തദ്ദേശ തെരഞ്ഞെടുപ്പിലേയ്ക്കും പൊതുതെരഞ്ഞെടുപ്പിലേയ്ക്കും ദൂരം രണ്ടുകാതം മാത്രമേയുള്ളുവെങ്കിലും സർക്കാർ വക കടുംവെട്ടിന് യാതൊരു കുറവുമില്ല. സാമ്പത്തിക ദാരിദ്ര്യം മറികടക്കാൻ മദ്യമൊഴുക്കിയും ലോട്ടറി വിറ്റും കെ.എൻ. ബാലഗോപാൽ കേരളത്തിന്റെ മാനം കാത്തുവരവെ, വരും കാല ബുദ്ധിമുട്ടുകൾക്ക് പരിഹാരം തേടി സർക്കാർ വക 'സമ്മാന'മായി പുതിയ ടോൾ പിരിവ്. അതിനുള്ള പ്രത്യേക നിയമ നിർമ്മാണം നടത്താനുള്ള തിരക്കിട്ട നീക്കത്തിലാണ് രണ്ടാം പിണറായി സർക്കാർ. പതിവു പോലെ ഘടക കക്ഷികൾ ഒന്നു മറിഞ്ഞിട്ടില്ല. മുന്നണിയിൽ ചർച്ചയില്ല.
അതിനിടെ, കിഫ്ബി നിർമിക്കുന്ന സംസ്ഥാന പാതകളിൽ ടോൾപിരിച്ച് വരുമാനമുണ്ടാക്കാനുള്ള സർക്കാർ നീക്കം എൽ.ഡി.എഫിന്റെ നയത്തിൽനിന്നുള്ള വ്യതിയാനമാണെ വ്യക്തമാക്കുന്ന രേഖ പുറത്തുവന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക് സഭയിൽ നൽകിയ മറുപടിയിൽ ടോൾ പിരിക്കുന്ന കാര്യം ആലോചനയിലില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇത് മറികടന്നാണ് ടോൾ പിരിവിന് രണ്ടാം പിണറായി സർക്കാരിന്റെ നീക്കമെന്ന് വിമർശിക്കാൻ ആരുമില്ല.
ടോൾപിരിവ് നടത്തി വരുമാനമുണ്ടാക്കാനുള്ള വഴിതേടി സംസ്ഥാന സർക്കാർ നീക്കം തുടങ്ങിയിട്ട് കുറച്ചുകാലമായി. കിഫ്ബിയുടെ നേതൃത്വത്തിൽ നിർമിക്കുന്ന 50 കോടിരൂപയോ അതിനു മുകളിലോ മുതൽമുടക്കുള്ള പാതകളിലായിരിക്കും ടോൾ ഏർപ്പെടുത്തുക. ഇതുസംബന്ധിച്ച നിയമനടപടികളുമായി മുന്നോട്ടുപോവാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം കിഫ്ബിക്ക് തിരക്കിട്ട് അനുമതി നൽകുകയും ചെയ്തു.
റോഡ് ഉൾപ്പെടെയുള്ള പശ്ചാത്തലവികസനപദ്ധതികളിൽനിന്ന് വരുമാനമുണ്ടാക്കാനുള്ള സാധ്യതാപഠനം നടത്തിവരുകയാണ് കിഫ്ബി. റിപ്പോർട്ട് വൈകാതെ സർക്കാരിന് സമർപ്പിക്കും. ദേശീയപാതകളിൽ ടോൾ ഈടാക്കുന്ന ദേശീയപാതാ അതോറിറ്റിയുടെ അതേ മാതൃകയിലാണ് സംസ്ഥാനപാതകളിൽനിന്ന് വരുമാനമുണ്ടാക്കാനുള്ള കിഫ്ബിയുടെ നീക്കം. നിലവിൽ 1117 പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ ഉൾപ്പെട്ടിട്ടുള്ള 500 റോഡുകളിൽ 30 ശതമാനം പദ്ധതികൾ 50 കോടിക്കുമുകളിൽ മുതൽമുടക്കുള്ളതാണ്. ഇതിൽനിന്ന് വരുമാനമുണ്ടാക്കാൻ സർക്കാർ തീരുമാനിച്ചാൽ ഈ റോഡുകളിലെല്ലാം ടോൾ ഈടാക്കിത്തുടങ്ങും.
വൻതോതിൽ വായ്പയെടുത്താണ് കിഫ്ബി പദ്ധതികൾ നടപ്പാക്കുന്നത്. ഈ വായ്പ കേന്ദ്രം കടപരിധിയിൽ ഉൾപ്പെടുത്തിയതോടെ, കിഫ്ബി പദ്ധതികൾക്ക് സംസ്ഥാന സർക്കാർ പണംമുടക്കേണ്ട സ്ഥിതിയായി. ഈ സാഹചര്യത്തിലാണ് ടോൾപിരിവിനുള്ള നീക്കം. പശ്ചാത്തല വികസനപദ്ധതികൾവഴി വരുമാനമുണ്ടാക്കാൻ കിഫ്ബി നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് സർക്കാർ വക ന്യായം പുറത്തുവന്നു കഴിഞ്ഞു.
കിഫ്ബി വായ്പ കേന്ദ്രം കടപരിധിയിൽ ഉൾപ്പെടുത്തിയപ്പോഴും സമാനമായി വായ്പയെടുത്തു നിർമിക്കുന്ന ദേശീയപാതയിൽ ടോൾ പിരിക്കുന്നുണ്ട്. സ്‌കൂളുകൾക്കും ആശുപത്രികൾക്കും കിഫ്ബി കെട്ടിടം നിർമിച്ചു നൽകുന്നുണ്ടെങ്കിലും അതിൽനിന്ന് വരുമാനമുണ്ടാക്കാൻ വഴിയില്ല. അതിനാലാണ്, ദേശീയപാതകളിലേതുപോലെ, സംസ്ഥാനപാതകളിൽ ടോൾ ഈടാക്കാനുള്ള കിഫ്ബിയുടെ പദ്ധതി. കിഫ്ബി നടപ്പാക്കുന്ന പദ്ധതികളിൽ യൂസർഫീ ടോൾ എന്നിവ പിരിക്കുന്ന കാര്യം ആലോചനയിലില്ല എന്നായിരുന്നു മുൻ ധനകാര്യമന്ത്രി ടി.എം. തോമസ് ഐസകിന്റെ നിയമസഭയിലെ മറുപടി.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിക്ക് കേന്ദ്രത്തിന്റെ ഉപരോധം കിഫ്ബി വായ്പകൾക്ക് തടസ്സമാവുന്നു എന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. മൂന്നുമാസം മുമ്പ് നടന്നയോഗത്തിലാണ് ഇക്കാര്യം വന്നത്. അന്ന് എൽ.ഡി.എഫ്. യോഗത്തിൽ ചർച്ചയായെന്നാണ് എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ അവകാശപ്പെടുന്നത്. എന്നാൽ, ചർച്ചകളൊന്നുമുണ്ടായില്ലെന്നാണ് ഘടകകക്ഷികൾ വ്യക്തമാക്കിക്കഴിഞ്ഞു.
കിഫ്ബിയുടെ വായ്പകളെല്ലാം സംസ്ഥാനത്തിന്റെ പൊതുകടത്തിൽ കേന്ദ്രം പെടുത്തിയത് തിരിച്ചടിയായതോടെയാണ് കിഫ്ബിയുടെ വരുമാനം വർധിപ്പിക്കാനുള്ള വഴികൾ സർക്കാർ തേടിയത്. 50 കോടി മുകളിലുള്ള റോഡുകൾ, പാലങ്ങൾ എന്നിവയ്ക്ക് ടോൾ ഏർപ്പെടുത്തുക, ഷോപിങ് കോംപ്ലക്‌സുകളിൽ നിന്ന് പലിശ സഹിതം പണം തിരികെപിടിക്കുന്ന സ്‌കീമുകൾ തുടങ്ങിയവയാണ് സർക്കാർ പരിഗണിക്കുന്നത്.
പിരിക്കാൻ വഴികൾ പലത്
എഐ ക്യാമറ വഴി ഫാസ്റ്റാഗിൽ നിന്ന് പണം ഈടാക്കുന്ന വിധത്തിലാണ് സാധ്യതാ പഠനം നടക്കുന്നത്. കെൽട്രോണും നാഷണൽ പേമെന്റ്‌സ് കോർപറേഷനുമായി ചേർന്ന് ടോൾ ബൂത്തുകൾ ഒഴിവാക്കി ടോൾ പിരിവിനുള്ള സാധ്യതയും ഇതിനിടെ അന്വേഷിച്ചു. ടോൾ പിരിക്കുന്ന റോഡിൽ ബോർഡുകൾ സ്ഥാപിക്കും. 10 മുതൽ 15 കിലോമീറ്റര് വരെ യാത്ര സൗജന്യമാക്കുന്ന തരത്തിലാണ് ആലോചന. ടോൾ രഹിത റോഡ് നയമായി കൊണ്ട് നടന്ന സി.പി.എമ്മിനെ കിഫ്ബി ടോളിന്റെ പേരിൽ പ്രതിപക്ഷം കടന്നാക്രമിക്കുന്നുണ്ട്. ക്രമക്കേടും ചട്ടവിരുദ്ധ വായ്പകളുമാണ് കിഫ്ബിയിലെ ധന പ്രതിസന്ധിക്ക് കാരണം. അത് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വാർത്താ കുറിപ്പിറക്കി.
ദേശീയ പാതകൾക്ക് ടോളുണ്ടെങ്കിലും കിഫ്ബി റോഡുകൾക്ക് ടോൾ ഏർപ്പെടുത്തുന്ന കേരള മോഡലിനെ ബി.ജെ.പിയും അനുകൂലിക്കുന്നില്ല. ഇതോടെ കിഫ്ബി ടോൾ സംസ്ഥാനത്ത് പുതിയ സമരവഴി തുറന്നു കഴിഞ്ഞു. കിഫ്ബി റോഡുകളിൽ നിന്ന് ടോൾ പിരിക്കാൻ സർക്കാർ തീരുമാനിച്ചാൽ അത് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറയുന്നു. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമുണ്ടാകും. സർക്കാരിന്റെ ധൂർത്തും അഴിമതിയും പിൻവാതിൽ നിയമനങ്ങളുമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം. ഇതിനു പുറമെയാണ് കിഫ്ബിയിലൂടെ വരുത്തിവച്ച ബാധ്യതകളും. ഇതെല്ലാം ജനങ്ങൾക്കു മേൽ വിവിധ മാർഗ്ഗങ്ങളിലൂടെ അടിച്ചേൽപ്പിക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നതെന്ന പ്രതിപക്ഷ ആക്ഷേപം എത്ര കണ്ട് ഫലിക്കുമെന്ന് കണ്ടറിയണം.
ബജറ്റിന് പുറത്ത് കടമെടുക്കുന്നതിനു വേണ്ടി രൂപീകരിച്ച കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയാകുമെന്ന് പ്രതിപക്ഷം നിരവധി തവണ പറഞ്ഞതാണ്. വൻകിട പദ്ധതികളുടെ നടത്തിപ്പിനായി വിഭാവനം ചെയത കിഫ്ബി പക്ഷെ പൊതുമരാമത്ത് വകുപ്പ് ചെയ്തുകൊണ്ടിരുന്ന സാധാരണ പ്രവൃത്തികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ സഞ്ചിതനിധിയിൽ നിന്നാണ് കിഫ്ബിക്ക് പണം നൽകുന്നത്. അതുകൊണ്ടു തന്നെ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് പണിയുന്ന റോഡുകൾക്കും പാലങ്ങൾക്കും ടോൾ ചുമത്തുന്നത് ജനങ്ങളോടുള്ള വഞ്ചനയും നീതികേടുമാണെന്നും അഭിപ്രായമുയരുന്നു.
കിഫ്ബിയിലെ തെറ്റായ ധനകാര്യ മനേജ്‌മെന്റും ധൂർത്തും സൃഷ്ടിച്ച ബാധ്യതയുടെ പാപഭാരമാണ് ജനങ്ങളുടെ തലയിൽ ചുമത്താൻ ശ്രമിക്കുന്നത്. ഇന്ധന സെസും മോട്ടാർ വാഹന നികുതിയുടെ പകുതിയും കിഫ്ബിയിലേക്ക് പിടിക്കുന്നതിന് പുറമെയാണ് ജനത്തെ വീണ്ടും പിഴിയുന്ന തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുന്നത്.
റോഡുകളിൽ ടോൾ പിരിക്കാനുള്ള സർക്കാർ നീക്കം സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നത് മലയാളിക്ക് പുതു വർഷത്തിലെ ആദ്യ തിരിച്ചടിയാണ്.
പ്രിജിത് രാജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്