പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നു. ഗൾഫ് രാജ്യങ്ങളിലെ പ്രധാന വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. യുഎഇയിലെ അബുദാബിയിലുള്ള പ്രമുഖ അലുമിനിയം പ്ലാന്റിന് നേരെ നടന്ന ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്.
ആക്രമണത്തിൽ പ്ലാന്റിലെ ഏതാനും ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. സമാനമായ രീതിയിൽ ബഹ്‌റൈനിലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ അലുമിനിയം സ്മെൽട്ടിംഗ് പ്ലാന്റിന് നേരെയും ഇറാൻ ആക്രമണം നടത്തി. ഇവിടെ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
തങ്ങളുടെ വ്യവസായ ശാലകൾക്ക് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. ഗൾഫിലെ അലുമിനിയം പ്ലാന്റുകൾക്ക് അമേരിക്കൻ സൈന്യവുമായി ബന്ധമുണ്ടെന്നും ഇറാൻ ആരോപിക്കുന്നു. ഇറാന്റെ റെവല്യൂഷണറി ഗാർഡ് ആണ് ഈ ആക്രമണങ്ങൾക്ക് പിന്നിൽ.
കുവൈറ്റിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഡാർ സംവിധാനവും ഡ്രോൺ ആക്രമണത്തിൽ തകർന്നു. ഏകദേശം പതിനഞ്ചോളം ഡ്രോണുകളാണ് കുവൈറ്റ് വിമാനത്താവളം ലക്ഷ്യമിട്ടെത്തിയത്. ഇതോടെ മേഖലയിലെ വിമാന സർവീസുകളും ചരക്ക് നീക്കവും വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഒമാനിലെ സലാല തുറമുഖത്തിന് സമീപവും ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഒരു വിദേശ തൊഴിലാളിക്ക് പരിക്കേറ്റതായാണ് വിവരം. പശ്ചിമേഷ്യയിലെ ഒട്ടുമിക്ക രാജ്യങ്ങളെയും യുദ്ധത്തിന്റെ ഭീതിയിലാഴ്ത്തുന്ന നടപടികളാണ് ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ ശക്തമായ സൈനിക നടപടികൾ തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക നട്ടെല്ലായ വ്യവസായ ശാലകളെ ഇറാൻ ലക്ഷ്യം വെക്കുന്നത്. ലോകത്തെ അലുമിനിയം ഉൽപാദനത്തിന്റെ ഒൻപത് ശതമാനവും ഈ മേഖലയിൽ നിന്നാണ്.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം നിലച്ചതോടെ ആഗോള വിപണിയിലും ഇതിന്റെ ആഘാതം പ്രകടമാണ്. വരും ദിവസങ്ങളിൽ ആക്രമണം കൂടുതൽ ശക്തമാകുമെന്ന ആശങ്കയിലാണ് പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ഗൾഫ് നിവാസികൾ. മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങൾ അതീവ ജാഗ്രതയിലാണ്.
English Summary: Iranian missile and drone attacks continue across the Gulf region targeting major industrial infrastructure in UAE Bahrain and Kuwait. Significant damage was reported at an aluminium plant in Abu Dhabi and a facility in Bahrain resulting in several injuries. Irans Revolutionary Guard claimed responsibility stating these strikes are retaliation for US and Israeli attacks on Iranian steel plants.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Iran Gulf Attacks, UAE Industry Hit, Bahrain Aluminium Plant Attack, Middle East War 2026, Kuwait Airport Strike, USA News, USA News Malayalam
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
