ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിനു കൊടിയേറ്റി. ആഗസ്റ്റ് 2 തീയതി ഞായറാഴ്ച രാവിലെ പത്തുമണിക്കുള്ള കുർബാനക്ക് ശേഷം ഇടവക വികാരി ഫാ. സിജു മുടക്കോടിൽ പതാക ഉയർത്തി തിരുന്നാളിന് തുടക്കം കുറിച്ചു.
രാവിലെ പത്തുമണിക്ക് നടന്ന വിശുദ്ധ കുർബാനക്ക് ബർമിംഗ്ഹാം (യു.കെ) ക്രൈസ്റ്റ് ദി കിംഗ് ക്നാനായ മിഷൻ വികാരി ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ഷിക്കാഗോ രൂപത ചാൻസലർ ഫാ. ജോൺസൺ കോവൂർപുത്തൻപുരയിൽ വചന സന്ദേശം നൽകി.
ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര, ഫാ. ജോർജ് പുറമഠം എന്നിവർ സഹകാർമികരായിരുന്നു. സിജു അച്ഛൻ കൊടിമരത്തിൽ ഉയർത്തുവാനുള്ള കൊടി വെഞ്ചരിച്ച് പ്രസുദേന്തിമാർക്ക് നൽകി.
തുടർന്ന് പ്രസുദേന്തിമാരുടെ നേതൃത്വത്തിൽ ഇടവക ജനം ഒന്നടങ്കം വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ പ്രദക്ഷിണമായി കൊടിമരച്ചുവട്ടിൽ എത്തി. തുടർന്ന് വികാരി പ്രാർത്ഥനക്കും ആശീർവാദത്തിനും ശേഷം കൊടി ഉയർത്തി.
ദർശനത്തിരുന്നാളായി ആഘോഷിക്കുന്ന ഈ തിരുനാളിന്റെ പ്രസുദേന്തിമാർ ഇടവകയുടെ സ്ഥാപനം മുതൽ കഴിഞ്ഞ 15 വർഷം ഈ ഇടവകക്ക് നേതൃത്വം നൽകിയ പാരീഷ് എക്സിക്യൂട്ടീവ് ആണ്. ആഗസ്ത് 6, 7, 8, 9 തീയതികളിലാണ് പ്രധാന തിരുനാൾ പരിപാടികൾ.
ആഗസ്റ്റ് 6, വ്യാഴാഴ്ച ഇടവകയിൽ നിന്നും മരിച്ചുപോയവരുടെ ഓർമ്മ ദിനമായി ആചരിക്കും. വൈകുന്നേരം 6 മണിക്ക് സെമിത്തേരി സന്ദർശനവും 7 മണിക്ക് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയുടെ മുഖ്യ കാർമ്മികത്വത്തിൽ മരിച്ച വിശ്വാസികൾക്ക് വേണ്ടിയുള്ള ദിവ്യബലി അർപ്പിക്കും.
ആഗസ്റ്റ് 7, വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഷിക്കാഗോ രൂപത യൂത്ത് അപ്പൊസ്തലെറ്റ് ഡയറക്ടർ ഫാ. മെൽവിൻ പോൾ ഇംഗ്ലീഷിലുള്ള കുർബാനക്കും വചന സന്ദേശത്തിനും നേതൃത്വം നൽകും. തുടർന്ന് 7:30 മുതൽ വിവിധ കൂടാരയോഗങ്ങളുടെയും പ്രസുദേന്തിമാരുടെയും നേതൃത്വത്തിലുള്ള കലാമേള.
ആഗസ്റ്റ് 8, ശനിയാഴ്ച വൈകുന്നേരം 5:30 ന് ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോനാ ഇടവക വികാരി ഫാ. എബ്രഹാം കളരിക്കൽ മുഖ്യകാർമ്മീകനായിട്ടുള്ള ദിവ്യബലിയിൽ ക്നാനായ റീജിയൻ ഡയറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ വചനസന്ദേശം നൽകും. തുടർന്നു കപ്ലോൻ വാഴ്ച. വൈകിട്ട് 7:30 മുതൽ ഇടവക മിനിസ്ട്രികൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഇടവകയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന മെഗാ സ്കിറ്റും.
പ്രധാന തിരുന്നാൾ ദിവസമായ ആഗസ്റ്റ് 9, ഞായറാഴ്ച ആലുവ മംഗലപ്പുഴ മേജർ സെമിനാരി പ്രൊഫസർ ഫാ. ജിജോ നെല്ലിക്കാകണ്ടത്തിലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുന്നാൾ റാസ. തിരുഹൃദയ ദാസസമൂഹം സുപ്പീരിയർ ഫാ. ജോസ് കണ്ണുവെട്ടിയേൽ വചനസന്ദേശം നൽകും.
ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, ഫാ. എബ്രഹാം കടുതൊടിൽ എന്നിവർ സഹ കാർമ്മികരായിരിക്കും. തുടർന്ന് പരിശുദ്ധ കന്യാമറിയത്തിന്റെയും മറ്റു വിശുദ്ധരുടെയും രൂപങ്ങൾ സംവഹിച്ചുകൊണ്ടുള്ള തിരുന്നാൾ പ്രദക്ഷിണം നടക്കും. തുടർന്ന് ലേലവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
സാബു നടുവീട്ടിൽ, ജോണിക്കുട്ടി പിള്ളവീട്ടിൽ, ജിനോ കക്കാട്ടിൽ എന്നീ തിരുന്നാൾ കോർഡിനേറ്റർസിന്റെ നേതൃത്വത്തിൽ നിരവധി കമ്മറ്റികൾ തിരുനാളിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. സ്റ്റീഫൻ ചൊള്ളമ്പേൽ, ജീസ് ചക്കുങ്കൽ, ബിനു എടക്കര എന്നിവരുടെ നേതൃത്വത്തിൽ ഇടവകയിലെ 10 കൂടാരയോഗങ്ങളും മിനിസ്ട്രികളും വിവിധ കലാപരിപാടികൾക്കായി ഒരുങ്ങുന്നു.
ഇടവയിലെ ഏറ്റവും വലിയ ഈ ആഘോഷത്തിന്റെ വിജയത്തിനായി വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ അനീഷ് മാവേലിപുത്തൻപുര എന്നിവരുടെ ആത്മീയ നേതൃത്വത്തിൽ പാരീഷ് എക്സിക്യൂട്ടീവ്സായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളയ്ക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, ജെയിംസ് മന്നാകുളത്തിൽ, സണ്ണി മേലേടം, ഡോ. റോയി ചേലമലയിൽ എന്നിവർ അഹോരാത്രം പ്രവർത്തിക്കുന്നു.
റോയി ചേലമലയിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
