ഡിട്രോയിറ്റ്: ഫോമായുടെ 2026'28 ഭരണ സമിതിയിലേയ്ക്കുള്ള പ്രസിഡന്റ് സ്ഥാനാർത്ഥിയായി സംഘടനയുടെ സ്ഥാപക നേതാവും മികച്ച സംഘാടകനുമായ മാത്യു വർഗീസ് (ജോസ് ഫ്‌ളോറിഡ) നോമിനേഷൻ സമർപ്പിച്ചു. ഡിട്രോയിറ്റിൽ വിവിധ മലയാളി സംഘടനാ നേതാക്കളുടെ സാന്നിധ്യത്തിൽ ഫോമാ ചീഫ് ഇലക്ഷൻ കമ്മിഷണർ മാത്യു ചെരുവിൽ സമക്ഷമാണ് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മൽസരിക്കുന്ന ജോൺസൺ ജോസഫും വുമൺസ് ഫോറം റപ്പ് ആയി മൽസരിക്കുന്ന സുമിനി ജോർഡനും (ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ) തൽസമയം പത്രിക സമർപ്പിച്ചു.
ഫോമായുടെ തുടക്കത്തിന് എളിയ പങ്ക് വഹിച്ച താൻ, പലകാലഘട്ടങ്ങളിൽ പലർക്കുംവേണ്ടി അധികാര സ്ഥാനങ്ങളിൽ നിന്ന് മാറിനിന്ന ആളാണെന്നും എക്‌സിക്യൂട്ടീവ് സ്ഥാനങ്ങൾ വഹിക്കുന്നതിനേക്കാളുപരി പുതിയ വ്യക്തികളെ സംഘടനയിലേയ്ക്ക് കൊണ്ടുവരുവാനാണ് ഇക്കാലമത്രയും ശ്രമിച്ചതെന്നും മാത്യു വർഗീസ് പറഞ്ഞു. ''ഇപ്പോൾ ഔദ്യോഗിക രംഗത്തുനിന്ന് റിട്ടയർമെന്റിനെക്കുറിച്ച് അലോചിക്കുന്നതുകൊണ്ടാണ് ഫോമായുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മൽസരിക്കാൻ തീരുമാനിച്ചത്. സ്ഥാനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ സംഘടനയെ സേവിക്കാൻ പറ്റൂ എന്നില്ല. സ്ഥാനങ്ങൾ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഫോമായുടെ മുൻ പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും വിവിധ കമ്മിറ്റികൾക്കും ഒപ്പം നിന്ന് എല്ലാ പ്രധാനപ്പെട്ട എല്ലാ പ്രോജക്ടുകളിലും ഭാഗമാകുവാൻ എനിക്ക് സാധിച്ചിട്ടുണ്ട്...'' താൻ ഫോമയിൽ നിന്ന് കുറേക്കാലം മാറിനിന്നിട്ട് ഇപ്പോൾ പ്രസിഡന്റാവാൻ വരുന്നു എന്ന ചിലരുടെ വിമർശനത്തിന് മറുപടിയായി മാത്യു വർഗീസ് വ്യക്തമാക്കി.
റിട്ടയർമെന്റിന് ശേഷം രണ്ട് വർഷം പൂർണമായും എനിക്കു ഫോമായേ സേവിക്കുവാനുള്ള സമയം കണ്ടെത്തികൊണ്ടാണ് ഞാൻ മത്സരരംഗത്തേക്ക് വന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിരമായി എക്‌സിക്യൂട്ടീവ് പൊസിഷനിൽ ഇരിക്കാനില്ലെന്നും അടുത്ത തലമുറയിലേക്ക് ഫോമായേ കൈമാറ്റം ചെയ്യുന്നതാണ് തന്റെ ലക്ഷ്യമെന്നും ടീം പ്രോമീസ് പാനലിൽ രണ്ടാം തലമുറക്കാരായ മൂന്നുപേർ മത്സരിക്കുന്നത് അതിനു തുടക്കം കുറിച്ചുകൊണ്ടാണെന്നും മാത്യു വർഗീസ് വ്യക്തമാക്കുന്നു. ഫോമായുടെ രൂപീകരണം മുതൽ സംഘടനയോടൊപ്പം ചേർന്ന് സജീവമായി പ്രവർത്തിക്കുന്ന മാത്യു വർഗീസ് 2014 -2016ലെ മയാമി കൺവൻഷൻ ചെയർമാൻ, 2016 -2018ൽ ഫോമാ പി.ആർ.ഒ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
'ടീം പ്രോമീസ് ഫോമാ'യുടെ ബാനറിൽ മാത്യു വർഗീസിന് ഒപ്പം ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് അനു സ്‌കറിയ, ട്രഷറർ സ്ഥാനാർത്ഥിയായി ബിനോയ് തോമസ്, ജോൺസൺ ജോസഫ് (വൈസ് പ്രസിഡന്റ്), രേഷ്മ രഞ്ജൻ (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോൺ (ജോയിന്റ് ട്രഷറർ) എന്നിവരും മൽസര രംഗത്തുണ്ട്. ഡെലിഗേറ്റുകളുടെ എല്ലാവിധ പിന്തുണയും അനുഗ്രഹാശിസുകളും ഉണ്ടാവണമെന്ന് പാനൽ അംഗങ്ങൾ അഭ്യർത്ഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
