തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നതിനിടെ തിരുവനന്തപുരം മുതലപ്പൊഴിയില്‍ ശക്തമായ കാറ്റില്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശികളായ തൊഴിലാളികളെയാണ് കാണാതായത്. പ്രദേശത്ത് രൂക്ഷമായ കടലാക്രമണം തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ പ്രയാസകരമായി തുടരുകയാണ്.
അതേസമയം, സംസ്ഥാനത്തുടനീളം അതിശക്തമായ മഴ തുടരുകയാണ്. വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം എന്നീ ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ തെക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.
മഴ കനക്കുന്ന സാഹചര്യത്തില്‍ തീരദേശ മേഖലയിലും മലയോര മേഖലയിലും വസിക്കുന്ന ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകരുതെന്ന് അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി. മലയോര, തീരദേശ മേഖലകളിലേക്കുള്ള വിനോദസഞ്ചാര യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്നും ഭരണകൂടം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
