ഒരു വാടകക്കുരുക്ക് പ്രശ്‌നം എ.കെ. ആന്റണിയെ വരിഞ്ഞുചുറ്റി. ഇക്കാര്യത്തിൽ ആന്റണിയേക്കാൾ ഏറെ പ്രയാസം അനുഭവിച്ചത് ഉമ്മൻ ചാണ്ടിയായിരുന്നു. തങ്ങളുടെ ആദർശ രാഷ്ട്രീയത്തിന് കളങ്കമേൽക്കുമോ എന്നൊരു ശങ്ക.
1999ൽ ഇന്ത്യയിൽ 13-ാമത്തെ ലോക്‌സഭ ഒക്ടോബർ മാസം രൂപം കൊണ്ടു. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ കാലാവധി പൂർത്തിയാക്കിയ സഭയായിരുന്നു പന്ത്രണ്ടാമത് ലോക്‌സഭ. ഇരു ധ്രുവങ്ങളിലായി നിന്ന് ആ സഭയെ ഒരു അവിശ്വാസപ്രമേയത്തിലൂടെ ഒന്നുതള്ളിയിടാൻ ഒരു വോട്ട് മാത്രമേ വേണ്ടിയിരുന്നുള്ളൂ.
കാലാവധി പൂർത്തിയാക്കാൻ നാലുവർഷം ബാക്കിനിൽക്കെ സഭ വീണു. ഇത്തവണ ബി.ജെ.പി സഖ്യം 300 സീറ്റുകളോട് അടുത്തപ്പോൾ തന്നെ വീണ്ടും വാജ്‌പേയി ഭരണം തന്നെ വരുമെന്ന് ഉറപ്പായി. വാജ്‌പേയിയുടെ നേതൃത്വം തന്നെയാണ് ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കിക്കൊടുത്തത്. സഖ്യം ഉണ്ടാക്കുന്നതിൽ കൂടുതൽ ഫലപ്രദമായി പ്രവർത്തിച്ചത് ബി.ജെ.പിയാണ്. കേന്ദ്രത്തിൽ തങ്ങൾക്കും ഒരു പങ്കുണ്ടാവണമെന്ന് പ്രാദേശിക കക്ഷികളുടെ ആഗ്രഹം ബി.ജെ.പിക്ക് ഗുണമായി.
ദേശീയ രാഷ്ട്രീയത്തിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ബി.ജെ.പി ഇപ്പോൾ ലോഹ്യാവാദികളെയും ദ്രാവിഡ വാദികളെയും യോജിപ്പിക്കുന്ന രാഷ്ട്രീയ ശക്തിയായി മാറിയിരിക്കുന്നു. അങ്ങ് വലത്തെ അറ്റത്തെ ശിവസേന മുതൽ ഇടത്തോട്ട് ചാഞ്ഞുനിന്നിരുന്ന പി.എം.കെ വരെ ഉൾക്കൊള്ളുന്ന തന്ത്രമാണ് ബി.ജെ.പി ഇക്കുറി പയറ്റിയത്. എന്തായാലും കക്ഷിനിലയിൽ കാണുന്നത്
ബി.ജെ.പിക്കും കോൺഗ്രസിനും ഉത്കണ്ഠ ഉളവാക്കാനുള്ള വക ഏറെയുണ്ട് എന്നതാണ്. രണ്ടു ദേശീയ കക്ഷികൾ തമ്മിലുള്ള വൻ മത്സരമായാണ് ഈ തിരഞ്ഞെടുപ്പ് കരുതപ്പെട്ടിരുന്നത.് ഇന്ത്യയെ ഒരു കക്ഷി സംവിധാനത്തിലേക്ക് കൊണ്ടുപോകുന്ന ഒരു തെരഞ്ഞെടുപ്പ് ആവും ഇതൊന്നും പ്രതീക്ഷിച്ചവരുണ്ട്. കോൺഗ്രസിനാകട്ടെ ചരിത്രത്തിലെ ഏറ്റവും കനത്ത പരാജയം തന്നെ നേരിടേണ്ടിവന്നു. ബി.ജെ.പിക്ക് എൻ.ഡി.എ ഭൂരിപക്ഷത്തിലേക്ക് നയിക്കാൻ കഴിഞ്ഞെങ്കിലും ഉത്തർപ്രദേശിൽ കനത്ത പ്രഹരം അവർക്ക് സഹിക്കേണ്ടിവന്നു.
ഒരു ദേശീയ കക്ഷിക്ക് തിരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടാനും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനും കഴിയുന്ന ഒരു കാലം ഇനി ഉണ്ടാകുമോ എന്നതായിരിക്കും ഈ ദേശീയ കക്ഷികൾ ഇപ്പോൾ അത്ഭുതപ്പെടുന്നത്..! കോൺഗ്രസിൽ അധികാരം തിരിച്ചുപിടിക്കുന്നതും ബി.ജെ.പി ശക്തി പ്രാപിക്കുന്നതും 90 കളുടെ ആദ്യം കണ്ടു. എന്നാൽ ഈ ദശകം അവസാനിക്കുന്നത് ഇരു കക്ഷികൾക്കും തിക്ത അനുഭവം ഉണ്ടാക്കി കൊണ്ടാണ്.
വനവാസം ഇനിയും കോൺഗ്രസിന്റെ കാര്യത്തിൽ തുടരുമെന്നും ബി.ജെ.പിയുടെ ഒറ്റയ്ക്കുള്ള വളർച്ച അതിന്റെ പാരമ്യതയിൽ എത്തിയിരിക്കുന്നു എന്നും കരുതേണ്ടിയിരിക്കുന്നു. നൂറിലേറെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രസംഗിക്കുകയും 86,000ലധികം മൈലുകൾ ഇക്കാലയളവിൽ വ്യാമമാർഗം സഞ്ചരിക്കുകയും ചെയ്ത ശേഷം വിജയശ്രീലാളിതനായ വാജ്‌പേയി രണ്ടാമതൊരു ഊഴം കിട്ടുന്ന ആദ്യത്തെ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയായിരിക്കുന്നു.
എന്നാൽ തിരഞ്ഞെടുപ്പിൽ തങ്ങളുടെ സീറ്റുകൾ വർധിപ്പിക്കാൻ കഴിയാത്ത പാർട്ടിക്കും വാജ്‌പേയിക്കും അധികം ആഹ്ലാദിക്കാൻ ആകില്ല. ചരിത്രത്തിലാദ്യമായി കോൺഗ്രസ് അതിന്റെ പ്രായത്തിന്റെ സംഖ്യക്കുള്ള (115) അത്രപോലും അംഗങ്ങൾ ഇല്ലാത്ത (112) ലോക്‌സഭ കാണേണ്ടിവരുന്നു. അംഗസംഖ്യ മെലിഞ്ഞു തൊഴുത്തിൽ കെട്ടാവുന്ന അവസ്ഥ. എന്നിട്ടും പാർട്ടിക്ക് നെഹ്‌റു ഗാന്ധി കുടുംബാധിപത്യത്തോടുള്ള കറകളഞ്ഞ കൂറിൽ ഒരു ഇടവും സംഭവിക്കാത്ത നിലയിലാണ് നിലകൊള്ളുന്നത്. തെരഞ്ഞെടുപ്പ് യുദ്ധത്തിൽ കോൺഗ്രസിന് ഗുരുതരമായി പരിക്കേറ്റത്തിന്റെ ഉത്തരവാദിത്വം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഏറ്റെടുക്കേണ്ടി വന്നു എന്നത് ശരിതന്നെ.
പാർട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാന ഉത്തരവാദിത്വം പാർട്ടി അധ്യക്ഷ എന്ന നിലയിൽ ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്, ആർക്കെങ്കിലും അധ്യക്ഷസ്ഥാനത്തിൽ ഇരിക്കുമ്പോൾ ഈ കീഴ് വഴക്കം ബാധകമായിരുന്നില്ല. സോണിയയുടെ കീഴിൽ കോൺഗ്രസ് പാർട്ടിക്ക് മുമ്പത്തേക്കാൾ 20% സീറ്റുകൾ മാത്രമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. എങ്കിലും തെരഞ്ഞെടുപ്പിന് മുമ്പ് ആ പാർട്ടി ഉയർത്തിയ പ്രതീക്ഷയുടെ ആരവം മൂലം പരാജയത്തിന്റെ ഭാരം അതിലും കൂടിയതാണെന്ന് തോന്നലുണ്ടാക്കുന്നു. പാർട്ടിയുടെ വാചകവീരന്മാരായ കബിൽ സിബിലും കമൽനാഥും തെരഞ്ഞെടുപ്പിന് മുമ്പേ പറഞ്ഞിരുന്ന ഡയലോഗുകൾ വച്ചാണെങ്കിൽ 200 സീറ്റിൽ കുറയാൻ പാടില്ലാത്തതാണ് മിതവാദികളായ പ്രണവ് മുഖർജിയെ പോലെയുള്ളവർ പാർട്ടിക്ക് 177 കുറയില്ലെന്ന് പ്രതീക്ഷയിലാണ് ഇരുന്നത്. എന്നാൽ എല്ലാം തകിടം മറിഞ്ഞു.
ഇതിനിടെ ഒരു വാടകക്കുരുക്ക് പ്രശ്‌നം ഉടലെടുത്തു. ഇക്കാര്യത്തിൽ ആന്റണിയേക്കാൾ ഏറെ പ്രയാസം അനുഭവിച്ചത് ഉമ്മൻ ചാണ്ടിയായിരുന്നു. തങ്ങളുടെ ആദർശ രാഷ്ട്രീയത്തിന് കളങ്കമേൽക്കുമോ എന്നൊരു ശങ്ക. സംഗതി എന്തെന്നല്ലേ, വർഷങ്ങൾക്കു മുമ്പ് പ്രധാനമന്ത്രി നരസിംഹറാവുവിന്റെ നിർദ്ദേശപ്രകാരം ആന്റണി സഞ്ചരിച്ച വിമാനത്തിന്റെ വാടക അടയ്ക്കാൻ വാജ്‌പേയ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നു. ഏതാണ്ട് അഞ്ചുവർഷം മുമ്പ് തന്നെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റി ആന്റണി അധികാരത്തിലേറിയതിന്റെ രാഷ്ട്രീയ കണക്ക് ചോദിക്കാൻ തനിക്ക് എതിരെ കോപ്പുകൂട്ടിയ മുസ്ലിം ലീഗിലെ തന്നെ ഒരു വിഭാഗവുമായി ചേർന്ന് കെ. കരുണാകരൻ കരുനീക്കാൻ തുടങ്ങി. യാദൃശ്ചികമായിട്ടാണെങ്കിലും ഈ നേതൃമാറ്റത്തിന്റെ ഭാഗമായി വിമാനത്തിൽ യാത്രചെയ്തതിന്റെ കണക്ക് ബോധ്യപ്പെടുത്താൻ ആന്റണിയോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നു. വീണുകിട്ടിയ അവസരമായി കരുണാകരൻ ഇതിനെ കണ്ടു. ആന്റണിയുടെ യാത്ര പാർട്ടി ആവശ്യത്തിനായിരുന്നു എന്നും പൊതു ഖജനാവിൽ നിന്ന് ഇതിന് ചെലവ് വഹിക്കുന്നത് ശരിയല്ലെന്ന് ആന്റണിൽ നിന്നു തന്നെ ഇതിന്റെ പണം ഈടാക്കണമെന്നും ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ബി.എൻ. വധേര പൊതു താൽപര്യ ഹർജി നൽകിയിരുന്നു.
ഈ അവസരം പ്രയോജനപ്പെടുത്തി മുന്നണി നേതൃത്വം മാറണമെന്ന് കരുണാകരൻ സൂചിപ്പിക്കുകയാണ് ഉണ്ടായതെങ്കിൽ അദ്ദേഹത്തിന്റെ അനുയായികളായ പി.പി. ജോർജും കടവൂർ ശിവദാസനും സോണിയ ഗാന്ധിയെ ചെന്ന് കണ്ട് ഇക്കാര്യം ഉന്നയിച്ചു കഴിഞ്ഞു. മുസ്ലിം ലീഗിൽ ഒരു വിഭാഗം നേതാക്കളും ഇക്കാര്യം രഹസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട.് വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും തുടർന്നുള്ള നിയമസഭ തെരഞ്ഞെടുപ്പിലും ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വം ആന്റണിയിൽ നിന്ന് മാറ്റി കരുണാകരനിൽ അർപ്പിക്കാൻ വേണ്ടിയുള്ള നീക്കങ്ങൾ സജീവമായി കഴിഞ്ഞു എന്ന് ചുരുക്കം.
അഞ്ചുവർഷം മുമ്പ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് കരുണാകരനെ മാറ്റി ആന്റണിയെ അവരോധിക്കാൻ ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും കരുത്ത് പകർന്നത് ലീഗും മറ്റു ഘടകകക്ഷികളിൽ ഏറെയും ആയിരുന്നു. ഇത് ചരിത്രത്തിന്റെ വിചിത്രമായ ആവർത്തനം എന്നല്ലാതെ എന്തു പറയാൻ. വ്യോമസേനയുടെ വി.വി.ഐ.പി സ്‌പെഷ്യൽ ബോയിങ് 737 ആയ രാജഹംസം എന്ന വിമാനത്തിലെയാണ് ആന്റണി അന്ന് സഞ്ചരിച്ചത്. പ്രധാനമന്ത്രി റാവുവിന്റെ ഓഫീസിൽ നിന്ന് ടെലഫോൺ നിർദേശം പ്രതിരോധ മന്ത്രാലയത്തിൽ എത്തിയതിനെ തുടർന്നാണ് വിമാനം വിട്ടുകൊടുത്തത്. ആന്റണിയെയും ആറ് കേരള എംപിമാരെയും വഹിച്ചുകൊണ്ടുള്ള വിമാനം അന്നുതന്നെ ഡൽഹിക്ക് മടങ്ങി പോവുകയും ചെയ്തു.
ഈ യാത്ര പാർട്ടി ആവശ്യത്തിന് വേണ്ടി മാത്രമായിരുന്നു. അതിന് പൊതു ഖജനാവിൽ നിന്നും ചിലവ് വഹിക്കുന്നത് ശരിയല്ലെന്നും അത് ആന്റണിയിൽ നിന്ന് തന്നെ ഈടാക്കണമെന്നും ഡൽഹി ഹൈക്കോടതിയാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. നേതൃ മാറ്റത്തെ തുടർന്ന് അധികാരമേറിയ ആന്റണി സർക്കാർ പ്രതിരോധ വകുപ്പിൽ നിന്ന് വിമാന വാടക ബിൽ കൈപ്പറ്റിയപ്പോൾ തുക ഫെബ്രുവരിയിൽ അടയ്ക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. പക്ഷേ അന്ന് അടയ്ക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല തെരഞ്ഞെടുപ്പിനെ തുടർന്ന് മെയ് 20ന് ഇടതുപക്ഷ സർക്കാർ അധികാരമേൽക്കുകയും ചെയ്തു. ഇതേ തുടർന്നാണ് ബിൽ അടയ്ക്കാൻ പുതിയ സർക്കാർ വിസമ്മതിച്ചത്.
(തുടരും)
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്