ഫിലഡൽഫിയ: മാതാപിതാക്കളെ അനുസരിച്ച് മുന്നേറുക എന്ന് പ്രശസ്ത സിനിമാ അഭിനേത്രി ശ്വേതാ മേനോൻ യുവതലമുറയെ ആഹ്വാനം ചെയ്തു. ഫിലഡൽഫിയയിൽ ട്രൈസ്റ്റേറ്റ് കേരളാ ഫോറം അണിയിച്ചൊരുക്കിയ അനന്യസുന്ദരമായ തിരുവോണഘോഷത്തിന് തിരി തെളിച്ച് സന്ദേശം നൽകുകയായിരുന്നു ശ്വേത. മഹാബലിയെ പോലെ ദാനശീലരും നല്ല പ്രവർത്തികളുള്ളവരും ആയിരിക്കുമ്പോൾത്തന്നെ, ആരാലും ചവിട്ടി താഴ്ത്തപ്പെടാതിരിക്കാനും ഓരോരുത്തർക്കും കഴിയണം.
കേരള സിനിമാ ലോകത്ത് അരുതായ്മകളുണ്ട്, എന്നാൽ, 'നോ' പറയേണ്ടിടത്ത് 'നോ' പറയാൻ കഴിഞ്ഞാൽ അബദ്ധങ്ങളിൽ വീഴാതിരിക്കാൻ കരുത്തുള്ളവരാകും. കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ തന്നെ, ആ ശിക്ഷണം ലഭിച്ചാൽ, ഉപകരിയ്ക്കും. 'കളിമണ്ണ്' എന്ന സിനിമയിൽ, ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ പരിചരണം മുതൽ, മനുഷ്യ ജീവന്റെ മഹത്വം പ്രകാശിപ്പിക്കുന്നവിധം, ബ്ലെസ്സി എന്ന ഇരുത്തം വന്ന ചലച്ചിത്ര സംവിധായകന്റെ ഫിലിം മെയ്ക്കിങ്ങിലൂടെ, അവതരിപ്പിക്കുക എന്ന ലക്ഷ്യം നടപ്പാകാനായി, തന്റെ എല്ലാമെല്ലാമായ കുഞ്ഞിനു നൽകാവുന്ന അമൂല്യ സമ്മാനമായി ഞാൻ ആ ചിത്രത്തെ പരിഗണിക്കുന്നു; ശ്വേതാമേനോൻ വ്യക്തമാക്കി.
അമേരിക്കയിലെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം, വർഷങ്ങളായി നടത്തി വരുന്ന തിരുവോണാഘോഷം അക്ഷരാർത്ഥത്തിൽ കേരളസംസ്‌കാരത്തിന്റെ മഹത്തായ വശങ്ങളെ ജീവസ്സുറ്റതായി ആവിഷ്‌ക്കരിക്കുന്നു, ഇതിന്റെ അണിയറ ശില്പികളും, നർത്തകരും കലാപ്രവർത്തകരും ട്രൈസ്റ്റേറ്റിലെ എല്ലാ മലയാളികളും അത്യധികമായ അനുമോദനം അർഹിക്കുന്നു. കേരളത്തിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ വേദന തെല്ലിട മറക്കുവാൻ തനിക്ക് ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ഓണാഘോഷവും അതിലെ കലാ വിഭവങ്ങളും സഹായിച്ചു ശ്വേതാ മേനോൻ അഭിപ്രായപ്പെട്ടു.
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നവംബറിൽ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ക്രമീകരിക്കുന്ന 'കേരളാ ഡേ ആഘോഷങ്ങൾക്ക്', ഇതേ മനോഹാരിത ഉണ്ടാകട്ടെ. അമേരിക്കൻ മലയാളികൾക്ക് അഭിമാനമായി സംഗീത ലോകത്ത് അത്ഭുതം തീർക്കുന്ന നവ്‌നീത് ഉണ്ണികൃഷ്ണൻ പ്രധാന അതിഥിയായിരുന്നു. അഭിലാഷ് ജോൺ (ചെയർമാൻ), ബിനു മാത്യു (ജനറൽ സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ (ട്രഷറാർ), ജോബി ജോർജ് (ഓണാഘോഷ സമിതി ചെയർമാൻ), വിൻസന്റ് ഇമ്മാനുവേൽ (പ്രോഗ്രാം കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ ഇരുപത്താറംഗ സംഘാടക സമിതിയാണ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയത്.
മയൂരാ റസ്‌റ്റോറന്റ് തയ്യാറാക്കിയ 26 ഇന ഓണസദ്യ, മാതാ ഡാൻസ് സ്‌കൂൾ (ബേബി തടവനാൽ), നൂപുര ഡാൻസ് സ്‌കൂൾ (അജി പണിക്കർ), ലാസ്യ ഡാൻസ് അക്കാഡമി (ആഷാ അഗസ്റ്റിൻ), ഭരതം ഡാൻസ് അക്കാഡമി (നിമ്മി ദാസ്), എന്നീ സ്‌കൂളുകളുടെയും മറ്റു നർത്തകരുടെയും ഗായകരുടെയും വിവിധ കലാപരിപാടികളും, മസ്സറ്റോ സ്റ്റേജ് ആന്റ് വിഷ്വൽ ഓഡിയോ ടെക്‌നോളജിയും, അരുൺ കോവാട്ടിന്റെ ലെഡ് വാൾ വിഷ്വൽസും, ജോർജ് ഓലിക്കലിന്റെ മാവേലിയും, ആഷാ അഗസ്റ്റിൻ ഒരുക്കിയ മെഗാതിരുവാതിരയും, സുരേഷ് നായർ വിരിച്ച ഓണപ്പൂക്കളവും, പിഏഎൻജെ വാദ്യ വേദിയുടെ അത്യുജ്ജ്വല ചെണ്ട മേളവും, മോഹിനി ആട്ടം, കഥകളി, ചവിട്ടു നാടകം, മാർഗം കളി, തെയ്യം, ഒപ്പന, കളരിപ്പയറ്റ്, കോൽക്കളി എന്നിങ്ങനെ കേരളത്തിലെ വിവിധ ജില്ലകളിലെ തനതു കലാരൂപങ്ങളുടെ നൃത്താവിഷ്‌ക്കാരവും (ഭരതം ഡാൻസ് അക്കാഡമി ഫിലഡൽഫിയ), വിൻസന്റ് ഇമ്മാനുവേലിന്റെ പ്രോഗ്രാം കോർഡിനേഷനും, സ്‌പോൺസേഴ്‌സിന്റെ സമ്പത് സമൃദ്ധിയും, ജനസഹസ്രങ്ങളുടെ പങ്കാളിത്തവും ചേർന്ന്, കളമാടിയ മാസ്മരിക ലോകം, ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ മഹാ തിരുവോണാഘോഷത്തെ കിടയുറ്റതാക്കി.
പി.ഡി. ജോർജ് നടവയൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്