സമസ്തയുടെ നുണയിൽ തുള്ളി സംഘപരിവാർ

APRIL 10, 2025, 1:47 AM

വഖഫ് ഭേദഗതി നിയമത്തിന് പിന്നാലെ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് ചർച്ച് ബില്ല് ആവിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ് മോദി സർക്കാരെന്ന സൂചനയേകി ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിൽ വന്ന ലേഖനം ചാപിള്ളയായെങ്കിലും ഏറെ ദുരൂഹതകൾ ബാക്കി. കത്തോലിക്കാ സഭയുടെ കൈവശമുള്ള സ്വത്തുക്കളുടെ 'വിശദമായ ഡാറ്റ' ലേഖനത്തിന്റെ തലക്കുറിയായിരുന്നു. കൂടുതലും ബ്രിട്ടീഷ് ഭരണകാലത്താണ് കത്തോലിക്കാ സഭയ്ക്ക് ഭൂസ്വത്ത് കിട്ടിയതത്രേ. ബ്രിട്ടീഷുകാർ പാട്ടത്തിനു നൽകിയ സ്ഥലങ്ങൾ സഭയുടെ സ്വത്തായി പരിഗണിക്കില്ലെന്ന് 1965ൽ കേന്ദ്ര സർക്കാർ സർക്കുലർ ഇറക്കിയതല്ലാതെ സ്വത്തു തിരിച്ചുപിടിക്കാൻ സാധിച്ചിട്ടില്ലെന്നുള്ള നിരീക്ഷണം ആധിയായി ഉൾച്ചേർന്നിരുന്ന ലേഖനത്തിന്റെ മൂല സ്രോതസ് ഏതോ ഇസ്‌ളാമിക മസ്തിഷ്‌കമായിരുന്നെന്ന് സംഘപരിവാർ തിരിച്ചറിഞ്ഞപ്പോഴേക്കും വൈകി. 

ഓർഗനൈസറിലെ വെളിപാടിനു മുമ്പേ തന്നെ, കേന്ദ്ര സർക്കാർ കഴിഞ്ഞാൽ കത്തോലിക്കാ സഭയാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂസ്വത്ത് ഉടമയെന്ന് ഊഹിച്ചു വെളിപ്പെടുത്തിയിരുന്നു ചില ഇസ്‌ളാമിക ബുദ്ധിരാക്ഷസർ. സഭാ സ്വത്ത് കണക്കിലെടുക്കുന്ന പക്ഷം വഖഫ് ബോർഡിന്റെ ആസ്തി മൂല്യം നിസ്സാരമെന്നു വാദിക്കാൻ കണക്കുകളും നിരന്നു. ദേശീയ തലത്തിൽ ഒരു ന്യൂസ് ഏജൻസിയും ഏതാനും ഓൺലൈൻ പോർട്ടലുകളും നേരത്തെ നൽകിയ വ്യാജവാർത്ത ചില ഇസ്ലാം പ്രസ്ഥാനങ്ങൾ ഉയർത്തിക്കാട്ടിയത് അറിയാതെയാകാം തങ്ങളുടെ മസ്തിഷ്‌ക സൃഷ്ടിയെന്ന വ്യാജേന സംഘപരിവാർ 'ക്‌ളോണിംഗി'നു വിധേയമാക്കി അപഹാസ്യമായി. ആധികാരിക അറിവ് എന്ന വിധത്തിൽ അവതരിപ്പിച്ച് വ്യാപക തെറ്റിദ്ധാരണ ഉളവാക്കിയ ഈ വാദം വെറും ബാലിശമാണെന്നു തിരിച്ചറിയാൻ ഏതോ അധമ ചിന്തയുടെ കുരുക്കിലായിരുന്നതിനാൽ ആർ.എസ്.എസ് വൈകിപ്പോയി. 

മുനമ്പത്തെ സമരത്തിനു പിന്തുണയുമായി രംഗപ്രവേശം ചെയ്ത ബി.ജെ.പി, സംഘപരിവാർ നേതൃത്വങ്ങൾക്ക് കത്തോലിക്കാ സഭാ പ്രതിനിധികൾ കൈകൊടുത്തതിനെ പരമാവധി ആക്ഷേപിച്ചിട്ടും തങ്ങൾ ഉദ്ദേശിച്ച വഴിക്ക് കാര്യങ്ങൾ നീങ്ങാതായപ്പോഴാണ് സഭയ്‌ക്കെതിരെ സമസ്തയുടെ സുപ്രഭാതം പത്രം രംഗത്തുവന്നത്. ജംഗ്ഷൻ ഹാക്ക്, അനിൽ ടോക്‌സ്  എന്നീ യൂട്യൂബ് ചാനലുകളിലൂടെ അനിൽ മുഹമ്മദ് തുടങ്ങിയവരും സഭയ്‌ക്കെതിരെ ദുരാരോപണങ്ങൾ നിരത്തി. തുടർന്ന് കെ.എം.എം.എൽ കമ്യൂണിറ്റി ആൻഡ് പബ്ലിക് റിലേഷൻ മാനേജർ സ്ഥാനത്തു നിന്ന് അനിൽ മുഹമ്മദിന് സസ്‌പെൻഷനും കിട്ടി. കൊല്ലം രൂപത ബിഷപ്പ്‌സ് ഹൗസ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നായിരുന്നു വ്യവസായ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ടിന്മേലുള്ള സസ്‌പെൻഷൻ നടപടി.

vachakam
vachakam
vachakam

ഇന്ത്യയിൽ കത്തോലിക്കാ സഭയ്ക്ക് 17. 29 കോടി ഏക്കർ ഭൂസ്വത്ത് ഉണ്ടെന്നായിരുന്നു സമസ്താദികളുടെ വാദം. അതായത് ഏഴു ലക്ഷം ചതുരശ്ര കിലോമീറ്റർ. വഖഫ് ബോർഡിനാകട്ടെ 9. 4 ലക്ഷം ഏക്കർ മാത്രവും. ഓർഗനൈസർ ഈ താരതമ്യം മനസിലാക്കിയില്ല. കേരളം, കർണ്ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ മുഴുവൻ ചേർന്നാലും 17 കോടി ഏക്കറിൽ താഴെയേ വരൂ എന്ന കണക്കു പോലും അറിയാതെയാണ് 17.29 കോടി ഏക്കർ ഭൂസ്വത്ത് ഇന്ത്യയിൽ കത്തോലിക്കാ സഭയ്ക്കുണ്ടെന്നു കണ്ടെത്തിയത്. ഇന്ത്യയിലെ ആകെ കൃഷി, ജനവാസ മേഖലകളുടെ വിസ്തൃതി 51 കോടി ഏക്കറാണ്. ഭൂവിസ്തൃതിയിൽ മുന്നിൽ നിൽക്കുന്ന പ്രധാന സംസ്ഥാനങ്ങളിലെല്ലാം തന്നെ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം നാമമാത്രമായിരിക്കേ ഈ അസാധാരണ 'ഡാറ്റ'യുടെ കൃത്യതയും അതുല്യതയും വ്യക്തം. അതേസമയം, 17.29 കോടി ഏക്കർ സ്ഥലത്തിനും അതിലുള്ള മുഴുവൻ നിർമ്മിതികൾക്കും മുതൽ മുടക്കിനും ഇവർ നിശ്ചയിച്ച മൂല്യം 20000 കോടി രൂപ മാത്രം. അതനുസരിച്ച് ഒരു ഏക്കർ സ്ഥലത്തിനും അതിലുള്ളവയ്ക്കും ചേർന്നുള്ള മൂല്യം 1157 രൂപയേ വരൂ.

അടുത്ത വർഷം നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണ ആർജിക്കാൻ ബി.ജെ.പി കൊണ്ടുപിടിച്ച ശ്രമം നടത്തി വരവേ ലേഖനം അതിന് വിലങ്ങുതടിയാകുമെന്ന ആശങ്കയിൽ വെബ്‌സൈറ്റിൽ നിന്ന് അടിയന്തിരമായി പിൻവലിച്ചു. എങ്കിലും ആർ.എസ്.എസിന്റെ ഉള്ളിലിരിപ്പ് പുറത്തായെന്ന പ്രചാരണം ഇതിനിടെ തീവ്രമായി. ഓർഗനൈസർ പിൻവലിച്ചതിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ലേഖനം വ്യാപകമായി പ്രചരിച്ചു. ആശങ്കയില്ലെന്ന് പറയുന്നുണ്ടെങ്കിലും പാടേ തള്ളിക്കളയാനാകില്ല ലേഖനമുയർത്തുന്ന വെല്ലുവിളിയെന്ന് സഭാ നേതൃത്വവും കരുതുന്നു. താമരശ്ശേരി രൂപത പുറത്താക്കിയ ഫാ. അജി പുതിയപറമ്പിൽ ഇതിനിടെ സഭാ നേതൃത്വത്തോടു ചോദിച്ചു: വഖഫ് ബില്ലിലെ അതേ വ്യവസ്ഥകളടങ്ങുന്ന ചർച്ച് ബില്ല് അവതരിപ്പിക്കുകയും മുസ്ലിംകൾ അതിനെ പിന്തുണയ്ക്കുകയും ചെയ്താൽ ക്രിസ്ത്യൻ സമൂഹത്തിന്റെയും സഭാ നേതൃത്വത്തിന്റെയും നിലപാട് എന്തായിരിക്കും? വഖഫ് ഭേദഗതി ബില്ലിനെ ക്രിസ്ത്യൻ സഭ പിന്തുണച്ചതും അനുകൂലമായി വോട്ട് ചെയ്യാൻ കേരളത്തിലെ എംപിമാരോട് ആവശ്യപ്പെട്ടതും തനി വങ്കത്തവും രാഷ്ട്രീയ അവിവേകവുമായിപ്പോയെന്നും ഫാ. അജി ചൂണ്ടിക്കാട്ടുന്നു. അപകടകരമായ രാഷ്ട്രീയ സാമുദായിക വിഭജന ഫോർമുലയാണ് ഇതുവഴി കെ.സി.ബി.സി പാർലമെന്റ് അംഗങ്ങളുടെ മുമ്പാകെ വെച്ചത്. രാഷ്ട്രീയ അക്ഷരജ്ഞാനം അശേഷമില്ലാത്ത ആരുേെയാ അവിവേകമാണിതെന്നും ഫാ. അജി  അഭിപ്രായപ്പെട്ടു.

'സമ്പന്ന ഡാറ്റ'

vachakam
vachakam
vachakam

കത്തോലിക്കാ സഭയുടെ കൈവശമുള്ള സ്വത്തുക്കളുടെ 'വിശദമായ ഡാറ്റ' പുറത്തായതിലുള്ള പ്രതികരണവുമായി കെ.സി.ബി.സി ജാഗ്രത കമ്മീഷൻ സെക്രട്ടറി റവ. ഡോ. മൈക്കിൾ പുളിക്കലിന്റെ വാക്കുകൾ: എത്രവലിയ കള്ളവും എത്രമാത്രം ബാലിശമായ വാദഗതികളും പോലും ഏറ്റെടുക്കാൻ മടികാണിക്കാത്ത ചിന്താശേഷിയില്ലാത്ത ഒരു ആൾക്കൂട്ടമായി കേരളസമൂഹത്തിലെ വലിയൊരു വിഭാഗംപേർ മാറിയിരിക്കുന്നതിന്റെ നേർക്കാഴ്ചയാണ് ഇതുപോലുള്ള അബദ്ധ പ്രചാരണങ്ങളും അവയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയും. പലതിനും പുകമറ സൃഷ്ടിക്കാനും ശത്രുപക്ഷത്തുള്ളവരെ സംശയമുനയിൽ നിർത്താനും ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനും ഇതുതന്നെ ധാരാളമാണ് എന്ന തിരിച്ചറിവായിരിക്കാം ദുരാരോപണങ്ങളുമായി രംഗപ്രവേശം ചെയ്യുന്നവരുടെ ബലം.

അനിൽ മുഹമ്മദിനെപ്പോലുള്ളവർ പറഞ്ഞു സ്ഥാപിക്കാൻ ശ്രമിക്കുന്നത്ര ഭൂമി ലോകത്ത് ഒരു രാജ്യത്തും സ്വന്തമാക്കാൻ കത്തോലിക്കാ സഭയ്‌ക്കോ വഖഫ് ബോർഡിന് പോലുമോ കഴിയില്ലെങ്കിലും സഭയ്ക്ക് ഇന്ത്യയിൽ പതിനായിരക്കണക്കിന് ഏക്കർ ഭൂമിയുണ്ട് എന്നുള്ളത് രഹസ്യമായ കാര്യമല്ല. ആ ഭൂമി നീതിരഹിതമായ അവകാശവാദങ്ങളുന്നയിച്ച് പാവപ്പെട്ടവരെ കുടിയിറക്കി പിടിച്ചെടുത്തവയോ, നിയന്ത്രിത മേഖലകളാക്കി മാറ്റി താഴിട്ട് പൂട്ടിയവയോ അല്ല. കത്തോലിക്കാ സഭ എന്നാൽ എന്താണെന്നുള്ള അവ്യക്തത നീക്കുന്നതോടൊപ്പം ക്രൈസ്തവ സമൂഹത്തെ മോശക്കാരാക്കി ചിത്രീകരിക്കാനുള്ള വ്യഗ്രത മാറ്റിവയ്ക്കുകകൂടി ചെയ്ത് വസ്തുനിഷ്ഠമായി അന്വേഷിച്ചാൽ ഏതുവിധത്തിലാണ് കത്തോലിക്കാ സഭ ഭൂസ്വത്ത് ഉപയോഗിക്കുന്നതെന്ന് വ്യക്തമാകും.

174 രൂപതകളും 200 ൽ പരം സന്യാസ സമൂഹങ്ങളുമാണ് ഇന്ത്യയിലുള്ളത്. അവരവർക്ക് പ്രവർത്തന സ്വാതന്ത്ര്യമുള്ള പ്രദേശങ്ങളിൽ സ്വതന്ത്രമായാണ് ഇവയോരോന്നും പ്രവർത്തിക്കുന്നത്. കത്തോലിക്കാ സഭ എന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നെങ്കിലും സ്ഥാപനങ്ങളുടെയും പ്രവർത്തന മേഖലകളുടെയും ഉടമസ്ഥാവകാശവും നിയന്ത്രണവും നടത്തിപ്പും പൊതുവായല്ല. പരസ്പരം സഹകരിച്ചു പ്രവർത്തിക്കുകയും ആശയവിനിമയങ്ങൾ നടത്തുകയും നയരൂപീകരണങ്ങൾക്കായി ഒരുമിച്ചുകൂടുകയും ചെയ്യുന്നതാണ് പൊതുവായുള്ള കാര്യം. അതിനാൽത്തന്നെ, കത്തോലിക്കാ സഭയുടെ വിവിധ സംവിധാനങ്ങൾക്ക് കീഴിലുള്ള ഭൂസ്വത്തോ, സ്ഥാപനങ്ങളോ, മറ്റ് ആസ്തികളോ എല്ലാം ഒരുമിച്ചു കണക്കാക്കി അതെല്ലാം ഒറ്റ നേതൃത്വത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് എന്ന് കരുതുന്നെങ്കിൽ അത് തികഞ്ഞ അബദ്ധ ധാരണയാണ്.

vachakam
vachakam
vachakam

രാജ്യത്തെമ്പാടുമായി വിവിധ കത്തോലിക്കാ രൂപതകൾക്കും സന്യാസ സമൂഹങ്ങൾക്കുമായി നാൽപ്പതിനായിരത്തിലേറെ സ്‌കൂളുകളും നാനൂറിലധികം കോളേജുകളും ആറ് യൂണിവേഴ്‌സിറ്റികളുമുണ്ട്. അഞ്ചു മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ 240 മെഡിക്കൽ, നഴ്‌സിംഗ്, പാരാമെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ത്യയിലെമ്പാടുമായി 85000 ത്തോളം രോഗികളെ കിടത്തി ചികിൽസിക്കാൻ കഴിയുന്ന വിപുലമായ ആശുപത്രി ശൃംഖലയും എണ്ണമറ്റ ചെറിയ ക്ലിനിക്കുകളും ഉണ്ട്. പലയിടങ്ങളിലായി അഞ്ചുലക്ഷത്തോളം വരുന്ന രോഗികളും വൃദ്ധരും ആലംബഹീനരും അനാഥരുമായ മനുഷ്യർ ആയിരക്കണക്കിനായ സ്ഥാപനങ്ങളിൽ സംരക്ഷിക്കപ്പെടുന്നു. സ്‌കൂളുകളിലും ആതുരാലയങ്ങളിലും ഏറിയപങ്കും സാധാരണക്കാരിൽ സാധാരണക്കാരായ പാവപ്പെട്ട മനുഷ്യർക്കിടയിലാണ് പ്രവർത്തിച്ചുവരുന്നത്. ഈ മേഖലകളിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് നിരവധി പതിറ്റാണ്ടുകളായി കത്തോലിക്കാ സഭ കാഴ്ചവച്ചുവരുന്നത്.

ജനസംഖ്യയുടെ 1.55 ശതമാനം അഥവാ 2 കോടിയോളം കത്തോലിക്കാ വിശ്വാസികൾ മാത്രമാണ് ഇന്ത്യയിലുള്ളത്. കത്തോലിക്കരുടെ ആകെ ജനസംഖ്യയേക്കാൾ കൂടുതൽപേർക്ക് കത്തോലിക്കാ സഭയുടെ വിവിധ സംവിധാനങ്ങൾ ഓരോ ദിവസവും പ്രത്യക്ഷമോ പരോക്ഷമോ ആയി സേവനമെത്തിക്കുന്നുണ്ട്. സഭയുടെ ഏതു സംവിധാനങ്ങളുടെ കീഴിലായാലും സമ്പത്തും അധ്വാനവും ഏറിയപങ്കും നീക്കിവയ്ക്കപ്പെടുന്നത് മതമോ ജാതിയോ ദേശമോ പരിഗണിക്കാതെ മുഴുവൻ ജനങ്ങൾക്കുമായാണ്. എത്രമാത്രം സ്ഥലം എവിടെയൊക്കെ സഭാസംവിധാനങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടോ അത്രമാത്രം സ്ഥാപനങ്ങളും സേവനങ്ങളും അതത് പ്രദേശത്തുള്ളവർക്ക് ലഭ്യമാണ്. ആ സേവന തല്പരതയിൽ സംപ്രീതരായ മുൻകാല ഭരണാധികാരികളും ധനവാന്മാരും വലിയ പ്രോത്സാഹനങ്ങളും പിന്തുണയും മിഷനറിമാർക്കും സന്യാസ സമൂഹങ്ങൾക്കും നൽകിയിരുന്നു. അതാണ് ഇന്നും സഭ സമാനതകളില്ലാതെ തുടരുന്ന പ്രവർത്തനങ്ങളുടെ അടിത്തറ. 

ചർച്ച് ആക്ട് വരും?

നേരത്തേ തന്നെ സർക്കാരുകളുടെ പരിഗണനയിലുള്ളതാണ് ചർച്ച് ആക്ട്. ജസ്റ്റീസ് കൃഷ്ണയ്യർ 2009ൽ സംസ്ഥാന സർക്കാരിനു സമർപ്പിച്ച ഒരു ശിപാർശയിൽ ചർച്ച് ആക്ടിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞു.ക്രൈസ്തവ സ്വത്തുക്കളുടെ നിയന്ത്രണത്തിന് സർക്കാർ തലത്തിൽ സംവിധാനം വേണമെന്ന ഇതു സംബന്ധിച്ച ആവശ്യം വി.എസ്. സർക്കാരിന്റെ പരിഗണനയ്ക്ക് വരികയും ചെയ്തിരുന്നു. മുസ്ലിംകളുടെ വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ വഖഫ് ബോർഡുണ്ട്. ഹൈന്ദവർക്ക് ദേവസ്വം ബോർഡുണ്ട്. ക്രിസ്ത്യൻ വിഭാഗത്തിന് ഇതുപോലുള്ള സർക്കാർ സംവിധാനമില്ല. സഭാ നേതൃത്വമാണ് അവരുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത്. ക്രിസ്ത്യൻ വിശ്വാസികൾക്ക് ഒട്ടും പങ്കാളിത്തമില്ലാത്ത കൈകാര്യ രീതി. ഇതിനൊരു ജനാധിപത്യ സ്വഭാവം കൈവരണമെന്നും ക്രിസ്തീയ സ്വത്തുക്കളുടെ കൈകാര്യ കർതൃത്വത്തിന് ത്രിതല സ്വഭാവത്തിൽ സംവിധാനം ആവശ്യമാണെന്നുമായിരുന്നു കൃഷ്ണയ്യരുടെ കാഴ്ചപ്പാട്. 

താഴെത്തട്ടിൽ വിശ്വാസികൾക്ക് കൂടി പങ്കാളിത്തമുള്ള ഒരു ഗവേണിംഗ് ബോഡി, അതിന് തൊട്ടു മുകളിൽ രൂപതാ തലത്തിൽ സമിതി, അതിനും മുകളിൽ സംസ്ഥാന തലത്തിൽ ആർച്ച് ബിഷപ്പ് നേതൃത്വം നൽകുന്ന സമിതി എന്നിങ്ങനെയായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യർ നിർദേശിച്ച സംവിധാനം. സർക്കാർ ഓഡിറ്റും വേണം. ക്രിസ്തീയ സഭകളിൽ നിന്നുള്ള എതിർപ്പ് മൂലം വി.എസ്. സർക്കാരിന് അത് നടപ്പാക്കാനായില്ല. പിണറായി സർക്കാർ അധികാരത്തിലേറിയപ്പോൾ ഇക്കാര്യത്തിൽ നിർദേശം സമർപ്പിക്കാൻ ജസ്റ്റിസ് കെ.ടി. തോമസിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചു. കൃഷ്ണയ്യർ സമർപ്പിച്ച റിപ്പോർട്ടിനേക്കാൾ സ്വത്തുക്കളുടെ കൈകാര്യകർതൃത്വത്തിൽ സഭാ നേതൃത്വത്തിനു കൂടുതൽ അധികാരം കൈവരുന്ന രീതിയായിരുന്നു തോമസ് നിർദ്ദേശിച്ചത്. അതും നടപ്പായില്ല.

കേരളത്തിൽ സഭാ നേതൃത്വത്തിന്റെ വിരോധം ഭയന്ന് സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ പിന്നോട്ടടിക്കുന്നു. അതേസമയം, അഖിലേന്ത്യാ തലത്തിൽ ബി.ജെ.പിയും ആർ.എസ്.എസും നിലപാടെടുക്കുന്നത് കേരള രാഷ്ട്രീയം നോക്കിയല്ല. മുസ്ലിംകളെ പോലെ രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണ് ക്രിസ്ത്യാനികളുമെന്നു നിലപാടുള്ള ഹിന്ദു പരിവാർ പ്രവർത്തകർ കുറവല്ല. ക്രൈസ്തവർക്കെതിരെ രാജ്യത്തെമ്പാടും അരങ്ങേറുന്ന അക്രമങ്ങളിലൂടെ ഇത് വ്യക്തം. വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാൻ കേരളത്തിലെ ക്രൈസ്തവ നേതൃത്വം ആഹ്വാനം നൽകിയ വേളയിൽ തന്നെയായിരുന്നു ജബൽപൂരിൽ മലയാളി വൈദികനെ ഹിന്ദുത്വർ ക്രൂരമായി മർദിച്ചത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ കേന്ദ്രസർക്കാർ സാവകാശം കാണിച്ചേക്കാമെങ്കിലും അത് കഴിഞ്ഞാൽ ചർച്ച് ബില്ല് കൊണ്ടുവരുമെന്ന് ലത്തീൻ കത്തോലിക്കാ സമുദായാംഗമായ ഹൈബി ഈഡൻ പാർലമെന്റിൽ ആശങ്ക പ്രകടിപ്പിച്ചു. ഓർഗനൈസർ നൽകിയ സൂചനയും ഇതുതന്നെ.

ബാബു കദളിക്കാട്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam