നിപ: സംസ്ഥാനത്ത് ഇതുവരെ നഷ്ടപ്പെട്ടമായത് 22 ജീവന്‍

SEPTEMBER 17, 2024, 5:39 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ നിപ ബാധിച്ചു മരിച്ചത് 22 പേര്‍. ഇക്കഴിഞ്ഞ ഒന്‍പതിന് വണ്ടൂര്‍ നടുവത്തുള്ള ഇരുപത്തിനാലുകാരന്‍ മരിച്ചതാണ് ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ട് ചെയ്തത്. നിപ ബാധിച്ച് 22 മരണങ്ങളുണ്ടായിട്ടും വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തതാണ് അധികൃതര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ഇക്കഴിഞ്ഞ ജൂലൈ 20 ന് മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി നിപ ബാധിച്ചു മരിച്ചിരുന്നു. 2018 മെയില്‍ കോഴിക്കോട്ടാണ് സംസ്ഥാനത്ത് ആദ്യം നിപ റിപ്പോര്‍ട്ട് ചെയ്തത്. അന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചിരുന്നു. 2018 ല്‍ കോഴിക്കോട്ട് നിപ റിപ്പോര്‍ട്ടുചെയ്ത ശേഷം 2019-ല്‍ എറണാകുളത്ത് രോഗംബാധിച്ച യുവാവ് സുഖം പ്രാപിച്ചു. 2021-ല്‍ കോഴിക്കോട് ചൂലൂരില്‍ പതിമൂന്നുകാരന്‍ നിപ ബാധിച്ചു മരിച്ചു. 2023-ല്‍ കോഴിക്കോട്ട് വീണ്ടും ആറുപേര്‍ക്ക് സ്ഥിരീകരിച്ചു. ഇതില്‍ മരുതോങ്കരയിലും ആയഞ്ചേരിയിലുമായി രണ്ടുപേര്‍ മരിച്ചു.

ഓരോതവണ നിപ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ആദ്യം ജാഗ്രതപുലര്‍ത്തുകയും പിന്നീട് എല്ലാം മറക്കുകയുമാണ് പതിവ്. ഈ മേഖലകളിലെല്ലാം നടത്തിയ പരിശോധനകളില്‍ വവ്വാലുകളില്‍ നിപയുടെ ആന്റിബോഡി കണ്ടെത്തിയിരുന്നു. ഇവയില്‍നിന്നാകാം വൈറസ് വന്നതെന്ന അനുമാനത്തില്‍ കവിഞ്ഞ് കൂടുതലൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ആദ്യമായി റിപ്പോര്‍ട്ട് ചെയ്തശേഷം മരണം കുറയ്ക്കാനും രോഗമുക്തി കൂട്ടാനും കഴിഞ്ഞുവെന്നത് നേട്ടമാണ്. 2023 ല്‍ ഒന്‍പത് വയസുകാരനുള്‍പ്പെടെ ഇതുവരെ ഏഴുപേര്‍ നിപയെ അതിജീവിച്ചു.

നിപ റിപ്പോര്‍ട്ട് ചെയ്ത പശ്ചിമബംഗാള്‍, മലേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെല്ലാം വൈറസിന്റെ ഉറവിടം കണ്ടെത്തിയിരുന്നു. ആരോഗ്യരംഗത്ത് ഏറെ പുരോഗതിയുള്ള കേരളത്തില്‍ ഇപ്പോഴും അതിനു സാധിച്ചിട്ടില്ല എന്നതാണ് പോരായ്മ. രോഗപ്രതിരോധത്തിന് ഉറവിടം കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നു വിദഗ്ധര്‍ പറയുന്നു. വവ്വാലുകളില്‍ നിപയുടെ ആന്റിബോഡി കണ്ടെത്തിയതുകൊണ്ടുമാത്രം വവ്വാലാണ് പകര്‍ത്തുന്നതെന്ന് ഉറപ്പിച്ചുപറയാനാകില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam