ആധുനിക യുദ്ധ മുഖങ്ങളില്‍ മിസൈലുകളേക്കാളും യുദ്ധ വിമാനങ്ങളേക്കാളും നിര്‍ണായകമാകാന്‍ പോകുന്നത് വന്‍കിട ഡാറ്റാ സെന്ററുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പ്യൂട്ടിംഗ് ശേഷിയുമാണെന്ന മുന്നറിയിപ്പുമായി മുന്‍ യു.എസ് സൈനിക മേധാവി. കമ്പ്യൂട്ടിംഗ് ശേഷിയിലുണ്ടാകുന്ന നേരിയ കുറവ് പോലും വരാനിരിക്കുന്ന യുദ്ധങ്ങളില്‍ മഹാ ദുരന്തങ്ങള്‍ക്ക് വഴിമാറുമെന്നാണ് വിരമിച്ച യു.എസ് എയര്‍ഫോഴ്‌സ് ലെഫ്റ്റനന്റ് ജനറലും മിച്ചല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എയറോസ്പേസ് സ്റ്റഡീസ് ഡീനുമായ ഡേവിഡ് ഡെപ്റ്റുള്ള വ്യക്തമാക്കുന്നത്.
പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ആഗോള പ്രതിരോധ രംഗത്തെ ഈ പുതിയ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.
ഡിജിറ്റല്‍ യുഗത്തിലെ തന്ത്രപ്രധാന ആയുധം
ഡാറ്റ അഥവ വിവരശേഖരണം ഇനി വെറുമൊരു വാണിജ്യ ഉപകരണം മാത്രമല്ല, മറിച്ച് ഒരു രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കുന്ന തന്ത്രപ്രധാന ആയുധമാണ് എന്നതാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോങ്‌റേഞ്ച് മിസൈലുകള്‍, യുദ്ധ വിമാനങ്ങള്‍, ബഹിരാകാശ സംവിധാനങ്ങള്‍, മിസൈല്‍ പ്രതിരോധ ഉപകരണങ്ങള്‍, ഡ്രോണുകള്‍ എന്നിവയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന വികേന്ദ്രീകൃത ശൃംഖലയുടെ ഹൃദയമാണ് ഡാറ്റാ ഇന്‍ഫ്രാസ്ട്രക്ചര്‍. സൈന്യത്തിന്റെ ഓരോ ചലനവും ഈ വിവരങ്ങള്‍ എത്രത്തോളം വേഗത്തില്‍ സുരക്ഷിതമായി കൈമാറാനും വിശകലനം ചെയ്യാനും സാധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ശത്രുവിനേക്കാള്‍ വേഗത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് തീരുമാനങ്ങളെടുക്കുന്നവര്‍ക്കായിരിക്കും ഭാവി യുദ്ധങ്ങളില്‍ മേധാവിത്വം.
യുദ്ധക്കളങ്ങളില്‍ തെളിഞ്ഞ എഐ സ്വാധീനം
സമീപകാലത്ത് നടന്ന അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ ഈ വാദത്തെ സാധൂകരിക്കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇറാനില്‍ നടന്ന യുദ്ധത്തില്‍ യുഎസും ഇസ്രായേലും 'പലന്റീര്‍' പോലുള്ള എഐ പ്ലാറ്റ്ഫോമുകളുടെ സഹായത്തോടെയാണ് ആയിരക്കണക്കിന് സൈനിക ലക്ഷ്യങ്ങള്‍ അതിവേഗം കണ്ടെത്തി തകര്‍ത്തത്. സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ മിഡില്‍ ഈസ്റ്റിലെ ആമസോണ്‍ ഡാറ്റാ സെന്ററുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണം, ഇത്തരം ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഇപ്പോള്‍ യുദ്ധത്തിലെ പ്രധാന ലക്ഷ്യങ്ങളായി മാറി എന്നതിന്റെ തെളിവാണ്.
ഉക്രെയ്ന്‍ വ്യോമാതിര്‍ത്തിയില്‍ സ്വയംഭരണ ശേഷിയുള്ള ഡ്രോണുകളുടെ ഉപയോഗം വര്‍ധിച്ചതും പ്രതിരോധ രംഗത്ത് കമ്പ്യൂട്ടര്‍ കപ്പാസിറ്റിയുടെ പ്രാധാന്യം വിളിച്ചോതുന്നു. ഭാവി യുദ്ധങ്ങളിലെ വിജയം നിര്‍ണയിക്കുക ശത്രുവിനേക്കാള്‍ വേഗത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കാനും തീരുമാനമെടുക്കാനും പ്രവര്‍ത്തിക്കാനുമുള്ള ശേഷിയാണ്. അതിന് കോടിക്കണക്കിന് ഡാറ്റകള്‍ വിശകലനം ചെയ്യാന്‍ സാധിക്കുന്ന വമ്പന്‍ കമ്പ്യൂട്ടിംഗ് ശേഷിയും അതിനായി ട്രെയിന്‍ ചെയ്‌തെടുത്ത എഐ സംവിധാനങ്ങളും അനിവാര്യമാണെന്ന് ലെഫ്റ്റനന്റ് ജനറല്‍ ഡേവിഡ് ഡെപ്റ്റുള്ള വ്യക്തമാക്കുന്നു.
അമേരിക്കയില്‍ ഉയരുന്ന ജനകീയ പ്രതിഷേധം
ഡാറ്റാ സെന്ററുകള്‍ ദേശീയ സുരക്ഷയ്ക്ക് അനിവാര്യമാണെന്ന് പെന്റഗണ്‍ ആവര്‍ത്തിക്കുമ്പോഴും അമേരിക്കന്‍ ജനതയ്ക്കിടയില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പുതിയ ഡാറ്റാ സെന്ററുകളും അവയ്ക്ക് ഊര്‍ജ്ജം നല്‍കുന്ന പവര്‍ പ്ലാന്റുകളും സ്ഥാപിക്കുന്നതിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങുകയാണ്. ഡാറ്റാ സെന്ററുകളുടെ അമിത ഊര്‍ജ്ജ ഉപഭോഗം മൂലം സാധാരണക്കാരുടെ വൈദ്യുതി ബില്ലുകള്‍ കുത്തനെ ഉയരുന്നതാണ് നിലവിലെ ഭരണകൂടങ്ങള്‍ക്കെതിരെയുള്ള പ്രധാന രാഷ്ട്രീയ ആയുധമായി മാറിയിരിക്കുന്നത്.
കൂടാതെ ആന്ത്രാപിക് പോലുള്ള എഐ സ്റ്റാര്‍ട്ടപ്പുകളുടെ നിബന്ധനകളും നിയന്ത്രണങ്ങളും പെന്റഗണിന്റെ സൈനിക ആവശ്യങ്ങള്‍ക്ക് തടസമാകുന്നതും യുഎസ് പ്രതിരോധ മന്ത്രാലയത്തില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. യുദ്ധ സമയത്ത് സാങ്കേതിക തകരാറുകളോ കമ്പനികളുടെ നിയന്ത്രണങ്ങളോ ഉണ്ടായാല്‍ അത് സൈനികരുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന് അധികൃതര്‍ ഭയപ്പെടുന്നു.
ചൈനീസ് ഭീഷണി
നിലവില്‍ ഡാറ്റാ സെന്ററുകളുടെ എണ്ണത്തിലും സാങ്കേതിക വിദ്യയിലും ആഗോള തലത്തില്‍ അമേരിക്കയാണ് മുന്നിലെങ്കിലും ചൈന തൊട്ടുപിന്നാലെയുണ്ട്. തങ്ങളുടെ വ്യവസായ മേധാവിത്വവും സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ച് ചൈന അതിവേഗമാണ് ഈ രംഗത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ കെട്ടിപ്പടുക്കുന്നത്. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്തെ മേധാവിത്വം കൈവിട്ടുപോയാല്‍ അത് അമേരിക്കയുടെ ആഗോള സൈനിക ശക്തിയെ ബാധിക്കുമെന്നാണ് പ്രതിരോധ വിദഗ്ദ്ധര്‍ നല്‍കുന്ന ആത്യന്തിക മുന്നറിയിപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
