'കൺഫ്യൂഷൻ' അഗാധമാക്കി കേരളത്തിലെ വോട്ടുൽസവം

APRIL 25, 2024, 11:11 AM

'കൺഫ്യൂഷൻ തീർക്കണമേ...' എന്ന് രാഷ്ട്രീയ നിരീക്ഷകർ വോട്ടർമാരോട് നടത്തിയ അപേക്ഷ കേരളത്തിൽ വിഫലം. യു.ഡി.എഫിന് ഏറെ ദു:ഖിക്കേണ്ടിവരില്ലെന്ന സൂചനകളാണ് പ്രീപോൾ സർവേകളിലുള്ളതെങ്കിലും, തുറന്നു കാട്ടാത്ത മനസുമായാണിത്തവണവോട്ടർമാർ എംപിമാരെ തെരഞ്ഞെടുക്കാൻ പോളിംഗ് ബൂത്തിലേക്കു പോകുന്നതെന്ന ഏകകണ്ഠ അഭിപ്രായമാണ് ബാക്കിയാകുന്നത്.
ഇടതു സർക്കാരിനെയും സി.പി.എമ്മിനെയും പ്രതിക്കൂട്ടിലാക്കുന്ന വിവാദങ്ങളും ആരോപണങ്ങളും എത്രത്തോളം 'നെഗറ്റീവ് 'വോട്ടുകൾ സൃഷ്ടിക്കും? 'മോഡി ഗാരന്റി'യിൽ മയങ്ങുമോ ന്യൂനപക്ഷങ്ങൾ? രാഷ്ട്രീയത്തിന്റെ തരംഗദൈർഘ്യം അട്ടിമറിക്കുമോ സ്ഥാനാർത്ഥികളുടെ വ്യക്തി പ്രഭാവം?... ഈ മൂന്ന് ചോദ്യങ്ങളിലൂന്നിയുള്ള വിശകലന മാരത്തണിന്റെ ഫിനിഷിംഗ് പോയിന്റിലേക്കുള്ള രാഷ്ട്രീയ നിരീക്ഷകരുടെ കുതിപ്പും കിതപ്പും തുടരും, ജൂൺ നാലിലെ ഫലപ്രഖ്യാപനം വരെ.

ഇരുപതിൽ ഇരുപതു സീറ്റും നേടുമെന്ന് യു.ഡി.എഫും 2004ലേതുപോലെ 18 സീറ്റ് നേടുമെന്ന് എൽ.ഡി.എഫും അവകാശപ്പെടുന്നു. അഞ്ച് സീറ്റ് വരെ കിട്ടാമെന്നാണ് ബി.ജെ.പിയുടെ അവകാശ വാദം. ഇതിനിടെ, ഡൽഹി ലഫ്. ഗവർണർ കേരളത്തിലെത്തി ക്രൈസ്തവ സഭാ നേതാക്കളെ സന്ദർശിച്ചത് അഭ്യൂഹങ്ങൾ പരത്തി. സീറോ മലബാർ, ഓർത്തഡോക്‌സ്, ബിലീവേഴ്‌സ് ചർച്ച്, ലത്തീൻ സഭാ മേധാവികളെയദ്ദേഹം കണ്ടത് ഡൽഹി ലഫ്. ഗവർണറുടെ പര്യടന ഉദ്ദേശ്യം ലക്ഷ്യം.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാജ്യത്തെ സമ്പത്ത് മുസ്ലീങ്ങൾക്ക് നൽകുമെന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നീട് അല്പം മയപ്പെടുത്തിയെങ്കിലും ആരോപണം ആവർത്തിച്ചത് കേരളത്തിലും ഇളക്കങ്ങൾക്കിടയാക്കി. ഇതോടെ, മതവിദ്വേഷ പ്രസംഗമെന്നാരോപിച്ച് പ്രതിപക്ഷം വീണ്ടും രംഗത്തെത്തി. ദളിതർക്കും പിന്നോക്കക്കാർക്കും നൽകേണ്ട പണം കുടിയേറ്റക്കാർക്ക് നൽകുന്നുവെന്നായിരുന്നു ആരോപണം.

vachakam
vachakam
vachakam

തെരഞ്ഞെടുപ്പു പ്രചാരണം അവസാന ലാപ്പിലേക്ക് കുതിക്കവേ പലരുടെയും പിടി വിട്ടുപോകുന്നത് ജനങ്ങൾ ശ്രദ്ധിച്ചു. സമുന്നത നേതാക്കൾപോലും സമനിലവിട്ടു പെരുമാറുന്ന സ്ഥിതി വന്നു. ആരോപണ പ്രത്യാരോപണങ്ങൾക്കുമപ്പുറം വിഴുപ്പലക്കലും സ്പർധ വളർത്തലും വ്യക്തിഹത്യയുമൊക്കെ അരങ്ങ് തകർത്തു.
ഇതിനിടെ സൈബർ പോര് രൂക്ഷമായി. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി പരാതികളും കേസും ധാരാളം. തെരഞ്ഞെടുപ്പു കഴിഞ്ഞാലും നിയമപോരാട്ടം ഉറപ്പാക്കുന്ന സംഭവങ്ങളും കുറവല്ല. ഏറെ ആശങ്ക ഉയർത്തുന്നു രാഷ്ട്രീയ സംഘർഷാവസ്ഥ.പാനൂരിലെ ബോംബ് നിർമാണവും സ്‌ഫോടനവും ആളുകൾ മറന്നു തുടങ്ങിയെങ്കിലും കണ്ണൂർ മേഖലയിൽനിന്നു വീണ്ടും ബോംബ് കഥകൾ വരുന്നു.

പാനൂർ മൂളിയത്തോട്ടിൽ ബോംബ് നിർമാണത്തിനിടെ ഒരു സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്ന് സംഘർഷ മേഖലകളിൽ പ്രത്യേക പോലീസ് നിരീക്ഷണമുണ്ടായിട്ടും മട്ടന്നൂർ കൊളാരിയിൽ ഉഗ്ര സ്‌ഫോടന ശേഷിയുള്ള ഒമ്പതു സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. നെൽപ്പാടത്ത് ബക്കറ്റിൽ സൂക്ഷിച്ച ഈ ബോംബുകൾ നിർവീര്യമാക്കി. കേരളത്തിൽ ഇപ്പോഴും ബോംബ് നിർമാണം കുടിൽ വ്യവസായമായി തുടരുന്നു. പുരോഗമന സമൂഹത്തിൽ എതിരാളികളെ നേരിടാൻ ഇത്തരം പ്രാകൃത മാർഗങ്ങൾ ഇപ്പോഴും പിന്തുടരുന്നുവെങ്കിൽ കേരളം എത്രയോ പിന്നോക്കമാണിപ്പോഴും

വ്യക്തിഹത്യാ ബോംബ്

vachakam
vachakam
vachakam

വിദ്വേഷപ്രചാരണവും വ്യക്തിഹത്യയും കേരളത്തിലും വ്യാപകം. ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് വിവാദ ദല്ലാൾ നന്ദകുമാർ ഇതിനിടെ ആരോപിച്ചു. തൃശൂരിലെ തന്റെ ഭൂമി വിൽക്കാനാണ് അഡ്വാൻസായി പണം വാങ്ങിയതെന്ന് ശോഭ സുരേന്ദ്രൻ സമ്മതിച്ചു. അതേസമയം, നന്ദകുമാർ വിശ്വാസ വഞ്ചന കാട്ടിയെന്നും പിണറായിക്കൊപ്പം തലപ്പൊക്കമുള്ള കണ്ണൂരിലെ സിപിഎം നേതാവിനെ ബിജെപിയിൽ ചേർക്കാൻ തന്നെയും കേന്ദ്ര നേതൃത്വത്തെയും സമീപിച്ചെന്നും വെളിപ്പെടുത്തിയതോടെ വിവാദം കനത്തു.
കോൺഗ്രസ് നേതാവ് എ.കെ.അന്റണി പ്രതിരോധ മന്ത്രിയായിരിക്കെ,പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പട്ട നിയമനത്തിന് മകൻ അനിൽ ആന്റണി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവെന്ന ലേബലിൽ ചില രേഖകളും ദല്ലാൾ നന്ദകുമാർ ഡൽഹിയിൽ പുറത്തുവിട്ടു. തനിക്കെതിരായ കോൺഗ്രസ് ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ അനിൽ ആന്റണിയുടെ പ്രതികരണം വീണ്ടും വന്നു.

വടകരയിൽ തനിക്കെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ നിന്ന് മലക്കം മറിഞ്ഞ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജ മാപ്പ് പറയണമെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ വക്കീൽ നോട്ടീസിലെ ആവശ്യം. അശ്ലീല സൈബർ ആക്രമണത്തിന് വിധേയയായ താനാണോ മാപ്പ് പറയേണ്ടതെന്ന് ശൈലജ മറുചോദ്യം തൊടുത്തു.

മുഖ്യമന്ത്രി പിണറായി വിജയനെ ഇഡി ജയലിൽ അടയ്ക്കാത്തത് എന്തെന്ന് ചോദിച്ച രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ ടെസ്റ്റ് നടത്തണമെന്ന സി.പി.എം എം.എൽ.എ പി.വി.അൻവറിന്റ പരാമർശം മറ്റൊരു വിവാദമായി. വിവാദ പ്രസംഗത്തിനെതിരെ കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയിട്ടുണ്ട്. ആലപ്പുഴയിലെ സ്ഥാനാർത്ഥി കെ.സി. വേണുഗോപാലിനെ ഇതേ പ്രസംഗത്തിൽ 'ഏഴാംകൂലി' എന്നു വിളിച്ചതിനെതിരേയും പരാതി പോയി. എന്തെങ്കിലും പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് രാഹുൽ ഗാന്ധി ഓർക്കണമെന്നായിരുന്നു ഇതേക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. അൻവറിന്റെ തരംതാണ പരാമർശത്തെ മുഖ്യമന്ത്രി ന്യായീകരിച്ചതായും കോൺഗ്രസ് ആരോപിച്ചു.

vachakam
vachakam
vachakam

ബാബു കദളിക്കാട്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam