തൃശൂര്‍: ആദ്യമായി ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച 23 കാരിയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സമ്മതപത്രം നല്‍കി. വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയം കിഴക്കേല്‍ വിന്‍സെന്റിന്റെ മകള്‍ നവോമി (23) ആണ് മരണത്തിന് കീഴടങ്ങിയത്.
നവോമിയുടെ വിയോഗത്തിലും ആറ് പേര്‍ക്ക് പുതുജീവന്‍ നല്‍കാനുള്ള കുടുംബത്തിന്റെ തീരുമാനം നാടിന് നൊമ്പരത്തോടൊപ്പം മാതൃകയുമായി. കഴിഞ്ഞ ജൂണ്‍ 25 ന് പുലര്‍ച്ചെ നാലോടെ കൊട്ടാരക്കര വാളകത്ത് വെച്ചായിരുന്നു നവോമിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറും പാഴ്‌സല്‍ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. തൃശൂര്‍ സെന്റ് തോമസ് കോളജില്‍ നിന്നും സൈക്കോളജിയില്‍ പി.ജി ബിരുദം നേടിയ നവോമിക്ക് തിരുവനന്തപുരത്തായിരുന്നു ആദ്യ ജോലി ലഭിച്ചത്. പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിനായി ജൂണ്‍ 24 ന് രാത്രി അമ്മ ജിപ്‌സിക്കും സഹോദരന്‍ ജോയലിനുമൊപ്പം തിരുവനന്തപുരത്തേക്ക് പോകും വഴിയാണ് ദാരുണമായ അപകടം സംഭവിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ നവോമിയെ ആദ്യം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ഡോക്ടര്‍മാര്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ അമ്മ ജിപ്‌സിയും സഹോദരന്‍ ജോയലും തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ ചികിത്സയിലാണ്.
മികച്ചൊരു ഖോ-ഖോ കായികതാരം കൂടിയായിരുന്ന നവോമി, രജിഷ വിജയന്‍ പ്രധാന വേഷത്തിലെത്തിയ 'ഖോ-ഖോ' എന്ന മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഡ്രൈവറായ വിന്‍സെന്റാണ് അച്ഛന്‍. അമ്മ ജിപ്‌സി ജിം ട്രെയിനറാണ്. മറ്റൊരു സഹോദരി എയ്ഞ്ചല്‍ എറണാകുളത്ത് അധ്യാപികയാണ്. സഹോദരന്‍ ജോയല്‍ തൃശൂര്‍ സെന്റ് തോമസ് കോളജ് വിദ്യാര്‍ത്ഥിയാണ്. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി അവയവങ്ങള്‍ ആവശ്യമുള്ള രോഗികള്‍ക്ക് കൈമാറും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
