ഫിലഡൽഫിയ: പ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രവും മൈനർ ബസിലിക്കയുമായ ജർമ്മൻടൗൺ മിറാക്കുലസ് മെഡൽ ഷ്രൈനിലേക്ക് എട്ടുനോമ്പിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരുന്ന പ്രാർത്ഥനാപൂർണമായ മരിയൻതീർത്ഥാടനവും വേളാങ്കണ്ണിമാതാവിന്റെ തിരുനാളും 2026 സെപ്റ്റംബർ 12 ശനിയാഴ്ച്ച ആഘോഷിക്കപ്പെടുന്നു.
ജർമ്മൻടൗണിന് തിലകമായി നിലകൊള്ളുന്ന മിറാക്കുലസ് മെഡൽ ബസിലിക്ക തീർത്ഥാടനകേന്ദ്രത്തിൽ (The Basilica Shrine of Our Lady of the Miraculous Medal; 500 E. Chelten Avenue, Philadelphia, PA 19144) തുടർച്ചയായി ഇതു പതിനഞ്ചാം വർഷമാണ് വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ ഭക്തിപൂർവം ആഘോഷിക്കപ്പെടുന്നത്. വിവിധ ഇൻഡ്യൻ ക്രൈസ്തവസമൂഹങ്ങളുടെയും, ഫിലാഡൽഫിയാ സീറോമലബാർ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡൽ തീർത്ഥാടനകേന്ദ്രമായ തിരുനാളിനു നേതൃത്വം നൽകുന്നത്.
സെപ്റ്റംബർ 12 ശനിയാഴ്ച്ച വൈകുന്നേരം നാലുമണിമുതൽ ആരംഭിക്കുന്ന തിരുനാൾ കർമ്മങ്ങളിലേക്ക് എല്ലാ മരിയഭക്തരെയും വിശ്വാസികളെയും സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ ഷ്രൈൻ റെക്ടർ ഫാ. ജോൺ കെറ്റൽബർഗർ സി.എം., സീറോമലബാർപള്ളി വികാരി റവ. ഡോ. ജോർജ് ദാനവേലിൽ, കൈക്കാരന്മാർ എന്നിവർ സംയുക്തമായി ക്ഷണിക്കുന്നു.
കിഴക്കിന്റെ ലൂർദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ (Our Lady of Good Health) തിരുസ്വരൂപം 2012 ൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജന്മദിനമായ സെപ്റ്റംബർ എട്ടിനാണ് ഫിലഡൽഫിയാ ജർമ്മൻടൗൺ മിറാക്കുലസ് മെഡൽ ഷ്രൈനിൽ അന്നത്തെ സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. കാൾ പീബർ, അന്നത്തെ ഫിലാഡൽഫിയാ സീറോമലബാർപള്ളി വികാരിയായിരുന്ന റവ. ഫാ. ജോൺ മേലേപ്പുറം എന്നിവരുടെ നേതൃത്വത്തിലും, കാർമ്മികത്വത്തിലും ആയിരക്കണക്കിന് മരിയഭക്തരെ സാക്ഷിനിർത്തി ആശീർവദിച്ചു പ്രതിഷ്ഠിച്ചത്.
അന്നുമുതൽ ഒരു വ്യാഴവട്ടക്കാലമായി മുടക്കം വരാതെ എല്ലാ വർഷങ്ങളിലും ഈ തിരുനാൾ ആഘോഷമായി നടത്തിവരുന്നു. മൈനർ ബസിലിക്കയായി ഉയർത്തപ്പെട്ടതിനുശേഷം ഇതു നാലാം തവണയാണ് വേളാങ്കണ്ണിമാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നത്. എല്ലാ തിങ്കളാഴ്ച്ച ദിവസങ്ങളിലും ജർമ്മൻടൗൺ മിറാക്കുലസ് മെഡൽ ഷ്രൈനിൽ രാവിലെ മുതൽ വൈകിട്ടു വരെ വിവിധ സമയങ്ങളിൽ നടക്കുന്ന വി.കുർബാനയിലും, നൊവേനയിലും മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് മരിയഭക്തർ പങ്കെടുക്കാറുണ്ട്.
മിറാക്കുലസ് മെഡൽ നൊവേന, ആഘോഷമായ തിരുനാൾ കുർബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം, രോഗിസൗഖ്യ പ്രാർത്ഥന, വിവിധ ഇൻഡ്യൻ ഭാഷകളിലുള്ള ജപമാലപ്രാർത്ഥന, തിരുസ്വരൂപം വണങ്ങി നേർച്ചസമർപ്പണം എന്നിവയാണ് തിരുനാൾ ദിവസത്തെ തിരുക്കർമ്മങ്ങൾ.
സീറോമലബാർ പള്ളി വികാരി റവ. ഡോ. ജോർജ് ദാനവേലിൽ, സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ ഷ്രൈൻ റെക്ടർ റവ. ഫാ. ജോൺ കെറ്റൽബർഗർ സി.എം. എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കും.
സീറോമലബാർ ഇടവകയും, വിവിധ ഇന്ത്യൻ ക്രൈസ്തവരും ഒന്നുചേർന്ന് നടത്തുന്ന ഈ തിരുനാളിൽ പങ്കെടുത്ത് ആരോഗ്യമാതാവിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ മരിയഭക്തർക്ക് സുവർണാവസരം. ഇന്ത്യൻ അമേരിക്കൻ ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിന്റെയും, പൈതൃകത്തിന്റെയും, മരിയൻ ഭക്തിയുടെയും അത്യപൂർവമായ ഈ കൂടിവരവിലേക്ക് ജാതിമതഭേദമെന്യേ എല്ലാവർക്കും സ്വാഗതം.
സീറോമലബാർ ഇടവകവികാരി റവ. ഡോ. ജോർജ് ദാനവേലിൽ, കൈക്കാരന്മാരായ സിബിച്ചൻ ചെമ്പ്‌ളായിൽ, ജോബി കൊച്ചുമുട്ടം, റോഷിൻ പ്ലാമൂട്ടിൽ, ജിതിൻ ജോണി, ജെറി കുരുവിള, സെക്രട്ടറി ടോം പാറ്റാനിയിൽ എന്നിവരുടെ നേതൃത്വത്തിൽ പാരിഷ് കൗൺസിൽ അംഗങ്ങൾ, ഭക്തസംഘടനകൾ, മതബോധനസ്‌കൂൾ എന്നിവ തിരുനാളിന്റെ ക്രമീകരണങ്ങൾ ചെയ്തുവരുന്നു. ജോസ് തോമസ് ആണ് തിരുനാളിന്റെ ജനറൽ കോർഡിനേറ്റർ.
ജോസ് മാളേയ്ക്കൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
