മാസപ്പടിയെന്നത് എക്‌സൈസ് വകുപ്പിലെ മാമൂൽ ശൈലിയാണെങ്കിലും കോട്ടയം ജില്ലയിലെ എക്‌സൈസ് സംവിധാനത്തിൽ നിന്ന് ഈയിടെ പുറത്തുവന്ന പ്രതിമാസ കൈക്കൂലിക്കഥ കേരളത്തെയാകെ നടുക്കി. കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എസ്. അശോക് കുമാർ ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർ വലയിലായ വാർത്ത ഏറെ ശ്രദ്ധേയമായി മാറിയത് വിശദമായ തെളിവ് ശേഖരണത്തിനുശേഷം എക്‌സൈസ് കമ്മിഷണർ സീറാം സാംബശിവറാവു തന്നെ അവരെ പിടികൂടിയതിനാലാണ്. 'ഓപ്പറേഷൻ ബിജാപൂർ' എന്ന പേരിൽ കമ്മിഷണർ നടത്തിയ മിന്നൽ പരിശോധനയിലൂടെ ഒരു വൻ അഴിമതിയുടെ ചുരുളഴിഞ്ഞതോടെ ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന സർക്കാരാണ് ഇപ്പോഴുള്ളതെന്ന തോന്നൽ കൂടുതൽ ബലപ്പെട്ടു.
ഏതു മുന്നണി ഭരിക്കുമ്പോഴും നിർബാധം നടക്കുന്ന സംഗതിയാണ് എക്‌സൈസിലെ മാസപ്പടി. കൈക്കൂലി വാങ്ങിയവർ പലതവണ പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നും ഈ വകുപ്പിലെ അഴിമതിയുടെ മുന്നോട്ടുള്ള ഗതിയെ ബാധിച്ചിട്ടില്ല. എന്തായാലും അശോക് കുമാർ ഉൾപ്പെടെ ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഒരു ബാറിൽ നിന്ന് പ്രതിമാസം 15,000 രൂപ വരെ മാസപ്പടി കൈപ്പറ്റിയിരുന്നതായും ജില്ലയിലെ ഇരുപത്തേഴോളം ബാറുകളിൽ നിന്ന് ഇത്തരത്തിൽ ലക്ഷങ്ങൾ ഇവരുടെ കൈകളിൽ എത്തിയിരുന്നതായും തെളിവുകൾ വ്യക്തമാക്കുന്നു. അഴിമതിപ്പണം ഉദ്യോഗസ്ഥരുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് വരെ മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ നടപടിക്കു മുതിർന്ന കമ്മിഷണർ സാംബശിവറാവു തീർച്ചയായും അഭിനന്ദനമർഹിക്കുന്നു.
ബാറുടമകൾ മാസപ്പടി നൽകുന്നത് പ്രധാനമായും ചില നിയമലംഘനങ്ങൾ നടത്താനാണ്. ഇതിൽ ഏറ്റവും പ്രധാനം സമയക്രമം അട്ടിമറിക്കുക എന്നതാണ്. ബാറുകൾ നേരത്തേ തുറക്കുന്നതിനും നിശ്ചിത സമയം കഴിഞ്ഞും രാത്രിയിൽ പ്രവർത്തിക്കുന്നതിനും ഉദ്യോഗസ്ഥർ സൗകര്യങ്ങൾ ചെയ്തു കൊടുത്തു പോന്നു. കൃത്യമായി മാസപ്പടി നൽകുന്ന ബാറുകളിൽ അവർ പരിശോധനയ്ക്ക് കയറില്ല. അഥവാ കയറിയാലും നിയമവിരുദ്ധമായ ഒന്നും നടക്കുന്നില്ലെന്ന റിപ്പോർട്ടാവും നൽകുക. മദ്യശാലകൾ അടഞ്ഞുകിടന്ന ചതയ ദിനത്തിൽ പോലും ബാറിൽ നിന്ന് മദ്യം വാങ്ങാൻ കമ്മിഷണർക്ക് തന്നെ നേരിട്ട് കഴിഞ്ഞു എന്നതും ഈ അഴിമതി രീതികളുടെ വ്യാപ്തി വെളിവാക്കുന്നതാണ്. ഈ അഴിമതിയെക്കുറിച്ച് സത്യസന്ധരായ ചില ഉദ്യോഗസ്ഥർ രഹസ്യമായി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷണർ നേരിട്ട് കമ്മിഷണറാണെന്ന കാര്യം വെളിപ്പെടുത്താതെയുള്ള ഓപ്പറേഷൻ കോട്ടയത്ത് നടത്തിയത്.
എക്‌സൈസിൽ ഉള്ള എല്ലാവരും അഴിമതിക്ക് കുടപിടിക്കുന്നവരല്ല എന്നതു യാഥാർത്ഥ്യം തന്നെ. പക്ഷേ മുകളിൽ ഇരിക്കുന്നവർ കൃത്യമായിത്തന്നെ മാസപ്പടി വാങ്ങുന്നവരാണെന്ന അറിവുള്ളതിനാൽ സത്യസന്ധരായവർക്ക് വേണ്ടരീതിയിൽ പ്രവർത്തിക്കാൻ കഴിയാറില്ല.
ഒരു ജില്ലയിൽ മാത്രം ഒതുങ്ങുന്നതല്ല എക്‌സൈസിലെ അഴിമതി. ലഹരിക്കെതിരെ ആത്മാർത്ഥ നിലപാടുള്ള ഒരു സർക്കാരാണിതെന്ന തോന്നലിന് തുരങ്കം വയ്ക്കുന്ന അഴിമതിക്കാരെ ഒരു കാരണവശാലും വച്ചു പൊറുപ്പിക്കില്ലെന്ന് എക്‌സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കിക്കഴിഞ്ഞു. എക്‌സൈസ് വകുപ്പിൽ ശുദ്ധീകരണം അത്യാവശ്യമാണെന്നും അതിനുള്ള എല്ലാ നടപടികളും ഒരു വിട്ടുവീഴ്ചയുമില്ലാതെ കൈക്കൊള്ളുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. വകുപ്പിലെ ആഭ്യന്തര വിജിലൻസ് സംവിധാനം ശക്തിപ്പെടുത്താൻ നടപടി തുടങ്ങി. മുകൾ തട്ടിലുണ്ടായിരുന്ന ചില ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീളുന്നുണ്ട്.
ആലപ്പുഴ ഡെപ്യൂട്ടി കമ്മിഷണർ ആയിരിക്കേ അശോക് കുമാർ അന്വേഷിച്ച കേസുകളിൽ പുനഃപരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. എക്‌സൈസിൽ ജില്ലയുടെ പരമാധികാരിയാണ് ഡെപ്യൂട്ടി കമ്മിഷണർ. നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ പ്രതികളായ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്, സി.പി.എം നേതാവ് യു.പ്രതിഭയുടെ മകൻ ഉൾപ്പെട്ട കഞ്ചാവ് കേസ് എന്നിവയിലുൾപ്പെടെയാണ് അട്ടിമറി സംശയത്തിൽ ഫയലുകൾ പുനഃപരിശോധിക്കുന്നത്. പ്രതിഭയുടെ മകൻ കനിവ് ഉൾപ്പെടെ ഏഴുപേരെ കഞ്ചാവു കേസിലെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് ഒഴിവാക്കിയതെന്നാണ് അമ്പലപ്പുഴ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. കേസിൽ ഒൻപത് പേരാണുണ്ടായിരുന്നത്.
കോട്ടയത്ത് ഡെപ്യൂട്ടി കമ്മിഷണർ ഉൾപ്പെടെ ഏഴു പേർ സസ്‌പെൻഷനിലായ സംഭവത്തിൽ എക്‌സൈസ് കമ്മിഷണറുടെ അന്വേഷണം സംബന്ധിച്ച ചില വിവരങ്ങൾ ചോർന്നതായി സൂചനയുണ്ട്. അഴിമതിക്കാരെന്ന് സംശയമുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും നിരീക്ഷിക്കാനും അന്വേഷണം കടുപ്പിക്കാനും എക്‌സൈസ് വകുപ്പ് സജ്ജമാകുകയാണ്. പണമൊഴുക്ക് സമഗ്രമായി അന്വേഷിക്കാനാണ് ധാരണയായിട്ടുള്ളത്. അഴിമതിക്ക് പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ വരവിൽ കവിഞ്ഞ സ്വത്തുക്കൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ ഉണ്ടാകേണ്ടതുണ്ട്. പലപ്പോഴും തെളിവുകളുടെ അഭാവമാണ് കൈക്കൂലിക്കാർ രക്ഷപ്പെടുന്നതിന് ഇടയാക്കുന്നത്. എന്നാൽ, കോട്ടയത്ത് എല്ലാ ആധുനിക തെളിവുകളും ശേഖരിച്ചതിന് ശേഷമാണ് അശോക് കുമാർ തുടങ്ങിയവർക്കെതിരെ നടപടി ഉണ്ടായത്. എക്‌സൈസിലെ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇത്തരം ഓപ്പറേഷൻ എല്ലാ ജില്ലകളിലും നടത്താനുള്ള തയ്യാറെടുപ്പിലാണിപ്പോൾ മന്ത്രിയുടെ ആശീർവാദത്തോടെ കമ്മിഷണർ സാംബശിവറാവു എന്നത് പൊതുജനങ്ങളിൽ പ്രതീക്ഷ വളർത്തുന്നു.
ഞെക്കിപ്പിഴിച്ചിൽ
എറണാകുളം ജില്ലയിൽ ത്രീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെ വിഭാഗങ്ങളിലായി 205 ബാറുകളുണ്ട്. തൃശ്ശൂരിൽ 111 ഉം തിരുവനന്തപുരത്ത് 96 ഉം കോട്ടയത്ത് 86 ഉം ബാറുകൾ. മറ്റു ജില്ലകളിൽ താതമ്യേന കുറവാണ്. കോട്ടയം, ആലപ്പുഴ, തൃശൂർ ജില്ലകളിലേക്ക് സ്ഥലംമാറ്റം ലഭിക്കാൻ എക്‌സൈസ് ഉദ്യോഗസ്ഥർക്കിടയിൽ മൽസരമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. കോഴ വാങ്ങുന്നത് നാലു തട്ടുകളായാണ്. റെയ്ഞ്ച്, സർക്കിൾ ഓഫീസ്, അസിസ്റ്റന്റ് കമ്മിഷണർ ഓഫീസ്, ഡെപ്യൂട്ടി കമ്മിഷണർ ഓഫീസ്. മൂന്നു ഘട്ടങ്ങളിലും 25,000 മുതൽ മുകളിലേക്കാണ് ഡെപ്യൂട്ടി കമ്മിഷണർമാരുടെ പടി. അവശ്യ ഘട്ടങ്ങളിലെല്ലാം ഇഷ്ട ഭക്ഷണവും ഇഷ്ട മദ്യവും ഇവർക്ക് ലഭ്യമാവും.
സസ്‌പെൻഷനിലായ അശോക് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്തുവരുന്നത്. കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും കൈക്കൂലി വാങ്ങി കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം നൽകുന്നതും ഇദ്ദേഹം പതിവാക്കിയിരുന്നെന്ന പരാതിയുമുണ്ട്. മറ്റിടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകൾ സ്വന്തം റേഞ്ചിൽ എത്തിച്ച് കേസെടുക്കുന്നത് പതിവാണെന്ന ആക്ഷേപവും ഉയരുന്നു. കൈക്കൂലി തന്നില്ലെങ്കിൽ ബന്ധുക്കളെയും പ്രതികളാക്കും എന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അശോക് കുമാറിനെതിരെ പരാതി നിലവിലുണ്ട്.
കേസുകൾ ഒത്തുതീർപ്പാക്കാൻ കൈക്കൂലി ആവശ്യപ്പെടുന്ന രീതി എക്‌സൈസിലെ ചില ഉദ്യോഗസ്ഥർ തുടർന്ന് വരുന്നതായും എക്‌സൈസ് രഹസ്യന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിൽ വ്യക്തമായി. ചെറിയ അളവിൽ ലഹരി വസ്തുക്കൾ പിടികൂടി കേസെടുക്കും. വലിയ അളവിൽ ലഹരി വസ്തുക്കൾ പിടിക്കുമ്പോൾ കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി ആവശ്യപ്പെടും. കൈക്കൂലിക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്ന രീതിയുണ്ടെന്നും അശോക് കുമാറിനെതിരെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുണ്ട്.
എക്‌സൈസ് വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും അഴിമതിക്കാരല്ലെങ്കിലും കാശിനോട് ആർത്തിയുള്ള ഉദ്യോഗസ്ഥർക്ക് ബാറുടമകളെ ഞെക്കിപ്പിഴിയാൻ മൂന്നു ഘട്ടങ്ങളുണ്ട്. ഓണത്തിനും ക്രിസ്മസിനും പുറമേ ലൈസൻസ് പുതുക്കൽ വേളയും. ബാർ ഹോട്ടലുകളിലെ മുറികളിൽ മദ്യം നൽകാൻ പേരും വിലാസവും ഉൾപ്പെടെയുള്ള രേഖകൾ രജിസ്റ്ററിൽ ചേർക്കണമെന്നാണ് ചട്ടം. പലപ്പോഴും ഇതൊന്നും പാലിക്കാറില്ല. പരിശോധനയിൽ ഇത് പിടിക്കപ്പെട്ടാൽ കേസാക്കാം. ഇതിന്റെ പേരിലും പിരിവു നടക്കുന്നുണ്ട്.
കോട്ടയം ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരായ കൂട്ട സസ്‌പെൻഷൻ ഒരു വകുപ്പുതല അച്ചടക്കനടപടി മാത്രമായി കാണാനാവില്ല. നിയമം നടപ്പാക്കേണ്ടവർ തന്നെ നിയമലംഘനത്തിന് കൂട്ടുനിൽക്കുകയും ബാറുടമകളിൽനിന്ന് മാസപ്പടിയും കൈക്കൂലിയും സ്വീകരിക്കുകയും ചെയ്‌തെന്ന കണ്ടെത്തൽ ഭരണസംവിധാനത്തിന്റെ വിശ്വാസ്യതയെ നേരിട്ടു ചോദ്യം ചെയ്യുന്നതാണ്. അസമയത്ത് മദ്യവിൽപ്പന അനുവദിച്ചതും പരിശോധനകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതും ആരോപണങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു.
ഏറ്റവും ശ്രദ്ധേയമായത് നടപടി ഉണ്ടായ രീതി തന്നെയാണ്. മാസങ്ങളോളം നിരീക്ഷണം നടത്തി, വേഷംമാറി പരിശോധന നടത്തി, അസമയത്ത് മദ്യം വാങ്ങി തെളിവുകൾ ശേഖരിച്ച്, ശബ്ദസന്ദേശങ്ങളും സി.സി.ടി വി ദൃശ്യങ്ങളും ബാങ്ക് രേഖകളും പരിശോധിച്ചാണ് കമ്മിഷണർ നടപടി സ്വീകരിച്ചത്. താഴെത്തട്ടിൽനിന്ന് മേലുദ്യോഗസ്ഥൻ വരെ അഴിമതിയുടെ ശൃംഖല വളർന്നിട്ടുണ്ടെങ്കിൽ, സാധാരണ മുന്നറിയിപ്പുകൾ കൊണ്ട് അത് അവസാനിക്കില്ലെന്നതിന്റെ തെളിവാണിത്. ഇടനിലക്കാരായ ബാർ ഉടമകൾക്കും പങ്കുണ്ടെന്നു തെളിഞ്ഞിരിക്കേ അവരെയും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരികയെന്നതും പ്രധാനം. കുറ്റം തെളിഞ്ഞാൽ ക്രിമിനൽ നടപടി ഉറപ്പക്കേണ്ടതും അനധികൃതമായി ആനുകൂല്യം ലഭിച്ച സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദക്കേണ്ടതും അനിവാര്യം. പക്ഷേ, സംസ്ഥാനത്തെ ഇതു വരെയുള്ള ചരിത്രം അറിയുന്നവർക്ക് ഇക്കാര്യത്തിൽ അത്ര വിശ്വാസം പോരാ. രാഷ്ട്രീയ സമ്മർദ്ദം ഏതു വഴിയും എത്തുന്ന പതിവ് ആവർത്തിക്കില്ലേയെന്ന ചോദ്യം ബാക്കിയാകുന്നു. ഇപ്പോൾ സസ്‌പെൻഷനിലായ അശോക് കുമാർ 2016 ൽ തിരുവല്ലയിൽ നിന്ന് 2.62 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് സസ്‌പെൻഡ് ചെയ്യപ്പെട്ടിരുന്നു.
നിയമവിരുദ്ധമായി മദ്യം ലഭ്യമാകുന്നത് ലഹരിയുടെ വ്യാപനം മാത്രമല്ല, റോഡപകടങ്ങൾ, കുടുംബപ്രശ്‌നങ്ങൾ, അക്രമങ്ങൾ തുടങ്ങിയ സാമൂഹിക ദുരന്തങ്ങൾക്കും വഴിയൊരുക്കും. അതിനാൽ എക്‌സൈസിലെ അഴിമതിയെ സാമ്പത്തിക കുറ്റമായി മാത്രം കാണാതെ പൊതുസുരക്ഷ ഭീഷണിയായി കണക്കാക്കിയുള്ള ഫലപ്രദമായ സംവിധാനമാണാവശ്യം. പരിശോധനകൾക്ക് മുൻകൂർ അനുമതി എന്ന നിഷ്‌കർഷ അവസാനിപ്പിക്കുകയെന്നതും പ്രധാനം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട വകുപ്പിൽ അഴിമതി വേരൂന്നുമ്പോൾ അതിന്റെ ഇരകൾ പൊതുജനങ്ങളാണ്.
ബാബു കദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
