച് കുറിതൊട്ടി''റങ്ങിയ നടേശന്റെ വെല്ലുവിളിയും ഏറ്റില്ല. പറവൂരിൽ വി.ഡി.സതീശനെ തോൽപ്പിക്കാൻ ശ്രമിച്ചതും, സതീശൻ വൻഭൂരി പക്ഷത്തോടെ ജയിച്ചതും ഓർമ്മിക്കുന്നു.
എന്തുകൊണ്ട് സതീശനെ എതിർക്കുന്നു?
വെള്ളാപ്പള്ളിക്ക് സതീശനോട് പണ്ടേ കലിപ്പാണ്. നടേശന്റെ 'മുതലാളി ഗമ' പൂർണ്ണമായും വകവച്ചുകൊടുക്കാൻ സതീശൻ തയ്യാറല്ല. രാവിലെ കണിച്ചുകുളങ്ങര വീട്ടിൽ കളിച്ച് കുറിതൊട്ട് സ്വർണ്ണ വാച്ചും കെട്ടി പൂമുഖത്തെ കസേരയിൽ നടേശൻ ഇരിപ്പുറപ്പിക്കുന്നതു തന്നെ, അന്നു തന്റെ കാലിൽ വീണ് നമസ്‌ക്കരിക്കാൻ സമയം ചോദിച്ചിട്ടുള്ളവരുടെ ലിസ്റ്റുമായിട്ടാണ്. തെരഞ്ഞെടുപ്പ് കാലമാകുമ്പോൾ, നടേശൻ മുതലാളി രാത്രികാലത്തുപോലും ദർശനം നൽകും; സംഭാവന നൽകും. വർഷങ്ങളായുള്ള ശീലമാണ്.
എന്നാൽ ഇത്തരമൊരു 'മുതലാളി അടിയാൻ' ബന്ധത്തിന് പായ വിരിച്ചുകൊടുക്കാൻ മടിക്കുന്ന നേതാക്കളിൽ ഒരാളാണ് സതീശൻ. മാത്രമല്ല, സതീശൻ മുഖ്യമന്ത്രിയായാൽ തനിക്കെതിരെയുള്ള എല്ലാകേസുകളും വീണ്ടും തലപൊക്കിയേക്കുമെന്ന് മുതലാളിക്ക് നെഞ്ചിടിപ്പുമുണ്ട്. അതുകൊണ്ട്, 'താൻ ഒറ്റയ്ക്കു നിന്നാൽപോരാ' സതീശനെ വീഴ്ത്താൻ എന്ന ചിന്താഗതിയിലാണ് സുകുമാരൻ നായരെ കൂട്ടുപിടിച്ചത്. പണ്ട് 'നായാടി മുതൽ നമ്പൂതിരി' വരെ എന്ന പരസ്യവാചകത്തിലൂന്നി ഹൈന്ദവരെ ഒന്നിച്ചുകൂട്ടാൻ ശ്രമിച്ച കണിച്ചുകുളങ്ങരയിലെ പ്രജാപതി ഇപ്പോൾ അതേ ടാഗ് ലൈൻ ഒന്ന് പുതുക്കിയിട്ടുണ്ട്. പുതിയത് ഇങ്ങനെ: ''നായാടി മുതൽ നസ്രാണി'' വരെ!
ബാറിന്റെ നിറം പച്ച, അതെ പച്ച തന്നെ!
തന്റെ സമൂഹസേവനം ഒന്നാന്തരമൊരു കച്ചവട ശൃംഖലയായി നടേശൻ മുതലാളി വികസിപ്പിച്ചു കഴിഞ്ഞു. മുസ്ലീംങ്ങൾക്കെതിരെ ചിലപ്പോൾ എന്തെങ്കിലുമെല്ലാം വിളിച്ചുപറയുന്ന ഈ മദ്യ രാജാവ്, മുസ്ലീംങ്ങൾ തിങ്ങിപ്പാർക്കുന്ന അമ്പലപ്പുഴയിൽ ഒരിടത്ത് നടത്തിവരുന്ന ബാറിന്റെ പേര് ''വഹിദ'' എന്നാണ്. പ്രകൃതി സ്‌നേഹം കൊണ്ടല്ല, ബാറിന് മൊത്തമായി പച്ചനിറമടിച്ചിട്ടുള്ളതെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്?
പിണറായി ഭരണത്തിന്റെ സവിശേഷതകളിൽ ഒന്ന് കൃത്യമായ കണക്കില്ല, ഒരു കാര്യത്തിനുമെന്നതാണെന്ന് ചിലർ ആരോപിക്കാറുണ്ട്. അതുപോലെ തന്നെയാണ് എസ്.എൻ.ഡി.പി.യുടെയും ട്രസ്റ്റിന്റെയും കാര്യമെന്ന് അദ്ദേഹത്തെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ശ്രീനാരായണ പ്രസ്ഥാന പരിധിയിൽപെട്ട കലാലയങ്ങളിൽ 103 നിയമനങ്ങൾ നടന്നു. ആ നിയമനങ്ങൾക്ക് എത്ര തുക വാങ്ങിയെന്ന് ഈ പ്രസ്ഥാനത്തിന്റെ ഭാരവാഹികൾ വിശദീകരിക്കാത്തതിൽ പല സമുദായനേതാക്കൾക്കും എതിർപ്പുണ്ട്.
ഒരർത്ഥത്തിൽ പിണറായിയേയും കേന്ദ്രത്തെയും ഒരുപോലെ സോപ്പിടുകയാണ് വെള്ളാപ്പള്ളി. കാരണം മുഖ്യമന്ത്രി കാറിൽ കയറ്റിയ സമുദായ നേതാവ് ഒരു ക്രിമിനൽ കേസിൽ പ്രതിയാണെന്ന കാര്യം അദ്ദേഹം എന്തേ മറന്നുവെന്ന് മാധ്യമങ്ങൾ ചോദിക്കുന്നുണ്ട്. 2015 ഓഗസ്റ്റിൽ കാലാവധി തീർന്ന ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ കണ്ടെത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ 200 പ്രതിനിധികൾക്ക് ഒരുവോട്ട് എന്ന പ്രാതിനിധ്യ രീതിയിലുള്ള അനുപാതത്തിനെതിരെ ചിലർകോടതി കയറി.
എല്ലാവർക്കുംവോട്ട് അവകാശം വേണമെന്നായിരുന്നു അവരുടെ വാദം. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കട്ടെയെന്നായിരുന്നു സുപ്രീംകോടതി വിധി. ഇതിനായി രജിസ്‌ട്രേഷൻ വിഭാഗം ഐ.ജി. തലവനായുള്ള ഒരു സമിതിയെ സംസ്ഥാന സർക്കാർ നിയോഗിച്ചുവെങ്കിലും, ഇതുവരെ യോഗം ചേർന്നിട്ടില്ല. എന്ത് വിവാദമുണ്ടായാലും അതിനായി ഒരു സമിതിയെ ചുമതലപ്പെടുത്തുന്ന രീതി ഇടതു സർക്കാരിനുണ്ട്. പി.എം.ശ്രീ വിവാദത്തിൽ നാം അത് കണ്ടതാണ്. ഇതുവരെയും പി.എം.ശ്രീക്കു വേണ്ടി നിയോഗിച്ച ഉപസമിതിയോഗം ചേർന്നിട്ടേയില്ല.
മൈക്രോഫിനാൻസ് തട്ടിപ്പിൽ നടേശനെതിരെ 2015ൽ കേസെടുത്തത് മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദനാണ്. വെള്ളാപ്പള്ളിയെ 'പലിശ നടേശൻ' എന്ന് കളിയാക്കി വിളിക്കാൻ പോലും സഖാവ് മടിച്ചില്ല. ശബരിമല കൊള്ള അന്വേഷിക്കുന്ന എസ്.പി. ശശിധരനെയാണ് ഹൈക്കോടതി കേസ് അന്വേഷണത്തിന് ശൂപാർശ ചെയ്തത്.
പക്ഷെ സർക്കാർ ആകോടതിവിധി അനുസരിക്കാതെ ഉഴപ്പി. മൈക്രോഫിനാൻസ് തട്ടിപ്പ് കേസ് വളരെ ഗുരുതര സ്വഭാവമുള്ള കേസാണ്. സർക്കാരിന്റെ പിന്നാക്ക വികസനകോർപ്പറേഷനിൽ നിന്ന് 2 ശതമാനം പലിശ നൽകി മുതലാളി വായ്പയെടുത്ത് 12 ശതമാനം നിരക്കിൽ എസ്.എൻ.ഡി.പി. ശാഖകളിലൂടെ നൽകിയെന്നതാണ് കേസ്. എന്നാൽ, പിണറായിയുടെ പൊലീസ് എന്തോ കേസന്വേഷണം ഉഴപ്പുകയാണ്.
എൻ.എസ്.എസ്. പ്രീണനം പണ്ടേ മുതലേ...
എൻ.എസ്.എസിന് പാട്ട ഭൂമി പതിച്ചു നൽകിയതിലും കലാലയ നിയമനങ്ങൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയതും അടുത്തകാലത്താണ്. സുപ്രീംകോടതി വഴി അധ്യാപക നിയമന തടസ്സം എൻ.എസ്.എസ്. മാറ്റിയെടുത്തുവെങ്കിൽ അതേ നിയമ പ്രകാരം നടത്തുന്ന ക്രൈസ്തവ മാനേജ്‌മെന്റുകളുടെ കലാലയങ്ങൾക്ക് ''പെരുന്ന''ക്കാർക്ക് നൽകിയ ഈ ആനുകൂല്യം 2 വിദ്യാഭ്യാസ മന്ത്രിമാരും (പൊതുവും ഉന്നതവും) നിഷേധിച്ചു. രണ്ടുപേരും അതേ സമുദായത്തിൽപെട്ടവരായതിനാൽ ഈ നിയമനങ്ങൾ നൽകാതിരിക്കുന്നത് ആരെ പ്രീണിപ്പിക്കാനാണ്?
രാഷ്ട്രീയക്കാർ പെരുന്നയിലും കണിച്ചുകുളങ്ങരയിലും പോകുമ്പോൾ, അവിടെ തിണ്ണയില്ലെന്ന് ചിലർ വാദിക്കുന്നതെന്തിന്? സിനഡ് പിതാക്കന്മാരെ കാണാൻ പ്രതിപക്ഷ നേതാവ് പോയത് തിണ്ണ നിരങ്ങാനായിരുന്നുവെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഇലക്ഷൻ കാലത്തായാലും അല്ലെങ്കിലും സമുദായനേതാക്കളെ കാണുന്നതിൽ എന്തിന് മതംനോക്കണം? ചിലരുടെ തിണ്ണകൾ സ്വർണ്ണം പൂശിയതും, നോട്ടടുക്കിവച്ചുള്ളതുമെല്ലാമായിരിക്കാം അതുകൊണ്ടാണോ ഇത്ര കലിപ്പ്.
നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് വർഗീയ കാർഡിറക്കാൻ ഇടതുഭരണകൂടം തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പി. എന്ന പാർട്ടി സഖാക്കൾക്ക് 'ബാലികേറാമല'യല്ലെന്ന് രണ്ട് മുൻ എം.എൽ.ഏമാർ അവരുടെ പാർട്ടി മാറ്റത്തിലൂടെ വ്യക്തമാക്കിക്കഴിഞ്ഞു. വയനാട്ടിലെ ജനകീയനേതാവ് ഏ.വി. ജയനെ പോലെയുള്ളവർ പാർട്ടിവിട്ടുകഴിഞ്ഞു.
പ്രാദേശികമായി സി.പി.എം.ലെ കൊഴിഞ്ഞുപോക്ക് ബി.ജെ.പി.പക്ഷത്തിലേക്ക് ആകുന്നത് അപകടകരമാണ്. വർഗീയതയുടെ വിഷം വിളമ്പിയായാലും വേണ്ടിയല്ല, ഭരണം തങ്ങൾക്ക് വേണമെന്ന് പിണറായിയും കൂട്ടരും ചിന്തിക്കുന്നു. ഏ.കെ.ബാലനായാലും സജി ചെറിയാനായാലും ഇക്കാര്യത്തിൽ നിലമൊരുക്കുവാൻ പിണറായി അഴിച്ചുവിട്ടിരിക്കുന്ന നേതാക്കൾ തന്നെയാണ്.
ഇന്ന് പറഞ്ഞതെല്ലാം ഒരു പത്രക്കുറിപ്പിലൂടെ തിരുത്തിയ സജി ചെറിയാന്റെ 'ഇസ്ലാംഫോബിയ' സൃഷ്ടിക്കുന്ന പാഴ് വാക്കുകൾ തീർച്ചയായും കേരളത്തിന്റെ മതേതരത്വ സ്ട്രക്ച്ചറിന് ഏൽപ്പിക്കുന്ന മുറിവുകളുടെ എണ്ണം 51' എന്ന പരിധി പണ്ടേ കടന്നു കഴിഞ്ഞിട്ടുണ്ട് !
ആന്റണി ചടയമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
