ജാതി ചിന്ത കാലങ്ങളായി വരണ്ടുണങ്ങിക്കിടക്കുന്ന സമൂഹത്തിലേക്ക് വീണ്ടും അത് പൂത്തു തളിർക്കാൻ ജലസേചനം നടത്തുകയാണോ നമ്മുടെ രാഷ്ട്രീയസമുദായ നേതൃത്വങ്ങൾ? ഒരു സംഘർഷത്തിന്റെ പാതയിലേക്ക് അതിന്റെ പേരിൽ കേരളം ഇനിയും നീങ്ങിയിട്ടില്ല. സാമൂഹ്യബോധവും വിദ്യാഭ്യാസവും കാരണം ജാതിയുടെ രാഷ്ട്രീയാധിപത്യം കേരളത്തിൽ പരിമിതമാണെങ്കിലും, അത് പൂർണ്ണമായും ഇല്ലാതായിട്ടില്ല. ജാതിയുടെ രാഷ്ട്രീയപ്രാധാന്യം ഇവിടെ പലപ്പോഴും പരോക്ഷമാണ്.
കേരളത്തിൽ വളരാൻ ശ്രമിക്കുന്ന ബി.ജെ.പി, ഹിന്ദു ഐക്യവും ജാതി ഏകീകരണവും ഒരു രാഷ്ട്രീയ തന്ത്രമായി ഉപയോഗിക്കുന്നത് ഇതര രാഷ്ട്രീയ കക്ഷികളെ കൂടി അതിനൊപ്പം സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. അതിനാൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം എങ്ങനെയാണ് സമുദായ നേതാക്കൾക്ക് സമുദായ ഐക്യം ഓർമ്മ വരുന്നത് എന്ന ചോദ്യം ഇവിടെ അപ്രസക്തമാണ്.
അതിനിടയാണ് മതേതരം എന്ന് കരുതുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേർക്ക് വെല്ലുവിളിയുടെ ഭാഷയിൽ സമുദായ സംഘടനാ നേതാക്കൾ ഓലപ്പടക്കങ്ങൾ എറിയുന്നത്. തങ്ങളും മോശമല്ല എന്ന മട്ടിൽ കമ്മ്യൂണിസ്റ്റ് നേതാക്കൾ പോലും മറുമരുന്നായി ജാതി പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ നടക്കുന്ന ഈ വർഗീയ വാക് പ്രയോഗങ്ങൾക്ക് പുതുതലമുറയോടെങ്കിലും തൽപരകക്ഷികൾ മാപ്പ് ചോദിക്കേണ്ടതാണ്. കാലം മാറിയത് അറിയാത്ത പോലെ ഇപ്പോഴും വർഗീയ തുറുപ്പു ചീട്ടുകൾ എടുത്തു വീശുമ്പോൾ പഴമക്കാർക്ക് അതിന്റെ പൊരുൾ പിടികിട്ടും.
ഇക്കാലമത്രയുംവർഗീയ പഴത്തൊലിയിൽ ചവിട്ടി തെന്നി വീണിട്ടില്ല കേരളം എന്ന് അഭിമാനിക്കുമ്പോഴാണ് പുതിയ നാടകങ്ങൾ. ജാതി അധിഷ്ഠിതമായ തുറന്ന രാഷ്ട്രീയ അജണ്ടകൾക്ക് കേരളത്തിൽ സാമൂഹ്യപരമായി ഒരു പരിധി വരെ നിയന്ത്രണം ഉണ്ടായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ തദ്ദേശത്തിലെ ചിത്രം തെളിഞ്ഞു; വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി രാഷ്ട്രീയ സമവാക്യങ്ങളുടെ അടിയൊഴുക്കുകൾ മാറിമറിയുകയാണ്. അതിനു ചൂടു പകരുകയാണ് സമുദായ നേതാക്കൾ.
ജാതി ജില്ലകൾ
ന്യൂനപക്ഷം എന്ന് പറയുമ്പോഴും കേരള രാഷ്ട്രീയത്തിൽ മുസ്ലിം സമുദായം ചെലുത്തുന്ന നിർണായക സ്വാധീനം ഏതൊരു രാഷ്ട്രീയ വിദ്യാർത്ഥിക്കും അറിവുള്ളതാണ്. അപൂർവ്വം സന്ദർഭങ്ങൾ ഒഴിച്ചാൽ മുസ്ലിം സമുദായത്തിന്റെ ഉന്നതിക്കായി നിലകൊള്ളുന്ന മുസ്ലിംലീഗ് അവരുടെ രാഷ്ട്രീയ അസ്ഥിത്വം ഉറപ്പിച്ചിട്ടുള്ളത് കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫിനൊപ്പമാണ്. ഒരു രാഷ്ട്രീയ സംഘടന ഒരു സമുദായത്തിന്റെ മുഴുവൻ അട്ടിപ്പേർ ഏറ്റെടുക്കുന്നു എന്ന് കരുതാനാവില്ല. എങ്കിലും മുസ്ലിംലീഗിനെതിരെ സംസാരിച്ചാൽ അത് സർവ്വമാന മുസ്ലീങ്ങൾക്കും എതിരാണെന്ന് വ്യാഖ്യാനിക്കാൻ കഴിയുന്ന രാഷ്ട്രീയ അന്തരീക്ഷമാണ് നമുക്കുള്ളത്.
മതത്തിന്റെ പേരിൽ മുസ്ലിംലീഗ് എല്ലാ ആനുകൂല്യങ്ങളും എഴുതിയെടുക്കുന്നു എന്ന എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്റെ ആവർത്തിച്ചുള്ള ആക്ഷേപം കൃത്യമായ രാഷ്ട്രീയ മുനയുള്ളതാണ്.
ആ നിലയ്ക്ക് മന്ത്രി സജി ചെറിയാൻ കഴിഞ്ഞദിവസം തൊടുത്തുവിട്ട സ്ഥാനാർത്ഥികളുടെ ജാതി പരാമർശം നിഷ്‌കളങ്കമാണെന്ന് കരുതാൻ കഴിയില്ല. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ, കാസർഗോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാൽ വർഗീയ ധ്രുവീകരണം വ്യക്തമാകുമെന്നായിരുന്നു മന്ത്രിയുടെ പരാമർശം. ഇത് മലപ്പുറം ജില്ലയെയും ഒരു പ്രത്യേക സമുദായത്തെയും അവഹേളിക്കുന്നതാണെന്ന ആക്ഷേപം ശക്തമായി.
നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ മന്ത്രിയുടെ ഈ നിലപാട് ഇടതുമുന്നണിക്ക് വലിയ രാഷ്ട്രീയ ആഘാതം സൃഷ്ടിക്കുമെന്ന് സി.പി.എം വിലയിരുത്തി. സി.പി.എമ്മിനോട് അനുഭാവം പുലർത്തുന്ന സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ മന്ത്രിയുടെ പരാമർശത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത് സർക്കാരിനെ പ്രതിരോധത്തിലാക്കി. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽ.ഡി.എഫിന് ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാകുന്നത് തടയാൻ മന്ത്രിയുടെ ഖേദപ്രകടനം അനിവാര്യമാണെന്ന് മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും തീരുമാനിച്ചത് ദിവസങ്ങൾ നീണ്ട പ്രതിരോധത്തിന് ശേഷമാണ്.
തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വ്യക്തമാക്കി സജി ചെറിയാൻ തൽക്കാലം തലയൂരി. മലപ്പുറം ജില്ലയെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ വിവാദ പരാമർശം മന്ത്രി ലക്ഷ്യമിട്ട വർഗീയ ധ്രുവീകരണമല്ല, കടുത്ത എതിർപ്പാണ് സ്വന്തം പാളയത്തിൽ നിന്നു തന്നെ സൃഷ്ടിച്ചത് എന്നത് ഇനിയും ഇരുട്ട് കയറാത്ത കേരളത്തിന്റെ മതേതര മനസ്സാണെന്ന് നമുക്ക് ആശ്വസിക്കാം. ഘടകകക്ഷിയായ സി.പി.ഐയും ഇക്കാര്യത്തിൽ മന്ത്രിയെ കൈവിട്ടു. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ പൊളിറ്റിക്കൽ കൺസൾട്ടന്റുമാർ പരസ്യമായി രംഗത്തിറങ്ങുന്ന ഇക്കാലത്ത് ഒരു മത ധ്രുവീകരണ പരീക്ഷണം പാളിപ്പോയതാവാം എന്നും കരുതിക്കൂടെ?
ദ ഹിന്ദു പത്രത്തിന് സാക്ഷാൽ പിണറായി വിജയൻ അങ്ങോട്ട് നൽകിയ, ചോദിച്ചു വാങ്ങിയ അഭിമുഖത്തിൽ പണ്ട് നടത്തിയ വർഗീയ പരാമർശം മുതൽ ഇപ്പോൾ ചർച്ചാവിഷയമാണ്. മുസ്ലിം വിഭാഗത്തെ ജമാഅത്ത് ഇസ്ലാമി എന്ന തീവ്ര സംഘടന ഹൈജാക്ക് ചെയ്തിരിക്കുകയാണ് എന്ന വികാരം സി.പി.എമ്മിന് ഉണ്ട്. അക്കാര്യം ചർച്ചയ്ക്ക് എടുക്കാതെ മുന്നോട്ടുപോകേണ്ടതില്ല എന്ന ചിന്തയും ഇടതുപക്ഷത്തെ നയിക്കുന്നുണ്ട്. അതാണ് യാദൃശ്ചികം എന്ന് കരുതും വിധം സജി ചെറിയാൻമാരിൽ നിന്ന് പുറത്തുവരുന്നത്.
ആരുടെ അജണ്ട
അതിനിടെ, നായർ ഈഴവ ഐക്യം എന്ന പഴയ മന്ത്രം രാഷ്ട്രീയ അന്തരീക്ഷത്തിൽ ഉയർത്തിവിടുന്നതിനു പിന്നിലെ ആസൂത്രണം ആരുടേതാവാം? പഴയതൊക്കെ മറന്ന് ഇരുസമുദായങ്ങളും ഒന്നിക്കാൻ വെമ്പൽ കൂട്ടുന്നത് കേവലം വി.ഡി സതീശൻ എന്ന നേതാവിനെ ഒതുക്കാൻ വേണ്ടിയല്ല. എസ്.എൻ.ഡി.പിയിലെ പ്രാതിനിധ്യ വോട്ടിന്റെ കാര്യത്തിൽ കോടതിയിൽ തർക്കം നിൽക്കെ, ഒരു സമിതിയെ നിയോഗിച്ച് താൽക്കാലികമായി വെള്ളാപ്പള്ളിയെ സഹായിച്ച പിണറായി വിജയനെ നാം കാണാതിരുന്നു കൂടാ.
നായാടി മുതൽ നസ്രാണി വരെ എന്ന പ്രയോഗത്തിൽ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയം ബി.ജെ.പിക്ക് വേണ്ടി കൂടിയുള്ളതാണ്. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി അല്പനാൾ മുമ്പ് ബി.ജെ.പി നേതാവ് ജാവദേക്കർ പറഞ്ഞത് എന്തായിരിക്കും. എസ്.എൻ.ഡി.പിയിലെ പ്രാതിനിധ്യ വോട്ട് കേന്ദ്രം ഉറപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ബി.ജെ.പിയുടെ ലക്ഷ്യം കോൺഗ്രസ് മുക്ത കേരളവും ഭാരതവും ആണ്. എന്നിരിക്കെ കോൺഗ്രസിനെ ആക്രമിക്കാനുള്ള ക്വൊട്ടേഷൻ ഏറ്റെടുക്കുമ്പോൾ ഒരേസമയം സി.പി.എമ്മിനെയും ബി.ജെ.പിയെയും കൂടെ നിർത്താനുള്ള വെള്ളാപ്പള്ളിയുടെ മെയ് വഴക്കവും കാണാതിരുന്നുകൂടാ.
കോൺഗ്രസിന്റെ വലംകൈയായ മുസ്ലിംലീഗിനെ ആക്രമിച്ചാൽ പ്രീണനത്തിന്റെ ആക്ഷേപം തന്റെ മേൽ വരില്ലെന്ന് ഈഴവ സമുദായ നേതാവിന് നന്നായി അറിയാം. അതുകൊണ്ടാണ് മുസ്ലിംലീഗിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് എസ്.എൻ.ഡി.പി യോഗം നേതൃയോഗം പ്രമേയം പാസാക്കിയത്.
ലീഗ് ഭരണഘടനാ ലംഘനം നടത്തുകയാണെന്നും മലപ്പുറം ജില്ല ആരുടെയും സ്വകാര്യ സാമ്രാജ്യമല്ലെന്നും ഉൾപ്പെടെ ലീഗിനെതിരെ ശക്തമായ വിമർശനങ്ങളടങ്ങിയ പ്രമേയമാണ് ആലപ്പുഴയിൽ ചേർന്ന എസ്.എൻ.ഡി.പി നേതൃയോഗം പാസാക്കിയത്. മതത്തിന്റെ പേരിൽ ലീഗ് സ്വയം ആനുകൂല്യങ്ങൾ എഴുതിയെടുക്കുകയാണെന്നും, തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ലീഗിന്റെ മതേതരത്വമെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. വി.ഡി.സതീശൻ പൂതി പെരുപ്പിച്ച ഒരു പ്രതിഭാസം മാത്രമാണെന്ന് എൻ.എസ്.എസ് നേതാവ് സുകുമാരൻ നായർ കൂടി പറയുമ്പോൾ തെരഞ്ഞെടുപ്പ് അങ്കത്തിൽ ജാതി സമുദായങ്ങളുടെ പിടി ഒന്നുകൂടി മുറുകുകയാണെന്ന് മനസ്സിലാക്കാം.
എന്നാൽ ഈഴവ നായർ കൂട്ടുകെട്ട് പ്രഹസനമാണെന്നും തമ്മിൽ വിവാഹം ചെയ്യാൻ പോലും കഴിയാത്തവരാണെന്നും ആക്ഷേപിച്ച് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി കൂടി രംഗത്ത് വന്നതോടെ ചേരിതിരിവ് ലക്ഷ്യമിട്ടവർക്ക് ആഹ്ലാദിക്കാൻ വകയായി. സാമൂഹിക സാമുദായിക ഘടനകൾ പലതട്ടിൽ നിലനിൽക്കെ,അവയ്ക്കിടയിലെ ബലാബലവും സമാസമവും കൃത്യമായി അളക്കാൻ ഒരു ശക്തിക്കും കഴിയില്ല.
ഏതായാലും സമുദായ ചിന്ത ഉണർത്തൽ കേവലം രാഷ്ട്രീയ ലക്കോടെയാണെങ്കിലും അതിനു പിന്നിലെ വർഗീയ ധ്രുവീകരണ പ്രേരണ, സഹ്യനിപ്പുറം നമ്മൾ സൃഷ്ടിച്ചത് എന്ന് കരുതുന്ന മതേതര ജനാധിപത്യ ഐക്യത്തിന് വിരുദ്ധമാണ്.അത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പല്ല, വരാൻ പോകുന്ന തലമുറകൾ സ്വതന്ത്ര മനസ്സോടെ വോട്ട് ചെയ്യുന്നതിന് പോലും വിഘാതമുണ്ടാക്കുന്ന സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
പ്രജിത്ത് രാജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
