ഐ.പി.എസ്.എഫ് 2026: ആത്മീയതയും കായികരംഗവും വേർതിരിക്കാനാവില്ലെന്ന് ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്; സാംസ്‌കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

AUGUST 9, 2026, 8:27 AM

മാർച്ച് പാസ്റ്റിൽ കോപ്പൽ ഇടവകയ്ക്ക് വിജയം

എഡിൻബർഗ് (ടെക്‌സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്‌പോർട്‌സ് ഫെസ്റ്റിവൽ (ഐ.പി.എസ്.എഫ് 2026) മാർച്ച് പാസ്റ്റും സാംസ്‌കാരിക സമാപന സമ്മേളനവും പ്രൗഢഗംഭീരമായി നടന്നു. എഡിൻബർഗ് എ.സി.ഇ സെന്ററിൽ നടന്ന ചടങ്ങുകൾ ഷിക്കാഗോ സീറോ മലബാർ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട്, രൂപതാ പ്രൊക്യുറേറ്റർ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, ഐ.പി.എസ്.എഫ് ചെയർമാൻ ഫാ. റോയി മൂലേച്ചാലിൽ, എഡിൻബർഗ് മേയർ ഒമർ ഓച്ചോവ, മുൻ മേയർ റമീറോ ഗാർസ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

വിവിധ ഇടവകകളിൽ നിന്നുള്ള ടീമുകൾ അണിനിരന്ന വർണ്ണാഭമായ മാർച്ച് പാസ്റ്റ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കോപ്പൽ ഇടവക ഒന്നാം സ്ഥാനം നേടി ചാമ്പ്യന്മാരായി. അച്ചടക്കവും കണിശതയും നിറഞ്ഞ കോപ്പൽ ടീമിന്റെ പ്രകടനം കാണികളുടെ കൈയ്യടി നേടി.

vachakam
vachakam
vachakam


ഐ.പി.എസ്.എഫ് ചെയർമാൻ ഫാ. റോയി മൂലേച്ചാലിൽ, ജനറൽ കോ-ഓർഡിനേറ്റർ ജോസഫ് ബിജു, സെക്രട്ടറി അമ്പിളി റോബിൻ, അക്കൗണ്ടന്റ് ആൽവിൻ ജോസഫ്, ട്രസ്റ്റിമാരായ മനോജ് മൈക്കിൾ, ജോജോ തോമസ് എന്നിവരടങ്ങുന്ന ഡി.എം.സി കോർ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മേള വിജയകരമായി സംഘടിപ്പിച്ചത്.

തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ മാർ ജോയ് ആലപ്പാട്ട്, മേയർ ഒമർ ഓച്ചോവ, മുൻ മേയർ റമീറോ ഗാർസ, ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, ഫാ. റോയി മൂലേച്ചാലിൽ എന്നിവർ പ്രസംഗിച്ചു.

vachakam
vachakam
vachakam

ആത്മീയതയും കായികരംഗവും തമ്മിൽ വേർതിരിക്കാനാവില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മാർ ജോയ് ആലപ്പാട്ട് ഓർമ്മിപ്പിച്ചു. തങ്ങളുടെ സമയവും കഴിവുകളും വിനിയോഗിച്ച് ഈ കായികമേളയുടെ വിജയത്തിനായി അഹോരാത്രം പ്രയത്‌നിച്ച ഏവരെയും ബിഷപ്പ് നന്ദിയോടെ സ്മരിച്ചു. കായികമേളയുടെ സുഗമമായ നടത്തിപ്പിനായി ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകി സഹായിച്ച എഡിൻബർഗ് മേയർ ഒമർ ഓച്ചോവയ്ക്കും നഗരസഭയ്ക്കും അദ്ദേഹം പ്രത്യേക നന്ദിയും അറിയിച്ചു.


മത്സരത്തിനും ട്രോഫികൾക്കുമപ്പുറം സൗഹൃദവും സഹവർത്തിത്വവും വിശ്വാസപ്രഖ്യാപനവും ദക്ഷിണ മേഖലയിലെ ഇടവകകളുടെ കൂട്ടായ്മയുമാണ് ഈ കായികമേള ലക്ഷ്യമാക്കുന്നതെന്ന് ഫാ. കുര്യൻ നെടുവേലിചാലുങ്കൽ തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. പ്രത്യേകിച്ച് യുവജനങ്ങളിലും മുതിർന്ന കുട്ടികളിലും ആത്മീയതയും മൂല്യങ്ങളും വളർത്തിയെടുക്കാൻ ഇത്തരം കൂട്ടായ്മകൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

25 വർഷം മുൻപ് വളരെ കുറച്ചുപേരുമായി ആരംഭിച്ച സെന്റ് തോമസ് ഡയോസിസ് ഇന്ന് അമേരിക്കയിലുടനീളം വലിയ വളർച്ച കൈവരിച്ചതുപോലെ, 100 വർഷങ്ങൾക്ക് മുൻപ് ചുരുക്കം ചില ആളുകളുമായി തുടങ്ങി ഇന്ന് പ്രൗഢിയോടെ നിൽക്കുന്ന എഡിൻബർഗ് നഗരത്തിന്റെ ചരിത്രവും സമാനമാണെന്ന് മേയർ ഒമർ ഓച്ചോവ തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാസാംസ്‌കാരിക പരിപാടികൾ വേദിയിൽ അരങ്ങേറി. ഡി.എം.സി ഇടവകാംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും സമ്മാനക്കൂപ്പൺ നറുക്കെടുപ്പും വിജയികൾക്കുള്ള ട്രോഫി വിതരണവും തുടർന്ന് നടന്നു. ജനറൽ കോ-ഓർഡിനേറ്റർ ജോസഫ് ബിജു സ്വാഗതവും ആന്റണി മാത്യു നന്ദിയും പറഞ്ഞു.

മാർട്ടിൻ വിലങ്ങോലിൽ


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam