സൈബറിടത്തിൽ വിഷം കലക്കി വോട്ട് പിടുത്തം

APRIL 17, 2024, 5:47 PM

അപവാദ പ്രചാരണങ്ങളും വ്യക്തിഹത്യയും വോട്ടർമാരെ സ്വാധീനിക്കുമെന്ന ധാരണ കേരളത്തിൽ ഇപ്പോഴും മാറാതെ നിൽക്കുന്നു; തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ വിഴുപ്പലക്കൽ പലപ്പോഴും അരോചകം. കൂടിവരികയാണോ ഈ അനാശാസ്യ ക്രിയയെന്ന സംശയമാണ് സോഷ്യൽ മീഡിയാ നിരീക്ഷകർക്കുള്ളത്. മുൻ തിരഞ്ഞെടുപ്പ് കാലങ്ങളെക്കാൾ കൂടുതലാണ് ഇത്തവണ വ്യക്തിഹത്യ. അവയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ ഔദ്യാഗിക സൈബർ സെൽ പരാജയവുമാണ്. സൈബർ മേഖലയുമായി ബന്ധപ്പെട്ട നിയമത്തിലെ പരിമിതികളും പഴുതുകളും ഉപയോഗപ്പെടുത്തിയാണ് അപവാദ പ്രചാരകർ അരങ്ങ് കൊഴുപ്പിക്കുന്നത്.

സ്ഥാനാർഥിയെ മാത്രമല്ല ആക്രമിക്കുന്നത്; കുടുംബത്തെ പോലും അപകീർത്തിപ്പെടുത്തുന്ന പ്രചാരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലും പൊതുയോഗങ്ങളിലും വ്യാപകമായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. തന്റെ മോർഫ് ചെയ്ത അശ്ലീല ചിത്രം ചേർത്ത് വ്യാജ വീഡിയോ ക്ലിപ്പുകളുണ്ടാക്കി അപവാദ പ്രചാരണം നടത്തുന്നുവെന്ന പരാതി മാധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ചു, വടകര ലോക്‌സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജ. പാനൂരിലെ സ്‌ഫോടന കേസ് പ്രതിയുമൊത്ത് നിൽക്കുന്ന വ്യാജ ചിത്രവും കുടുംബ ഗ്രൂപ്പുകളിൽ വരെ എതിർ കക്ഷികൾ പ്രചരിപ്പിക്കുന്നതായി സ്ഥാനാർഥി പരാതിപ്പെടുന്നു. മുൻ തിരഞ്ഞെടുപ്പുകളിലൊന്നും ഇതുപോലുള്ള അപവാദ പ്രചാരണത്തിന് താൻ വിധേയയായിട്ടില്ല: ശൈലജ ടീച്ചർ പറഞ്ഞു.

കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങി നിരവധി പേരാണ് മുഖ്യമായും സോഷ്യൽ മീഡിയ വഴിയുള്ള അപവാദ പ്രചാരണം സംബന്ധിച്ച പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നിൽ പങ്കെടുത്തത് ചൂണ്ടിക്കാണിച്ചാണ് തനിക്കെതിരെ പ്രചാരണം അരങ്ങേറുന്നതെന്നും താൻ മനസ്സിൽ വിചാരിക്കുക പോലും ചെയ്യാത്ത കാര്യങ്ങൾ തന്റേതെന്ന പേരിൽ വാർത്തകളാക്കി പ്രചരിപ്പിക്കപ്പെടുകയാണെന്നും പ്രേമചന്ദ്രൻ പറയുന്നു. തൃശൂരിൽ കോൺഗ്രസ്സ് സ്ഥാനാർഥി കെ. മുരളീധരനെതിരെ ബി.ജെ.പി സൈബർ പടയാളികൾ വ്യാജ വാർത്തകളും നുണപ്രചാരണങ്ങളും അഴിച്ചു വിടുന്നതായാണ് കോൺഗ്രസ്സ് ആരോപിക്കുന്നത്.

vachakam
vachakam
vachakam

പൊന്നാനി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി അബ്ദുസമദ് സമദാനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന പരാതിയിൽ തിരഞ്ഞെടുപ്പ് ഓഫീസർ എതിർ ചേരിയിലെ ചിലർക്ക് നോട്ടീസയച്ചുകഴിഞ്ഞു. അപവാദ പ്രചാരണങ്ങളും വ്യക്തിഹത്യയും വഴി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം മിക്ക സംസ്ഥാനങ്ങളിലുമുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയതിന് ബി.ജെ.പി നേതാവ് ദിലീപ് ഘോഷും ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്ന് മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി കങ്കണാ റണാവത്തിനെതിരെ സോഷ്യൽ മീഡിയയിൽ മോശം പരാമർശം നടത്തിയതിന് കോൺഗ്രസ്സിലെ സുപ്രിയയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമ നടപടിക്ക് വിധേയമായി.

തൂത്തുക്കുടിയിലെ ഡി.എം.കെ സ്ഥാനാർഥി എം.കനിമൊഴിയെക്കുറിച്ച് എതിർപക്ഷം വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് തിരഞ്ഞെടുപ്പു കമ്മീഷന് ഡി.എം.കെ പരാതി നൽകി. ബി.ജെ.പി എം.പി ഹേമമാലിനിക്കെതിരെ കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ പ്രചാരണത്തിൽ നിന്ന് തിരഞ്ഞെടുപ്പു കമ്മീഷൻ അദ്ദേഹത്തെ 48 മണിക്കൂർ വിലക്കി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സാമൂഹിക മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് ക്രമമായി കൂടിക്കൂടിവരുന്നു. ഏറ്റവും ചെലവു കുറഞ്ഞ പ്രചാരണോപാധിയെന്ന നിലയിൽ വലിയ ദൗത്യമാണ് സാമൂഹിക മാധ്യമങ്ങൾക്കുള്ളത്. എന്നാൽ സൈബർ ഇടങ്ങളിലെ പ്രചാരണത്തിന് തിരഞ്ഞെടുപ്പു കമ്മീഷൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത് പരക്കേ വിസ്മരിക്കപ്പെടുന്നു. സ്ഥാനാർഥികളെ അപകീർത്തിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന തരത്തിലുള്ള പരാമർശങ്ങളും പ്രയോഗങ്ങളും സഭ്യമല്ലാത്ത കമന്റുകളും നിരോധിച്ചിട്ടുള്ളതാണ്.

സാമൂഹിക മാധ്യമങ്ങളിലെ വോട്ടുപിടിത്തവും കമന്റുകളും നിരീക്ഷിക്കാൻ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശാനുസാരം മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റികൾ രൂപവത്കരിച്ച് പ്രവർത്തിച്ചു വരുന്നു. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ, ഈ നിർദേശങ്ങളെയെല്ലാം കാറ്റിൽ പറത്തിയുള്ള പ്രചാരണങ്ങളാണ് പൊതുവേ നടന്നുവരുന്നത്.അപകീർത്തിയും വ്യക്തിഹത്യയും തങ്ങളുടെ ശൈലിയല്ലെന്ന് എല്ലാ പാർട്ടികളും ഇടയ്ക്കിടെ ആണയിടുന്നുണ്ട്. അതേസമയം ഇത്തരം പരാമർശങ്ങൾ നടത്തുന്ന സൈബർ പോരാളികളെയും നേതാക്കളെയും അതിൽ നിന്ന് പിന്തിരിപ്പിക്കാൻ നേതാക്കൾ ശ്രമിക്കുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും അതിനെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണുണ്ടാകുന്നത്.

vachakam
vachakam
vachakam

തെറിപ്രസംഗങ്ങളെ നാക്കുപിഴ എന്ന് പറഞ്ഞ് നിസ്സാരവത്കരിക്കും. ഇങ്ങനെ എത്രയെത്ര 'നാക്കുപിഴ'കളാണ് ജനങ്ങൾ കേൾക്കേണ്ടി വന്നത്. മാന്യമായി സംസാരിക്കുകയും അനാരോഗ്യകരമായ വിമർശനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയുമാണ് ഒരു നല്ല നേതാവിന്റെയും പ്രവർത്തകന്റെയും ലക്ഷണമെന്ന സിദ്ധാന്തമൊക്കെ ഏട്ടിലെ പശുവായി മാറുന്നു.പാർട്ടികളുേെയാ സ്ഥാനാർഥികളുേെയാ നിലപാടുകളെയും കാഴ്ചപ്പാടുകളെയും മാന്യമായ രീതിയിൽ വിമർശിക്കുന്നതു ശരിയായ കാര്യം തന്നെ. എതിർ കക്ഷിയുടെ നയപരിപാടികളിൽ അപാകതയുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുന്നതിൽ ഒരു തെറ്റുമില്ല. സർക്കാരിന്റെ പ്രവർത്തനങ്ങളിലെ പോരായ്മയും വ്യക്തമായ തെളിവുകളുള്ള അഴിമതികളും തുറന്നു കാണിക്കുകയുമാകാം. അതേസമയം, ഇതിലപ്പുറം വ്യക്തിഹത്യയും അപകീർത്തിപ്പെടുത്തലും അപവാദ പ്രചാരണവും തിരഞ്ഞെടുപ്പിലെന്നല്ല ഒരു ഘട്ടത്തിലും അരുതാത്തതു തന്നെയാണ്.

എല്ലാ വ്യക്തികൾക്കുമുണ്ട് അന്തസ്സും മാന്യതയുമെന്ന കാര്യവും അത് മാനിക്കാൻ എല്ലാവരും എപ്പോഴും ബാധ്യസ്ഥമാണെന്നതും മറന്നുകൂടാ. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറുന്നതും കുളിമുറിയിൽ ഒളിഞ്ഞു നോക്കലും അല്ല രാഷ്ട്രീയം.
വ്യക്തിഹത്യക്കും അപവാദ പ്രചാരണത്തിനുമെതിരെ കോടതികൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യക്തികളുടെ അന്തസ്സിനും അഭിമാനത്തിനും കോട്ടം തട്ടുന്ന ഒരു പരാമർശവും അരുതെന്നാണ് കോടതി പറയാറുള്ളത്. സ്ത്രീകളുമായി ബന്ധപ്പെട്ട വാക്കുകളിൽ സുപ്രീംകോടതി ഒരു ശൈലീ പുസ്തകം തന്നെ ഇറക്കി കഴിഞ്ഞ വർഷം.

സ്ത്രീകളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുകയെന്നതായിരുന്നു ലക്ഷ്യം. എങ്കിലും വ്യാജഅപവാദ പ്രചാരണങ്ങൾ വ്യാപകമാണിപ്പോഴും. വർഷങ്ങൾക്കു മുമ്പ് സംഭവിച്ചതും ജനങ്ങൾ മറന്നു കഴിഞ്ഞതുമായ അനിഷ്ട സംഭവങ്ങൾ വരെ ചികഞ്ഞെടുത്ത് അവതരിപ്പിക്കപ്പെടുന്നു. പലപ്പോഴും ഇതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമാകും. അതേസമയം, അപകീർത്തി പരാമർശത്തിന്റെ പുകമറയിലൂടെ രാഷ്ട്രീയ എതിരാളികളെ ക്രൂശിക്കാനുള്ള കുതന്ത്രങ്ങളും വ്യാപകം തന്നെ.

vachakam
vachakam

ജയിലിനാകും സമ്മർദ്ദം

'വിമർശനം ഉയർത്തുന്നവരെയെല്ലാം ജയിലിൽ അടയ്ക്കാൻ തുടങ്ങിയാൽ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതിനു മുമ്പ് രാജ്യത്ത് എത്ര പേർ ജയിലിലാകും?' സുപ്രീംകോടതിക്ക് ഇപ്രകാരം ചോദ്യം ഉന്നയിക്കേണ്ടിവന്ന സംഭവവുമുണ്ടായി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരായ അപകീർത്തി പരാമർശത്തിൽ യൂട്യൂബർ ദുരൈമുരുഗൻ സാട്ടൈക്ക് തമിഴ്‌നാട് ഹൈക്കോടതി റദ്ദാക്കിയ ജാമ്യം പുനഃസ്ഥാപിച്ചു കൊണ്ട് ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബഞ്ചാണ് ഈ ചോദ്യമുന്നയിച്ചത്. ദുരൈമുരുഗന് ജാമ്യം അനുവദിക്കുകയാണെങ്കിൽ, ജാമ്യകാലത്ത് അപകീർത്തികരമായ പരാമർശങ്ങൾ നടത്തരുതെന്ന നിബന്ധന വേണമെന്ന് തമിഴ്‌നാട് സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

സാമൂഹിക മാധ്യമങ്ങളുടെ കാലത്ത് പൗരന്മാരുടെ സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളുടെ വേദികളാണ് സൈബർ ഇടങ്ങൾ. രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക പ്രക്രിയകളിൽ പങ്കാളിയാകാൻ എല്ലാ പൗരന്മാരെയും അനുവദിക്കുകയെന്നത്് ശരിയായ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകം തന്നെയാണ്. ഈ പങ്കാളിത്തത്തിൽ ഉൾപ്പെടുന്നുണ്ട്, ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളോടും നയങ്ങളോടുമുള്ള വിയോജിപ്പ് പ്രകടിപ്പിക്കൽ. ഇതടിസ്ഥാനത്തിലാണ് ഭരണഘടനയുടെ 19-ാം അനുഛേദം പൗരന്മർക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ് നൽകിയത്. ഇന്ത്യൻ ഭരണഘടന മാത്രമല്ല, 1948 ഡിസംബർ പത്തിലെ മനുഷ്യാവകാശ പ്രഖ്യാപനം, സിവിൽ, പൊളിറ്റിക്കൽ റൈറ്റ് സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി, മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും സംബന്ധിച്ച യൂറോപ്യൻ കൺവെൻഷൻ തുടങ്ങിയ അന്താരാഷ്ട്ര ചട്ടങ്ങളും ഉറപ്പ് നൽകുന്നുണ്ട് അഭിപ്രായ സ്വാതന്ത്ര്യം.

ഭരണകർത്താക്കളുടെ അരുതാത്ത ചെയ്തികളെ വിമർശിക്കാൻ പൗരന്മാർക്ക് അവകാശമുണ്ട്. വിയോജിക്കാനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യവുമാണ് ജനാധിപത്യത്തിന് ശക്തി പകരുന്നത്. ഈ അവകാശങ്ങളെ ഇല്ലായ്മ ചെയ്യുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും. വിമർശനങ്ങൾ ജനാധിപത്യത്തിന്റെ സുരക്ഷയ്ക്കുപകരിക്കും. അതനുവദിച്ചില്ലെങ്കിൽ പ്രഷർ കുക്കർ പൊട്ടിത്തെറിക്കുന്നതു പോലെ സ്‌ഫോടനമുണ്ടാകുമെന്ന് 2018 ഓഗസ്റ്റ് 29ന് സുപ്രീംകോടതി രാജ്യത്തെ ഭരണാധികാരികളെ ഓർമിപ്പിച്ചത് ശ്രദ്ധേയമാണ്. വിപ്ലവ കവി വരവര റാവു, സാമൂഹിക പ്രവർത്തക സുധ ഭരദ്വാജ് തുടങ്ങിയ മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിനെതിരെ ചരിത്രകാരി റോമിലാ ഥാപ്പർ സമർപ്പിച്ച ഹർജിയുടെ പരിഗണനാ വേളയിലായിരുന്നു കോടതിയുടെ ഈ പരാമർശം.

ദുരൈ മുരുഗനെതിരായ കേസിലെ സുപ്രീം കോടതിയുടെ ചോദ്യത്തിന്റെ പൊരുളും ഇതു തന്നെയായിരുന്നു. വിമർശങ്ങളെ സഹിഷ്ണുതയോടെ നേരിടാനുള്ള വിശാല മനസ്സാണ് ഭരണാധികാരികൾക്കാവശ്യം. വിമർശകരെയെല്ലാം കൽത്തുറുങ്കിലടച്ച് നിശബ്ദരാക്കാൻ ശ്രമിക്കുന്നതാണ് ഫാസിസ്റ്റ് ശൈലി. എ.ഐ.എ.ഡി.എം.കെ ഭരണകാലത്ത് വിമർശകരെ സർക്കാർ നിരന്തരം വേട്ടയാടി, കേസെടുത്ത് പീഡിപ്പിച്ചു. അപ്പോൾ അതിനെതിരെ പ്രതിഷേധിച്ചു ഡി.എം.കെ നേതാക്കൾ. അവരിപ്പോൾ സ്റ്റാലിന്റെ വിമർശകരെ വേട്ടയാടുന്നു.

അതേസമയം അഭിപ്രായ സ്വാതന്ത്ര്യം പോലെ തന്നെ അതീവ പ്രാധാന്യമർഹിക്കുന്നുണ്ട്. തങ്ങളുടെ വ്യക്തിത്വവും മാന്യതയും ഹനിക്കപ്പെടാതിരിക്കാനുള്ള പൗരന്മാരുടെ അവകാശവും. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ മറ്റൊരാളെ വിമർശിക്കുമ്പോൾ അതിന് അതിർ വരമ്പുകൾ അനിവാര്യം. ആർക്കും ആരെയും ഏത് വിധേനയും വിമർശിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണിത്. സുപ്രീംകോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണ്.

എന്തും വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യമല്ല ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യമെന്ന് 2020 സെപ്തംബറിൽ ബോംബെ ഹൈക്കോടതിയും വ്യക്തമാക്കി. അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കെതിരെ ആക്ഷേപകരമായ പ്രസ്താവനകൾ നടത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തതിനെ ചോദ്യം ചെയ്ത് സുനൈന ഹോളി എന്ന യുവതി സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഈ നിരീക്ഷണം. ഇതതരത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്ത് മറ്റുള്ളവരെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി എപ്പോഴും ആവശ്യമാണ്.

എന്നാൽ ഒരു വിമർശനം അപകീർത്തികരമാണോ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണോ എന്ന് ആരാണ് തീരുമാനിക്കുകയെന്ന ചോദ്യം പ്രസക്തം തന്നെ. അതിന് കോടതികൾക്കു തന്നെ വ്യക്തമായ നിർവചനമോ വ്യവസ്ഥയോ ആധികാരികമായില്ല. വിമർശനം ജനാധിപത്യത്തിൽ അനിവാര്യമാണെന്ന് തറപ്പിച്ചു പറഞ്ഞ സുപ്രീംകോടതി തന്നെയാണ് ജഡ്ജിമാരെ വിമർശിച്ചതിന്റെ പേരിൽ മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷനെതിരെ കോടതിയലക്ഷ്യ കേസ് ചുമത്തിയത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ എസ്.എ. ബോബ്‌ഡെ, ഹെൽമറ്റ് ധരിക്കാതെ ഒരു ബി.ജെ.പി നേതാവിന്റെ 50 ലക്ഷം വിലയുള്ള ബൈക്ക് ഓടിച്ചു. അക്കാര്യം വിഷയമാക്കി സാമൂഹിക മാധ്യമത്തിൽ പ്രതികരിച്ചതിനും ഇന്ത്യൻ ജനാധിപത്യത്തെ ക്ഷയിപ്പിക്കുന്നതിൽ സുപ്രീംകോടതിക്കും പങ്കുണ്ട് എന്ന് നിരീക്ഷിച്ചതിനുമാണ് പ്രശാന്ത് ഭൂഷനെതിരെ കോടതിയലക്ഷ്യ കേസെടുത്തത്.

ഇത് കോടതിയുടെ അധികാര ദുർവിനിയോഗമായിപ്പോയെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്, മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ തുടങ്ങി നിരവധി നിയമജ്ഞർ തന്നെ വിലയിരുത്തി. ആരോഗ്യപരമായ വിമർശനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അനാരോഗ്യകരവും അതിർ വരമ്പുകൾ ലംഘിക്കുന്നതുമായ വിമർശനങ്ങളെ നിർണയിക്കുന്നതിൽ വ്യക്തമായ ഒരു മാർഗരേഖ ആവശ്യമാണെന്ന് കാലം ആവശ്യപ്പെടുന്നു.

ബാബു കദളിക്കാട്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam