ടാറ്റയെ പുറത്താക്കി കെനിയ: വിഭവച്ചൂഷണ രാഷ്ട്രീയവും തൊഴിലില്ലാതാകുന്ന ആയിരങ്ങളും

SEPTEMBER 3, 2026, 10:16 PM

ഒരു നൂറ്റാണ്ടിലേറെയായി കെനിയയിലെ മഗാഡി തടാകമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ടാറ്റാ കെമിക്കല്‍സിന് അടിയന്തരമായി രാജ്യം വിടാന്‍ പ്രസിഡന്റ് വില്യം റൂട്ടോ നല്‍കിയ ഉത്തരവ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ വിദേശ നിക്ഷേപ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. 'നമ്മള്‍ മറ്റുള്ളവരുടെ അടിമകളാണോ?' എന്ന പ്രകോപനപരമായ ചോദ്യത്തോടെയാണ് ടാറ്റയോട് ബാഗും പായ്ക്ക് ചെയ്ത് സ്ഥലംവിടാന്‍ റൂട്ടോ പരസ്യമായി ആവശ്യപ്പെട്ടത്.

തദ്ദേശീയ വിഭവച്ചൂഷണം, ആഗോള കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍, ഭരണകൂട അഴിമതി ആരോപണങ്ങള്‍, തൊഴില്‍ പ്രതിസന്ധി എന്നിവ കൂട്ടിമുട്ടുന്ന സങ്കീര്‍ണ്ണമായ ഒരു വ്യവസായ-രാഷ്ട്രീയ പോരാട്ടത്തിനാണ് മഗാഡി ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.

സംഭവത്തിന്റെ രാഷ്ട്രീയം: ദേശീയതയോ അതോ അഴിമതിയോ?

കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോയുടെ തീരുമാനത്തിന് പിന്നില്‍ ശക്തമായ ജനകീയ ദേശീയതയുടെയും അഴിമതി ആരോപണങ്ങളുടെയും ഇരുതല മൂര്‍ച്ചയുള്ള രാഷ്ട്രീയമുണ്ട്. മഗാഡി തടാകത്തില്‍ നിന്ന് ലോകോത്തര നിലവാരമുള്ള സോഡാ ആഷ് ഖനനം ചെയ്ത് അസംസ്‌കൃത വസ്തുവായിത്തന്നെ ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കയറ്റിയയക്കുക മാത്രമാണ് ടാറ്റ ചെയ്തതെന്നാണ് സര്‍ക്കാരിന്റെ ആരോപണം. പ്രദേശത്ത് ഒരു ഗ്ലാസ് ഫാക്ടറിയോ പ്രൊസസിംഗ് യൂണിറ്റോ സ്ഥാപിക്കാന്‍ കമ്പനി തയ്യാറായില്ല. പ്രകൃതിവിഭവങ്ങള്‍ പ്രാദേശികമായി സംസ്‌കരിച്ച് ഉല്‍പ്പന്നങ്ങളാക്കി മാറ്റണമെന്ന സാമ്പത്തിക നയം മുന്‍നിര്‍ത്തിയാണ് ടാറ്റയെ പുറത്താക്കുന്നതെന്നാണ് ഭരണകൂടം വ്യക്തമാക്കുന്നത്.

പ്രതിപക്ഷ ആരോപണവും ഭൂഗര്‍ഭ വിഭവ താല്‍പ്പര്യങ്ങളും

അതേസമയം റൂട്ടോയുടെ തീരുമാനം ഭരണകൂട സ്‌പോണ്‍സേഡ് സാമ്പത്തിക അട്ടിമറിയാണെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ ഡെമോക്രസി ഫോര്‍ സിറ്റിസണ്‍സ് പാര്‍ട്ടി തുറന്നടിച്ചു. മഗാഡി മണ്ണിനടിയില്‍ ട്രില്യണ്‍ കണക്കിന് ഷില്ലിംഗ് മൂല്യമുള്ള ലിഥിയം, ക്രൂഡോയില്‍ നിക്ഷേപങ്ങളുണ്ടെന്നും, പ്രസിഡന്റിനും അദ്ദേഹത്തിന്റെ വ്യവസായ പങ്കാളികള്‍ക്കും വേണ്ടപ്പെട്ട ബിസിനസ് ഗ്രൂപ്പുകള്‍ക്ക് ഖനനാനുമതി വെച്ചുമാറാനാണ് ടാറ്റയെ നിര്‍ബന്ധിച്ച് പുറത്താക്കുന്നതെന്നുമാണ് പ്രതിപക്ഷ ആരോപണം.

മുന്‍പ് തലസ്ഥാനമായ നെയ്‌റോബിയിലെ വിമാനത്താവള നിര്‍മാണ കരാറില്‍ നിന്ന് ഇന്ത്യന്‍ ഭീമന്മാരായ അദാനി ഗ്രൂപ്പിനെ ഒഴിവാക്കി ചൈനീസ് കമ്പനിക്ക് നല്‍കിയതിന് പിന്നാലെയാണ് ടാറ്റയ്ക്കെതിരെയുമുള്ള ഈ നടപടി. ആഫ്രിക്കന്‍ രാജ്യങ്ങള്‍ വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് മേല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ സൂചനയായും ഇത് വിലയിരുത്തപ്പെടുന്നു.

തൊഴിലാളികളുടെ ഭാവി

കമ്പനി പൂട്ടിപ്പോകുന്നതോടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥ വലിയ തകര്‍ച്ചയെയാണ് അഭിമുഖീകരിക്കുന്നത്. കമ്പനിയില്‍ നേരിട്ട് ജോലി ചെയ്യുന്ന 500 ഓളം ജീവനക്കാരുടെ തൊഴില്‍ ഒറ്റരാത്രികൊണ്ട് ഇല്ലാതായി. ഇതിനുപുറമെ കരാര്‍ തൊഴിലാളികളും അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമടക്കം പ്രദേശവാസികളായ ഒരു ലക്ഷത്തോളം ആളുകളുടെ ഉപജീവന മാര്‍ഗ്ഗം തടസ്സപ്പെടുമെന്ന് മുന്നറിയിപ്പുണ്ട്.

അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ച

മഗാഡി പ്രദേശത്തെ തദ്ദേശീയരായ മാസായി വിഭാഗക്കാര്‍ക്ക് കുടിവെള്ളം, ആശുപത്രി, സ്‌കൂളുകള്‍, വൈദ്യുതി എന്നിവ നല്‍കിയിരുന്നത് ടാറ്റയുടെ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ട് വഴിയായിരുന്നു. കമ്പനി അടച്ചുപൂട്ടുന്നതോടെ പ്രദേശത്തെ കുടിവെള്ള വിതരണവും ആരോഗ്യ സംവിധാനങ്ങളും താറുമാറാകും.

മുന്‍പോട്ടുള്ള നടപടിക്രമങ്ങളും നിയമപോരാട്ടങ്ങളും

മഗാഡിയിലെ സോഡാ ആഷ് ഖനനം ഇനി മുന്നോട്ടുപോകുന്നതിന് ടാറ്റയ്ക്ക് പകരം തദ്ദേശീയമായി വലിയ ഗ്ലാസ് ഫാക്ടറിയും കെമിക്കല്‍ ഫാക്ടറിയും നിര്‍മ്മിക്കാന്‍ തയ്യാറുള്ള രണ്ട് പുതിയ കമ്പനികള്‍ക്ക് ഖനനാനുമതി നല്‍കുമെന്നാണ് പ്രസിഡന്റ് റൂട്ടോ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഖനനം നിര്‍ത്തിവെക്കാനും കയറ്റുമതി തടയാനുമുള്ള മുന്‍ ഉത്തരവിനെതിരെ ടാറ്റ കെമിക്കല്‍സ് ലിമിറ്റഡ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ അന്തിമ വാദം കോടതിയുടെ പരിഗണനയിലാണ്.

റോയല്‍റ്റി കുടിശ്ശികയും ലൈസന്‍സ് തര്‍ക്കവും:

ടാറ്റയുടെ ലൈസന്‍സ് കാലാവധി 2023 ല്‍ അവസാനിച്ചുവെന്നും, കമ്പനി വലിയ തുക റോയല്‍റ്റിയായും നികുതിയായും കെനിയന്‍ ഖനന മന്ത്രാലയത്തിന് നല്‍കാനുണ്ടെന്നുമാണ് സര്‍ക്കാറിന്റെ ഔദ്യോഗിക നിലപാട്. എന്നാല്‍ തങ്ങള്‍ നിലവിലുള്ള എല്ലാ നിയമങ്ങളും പൂര്‍ണ്ണമായും പാലിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് ടാറ്റ മറുപടി നല്‍കുന്നു.

1911 ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച ബ്രണ്ണര്‍ മോണ്ട്' കമ്പനിയെ 2005 ല്‍ ടാറ്റ ഏറ്റെടുത്തതാണ് മഗാഡിയുടെ നൂറുവര്‍ഷത്തെ വ്യാവസായിക ചരിത്രം. ആ നൂറ്റാണ്ട് പഴക്കമുള്ള ചരിത്രമാണ് ഒരു പ്രസിഡന്റിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിലൂടെ അവസാനിക്കുന്നത്. പ്രകൃതിവിഭവങ്ങളുടെ സംസ്‌കരണം സ്വന്തം രാജ്യത്ത് നടക്കണമെന്ന കെനിയന്‍ ജനതയുടെ താല്‍പ്പര്യമാണോ, അതോ ലിഥിയവും ക്രൂഡോയിലും ലക്ഷ്യമിടുന്ന പുതിയ കോര്‍പ്പറേറ്റ് കളികളുടെ തുടക്കമാണോ ഇത് എന്ന് വരുംദിവസങ്ങളിലെ കോടതി വിധികളും പുതിയ നിക്ഷേപകരുടെ വരവും വ്യക്തമാക്കും.

English Summary

In a major geopolitical and corporate shift, Kenyan President William Ruto ordered India’s Tata Chemicals to cease operations and exit the country after more than a century of mining soda ash in the Lake Magadi region, accusing the company of failing to build local processing infrastructure, bypassing domestic markets, and neglecting untapped lithium and crude oil deposits. While the Kenyan government frames the decision as a stand for national sovereignty and localized industrialization, the opposition contends that the abrupt eviction is a politically motivated effort to reallocate lucrative mining contracts to government-aligned allies, directly threatening over 500 immediate jobs, the livelihoods of thousands of indirect workers, and essential community services funded by the company.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam