പുതുവർഷ ചിന്തകൾ

DECEMBER 30, 2025, 7:28 PM

പ്രതീക്ഷയും പ്രത്യാശയുമായി നാം 2026 ലേക്ക് പ്രവേശിക്കുമ്പോൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സംഭവബഹുലമായ 25 സംവൽസരങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഒരു പുതുവർഷം കൂടി കാണാനുള്ള ഭാഗ്യം ലഭിച്ച നമ്മൾ എത്രയോ അനുഗ്രഹിക്കപ്പെട്ടവരാണ്. 2026 ലേക്ക് സ്രഷ്ടാവായ ദൈവം നമ്മെ കൈപിടിച്ചു നടത്തിയിരിക്കുന്നതെന്തിനെന്നല്ലേ?

ദാനമായി ലഭിച്ചിരിക്കുന്ന കഴിവുകളും, സമയവും, സമ്പത്തും, ആരോഗ്യവും മറ്റുള്ളവർക്കുകൂടി പ്രയോജനപ്പെടുന്ന രീതിയിൽ ദൈവമഹത്വത്തിനായി ഉപയോഗിക്കാൻ. നമ്മുടെ ഹൃസ്വജീവിതത്തിലൂടെ ആൽമീയാന്ധകാരത്തിൽ തപ്പിത്തടയുന്നവർക്ക് ഒരു ചെറുതിരി വെളിച്ചമാകാൻ സാധിച്ചാൽ നമ്മുടെ ജീവിതം ധന്യമായി. 

കടന്നുപോകുന്നവർഷം നമ്മിൽ പലർക്കും വിവിധ തരത്തിലുള്ള പ്രയാസങ്ങളും, സങ്കടങ്ങളും, ജീവിതനൊമ്പരങ്ങളും, വേണ്ടപ്പെട്ടവരുടെയും, സ്‌നേഹിതരുടെയും വിയോഗം നൽകിയ വ്യഥകളും, പ്രകൃതിക്ഷോഭങ്ങൾ വരുത്തിവച്ച വിനകളും നൽകിയിട്ടുണ്ടാവാം. അതെല്ലാം ദൈവസന്നിധിയിൽ സമർപ്പിച്ച് പുതിയ ജീവിതത്തിലേക്ക് പ്രത്യാശയോടെ കാലെടുത്തു വക്കുക.

vachakam
vachakam
vachakam

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പുതുവർഷത്തെ വരവേൽക്കാൻ പലതരത്തിലുള്ള ആഘോഷപരിപാടികൾ നടന്നുവരികയാണല്ലോ. കേരളത്തിൽ പുതുവൽസരാഘോഷങ്ങളോടനുബന്ധിച്ച് വർഷാവസാനമായ ഡിസംബർ 31 അർദ്ധരാത്രിക്ക് ഫോർട്ട്‌കൊച്ചിയിലും, മറ്റുപല സ്ഥലങ്ങളിലും പാപ്പാഞ്ഞിയുടെ കോലം കത്തിക്കുന്ന ഒരു ആചാരമുണ്ടല്ലോ.

അതിന്റെ ഉദ്ദേശം കടന്നുപോകുന്ന വർഷത്തെ ആകുലതകളും, പ്രയാസങ്ങളും, വേദനകളും പാപ്പാഞ്ഞിയിലാവാഹിച്ച് അതു കത്തിച്ചുകളയുമ്പോൾ അടുത്തവർഷം സന്തോഷപ്രദമായിരിക്കുമെന്നുള്ള ശുഭപ്രതീക്ഷയും വിശ്വാസവും ആണ്. ഒരിക്കൽ ഒരു ധ്യാനഗുരു ധ്യാനപ്രസംഗങ്ങൾക്കുശേഷം വിശ്വാസികളോടെല്ലാം അവരവരുടെ പാപങ്ങൾ ഒരു വെള്ളക്കടലാസിൽ എഴുതി വാങ്ങിയിട്ട് അതെല്ലാം ഒരു വലിയ കുട്ടയിലാക്കി ശവസംസ്‌കാരത്തിനു കൊണ്ടുപോകുന്നതുപോലെ ഘോഷയാത്രയായി ദേവാലയത്തിനുവെളിയിൽ കൊണ്ടുപോയി കത്തിച്ചുകളഞ്ഞു. ഇതിന്റെയും പിന്നിലുള്ള മനശാസ്ത്രം പഴയതെല്ലാം മറന്ന് പുതിയ ജീവിതത്തിലേക്കു കാലെടുത്തുവക്കുക എന്നതുതന്നെ. 

പ്രകൃതിയും ഇതേ പാഠങ്ങൾ തന്നെയാവും നമുക്ക് നൽകുന്നത്. ശരത്കാലം ആയാൽ മരങ്ങൾ ഇലകൾ പൊഴിച്ച് മഞ്ഞുകാലത്തെ വരവേൽക്കാൻ ഒരുങ്ങുന്നു. പഴയ ഇലകളും, തളിരുകളും ഉപേക്ഷിച്ച് പുത്തൻ ഉണർവിനായി മരങ്ങൾ കാത്തിരിക്കുന്നു. കാട്ടുമൃഗങ്ങളാണെങ്കിൽ ശരീരമാസകലം കട്ടിയുള്ള രോമങ്ങൾകൊണ്ടുള്ള പുതപ്പണിഞ്ഞു ശൈത്യത്തെ അതിജീവിക്കാൻ ഹിബർനേഷനിലേക്കു പോകുന്നു. ഇഴജന്തുക്കളാകട്ടെ പടം പൊഴിച്ച് പുതിയത് സ്വീകരിക്കുന്നു. പ്രകൃതിയിലെ ജീവജാലങ്ങളും, വൃക്ഷലതാദികളും കാട്ടിത്തരുന്നതുപോലെ നാമും നമ്മുടെ പഴയശീലങ്ങൾ വെടിയേണ്ടിയിരിക്കുന്നു പുതുവർഷം സന്തോഷപൂർണമാക്കണമെങ്കിൽ. 

vachakam
vachakam
vachakam

വിശ്വവിഖ്യാത ശിൽപി മൈക്കളാഞ്ജലോ ഒരിക്കൽ തന്റെ സ്റ്റുഡിയോയിൽ ഒരു വലിയ മാർബിൾ കല്ലിലെന്തോ കൊത്തുപണികൾ ചെയ്തുകൊണ്ടിരിക്കെ ഒരു കൊച്ചുപെൺകുട്ടി അങ്ങെന്താണീ ചെയ്യുന്നതെന്ന് ആശ്ചര്യപൂർവം അദ്ദേഹത്തോടു ചോദിച്ചു. അതിനു മറുപടിയായി മൈക്കളാഞ്ജലോ പറഞ്ഞതെന്തെന്നോ. വിരൂപമായ ഈ കല്ലിനകത്തൊരു സുന്ദരിയായ മാലാഖ ഒളിഞ്ഞിരിപ്പുണ്ട്.

ഞാനതിനെ പുറത്തെടുത്ത് സ്വതന്ത്രയാക്കാൻ നോക്കുകയാണ്. (മൈക്കൾ ആഞ്ചലോയുടെ പേരിലും ഒരു മാലാഖ ഒളിഞ്ഞിരിപ്പുണ്ട്). മൈക്കളാഞ്ജലോയെപ്പോലെ നമ്മൾ സഹവസിക്കുന്നതും, സ്ഥിരം ഇടപെടുന്നതുമായ ഓരോരുത്തരിലും മറഞ്ഞിക്കുന്ന നന്മ കാണാനും, അതിനെ പരിപോഷിപ്പിക്കാനും നമുക്ക് സാധിക്കണം.  

മറ്റുള്ളവരെ ക്ഷമാപൂർവം ശ്രവിക്കുന്നതിനും, അവരുടെ അഭിപ്രായങ്ങൾ മാനിക്കുന്നതിനും, ആദരിക്കുന്നതിനുമുള്ള സന്മനസ് കാണിച്ചാൽ നാം വിജയിച്ചു. പരസ്പരബഹുമാനവും, സ്‌നേഹവും നമ്മുടെ എല്ലാ ഇടപാടുകളിലും കാത്തുസൂക്ഷിക്കണം. മറ്റുള്ളവരെ കൊച്ചാക്കി സംസാരിക്കുന്നതു സംസ്‌കാരമുള്ള ആർക്കും ഭൂഷണമല്ല. അപരനെ തന്നേക്കാൾ ശ്രേഷ്ടനായി കാണാൻ വലിയമനസിനുടമയായിട്ടുള്ളവനേ സാധിക്കൂ.

vachakam
vachakam
vachakam

ഫരീശന്റെയല്ല, മറിച്ച് ഒരു ചുങ്കക്കാരന്റെ മനോഭവം ആണു നാം പുലർത്തേണ്ടത്. 'ഇത്തിരി ചെറുതാവാനെത്ര വളരേണം'. എത്രയോ അർത്ഥവത്തായ വാക്കുകൾ. നമ്മിൽ പലർക്കും മറ്റുള്ളവരുടെ മുൻപിൽ അൽപം താഴാൻ വലിയ ബുദ്ധിമുട്ടാണ്. എന്നാൽ മറ്റുള്ളവനെ പാതാളത്തോളം ഇടിച്ചുതാഴ്ത്തി സ്വയം ഉയരാൻ ശ്രമിക്കുന്ന അൽപന്മാരെ നമുക്കു ചുറ്റും കാണുവാൻ സാധിക്കും. 

മറ്റുള്ളവർ നമുക്കായി ചെയ്തുതരുന്ന സഹായങ്ങൾക്ക് സ്‌നേഹപൂർവം നന്ദി പറയുന്നതിനും, മറ്റുള്ളവരോടു നാം തെറ്റു ചെയ്തു എന്നോ അവരെ വേദനിപ്പിച്ചു എന്നോ ബോദ്ധ്യപ്പെട്ടാൽ ആത്മാർത്ഥമായി ഒരു സോറി പറയുന്നതിനും ഉള്ള ആർജവം നമുക്കുണ്ടാവണം. അമ്മയുടെ ഉദരത്തിൽ ഉരുത്തിരിയുന്നതുമുതൽ മരിച്ചുമണ്ണടിയുന്നതുവരെ നാം മറ്റുള്ളവരുടെ സഹായവും, കാരുണ്യവും എന്നും സ്വീകരിക്കുന്നു. 'നന്ദി ചൊല്ലി തീർക്കുവാനീജീവിതം പോരാ'. 

പുൽക്കൂട്ടിൽ ഭൂജാതനായി എളിമയുടെ മൂർത്തീഭാവമായ ഉണ്ണിയേശുവിന്റെ പിറവിത്തിന്നാൾ ആഘോഷിച്ച്, പുതുവർഷത്തിലേക്കു കാലെടുത്തുവക്കാൻ തയാറെടുത്തുനിൽക്കുന്ന നമുക്ക് എളിമയുടെ ബാലപാഠങ്ങൾ ഉൾക്കൊള്ളാം. പ്രകൃതിയിലേക്കു സൂക്ഷിച്ചു നോക്കിയാൽ നമുക്കു  കാണാൻ സാധിക്കും വൃക്ഷലതാദികൾ ഫലം പുറപ്പെടുവിക്കാൻ തുടങ്ങുമ്പോൾ തലകുനിച്ച് കൂടുതൽ വിനയാന്വിതരാകുന്നു.

നെൽച്ചെടികൾ വളർന്നു വലുതായി കതിരുകൾ ആയിക്കഴിയുമ്പോൾ അവ താഴേക്ക് വില്ലുപോലെ വളഞ്ഞ് തങ്ങളുടെ എളിമ വ്യക്തമാക്കുന്നു. മാങ്ങാക്കുലകളും, വാഴക്കുലയും, തെങ്ങിൻപൂക്കുലയും വിളഞ്ഞുകഴിയുമ്പോൾ വിനയഭാവത്തിൽ തലകുനിക്കുന്നു. നല്ലൊരു പാഠമാണ് പ്രകൃതി നമുക്ക് കാണിച്ചുതരുന്നത്. വിദ്യയും, വിവേകവും, സമ്പത്തും ആർജിക്കുന്നതനുസരിച്ച് എളിമയും സ്വായത്തമാക്കാൻ ശ്രമിക്കുക. 

നമ്മുടെ ഉള്ളിലേക്ക് തിരിഞ്ഞു നോക്കാനുള്ള ഒരവസരമായി പുതുവർഷത്തെ കണക്കാക്കി നമ്മിൽ അടിഞ്ഞുകൂടിയിരിക്കുന്ന അസൂയ, അഹംഭാവം, അനാദരവ്, വെറുപ്പ്, വാശി, വൈരാഗ്യം  എന്നിങ്ങനെയുള്ള മാലിന്യങ്ങളെല്ലാം സ്‌നേഹത്തിന്റെ തലോടലാൽ കഴുകികളയുക. മറ്റുള്ളവരിൽ അവരുടെ നന്മ കാണുന്നതിനും, നല്ലകാര്യം ചെയ്താൽ അവരെ അകമഴിഞ്ഞ് അനുമോദിക്കുന്നതിനും, അവരുടെ കുറവുകൾ നിറവുകളായി കാണുന്നതിനും കൊഴിയാൻ പോകുന്ന വർഷത്തിൽ നമുക്കു സാധിച്ചിട്ടില്ലായെങ്കിൽ 2026 അതിനുള്ള അവസരമൊരുക്കട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. 

അശരണരിലും, നിരാലംബരിലും, പിഞ്ചുകുഞ്ഞുങ്ങളിലും ഈശ്വരമുഖം ദർശിച്ച് അവരെ മാറോടണച്ച അഗതികളുടെ അമ്മയും, കരുണയുടെ മൂർത്തീഭാവവുമായ വാഴ്ത്തപ്പെട്ട മദർതെരേസായെ അനുകരിച്ച് കരുണയുടെ ചെറിയ ചെറിയ കാര്യങ്ങൾ നമുക്കും ചെയ്യാം. അതുവഴി ലോകനന്മക്കായി നമുക്കും കൈകോർക്കാം ഈ പുതുവർഷപുലരിയിൽ.

ക്രിസ്മസ്‌രാവിൽ കിഴക്കുദിച്ച നക്ഷത്രം ആട്ടിടയർക്കും, പൂജ്യരാജാക്കന്മാർക്കും വഴികാട്ടിയായതുപോലെ നമുക്കും സ്വയംപ്രകാശിക്കുന്ന നക്ഷത്രവിളക്കുകളായി മറ്റുള്ളവർക്ക് മാർഗദർശികളാകാം. ഹൃദയകവാടങ്ങൾ മറ്റുള്ളവർക്കായി തുറന്നിടാനും, ഈ ഹൃസ്വജീവിതം പങ്കുവക്കലിന്റെയും പരസ്പരസ്‌നേഹത്തിന്റെയും ചേർത്തുപിടിക്കലിന്റെയും വിളനിലമാക്കാനും, ലോകത്തിന്റെ അന്ധകാരമകറ്റാനും, കാരുണ്യത്തിന്റെ കൈത്തിരിനാളം അണയാതെ ഉള്ളിൽ സൂക്ഷിക്കാനും നമുക്കെന്നും കഴിയട്ടെ.

എല്ലാവർക്കും പുതുവൽസരാശംസകൾ!!!

ജോസ് മാളേയ്ക്കൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam