ഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജിയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജ്യത്ത് രണ്ട് വിദ്യാർഥികൾ കൂടി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. രാജസ്ഥാനിലെ സികർ സ്വദേശിയായ 22കാരനും ഉത്തരാഖണ്ഡിലെ ഡെറാഡൂൺ സ്വദേശിനിയായ 23കാരിയുമാണ് പരീക്ഷാ സമ്മർദവും നിരാശയും നേരിട്ട് ജീവനൊടുക്കിയത്.
രാജസ്ഥാനിലെ സികർ ജില്ലയിൽ ഒരു മാസത്തിനിടെ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥിയുടെ രണ്ടാമത്തെ ആത്മഹത്യയാണിത്. പരീക്ഷയെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും പുനഃപരീക്ഷ പ്രഖ്യാപിച്ചതും നിരവധി വിദ്യാർഥികളെ മാനസികമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ജുൻജുനു സ്വദേശിയായ ഉമേഷ് മാലി സികറിലെ വസതിയിലായിരുന്നു താമസം. നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് മരിച്ചത്. കുടുംബാംഗങ്ങൾ പുറത്തായിരുന്ന സമയത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. “ഞാൻ വളരെ ദൂരേക്ക് പോകുകയാണ്, എവിടേക്കാണെന്ന് എനിക്കറിയില്ല” എന്ന വരികളടങ്ങിയ കുറിപ്പും സ്ഥലത്ത് നിന്ന് കണ്ടെത്തി. എന്നാൽ മരണത്തിലേക്ക് നയിച്ച വ്യക്തമായ കാരണം കുറിപ്പിൽ വ്യക്തമാക്കിയിരുന്നില്ല.
അതേസമയം, ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ 23കാരിയായ യുവതിയും ആത്മഹത്യ ചെയ്തു. മാതാപിതാക്കളെ ഏറെ സ്നേഹിക്കുന്നുവെന്ന് രേഖപ്പെടുത്തിയ കുറിപ്പ് എഴുതിവച്ച ശേഷമാണ് യുവതി ജീവനൊടുക്കിയത്. നിരവധി തവണ നീറ്റ് പരീക്ഷ എഴുതിയിട്ടും മെഡിക്കൽ പ്രവേശനം നേടാനാകാത്തതിന്റെ നിരാശയിലാണ് യുവതി കഴിഞ്ഞിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
മേയ് 3ന് നടന്ന നീറ്റ് യുജി പരീക്ഷയിൽ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് പരീക്ഷ റദ്ദാക്കുകയും ജൂൺ 21ന് പുനഃപരീക്ഷ നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചില ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യമുണ്ടെന്ന ആരോപണത്തെ തുടർന്നായിരുന്നു നടപടി.
സംഭവത്തിൽ അന്വേഷണം നടത്തിയതിന് പിന്നാലെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ പ്രഖ്യാപിച്ചു. പിന്നീട് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പരീക്ഷാ നടത്തിപ്പിൽ വീഴ്ച സംഭവിച്ചതായി സമ്മതിക്കുകയും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
