ടെക്‌സസ്: ഒരു ഇന്ത്യന്‍ റസ്റ്ററന്റില്‍ കയറുമ്പോള്‍ അവിടെ സ്വാഭാവികമായും ഇന്ത്യന്‍ ജീവനക്കാരെ പ്രതീക്ഷിക്കുന്നത് സാധാരണമാണ്. എന്നാല്‍ 'എന്റെ ഇന്ത്യന്‍ റസ്റ്ററന്റില്‍ ഞാന്‍ ഇന്ത്യക്കാരെ നിയമിക്കാറില്ല' എന്ന് ഒരു ഇന്ത്യന്‍ വംശജയായ ഉടമ പരസ്യമായി പ്രഖ്യാപിച്ചാല്‍ എങ്ങനെയുണ്ടാകും? യുഎസിലെ ടെക്‌സസിലുള്ള '7 മോങ്ക്‌സ് കഫേ' (7 Monks Cafe) ഉടമ രശ്മി ഭട്ടിന്റെ ഈ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരിക്കുന്നത്.
ചര്‍മ്മത്തിന്റെ നിറത്തിനപ്പുറം മനുഷ്യത്വത്തിനും പ്രാദേശിക കൂട്ടായ്മയ്ക്കും വില നല്‍കിയ ഒരു ബിസിനസ്സ് വിജയത്തിന്റെ കഥയാണ് രശ്മിക്ക് പറയാനുള്ളത്. ടെക്‌സസിലെ ന്യൂ ബ്രൗണ്‍ഫെല്‍സില്‍ റസ്റ്ററന്റ് നടത്തുന്ന മുംബൈ സ്വദേശി രശ്മി ഭട്ട്, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് തന്റെ വ്യത്യസ്തമായ നിയമന നയം വ്യക്തമാക്കിയത്. സാധാരണക്കാരുടെ മുന്‍വിധികള്‍ തിരുത്തുകയാണ് താന്‍ ചെയ്തതെന്ന് രശ്മി പറയുന്നു.
മിക്ക ആളുകളും ഒരു ഇന്ത്യന്‍ റസ്റ്ററന്റിലേക്ക് കടന്നുവരുമ്പോള്‍, അവിടെ ജോലി ചെയ്യുന്ന എല്ലാവരും ഇന്ത്യക്കാരായിരിക്കുമെന്ന് കരുതുന്നു. എന്നാല്‍ ഞങ്ങള്‍ ഒരിക്കലും ആ രീതിയിലല്ല ജീവനക്കാരെ തിരഞ്ഞെടുക്കുന്നത്. ചര്‍മത്തിന്റെ നിറത്തിനോ വംശത്തിനോ പ്രാധാന്യം നല്‍കുന്നതിന് പകരം, അവരുടെ നല്ല മനോഭാവം, വിശ്വാസ്യത, പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള സന്നദ്ധത എന്നിവയ്ക്കാണ് താനും അമ്മയും മുന്‍ഗണന നല്‍കിയതെന്ന് രശ്മി ഭട്ട് പറയുന്നു.
തങ്ങള്‍ ജീവിക്കുന്ന പ്രാദേശിക സമൂഹത്തിലെ ആളുകള്‍ക്ക് പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. കോവിഡ് മഹാമാരി ലോകത്തെ വിഴുങ്ങുന്നതിന് തൊട്ടുമുന്‍പ് 2019 ലാണ് രശ്മി ഭട്ട് അമ്മയോടൊപ്പം ഈ സംരംഭം ആരംഭിക്കുന്നത്. ഇന്ത്യന്‍ മെഡിറ്ററേനിയന്‍ പാചക രീതികളുടെ വൈവിധ്യമാര്‍ന്ന ഫ്യൂഷന്‍ വിഭവങ്ങളാണ് ഈ കഫേയുടെ പ്രത്യേകത. റസ്റ്ററന്റ് വ്യവസായത്തിന് ഏറ്റവും കഠിനമായ പാന്‍ഡെമിക് കാലഘട്ടത്തിലും തദ്ദേശീയരായ ജീവനക്കാരുടെ പിന്തുണയോടെ പ്രതിസന്ധികളെ അതിജീവിച്ച് ജനപ്രിയ ഭക്ഷണ കേന്ദ്രമായി മാറാന്‍ '7 മോങ്ക്‌സ് കഫേ'യ്ക്ക് സാധിച്ചു.
ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉള്‍പ്പെടുത്തി ഒരു ഇന്ത്യന്‍ ടീം ഉണ്ടാക്കാന്‍ തങ്ങള്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് രശ്മി വ്യക്തമാക്കുന്നു. പകരം സമൂഹത്തില്‍ കൈത്താങ്ങ് ആവശ്യമുള്ള ഒരുപറ്റം മനുഷ്യരെയാണ് അവര്‍ ഒപ്പം കൂട്ടിയത്. ഹൈസ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, സിംഗിള്‍ മദേഴ്‌സ് ജീവിതത്തില്‍ രണ്ടാമതൊരു അവസരം തേടുന്ന റിട്ടയര്‍ഡ് വ്യക്തികള്‍ എന്നിവരെയാണ് നിയമിച്ചത്. കഫേയില്‍ ജോലിക്ക് കയറുന്നതിന് മുന്‍പ് ഇന്ത്യന്‍ ഭക്ഷണം എന്താണെന്ന് പോലും അറിയാത്തവരായിരുന്നു ഈ ജീവനക്കാരില്‍ ഭൂരിഭാഗവും. എന്നാല്‍ ഇന്ന് അവര്‍ ഇന്ത്യന്‍ വിഭവങ്ങളുടെ ആരാധകര്‍ മാത്രമല്ല, വരുന്ന ഉപഭോക്താക്കള്‍ക്ക് വിഭവങ്ങളെക്കുറിച്ച് കൃത്യമായി വിവരിച്ചു നല്‍കാനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്.
വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടത്. ഭക്ഷണത്തിന്റെ ആധികാരികതയെയും വംശീയതയെയും കുറിച്ച് വലിയൊരു സംവാദത്തിന് തന്നെ ഇത് വഴിവെച്ചു. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. 'ഒരു ഇന്ത്യന്‍ പാചകക്കാരന്‍ ഇല്ലെങ്കില്‍ ഭക്ഷണത്തിന്റെ യഥാര്‍ത്ഥ രുചി കിട്ടില്ല.'
'വംശീയത നോക്കാതെ പ്രാദേശിക സമൂഹത്തിന് തൊഴില്‍ നല്‍കിയ മികച്ച മാതൃക.''ഇന്ത്യന്‍ റസ്റ്ററന്റുകളില്‍ പോകുമ്പോള്‍ വിഭവങ്ങളെക്കുറിച്ച് കൃത്യമായി അറിയാവുന്ന ജീവനക്കാര്‍ വേണം.'
'മനോഭാവവും കഠിനാധ്വാനവുമാണ് പ്രധാനം, വംശമല്ല എന്ന് തെളിയിച്ചു.'എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
വിമര്‍ശനങ്ങള്‍ നിലനില്‍ക്കുമ്പോഴും കഴിവുള്ള മനുഷ്യരെ തൊലിപ്പുറത്തെ നിറം നോക്കാതെ നെഞ്ചോട് ചേര്‍ത്തുപിടിച്ച ഈ ഇന്ത്യന്‍ റസ്റ്ററന്റ് ഉടമയുടെ നിലപാട് വലിയൊരു വിഭാഗം ജനങ്ങളുടെ ഹൃദയം കീഴടക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
