നിറം അല്ല മനം പ്രധാനം

APRIL 1, 2025, 11:59 PM

വർണവിവേചനവുമായി ബന്ധപ്പെട്ട ചരിത്രം പഠിക്കുമ്പോൾ നമ്മുടെ മനസിലേക്കു കടന്നു വരുന്നത് അമേരിക്കയും മാർട്ടിൽ ലൂതൽ കിംഗുമാണ്. നിറത്തിന്റെ പേരിൽ കൊടിയ വിവേചനം അനുഭവിച്ച ഒരു ജനത. അവരുടെ രക്ഷകനായി മാറിയ മാർട്ടിൻ ലൂതൽ കിംഗ് ജൂണിയർ എന്ന നേതാവ്. 1963 മാർച്ചിൽ വാഷിംഗ്ടണിൽ അദ്ദേഹം നടത്തിയ 'ഐ ഹാവ് എ ഡ്രീം' എന്നറിയപ്പെടുന്ന വിഖ്യാതമായ പ്രസംഗം ലോകമെമ്പാടും അധസ്ഥിതരുടെ ചെവിയിൽ ഇന്നുമൊരു കടലിരമ്പം സൃഷ്ടിക്കും. തുല്യാവകാശവും നീതിയും നിഷേധിക്കപ്പെടുന്നവരെ ആവേശഭരിതരാക്കുന്ന വാക്കുകൾ.

ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതിനുശേഷമാണ് അമേരിക്കയിൽ ഇത്തരമൊരു പോരാട്ടം നടന്നതെന്നോർക്കണം. കറുത്ത വംശജർ നേരിടുന്ന വിവേചനത്തിനെതിരേ പോരാടാൻ മാർട്ടിൻ ലൂതർ കിംഗ് ജൂണിയർക്ക് ആവേശം പകർന്നതാകട്ടെ നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ അക്രമരഹിത സമരരീതിയും. വംശം, നിറം, മതം, ലിംഗം തുടങ്ങിയ കാര്യങ്ങളിൽ യാതൊരു വേർതിരിവും പാടില്ലെന്ന പൗരസ്വാതന്ത്ര്യ നിയമം അമേരിക്ക 1964ൽ നടപ്പാക്കിയത് മാർട്ടിൽ ലൂതർ കിംഗിന്റെ ഈ പോരാട്ടത്തിന്റെ വിജയപരിസമാപ്തിയായി. സമാധാനത്തിനുള്ള 1964ലെ നോബൽ സമ്മാനത്തിനും മാർട്ടിൻ ലൂതർ കിംഗ് ജൂണിയർ അർഹനായി.

വർണവിവേചന പോരാട്ടത്തിനും മാർട്ടിൽ ലൂതർ കിംഗിനും എന്താണിപ്പോൾ പ്രസക്തി എന്നു ചിന്തിച്ചേക്കാം. ദുരഭിമാനക്കൊലയും ജാതി ചിന്തയും മാത്രമല്ല നിറത്തിന്റെ പേരിലുള്ള വിവേചനവും നമ്മുടെ നാട്ടിൽ ഇന്നും വ്യാപകമായുണ്ട്. ദുരഭിമാനക്കൊല അപൂർവമാകാം. പക്ഷേ ബോഡി ഷെയിമിംഗിന്റെ ഭാഗമായ നിറത്തിന്റെ പേരിലുള്ള വിവേചനവും അപഹസിക്കലും നമ്മുടെ സമൂഹത്തിൽ ഇന്നു വിരളമല്ല. കാലം ഏറെ മാറിയെങ്കിലും വർണചിന്ത ഇപ്പോഴും നമ്മുടെ മനസിലെവിടെയോ കറുത്ത വടുക്കളായി അവശേഷിക്കുന്നു.

vachakam
vachakam
vachakam

നിറത്തിന്റെ പേരിലുള്ള വിവേചനത്തെയും അപഹസിക്കലിനെയുംകുറിച്ച് ഈയിടെ പൊട്ടിപ്പുറപ്പെട്ട വിവാദം മാധ്യമങ്ങൾ നന്നായി കൊഴുപ്പിച്ചു. പെട്ടെന്നു ചൂടുപിടിക്കുന്ന വിഷയങ്ങൾ സാധാരണ കൈകാര്യം ചെയ്യുന്നത് ദൃശ്യമാധ്യമങ്ങളും നവമാധ്യമങ്ങളുമാണെങ്കിലും കറുപ്പു വിവാദം കൊഴുപ്പിച്ചതു പ്രധാനമായും അച്ചടി മാധ്യമങ്ങളാണ്. അതിൽതന്നെ കേരളത്തിൽ പ്രചാരത്തിൽ ഒന്നാമനെന്നും രണ്ടാമനെന്നും അവകാശപ്പെടുന്ന പത്രങ്ങൾ.

നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടതിനെക്കുറിച്ചു പരിഭവം പറഞ്ഞതു മറ്റാരുമല്ല, കേരളത്തിന്റെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ആണ്. കറുത്ത നിറത്തിന്റെ പേരിൽ കുഞ്ഞുനാളിൽതന്നെ അപകർഷത ഉണ്ടായിരുന്നതായുള്ള അവരുടെ തുറന്നു പറച്ചിൽ കൂടുതൽ ശ്രദ്ധേയമായി. അമ്മയുടെ ഗർഭപാത്രത്തിലേക്കു തന്നെ തിരിച്ചെടുത്തു വെളുത്ത നിറമുള്ള സുന്ദരിക്കുട്ടിയായി ഒന്നുകൂടി ജനിപ്പിക്കുമോ എന്ന നാലുവയസുകാരിയുടെ ചിന്ത റിട്ടയർമെന്റിനു ദിവസങ്ങൾ മാത്രം അവശേഷിക്കേ വനിതാ ചീഫ് സെക്രട്ടറി എന്തിനു പരസ്യമായി പങ്കുവച്ചു എന്നത് കൗതുകമുണർത്തുന്നു.

ഈ കറുപ്പു വിവാദത്തിനുപിന്നിൽ മറ്റൊരു കഥയുണ്ട്. അത് ചീഫ് സെക്രട്ടറി പദവിയിലിരുന്ന തന്റെ മുൻഗാമിയുമായുള്ള താരതമ്യം ആണെന്നും അവർ പറയുന്നു. ആ മുൻഗാമിയാകട്ടെ നിലവിലെ ചീഫ് സെക്രട്ടറിയുടെ ജീവിതപങ്കാളിയുമാണ്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ കാണാനെത്തിയ ഒരാൾ നിറവുമായി ബന്ധപ്പെടുത്തി തന്റെയും തന്റെ മുൻഗാമിയുടെയും പ്രവർത്തനങ്ങളെ വിലയിരുത്തിയെന്നാണ് പരാതി. ഇതു പറഞ്ഞയാളെ പരസ്യപ്പെടുത്തിയില്ലെങ്കിലും പല ഊഹാപോഹങ്ങളും ഉയരുന്നുണ്ട്. ഏതായാലും ചീഫ് സെക്രട്ടറിയുടെ ഈ മനോവിഷമം അവരുടെ വാക്കുകളിൽതന്നെ വിശദമായി മാധ്യമങ്ങളിൽ വന്നു.

vachakam
vachakam
vachakam

നിറത്തിന്റെ പേരിൽ തനിക്കുണ്ടായ അപകർഷതയും നേരിടേണ്ടിവന്ന അപമാനവും അവർ വിവരിക്കുന്നുണ്ട്. പക്ഷേ ഈ അപകർഷതയിൽനിന്ന് അവരെ മോചിപ്പിക്കുന്നത് അവരുടെ മക്കളാണ്. കറുപ്പിന്റെ അഴക് മക്കൾ തനിക്കു കാട്ടിത്തന്നുവെന്നാണ് ശാരദാ മുരളീധരന്റെ കുറിപ്പിൽ പറയുന്നത്. ഒരുപക്ഷേ പുതിയ തലമുറയുടെ ചിന്താഗതിയും മാനുഷിക വീക്ഷണവും കുറെക്കൂടി സുന്ദരവും സൗമ്യവുമാണെന്ന വലിയൊരു സന്ദേശമാണ് ഇതു സമൂഹത്തിനു നൽകുന്നത്. പുതുതലമുറ ലഹരിക്കും അക്രമത്തിനും അടിമകളായി മാറിയിരിക്കുന്നുവെന്നൊക്കെ ആകുലപ്പെടുന്ന സമൂഹത്തിന് ഇത്തരം പുതുചിന്തകളും നിലപാടുകളും ശുഭോദർക്കം തന്നെ.

ആത്മീയതയിലൂന്നിയ ദാർശനിക പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനായി ഫാ.ബോബി ജോസ് കട്ടിക്കാടിന്റെ ഒരു സംഭാഷണ ശകലം യുട്യൂബിൽ കേൾക്കാനിടയായി. അതിൽ ബോബി അച്ചൻ പറയുന്ന ഒരു കാര്യമുണ്ട്. പുതിയ തലമുറ ബോഡി ഷെയിമിംഗിനെ വെറുക്കുന്നു എന്നതാണത്. ഒരു മനുഷ്യന്റെ ശാരീരിക പോരായ്മകളെ പരിഹസിക്കാൻ പുതിയ തലമുറയിലെ കുട്ടികൾക്കു താത്പര്യമില്ലാത്തത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പഴയ തലമുറയിൽ ബോഡ് ഷെയിമിംഗ് പരക്കേ ഉണ്ടായിരുന്നു. അതു പലപ്പോഴും ഇരട്ടപ്പേരായി പലരിലും ചാർത്തപ്പെട്ടു. പരസ്യമായിപ്പോലും അവരെ അങ്ങിനെ അഭിസംബോധന ചെയ്യാറുണ്ടായിരുന്നു. പക്ഷേ ഇന്നത്തെ കാലത്തെ കുട്ടികൾ അത്തരം അപഹാസ്യ രീതി കാട്ടുന്നില്ലെന്നാണ് ഫാ. ബോബി ജോസ് പ്രഭാഷണത്തിൽ സമർഥിച്ചത്. അതു ശരിയാണെന്നു മുതിർന്ന തലമുറ സമ്മതിക്കും. കാരണം. അവർ തങ്ങളുടെ ചെറുപ്പകാലത്തേക്കൊന്നു തിരിച്ചു നടന്നാൽ അതു മനസിലാകും. സ്‌കൂൾ ക്ലാസുകളിൽ പോലും എത്രയോ അധ്യാപകർക്ക് ഇരട്ടപ്പേരുകൾ ഉണ്ടായിരുന്നു. അവരുടെ നിറവും ഉയരവും ഉയരക്കുറവും ശാരീരിക പ്രത്യേകതകളുമൊക്കെ ഈ ഇരട്ടപ്പേരുകളിലൂടെ സ്ഥിരപ്രതിഷ്ഠ നേടി. അവരിൽപലരുടെയും യഥാർഥ പേരു പലരും ഓർക്കുന്നുണ്ടാവില്ല.

vachakam
vachakam
vachakam

അധ്യാപകർക്കു മാത്രമല്ല കുട്ടികൾക്കും ഇത്തരം ചില ഇരട്ടപ്പേരുകൾ വീണിരുന്നു. അതു പലരുടെയും വ്യക്തിത്വത്തെ പോലും ബാധിച്ചിട്ടുണ്ട്. പക്ഷേ അന്നൊന്നും അതിന്റെ പേരിൽ വലിയ അക്രമമൊന്നും അരങ്ങേറിയിരുന്നില്ല. അപഹസിക്കലുകളെ അതിജീവിക്കാനുള്ള മനക്കരുത്ത് കുട്ടികൾക്കും മുതിർന്നവർക്കുമുണ്ടായിരുന്നു. ഇന്നാണെങ്കിലോ.. എത്രയോ നിസാര കാര്യങ്ങൾക്കാണ് ജീവനൊടുക്കാൻപോലും കുട്ടികൾ മടിക്കാത്തത്. അതല്ലേ നവോത്ഥാന കേരളത്തിൽ നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

നിയമസഭയിൽ രാഹൂൽ മാങ്കൂട്ടം പ്രസംഗിക്കുന്നതിനിടെ അദ്ദേഹത്തെ മന്ത്രി ആർ. ബിന്ദു 'പോടാ ചെറുക്കാ' എന്നു വിളിച്ചെന്നു പരാതിപ്പെട്ടത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. എന്നാൽ താൻ അങ്ങിനെ വിളിച്ചിട്ടില്ലെന്നാണ് മന്ത്രി പറയുന്നത്. ഏതായാലും മന്ത്രി പരാമർശം പിൻവലിച്ചില്ല. അതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം സഭ വിട്ടുപോവുകയും ചെയ്തു. തന്നെക്കുറിച്ച് തന്റെ മകന്റെ പ്രായമുള്ളയാൾക്ക് ഇങ്ങനെയൊക്കെ പറയാമെങ്കിൽ തനിക്കും പറയാമെന്നും മന്ത്രി പറയുന്നുണ്ട്.

സർവകലാശാലകളിലെ അധികാരങ്ങളെല്ലാം പ്രോ ചാൻസലറായ ഉന്നതവിദ്യാഭ്യാസ മന്ത്രി കൈക്കലാക്കുകയാണെന്നായിരുന്നു സർവകലാശാലാ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ രാഹൂലിന്റെ ആരോപണം. കേരള സർവകലാശാലയിൽ കുമാരനാശാന്റെ പ്രതിമ മാറ്റി മന്ത്രിയുടെ പ്രതിമ വയക്കണമെന്നുകൂടി മാങ്കൂട്ടം പറഞ്ഞപ്പോൽ ബിന്ദു ടീച്ചർക്കു സഹിക്കാനായില്ല. വയറിളകുന്നതുപോലെയുള്ള വാചകക്കസർത്താണ് മാങ്കൂട്ടത്തിന്റേതെന്നായി മന്ത്രി ബിന്ദു.
നിയമസഭയിൽ ഇത്തരം പരിഹാസങ്ങളും അതിനു കുറിക്കു കൊള്ളുന്ന മറുപടിയുമൊക്കെ പതിവാണ്. അതൊക്കെ ഉൾക്കൊള്ളുവാനുള്ള ഹൃദയവിശാലത പഴയതുപോലെ പലർക്കുമില്ല. അപരന്റെ വ്യക്തിത്വത്തെ ഹനിക്കാൻ തനിക്ക് അവകാശമില്ലെന്ന കാര്യം തിരിച്ചറിയുന്നവർക്കേ ഇതു സാധ്യമാകൂ.

ഏതായാലും നിറത്തിന്റെയും സൗന്ദര്യത്തിന്റെയുമൊക്കെ പേരിൽ വിവാദങ്ങളുടെ ദൂർഭൂതങ്ങളെ എന്തിനാണിങ്ങനെ തുറന്നുവിടുന്നതെന്നു മനസിലാവുന്നില്ല. ചില വിഷയങ്ങൾ വഴി തിരിച്ചുവിടാൻ ഇത്തരം വിവാദങ്ങൾ സഹായകമായേക്കാം. പക്ഷേ, എത്ര നാളത്തേക്ക്. വിഷയങ്ങളുടെ കാലിക പ്രസക്തി അങ്ങിനെയങ്ങു മറച്ചുവയ്ക്കാനാവുമോ?
ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ നിറത്തിന്റെ വിഷയം പിന്നീടും എടുത്തിട്ടു. നിറത്തിന്റെയും ജാതിയുടെയും പേരിലുള്ള അന്തരം കുടുംബശ്രീയിലും ഉണ്ടായിരുന്നുവെന്ന് മാർച്ച 28നു കോഴിക്കോട്ട് കിർത്താഡ്‌സ് ഗോത്ര സാഹിത്യോത്സവത്തിലെ സംവാദത്തിൽ ചീഫ് സെക്രട്ടറി പറഞ്ഞു. കറുപ്പിൽ അഹങ്കരിക്കുന്നതിലേക്കു നമ്മുടെ പൊതുബോധം മാറ്റിയെടുക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.

തൊലിയുടെ നിറം ഇത്രയേറെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ടോ എന്ന ചോദ്യമാണ് ഈ വിവാദം കത്തിയുയർന്നപ്പോൾ പലരുടെയു മനസിൽ ഉണ്ടായത്. മലയാളിയുടെ ചില സൗന്ദര്യ സങ്ക്‌ലപങ്ങൾ വിചിത്രമാണ്. അതു പലപ്പോഴും നമ്മെ പിന്നോട്ടടിക്കുന്നു. കാലത്തിന്റെ കാലൊച്ച കേൾക്കാനും അതനുസരിച്ചു ജീവിതത്തെ ക്രമീകരിക്കാനും കഴിയുന്ന ജനതയാണ് നാളത്തെ ലോകത്തെ സന്തുഷ്ടമാക്കുന്നത്.

കറുപ്പിന് ഏഴഴകെന്നൊക്കെ വാഴ്ത്താറുണ്ടെങ്കിലും അതിനെക്കുറിച്ചുള്ള അപകർഷതാബോധം പലരെയും വിഷമിപ്പിക്കുന്നു. എന്തിന് സൗന്ദര്യത്തിന്റെ അളവുകോൽ എന്നു പൊതുവേ കരുതുന്ന ചില കാര്യങ്ങൾപോലും ബോഡി ഷെയിമിംഗിന് വിഷയമാകാറുണ്ട്. വ്യവസായിയും സമ്പന്നനുമായ ബോബി ചെമ്മണ്ണൂരിന് ജയിലിൽ കിടക്കേണ്ടിവന്നതു സുന്ദരിയായൊരു സിനിമാതാരത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു. ബോഡി ഷെയിംമിംഗ് സമൂഹം അംഗീകരിക്കുന്നില്ലെന്നും വാക്കുകൾ ഉപയോഗിക്കുമ്പോൾ സ്ത്രീകളായാലും പുരുഷന്മാരായാലും ജാഗ്രത പാലിക്കണമെന്നും ബോബിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ ഹൈക്കോടതി പറഞ്ഞിരുന്നു. 

അമിത വണ്ണമോ, വണ്ണക്കുറവോ, ഉയരക്കുറവോ ഉയരക്കൂടുതലോ ഇരുണ്ട നിറമോ എന്തുമാവട്ടെ ഒരു മനുഷ്യന്റെ ശരീരത്തെക്കുറിച്ചുള്ള കമന്റുകൾ ഒഴിവാക്കുകതന്നെ വേണമെന്നു ജാമ്യ ഉത്തരവിൽ ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണൻ ചൂണ്ടിക്കാട്ടിയിരുന്നു.

തൊലിയുടെ നിറമല്ല മനസിന്റെ ആർദ്രതയാണു പ്രധാനം. അത്തരമൊരു ഹൃദയത്തിൽനിന്നാണു സ്‌നേഹവും കാരുണ്യവുമൊക്കെ ഒഴുകുക. ഇരുണ്ട മനസുകളുടെ ഇടയിൽ തെളിഞ്ഞ ഹൃദയമുള്ളവർ വളർന്നുവരണം. തൊലിപ്പുറത്തെ നിറം എന്തും ആയിക്കൊള്ളട്ടെ.

സെർജി ആന്റണി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam