ആയുധമില്ലാതെ പോർക്കളത്തിലിറങ്ങിയ ഉമ്മൻചാണ്ടി

JUNE 27, 2024, 12:19 PM

ധനമന്ത്രിയായ ഉമ്മൻചാണ്ടി അവതരിപ്പിച്ച ആദ്യത്തെ ബജറ്റ് അതിൽ സംഭവിച്ച ചില പാകപ്പിഴകളുടെ കഥ ഏറെ രസകരമാണ്. ഒമ്പത് മണിക്കെങ്കിലും ബജറ്റ് പ്രസംഗം തുടങ്ങണം. എട്ടേ മുക്കാലോടെ ഉമ്മൻചാണ്ടി നിയമസഭയിലെത്തി. ഒമ്പതു മണിയോടെ പ്രസംഗത്തിന്റെ പ്രൂഫ് പകുതിയോളം എത്തി. അതുവച്ച് തുടങ്ങാം എന്ന് കരുതിയെങ്കിലും ഉമ്മൻചാണ്ടിയുടെ ചങ്കിടിപ്പ് കൂടി വരികയാണ്...!

രാജീവ് ഗാന്ധിയുടെ മരണം മൂലം 1991 മേയ് 21ന് രാത്രിയോടെ തിരഞ്ഞെടുപ്പു കമ്മീഷൻ പോളിംഗ് തീയതി മാറ്റി വിജ്ഞാപനം ഇറക്കി. ജൂൺ 12, 13 തിയതികളിലേക്കാണ് പോളിംഗ് മാറ്റിയത്. രാജീവ് ഗാന്ധിയുടെ മരണം കേരളത്തിൽ ഇടതുമുന്നണിയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 16 സീറ്റുകളും നിയമസഭാ തെരഞ്ഞെടുപ്പിൽ 92 സീറ്റുകളും ഐക്യജനാധിപത്യ മുന്നണിക്ക് ലഭിച്ചു. ഉമ്മൻചാണ്ടി ആകട്ടെ 13,811 ഭൂരിപക്ഷത്തിന് വാസവനെ തോൽപ്പിച്ചു. അദ്ദേഹം ആറാം പ്രാവശ്യമാണ് പുതുപ്പള്ളിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തുന്നത്.

vachakam
vachakam
vachakam

പിന്നീട് നടന്ന ഏറ്റുമാനൂർ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം. ബാബു ചാഴിക്കാടിന്റെ അനുജൻ തോമസ് ചാഴിക്കാടിനെ സ്ഥാനാർത്ഥിയാക്കി. അദ്ദേഹം അപ്പോൾ ബാങ്കിൽ ജോലി ചെയ്യുകയാണ്. പ്രമുഖ സി.പി.എം നേതാവായ വൈക്കം വിശ്വനെ തോൽപ്പിച്ച് ചാഴിക്കാടൻ നിയമസഭയിലെത്തി.

കേന്ദ്രത്തിൽ പി.വി. നരസിംഹറാവു നേതൃത്വത്തിലുള്ള കോൺഗ്രസ് ഗവൺമെന്റ് വന്നു.  കേരളത്തിൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായി യു.ഡി.എഫ് സർക്കാരും അധികാരത്തിലേറി. അത് 1991ജൂൺ 24ന് ആയിരുന്നു. ഐക്യ ജനാധിപത്യക്ക് മുന്നണിക്ക് ജനക്ഷേമകരമായ പരിപാടികളുമായി മുന്നോട്ടു പോകുന്നതിന് യാതൊരു തടസ്സങ്ങളും ഇല്ല. ജനങ്ങളും ആഗ്രഹിച്ചത് അത് തന്നെയാണ്. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. കോൺഗ്രസ് മന്ത്രിമാരെ തീരുമാനിച്ചത് മുതൽ പ്രശ്‌നങ്ങൾ തുടങ്ങി. യു.ഡി.എഫ് വിജയത്തിന്റെ ശില്പികളിൽ ഒരാൾ എ.കെ. ആന്റണിയാണ്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ആന്റണി നിശ്ചയിച്ച പട്ടികയിൽ വി.എം. സുധീരൻ ഉണ്ടായിരുന്നു. എന്നാൽ കെ. കരുണാകരൻ അതിന് ഒട്ടും തന്നെ സമ്മതിച്ചില്ല. ആന്റണി പറയുന്ന മറ്റ് ഏതൊരാളെയും ആ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിൽ ഒട്ടും തന്നെ എതിർപ്പില്ലെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ സുധീരനെ എന്ത് കാരണം കൊണ്ടാണ് ഒഴിവാക്കുന്നത്. അത് കൃത്യമായി പറയണം എന്നായി ആന്റണി. അങ്ങനെ പ്രത്യേകിച്ചൊരു കാരണം പറയാൻ കരുണാകരനും ഉണ്ടായിരുന്നില്ല.


vachakam
vachakam
vachakam

പൊതുവേ അങ്ങനെ അധികാരസ്ഥാനങ്ങൾക്ക് വേണ്ടി കലഹിക്കുന്ന ആളായിരുന്നില്ല സുധീരൻ. എന്നാൽ ഒരു കാരണവുമില്ലാതെ തന്നെ മാത്രം ഒഴിവാക്കുന്നത് എന്തിന് എന്ന് അദ്ദേഹം ചോദിച്ചപ്പോൾ അതിന് ഉത്തരം പറയാൻ ഉണ്ടായില്ല. അങ്ങനെ വിട്ടുകൊടുക്കാൻ ആന്റണിയും തയ്യാറായില്ല. സ്പീക്കർ സ്ഥാനത്തേക്ക് ഒടുവിൽ നിശ്ചയിച്ച പേരുകൾ എല്ലാം ആന്റണി പിൻവലിച്ചു കരുണാകരന്റെ ഹിതം പോലെ സ്പീക്കറെ നിയമിക്കട്ടെ എന്നായി. ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള എല്ലാ ആളുകൾക്കും ഇത് സഹിക്കാവുന്ന കാര്യമായിരുന്നില്ല. ആന്റണി ഗ്രൂപ്പിലുള്ള ആരും തന്നെ സ്പീക്കർ ആകേണ്ട എന്ന നിർദ്ദേശം ഉമ്മൻചാണ്ടിയും ആന്റണിയും ഒരുപോലെ പറഞ്ഞു. എന്നാൽ തുറന്നു ഒരു പോരിലേക്ക് പോകേണ്ട എന്ന് ആന്റണി എല്ലാവരെയും വിലക്കിയിരുന്നു. കാരണം അത് ജനങ്ങൾ നൽകിയ അംഗീകാരത്തോട് കാട്ടുന്ന നെറികേടയി  മാറും. സത്യത്തിൽ അത്  കരുണാകരൻ ഒരു സൗകര്യമാക്കി മാറ്റി. മുഖ്യമന്ത്രി അടക്കം 10 കോൺഗ്രസുകാരുടെ മന്ത്രിസഭയിൽ ആന്റണി വിഭാഗത്തിൽ നിന്ന് കെ.പി. വിശ്വനാഥനെയും ഉമ്മൻചാണ്ടിയും മാത്രമാണ് തെരഞ്ഞെടുത്തത്. കരുണാകര പക്ഷത്തുനിന്ന് ടി.എച്ച്. മുസ്തഫ, സി.വി. പത്മരാജൻ, പി.പി. ജോർജ,് പന്തളം സുധാകരൻ, എൻ. രാമകൃഷ്ണൻ, എം.ടി. പത്മ, എം.ആർ. രഘുചന്ദ്ര ബാൽ എന്നിവർ മന്ത്രിമാരായി. കരുണാകരനെ കൂടാതെ ആണിത്. ആര്യാടൻ മുഹമ്മദിനെയും സുധീരനെയും മന്ത്രിസഭയിലെങ്കിലും എടുക്കുമെന്ന് എല്ലാവരും കരുതി.

പക്ഷേ കരുണാകരൻ തന്റെ കർക്കശമായ നിലപാടിൽ നിന്ന് അണുവിട മാറിനിൽക്കാൻ തയ്യാറായില്ല. ഇത് ആന്റണിയെ ഏറെ വേദനിപ്പിച്ചു. 1987 ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് മുഖ്യ കാരണക്കാരൻ സുധീരനായതുകൊണ്ടാണ് മന്ത്രിസഭയിൽ എടുക്കാത്തത് എന്ന് ചിലരോട് കരുണാകരൻ അടക്കം പറഞ്ഞതായി കേട്ടു.

ജനങ്ങളുടെ പ്രതീക്ഷകൾക്ക് ഘടകവിരുദ്ധമായി പ്രവർത്തിക്കുന്ന അങ്ങയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ പെടാതിരിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി ഞാൻ കരുതുന്നു. മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നതിന് ഏറെ നന്ദിയുണ്ട് എന്ന് അടുത്ത ദിവസം നൽകിയ കത്തിൽ സുധീരൻ മറുപടി നൽകി. പ്രതിച്ഛായ ചർച്ച ഘടകകക്ഷികളുമായുള്ള സ്വരച്ചേർച്ചയില്ലായ്മയും സംവരണ തീരുമാനം തിടുക്കത്തിൽ നടപ്പാക്കാൻ ശ്രമിച്ചതും പ്രീഡിഗ്രി ബോർഡ് പ്രശ്‌നവും മറ്റും പരാജയ കാരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. മുന്നാക്ക സമുദായ സംവരണം മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ പിന്നീട് മന്ത്രിസഭ തീരുമാനമായി എഴുതിച്ചേർത്തതാണെന്നും സുധീരൻ കുറ്റപ്പെടുത്തി. പി.പി. തങ്കച്ചനാണ് സ്പീക്കർ. ഉമ്മൻചാണ്ടിക്ക് പകരം യു.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് വന്നത് കെ. ശങ്കരനാരായണൻ ആയിരുന്നു.

vachakam
vachakam
vachakam

മന്ത്രിസഭയിൽ ഉമ്മൻചാണ്ടിക്ക് ധനകാര്യ വകുപ്പാണ് നൽകിയത്. ഉമ്മൻചാണ്ടിയുടെ കന്നി ബജറ്റ് ജൂലൈ 19 ആയിരുന്നു. ആ അവസരത്തിൽ ഇന്ത്യയിൽ ആദ്യമായി രാജീവ് ഗാന്ധിയുടെ സ്മാരകമായി ഒരു പദ്ധതി പ്രഖ്യാപിക്കാൻ മുന്നോട്ടുവന്നത് ഉമ്മൻചാണ്ടിയായിരുന്നു. കോട്ടയത്ത് നിന്ന് 14 കിലോമീറ്റർ അകലെ പാമ്പാടിക്ക് അടുത്ത് വെള്ളൂരിൽ എൺപത്തിയേഴ് ഏക്കർ ആയി പരന്നു കിടന്ന രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി അങ്ങനെയാണ് രൂപം കൊണ്ടത്.

ആറു ബ്രാഞ്ചുകളിൽ ബിടെക് ക്ലാസുകളും, അഞ്ചിൽ എംടെക് ക്ലാസുകളും നടക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനം. രണ്ട് ഡിപ്പാർട്ട്‌മെന്റുകളിൽ ഗവേഷണ പഠനവും ഉണ്ട്. മൊത്തം 1800 വിദ്യാർത്ഥികൾ. ഉമ്മൻചാണ്ടിയുടെ ആദ്യ ബജറ്റിൽ ഒരു കോടി രൂപയാണ് അതിന് വകയിരുത്തിയത്. 1991ൽ തന്നെ ക്ലാസുകൾ ആരംഭിച്ചു 2015 സോണിയ ഗാന്ധി അത്യാധുനിക സാങ്കേതിക വിദ്യാലയം പൂർണതോതിൽ രാഷ്ട്രത്തിനു സമർപ്പിച്ചത് ചരിത്രം.

ധനമന്ത്രിയായ ഉമ്മൻചാണ്ടി അവതരിപ്പിച്ച ആദ്യത്തെ ബജറ്റ്  അതിൽ സംഭവിച്ച ചില പാകപ്പിഴകളുടെ കഥ ഏറെ രസകരമാണ്. പ്രസംഗം കൈയിൽ ഇല്ലാതെ നടത്തിയ ബജറ്റ് പ്രസംഗം..! മണ്ണന്തലയിൽ ഉള്ള സർക്കാർ വക പ്രസ്സിൽ ആണ് ബജറ്റ് അച്ചടിനടത്തുന്നത്. പരമ രഹസ്യമായാണ് അച്ചടി. അച്ചടി തുടങ്ങിയാൽ പിന്നെ  പ്രസ്സിനകത്തേക്കോ പുറത്തേക്കോ ജീവനക്കാർ ഉൾപ്പെടെയുള്ള ആരെയും കടത്തിവിടില്ല. അകത്തുള്ളവർക്ക്  പുറത്തേക്ക് പോകാനും കഴിയില്ല. രാത്രി വളരെ വൈകിയാണ് ബജറ്റ് അച്ചടിക്കുന്നതിനായി പ്രസ്സിൽ കൊടുത്തത്. അപ്പോൾ കൊടുത്താൽ രാവിലെ കിട്ടും. അതിനുള്ള സംവിധാനങ്ങൾ ഉണ്ട്. പക്ഷേ പ്രസ്സിൽ ആ സമയം കറന്റ് ഉണ്ടായിരുന്നില്ല. അച്ചടി യന്ത്രത്തിനു എന്തോ സാരമായ തകരാർ ഉണ്ടായി. എന്തിനു പറയുന്നു അച്ചടി വൈകി. വളരെ നേരത്തെ ഉണർന്ന് ഉമ്മൻചാണ്ടി ബജറ്റിനായി കാത്തിരിക്കുകയാണ്. രാവിലെ ആറുമണിക്ക് എങ്കിലും കിട്ടേണ്ടതാണ്. എന്നാൽ അതിന്റെ പ്രൂഫ് പോലും ആയിട്ടില്ല. ഉമ്മൻചാണ്ടി ഏറെ അസ്വസ്ഥതയോടെ വരാന്തയിലൂടെ ഉലാത്തുകയാണ്. തീർന്നിടത്തോളം ഓഫീസിലേക്ക് കൊണ്ടുവരാൻ അറിയിച്ചു.

ഏതാണ്ട് ഏഴരയോടെ ഉമ്മൻചാണ്ടി ഓഫീസിൽ എത്തി. എന്നിട്ടും പ്രൂഫ് എത്തിയിട്ടില്ല. കുറച്ചു കഴിഞ്ഞ് അതിന്റെ കുറെ ഭാഗം കൊണ്ടുവന്നു. രാവിലെ  ഒമ്പതു മണിക്കെങ്കിലും ബജറ്റ് പ്രസംഗം തുടങ്ങണം. ഏതാണ്ട് എട്ടേ മുക്കാലോടെ ഉമ്മൻചാണ്ടിയും കൂട്ടരും നിയമസഭയിലെത്തി. ഒമ്പതു മണിയോടെ പ്രസംഗത്തിന്റെ പ്രൂഫ് പകുതിയോളം എത്തി. എന്തായാലും അതുവച്ച് തുടങ്ങാം എന്ന് കരുതി.

ഉമ്മൻചാണ്ടിയുടെ ചങ്കിടിപ്പ് കൂടി വരികയാണ്. എന്നാൽ  ഈ വിവരം ഉമ്മൻചാണ്ടി പുറത്താരോടും പറഞ്ഞിട്ടില്ല. എന്തായാലും പ്രതിപക്ഷം  നിയമസഭയിൽ തടസവാദം ഉന്നയിക്കുമെന്ന് ഉറപ്പാണ്. അങ്ങനെ കുറെ സമയം കിട്ടിയാൽ അതു മെച്ചം. എങ്ങിനേയും തടസവാദം ഉണ്ടാകണമെന്ന പ്രാർത്ഥനയോടെ ഉമ്മൻചാണ്ടി തന്റെ സീറ്റലേക്ക് ഇരുന്നു.

(തുടരും)

ജോഷി ജോർജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam