ഇപിഎസ് എന്ന് ചുരുക്കപ്പേരുള്ള പ്രതിയോഹരി വരുമാനത്തിന്റെ (ഏണിങ് പെർ ഷെയർ) ഗ്രാഫ് ഏറ്റവും ആരോഗ്യത്തോടെ വിലസുന്ന ബിസിനസായി ആരോഗ്യ മേഖല കേരളത്തിൽ വളർന്നിട്ടു വർഷങ്ങളായി. ആഗോളതലത്തിൽ വേരു പടർത്തിയ വമ്പൻ കോർപ്പറേറ്റുകൾ ശതകോടികളുടെ നിക്ഷേപവുമായി സംസ്ഥാനത്തെ ആശുപത്രികളും ഡയഗ്‌നോസ്റ്റിക്‌സ് വ്യവസായവും വരുതിയിലാക്കാൻ രംഗത്തു വന്നത് ഇതിന്റെ അനുബന്ധമായാണ്.
ആരോഗ്യ കാര്യത്തിലുള്ള മലയാളിയുടെ അതിരുവിട്ട താൽപ്പര്യവും ഉത്ക്കണ്ഠയുമാണിതിനു പിന്നിൽ. അതേസമയം തന്നെ, 'കേരള മോഡൽ' ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ആഗോളതലത്തിൽ അഭിമാനം കൊള്ളുന്ന സംസ്ഥാനത്ത്, പാവപ്പെട്ട രോഗികൾക്ക് അത്യാവശ്യ ജീവൻ രക്ഷാ മരുന്നുകൾ പോലും ലഭ്യമാകാതെ വരുന്നുവെന്നതും യാഥാർത്ഥ്യം.
ലോകമെമ്പാടും പുകഴ്ത്തപ്പെട്ട കേരളത്തിന്റെ പൊതുജനരോഗ്യ മാതൃക ഇന്ന് വലിയൊരു ചോദ്യചിഹ്നത്തിന് മുന്നിൽ പതറി നിൽക്കുന്നു. സാക്ഷരതയിലും നിപ്പ, കോവിഡ് തുടങ്ങിയ മഹാമാരികളെ ചെറുത്തുതോൽപ്പിക്കുന്നതിലും കേരളം കാട്ടിയ മികവ് നിഷേധിക്കാനാവില്ല. എന്നാൽ, ദിനംപ്രതി വേണ്ട ഇൻസുലിൻ, ബി.പി ഗുളികകൾ, പാരസെറ്റമോൾ, അടിയന്തര ആന്റിബയോട്ടിക്കുകൾ എന്നിവ തടസ്സമില്ലാതെ വിതരണം ചെയ്യാൻ കഴിയാത്തവിധമുള്ള പ്രതിസന്ധി പൊതു ആരോഗ്യമേഖലയെ ചോദ്യമുനയിൽ നിർത്തുന്നു.
ജനക്ഷേമ സർക്കാരുകളുടെ പ്രാഥമിക ചുമതല പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ്. അതിൽ ഏറ്റവും പ്രധാനം ആരോഗ്യ സംരക്ഷണമാണ്. ഒരു പൗരന് രോഗം വരുമ്പോൾ അവന് ചികിത്സയും മരുന്നും നൽകുക എന്നത് സർക്കാരിന്റെ ദയയല്ല, മറിച്ച് ഭരണഘടനാപരമായ കടമയാണ്. യാഥാർത്ഥ്യം ഇതായിരിക്കേ 'പ്രതിയോഹരി വരുമാന മോഹ'ത്തിന്റെ പ്രച്ഛന്നവേഷങ്ങൾ പൊതു ആരോഗ്യ മേഖലയിലും അഴിഞ്ഞാടിയതിന്റെ നാറുന്ന കഥകൾ ഒന്നിനു പുറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു.
പ്രമുഖ സർക്കാർ മെഡിക്കൽ സ്ഥാപനങ്ങളിലും കാരുണ്യ ഫാർമസികളിലും വൻതോതിൽ തുടരുന്ന മരുന്ന് ക്ഷാമം കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ അത്യന്തം അപകടകരമായൊരു പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ജീവൻരക്ഷാ മരുന്നുകൾ പോലും ലഭ്യമാകാതെ വരുന്നത് കേവലം ഒരു ഭരണപരമായ വീഴ്ചയല്ല മറിച്ച് ജനങ്ങളുടെ ജീവിക്കാനുള്ള അടിസ്ഥാന അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. വൻകിട സ്വകാര്യ ആശുപത്രികളിലെ ചെലവേറിയ ചികിത്സ താങ്ങാനാവാതെ സർക്കാർ ആശുപത്രികളുടെയും കാരുണ്യ ഫാർമസികളുടെയും മുന്നിൽ ക്യൂ നിൽക്കുന്ന സാധാരണക്കാരായ ജനങ്ങളിൽ പലർക്കും വീണ്ടും സ്വകാര്യ ഫാർമസികളെ ആശ്രയിക്കേണ്ടി വരുന്ന ദുര്യോഗമാണുള്ളത്.
അഴിമതിക്കു വഴി തെളിക്കുന്ന ദീർഘവീക്ഷണമില്ലാത്ത നയങ്ങളും ധനകാര്യ ഏകോപനത്തിലെ പാളിച്ചകളും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ വീഴ്ചകളുമാണ് ഈ സങ്കീർണ പ്രതിസന്ധിക്ക് കാരണമെന്ന് കാര്യവിവരമുള്ളവർ പറയുന്നു. ആജീവനാന്ത രോഗങ്ങളുള്ള മുതിർന്ന പൗരന്മാർ, ദിനബത്തക്കാർ, കർഷകർ എന്നിവർ മരുന്ന് വാങ്ങാനായി ഉയർന്ന പലിശയ്ക്ക് പണം കടമെടുക്കാൻ നിർബന്ധിതരാകുന്നു. ഗ്രാമീണ മേഖലകളിൽ മരുന്ന് വാങ്ങാൻ പണമില്ലാത്തതിനാൽ ഇൻസുലിൻ ഡോസുകൾ പകുതിയാക്കിയും, പ്രഷർ ഗുളികകൾ ദിവസേന കഴിക്കാതെ ഇടവിട്ട ദിവസങ്ങളിൽ കഴിച്ചും രോഗം വഷളാക്കുന്ന പാവപ്പെട്ട മനുഷ്യരുടെ എണ്ണം വർദ്ധിച്ചുവരികയാണ്.
കൃത്യസമയത്ത് മരുന്ന് ലഭിക്കാത്തത് മൂലം സ്‌ട്രോക്ക്, ഹൃദയാഘാതം, കിഡ്‌നി തകരാറുകൾ എന്നിവ വർദ്ധിക്കുകയും, ഇത് ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിലെ തിരക്ക് കൂട്ടാൻ കാരണമാവുകയും ചെയ്യുന്നു. ആയിരക്കണക്കിന് സാധാരണക്കാരും നിർധനരുമായ രോഗികളുടെ അവസാന ആശ്രയകേന്ദ്രമാണ് ജനറൽ ആശുപത്രികൾ. എന്നാൽ മാസങ്ങളായി ഇവിടങ്ങളിൽ അത്യാവശ്യ മരുന്നുകളുടെ വിതരണം പൂർണ്ണമായും നിലച്ച മട്ടാണ്. പ്രമേഹം, അമിത രക്തസമ്മർദ്ദം, ഹൃദ്രോഗം, അർബുദം, വൃക്കരോഗങ്ങൾ തുടങ്ങിയ മാറാവ്യാധികൾക്ക് ആജീവനാന്തം മരുന്ന് കഴിക്കേണ്ട രോഗികളാണ് ഇവിടെ സർവ്വത്ര ദുരിതത്തിലായിരിക്കുന്നത്.
ഒ.പി വിഭാഗത്തിൽ മണിക്കൂറുകളോളം വരിനിന്ന് ഡോക്ടറെ കണ്ട് പുറത്തിറങ്ങുന്ന രോഗിക്ക് ഫാർമസി കൗണ്ടറിൽ നിന്ന് ലഭിക്കുന്നത് ഒറ്റവരി മറുപടി:മരുന്ന് സ്റ്റോക്കില്ല, പുറത്തുനിന്നും വാങ്ങണം. കാരുണ്യ ഫാർമസികളിൽ നിന്നും കുറഞ്ഞ നിരക്കിൽ മരുന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പലരും അങ്ങോട്ട് പോകുന്നത്. എന്നാൽ അവിടെയും സ്ഥിതി ഭിന്നമല്ല. കാരുണ്യ കൗണ്ടറുകളിൽ അത്യാവശ്യ ബ്രാൻഡഡ് മരുന്നുകളോ ജനറിക് മരുന്നുകളോ പോലുമില്ലാത്ത അവസ്ഥയാണുള്ളത്. കാരുണ്യ ഫാർമസികളിലേക്ക് മരുന്ന് വിതരണം ചെയ്യുന്ന വൻകിടചെറുകിട മരുന്ന് കമ്പനികൾക്ക് കോടിക്കണക്കിന് രൂപയാണ് സർക്കാർ നൽകാനുള്ളത്. മാസങ്ങളായി വിതരണക്കാർക്ക് പണം നൽകാൻ കഴിയാത്തതിനെ തുടർന്ന് കമ്പനികൾ പുതിയ സ്റ്റോക്കുകൾ നൽകുന്നത് നിർത്തിവെച്ചിരിക്കുന്നു.
മുറിയുന്ന ചികിൽസ
ഗുരുതര രോഗ ബാധിതർക്ക് നൽകി വന്ന സബ്‌സിഡികളും സഹായങ്ങളും ലഭിക്കാത്തതിനാൽ അർബുദ രോഗികളും വൃക്കരോഗികളും നിത്യേന കഴിക്കേണ്ട വിലകൂടിയ മരുന്നുകൾ വാങ്ങാനാവാതെ ചികിത്സ പാതിവഴിയിൽ ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്ക് ആവശ്യമായ മരുന്നുകളും ചികിത്സാ ഉപകരണങ്ങളും സുതാര്യമായി വാങ്ങി വിതരണം ചെയ്യേണ്ട ഉത്തരവാദിത്തം കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ്. എന്നാൽ നിലവിലെ മരുന്ന് ക്ഷാമത്തിന് ഏറ്റവും വലിയ ഉത്തരവാദി ഈ സ്ഥാപനത്തിന്റെ അപക്വവും അശാസ്ത്രീയവുമായ പ്രവർത്തന രീതിയാണ്.
കിടത്തിച്ചികിത്സയിലുള്ള രോഗികളുടെ അവസ്ഥ ദാരുണമാണ്. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ കോട്ടൺ, സിറിഞ്ച്, ഗ്ലൗസ്, ആന്റിബയോട്ടിക് കുത്തിവെയ്പ്പുകൾ തുടങ്ങി നിസാരമെന്ന് തോന്നാവുന്ന പ്രാഥമിക സാമഗ്രികൾ പോലും രോഗികളുടെ ബന്ധുക്കൾ പുറത്തുനിന്ന് വാങ്ങി നൽകേണ്ടി വരുന്നു.
കൃത്യസമയത്ത് പണം ലഭിക്കാതായതോടെ പ്രമുഖ വിതരണക്കാരെല്ലാം കെ.എം.എസ്.സി.എല്ലിന്റെ ടെൻഡറുകളിൽ നിന്ന് വിട്ടുനിൽക്കാൻ തുടങ്ങി. ഫലമായി, ഗുണനിലവാരമില്ലാത്ത കമ്പനികളുടെ മരുന്നുകൾ അല്ലെങ്കിൽ ഉയർന്ന തുക ആവശ്യപ്പെടുന്ന പ്രദേശിക വിതരണക്കാർ എന്നിവരെ ആശ്രയിക്കാൻ അവർ നിർബന്ധിതമാകുന്നു. കൂടാതെ, ഏതൊക്കെ ആശുപത്രികളിൽ ഏതൊക്കെ മരുന്നുകൾക്കാണ് ക്ഷാമമുള്ളത്, ഏതൊക്കെ മരുന്നുകളാണ് കാലാവധി കഴിഞ്ഞ് നശിച്ചുപോകുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ വിവരശേഖരണമോ ഓഡിറ്റിംഗോ നടക്കുന്നില്ലത്രേ.
ആരോഗ്യ വകുപ്പിലെ ക്രമക്കേടിൽ പലവിധ അന്വേഷണത്തിന് ഉത്തരവിട്ടുകഴിഞ്ഞു പുതിയ ആരോഗ്യ മന്ത്രി കെ മുരളീധരൻ. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്സി.എൽ) ബ്ലീച്ചിംഗ് പൗഡർ വാങ്ങിയതിൽ ക്രമക്കേടുകൾ നടന്നതായുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ നിർദ്ദേശം നൽകി. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്ത് വർഷത്തെ ഇടപാടുകൾ അടിയന്തരമായി പരിശോധിക്കാനും ഉത്തരവിട്ടു.
വയനാട് മെഡിക്കൽ കോളജിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിക്കാതെ ഗോഡൗണിൽ നശിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ ഈ നിർണായക നീക്കം. വയനാട് മെഡിക്കൽ കോളജ് ഗോഡൗണിൽ ഒന്ന് തുറന്ന് പോലും നോക്കാത്ത നിലയിൽ പെട്ടികളിലാക്കിയാണ് വിലകൂടിയ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്നത്. ഇതിൽ ഒന്നിന് 20 ലക്ഷത്തിലേറെ രൂപ വില വരുന്ന ആറ് മൊബൈൽ മോർച്ചറി യൂണിറ്റുകൾ വരെ ഉൾപ്പെടുന്നു.
വർഷങ്ങളോളം അനാഥമായി കിടന്നതിനെ തുടർന്ന് ഇവയിൽ ഭൂരിഭാഗവും ഇപ്പോൾ പൂർണമായും ഉപയോഗശൂന്യമായ നിലയിലാണ്. നിലവിൽ സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന ഉപകരണങ്ങളുടെ കൃത്യമായ പട്ടിക തയ്യാറാക്കാൻ മന്ത്രി നിർദേശിച്ചിട്ടുണ്ട്. ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലയളവിൽ നടന്ന മുഴുവൻ സംഭരണങ്ങളും സമഗ്രമായ ആഭ്യന്തര ഓഡിറ്റിന് വിധേയമാക്കും. കോഴിക്കോട്, വയനാട് ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ മന്ത്രി നടത്തിയ മിന്നൽ സന്ദർശനമാണ് ആരോഗ്യ വകുപ്പിലെ വൻ വീഴ്ചകൾ പുറത്തുകൊണ്ടുവന്നത്.
ബ്ലീച്ച് ചെയ്ത് അഴിമതി
ബ്ലീച്ചിങ് പൗഡർ കരാറിൽ പുറത്തു വരുന്നത് വമ്പൻ അഴിമതിയാണ്. ടെണ്ടർ ക്ഷണിച്ചപ്പോൾ കരാറിൽ പങ്കെടുക്കുന്ന കമ്പനികൾക്ക് വാർഷിക വിറ്റുവരവ കഴിഞ്ഞ മൂന്നു വർഷമായി ശരാശരി അഞ്ചു കോടി രൂപ വേണമെന്ന് നിബന്ധനയുണ്ടായിരുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ 13,90,780 കിലോഗ്രാം ബ്ലീച്ചിംഗ് പൗഡർ വാങ്ങുന്നതിനാണ് ടെണ്ടർ ക്ഷണിച്ചത്. എന്നാൽ, 2026-27 വർഷത്തിൽ വങ്ങേണ്ട അളവ് 15,59,382 കിലോഗ്രാം (ഏകദേശം 15.59 ലക്ഷം കിലോഗ്രാം) ആയി കുത്തനെ കൂട്ടുകയും നിരതദ്രവ്യം തുക വർദ്ധിപ്പിക്കുകയും ചെയ്തിട്ടും വിചിത്രമെന്നു പറയട്ടെ, വാർഷിക വിറ്റുവരവ് പരിധി അഞ്ചു കോടി രൂപയിൽ നിന്നും രണ്ടു കോടി രൂപയായി കുറച്ചു.
കഴിഞ്ഞ രണ്ട് വർഷമായി യാതൊരുവിധ പ്രശ്‌നങ്ങളുമില്ലാതെ കെ.എം.എസ്.സി.എല്ലിലേക്ക് ബ്ലീച്ചിംഗ് പൗഡർ വിതരണം ചെയ്തിരുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിനെ ഒഴിവാക്കാനും കേവലം 3 കോടി രൂപ മാത്രം വാർഷിക വിറ്റുവരവുള്ള ബാങ്കെ ബിഹാരി കെമിക്കൽസ് എന്ന വിവാദ കമ്പനിക്ക് മാത്രം യോഗ്യത ഉറപ്പാക്കാനും കോർപ്പറേഷനിലെ ചില ഉദ്യോഗസ്ഥർ നടത്തിയ അട്ടിമറിയാണിതെന്ന് സംശയിക്കുന്നു. അഞ്ചു കോടി രൂപയുടെ പഴയ നിബന്ധന നിലനിർത്തിയിരുന്നെങ്കിൽ ഈ കമ്പനിക്ക് ടെണ്ടറിൽ പങ്കെടുക്കാൻ പോലും യോഗ്യത ഉണ്ടാകുമായിരുന്നില്ല. ഈ കമ്പനിയുടെ ശരാശരി വിറ്റുവരവ് മൂന്നു കോടി മാത്രം.
മൂന്നു കോടി രൂപ വാർഷിക വിറ്റുവരവുള്ള കമ്പനിക്ക് എങ്ങനെയാണ് ഏഴു കോടിയിലധികം രൂപയുടെ ഓർഡർ വിതരണം ചെയ്യാൻ കഴിയുക എന്നത് പ്രസക്തമായ ചോദ്യം. കൂടാതെ ഏതാനും മാസങ്ങൾക്കുള്ളിൽ ഇത് വിതരണം ചെയ്യാനും അവരോട് നിർദ്ദേശിച്ചിരുന്നു. യോഗ്യതയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെയും വൻകിട വിതരണക്കാരെയും മറികടന്ന്, ആവശ്യത്തിന് മൂലധനമില്ലാത്ത ഒരു സ്വകാര്യസ്ഥാപനത്തെ സഹായിക്കാനുള്ള വ്യക്തമായ ഉദ്ദേശ്യമാണ് ഇതിലൂടെ വെളിപ്പെട്ടത്.
സംസ്ഥാന സ്റ്റോർ പർച്ചേസ് വകുപ്പിന്റെ 28.10.2013 ലെ സർക്കുലർ പ്രകാരം, ആദ്യം വിളിച്ച ടെണ്ടറിൽ ഒരൊറ്റ കമ്പനി മാത്രം യോഗ്യത നേടുമ്പോൾ അത് സ്വീകരിക്കുന്നത് പൂർണ്ണമായും നിയമവിരുദ്ധമാണ്. അത്തരം സാഹചര്യങ്ങളിൽ കർശനമായും റീടെണ്ടർ ചെയ്യേണ്ടതുണ്ട്. എന്നാൽ, കെ.എം.എസ്.സി.എൽ ഫെബ്രുവരി 20ന് പ്രസിദ്ധീകരിച്ച ആദ്യ ടെണ്ടറിൽ തന്നെ യാതൊരുവിധ മത്സരവുമില്ലാതെ ഈ ഒരൊറ്റ കമ്പനിയുടെ ഓഫർ സ്വീകരിച്ചു.
2025 മെയ്, ജൂലൈ മാസങ്ങളിൽ ടെണ്ടറുകൾ വിളിച്ചിരുന്നതിനാൽ ഇത് റീടെണ്ടർ ആയി കണക്കാക്കാം എന്നാണ് കോർപ്പറേഷന്റെ വിശദീകരണം. എന്നാൽ, 2025 ൽ വിളിച്ച ടെണ്ടറുകൾ മുൻ സാമ്പത്തിക വർഷത്തെ (2025-26) ആയിരുന്നു. ബ്ലീച്ചിംഗ് പൗഡറിനായി 2026-27 വർഷത്തെ പുതിയ നിരക്ക് കരാറിനായി ഒരു ടെണ്ടർ മാത്രമാണ് വിളിച്ചിട്ടുള്ളത്. മാനദണ്ഡങ്ങൾ അനുസരിച്ച് ഇത് റീടെണ്ടർ ചെയ്യേണ്ടതായിരുന്നു.
റീടെണ്ടർ ചെയ്യാതെ ആദ്യ ടെണ്ടറിലെ സിംഗിൾ ബിഡ്ഡർക്ക് തന്നെ ഓർഡർ നൽകി. ഇത് കേരള സ്റ്റോർ പർച്ചേസ് മാനുവലിന്റെ ഗുരുതരമായ ലംഘനമാണ്. ഗവൺമെന്റ് അംഗീകാരമില്ലാതെ ആദ്യ ടെൻഡറിൽ സിംഗിൾ ബിഡ് എങ്ങനെ സ്വീകരിക്കാൻ കഴിയുമെന്ന ചോദ്യത്തിനുമില്ല ഉത്തരം.
ബാബു കദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
