തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ കെഎസ്ഇബി ജീവനക്കാർക്ക് എതിരെ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു). 'മൊത്തം കുളമാകട്ടെ എന്ന ലക്ഷ്യത്തോടെ അനാവശ്യമായി വൈദ്യുതി ഓഫ് ചെയ്യുന്നു' എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയമാണെന്ന് കെഎസ്ഇബിഡബ്ല്യുഎ വിമർശിച്ചു.
കൊച്ചിയിൽ നടന്ന എനർജി കോൺക്ലേവിലായിരുന്നു കെഎസ്ഇബി ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ രംഗത്തെത്തിയത്.
പുനരുപയോഗ ഊർജ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ച് പറയുമ്പോൾ കെഎസ്ഇബിയിലെ ചില ഉദ്യോഗസ്ഥർക്ക് ചൊറിച്ചിലാണെന്ന് സതീശൻ പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരിൽ ചിലർക്ക് 'കുളം കലക്കി മീൻ പിടിക്കുന്ന' സമീപനമാണ്.
ഇത്തരം കാര്യങ്ങൾ തിരിച്ചടിയാകും. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി വഷളാകട്ടെ എന്ന് കരുതി ചിലയിടങ്ങളിൽ ഉദ്യോഗസ്ഥർ മനഃപൂർവ്വം അനാവശ്യമായി നാലും അഞ്ചും തവണ വൈദ്യുതി വിച്ഛേദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ കർശന നടപടിയുണ്ടാകുമെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കെഎസ്ഇബിഡബ്ല്യുഎ രംഗത്തെത്തിയത്.
മുഖ്യമന്ത്രിയുടെ പ്രസ്താവന തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്ന് കെഎസ്ഇബിഡബ്ല്യുഎ പറഞ്ഞു. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് പകരം തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിന് ജീവനക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ അവഗണിക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ അംഗീകരിക്കാനാവില്ല. പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തി ശാശ്വത പരിഹാരം കണ്ടെത്തണം. തൊഴിലാളികൾ മനഃപൂർവ്വം വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുന്നുവെന്ന പ്രസ്താവന മുഖ്യമന്ത്രി തിരുത്തണമെന്നും കെഎസ്ഇബിഡബ്ല്യുഎ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
