ഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) ജനറൽ അസംബ്ലിയിലേക്കുള്ള രണ്ട് പ്രതിനിധികളുടെ പട്ടികയിൽ നിന്ന് പി.ടി. ഉഷയെ അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) ഒഴിവാക്കി. ഉഷയെ ഒഴിവാക്കിക്കൊണ്ടുള്ള രണ്ട് പ്രതിനിധികളുടെ പട്ടിക സംഘടന വരണാധികാരിക്ക് കൈമാറി.
ജനറൽ അസംബ്ലിയിൽ വനിതാ താരങ്ങളുടെ പ്രതിനിധിയാകാനുള്ള തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഉഷയുടെ ഏക പ്രതീക്ഷയായിരുന്നു അത്ലറ്റിക് ഫെഡറേഷൻ വഴിയുള്ള പ്രവേശനം. എന്നാൽ എഎഫ്ഐയും കൈവിട്ടതോടെ ഐഒഎ അധ്യക്ഷ സ്ഥാനത്തേക്കുള്ള പി.ടി. ഉഷയുടെ വഴി ഏറെക്കുറെ അടഞ്ഞു.
എഎഫ്ഐ പ്രസിഡന്റ് ആദിൽ സുമരിവാല, ബംഗാൾ സ്വദേശിയായ ഒളിമ്പ്യൻ ജ്യോതിർമയി സിക്ദർ എന്നിവരെയാണ് സംഘടന പ്രതിനിധികളായി നാമനിർദേശം ചെയ്തിരിക്കുന്നത്. മറ്റേതെങ്കിലും കായിക സംഘടന ഉഷയെ നാമനിർദേശം ചെയ്യാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തൽ. ജനറൽ അസംബ്ലിയിലെ കായിക സംഘടനാ പ്രതിനിധികളുടെ പട്ടിക ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കുള്ളിലാണ് സമർപ്പിക്കേണ്ടത്.
യൂത്ത് ഒളിമ്പിക്സിനായി ഒക്ടോബർ 29-ന് ഉഷ സെനഗലിലേക്ക് പോയതിന് ശേഷമാണ് അട്ടിമറി നീക്കങ്ങൾ ആരംഭിച്ചതെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. അതിനിടെ, തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക തയ്യാറാക്കിയത് ഐഒഎ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുൻ ഒളിമ്പിക് ചാമ്പ്യൻ അഭിനവ് ബിന്ദ്ര കഴിഞ്ഞ മാസം നേതൃത്വത്തിന് അയച്ച കത്ത് പുറത്തുവന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
