കൊച്ചി: സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമൻസ്. ജനുവരി ഏഴിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം.
ജയസൂര്യയും ഉടമ സ്വാതിഖ് റഹീമും തമ്മിലുള്ള മറ്റ് സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. സ്വാതിഖ് റഹീമുമായുള്ളത് ബ്രാൻഡ് അംബാസഡർ ബന്ധം മാത്രമെന്നായിരുന്നു ജയസൂര്യയുടെ മൊഴി.
കുറ്റകൃത്യത്തിൽ നിന്നുള്ള പണമാണ് ജയസൂര്യക്ക് ലഭിച്ചതെന്ന നിഗമനത്തിൽ ഇ ഡി എത്തിയിരുന്നു. കൂടുതൽ അന്വേഷണത്തിനുശേഷം തുക കണ്ടുകെട്ടുമെന്നാണ് വിവരം.
2023 ജനുവരിയിൽ സേവ് ബോക്സ് നിക്ഷേപത്തട്ടിപ്പ് കേസിൽ സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ സ്വാതിഖ് റഹീ(സ്വാതി റഹീം)മിനെ അറസ്റ്റ് ചെയ്തിരുന്നു. കിഴക്കേക്കോട്ട സ്വദേശിയുടെ പരാതിയിൽ തൃശ്ശൂർ ഈസ്റ്റ് പൊലീസാണ് സ്വാതിയെ അറസ്റ്റ് ചെയ്തത്. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് സ്വാതിഖ് റഹീം ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു പരാതി.
ഓൺലൈൻ ലേല ആപ്പായ സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യക്ക് കരാർ ഉണ്ടായിരുന്നതായി ഇ ഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടനെ ഇ ഡി ചോദ്യം ചെയ്തത്. കൊച്ചിയിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. ജയസൂര്യയുടെ ഭാര്യ സരിതയുടെയും മൊഴിയുമെടുത്തിരുന്നു.
മാസം 25 ലക്ഷം രൂപവരെ ലാഭം വാഗ്ദാനം ചെയ്താണ് സ്വാതിഖ് റഹീം നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്. നൂറിലധികം പേരിൽനിന്ന് ഇത്തരത്തിൽ ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു വിവരം. എന്നാൽ ആർക്കും ലാഭവിഹിതമോ മുടക്കിയ പണമോ ലഭിച്ചിക്കാതെ വന്നതോടെ പരാതികൾ ഉയർന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
