'ഇതുവരെ ചെയ്തിരുന്നതിങ്ങനെയായിരുന്നു': കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ വി.ഐ.പി ഗ്യാലറിയിൽ നിന്നു 15 അടിയോളം താഴ്ചയിലേക്കു വീണ് തൃക്കാക്കര എം.എൽ.എ ഉമാ തോമസിന് ഗുരുതര പരിക്കേറ്റ സംഭവം ക്രമപ്രകാരമുള്ള സുരക്ഷാ ഏർപ്പാടുകളുടെ അഭാവത്താൽ സംഭവിച്ചതാണെന്ന വിമർശനം നിഷേധിക്കാനാകാതെ വന്നതോടെ ബന്ധപ്പെട്ട കേന്ദ്രങ്ങൾ നിരത്തുന്ന സ്വയം നീതീകരണം ഇങ്ങനെ. ജനങ്ങൾ തിങ്ങിക്കൂടുമെന്ന് മുൻകൂട്ടി അറിയാവുന്ന ചടങ്ങുകൾക്കു പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾക്കു പുല്ലുവിലയാണ് മെഗാ നൃത്തസന്ധ്യയിൽ സംഘാടകരും ഉദ്യോഗസ്ഥ സംവിധാനവും നൽകിയതെന്ന കാര്യം വ്യക്തം. 'Just because you always did it that way, does not make it right' എന്ന സേഫ്റ്റി, സുരക്ഷാ വിദഗ്ധരുടെ ആമുഖ പ്രബോധനം പോലും ഗൗനിക്കാതെയുള്ള വഴിപാടു നടപടികളും ഇതോടെ അനുബന്ധമായരങ്ങേറുന്നു.
ഉമാ തോമസിന് സംഭവിച്ച അപകടമാണ് കേരളത്തിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അപകടവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും ഉയരുന്നു. സുരക്ഷാ നടപടികൾ പാലിച്ചെന്ന് ഉറപ്പാക്കേണ്ട അധികൃതർ നൃത്തസന്ധ്യയുടെ കാര്യത്തിൽ അത്തരത്തിൽ എന്തെങ്കിലും ചെയ്തിരുന്നില്ലെന്ന പരാതി ശക്തം. അപകടങ്ങൾ ഉണ്ടായതിനു ശേഷമാണ് ഉത്തരവാദിത്തമുള്ളവർക്കു ബോധം വന്നത്. പിന്നീട് പരസ്പരം ആരോപണങ്ങൾ നിരത്തി തങ്ങൾക്കു പറ്റിയ വീഴ്ചയുടെ യഥാർത്ഥ കാരണം പുകമറയിലാക്കുന്നതിലുള്ള പതിവു വിരുത് ഇവിടെയും പ്രകടം. എം.എൽ.എയുടെ ഏറ്റവും പുതിയ ആരോഗ്യവിവരങ്ങൾ തൃപ്തികരമാണെന്നതിൽ ജനങ്ങൾ ആശ്വാസം കൊള്ളുന്നു. ഗുരുതരമായ പരിക്കുകളിൽ നിന്ന് അവർ എത്രയും വേഗം മോചിതയാകട്ടെ എന്ന് കേരളം പ്രാർത്ഥിക്കുന്നു.അതേസമയം, ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കടുത്ത നടപടികൾ അനിവാര്യമാണെന്ന അഭിപ്രായമാണ് പൊതുവേയുള്ളത്. കൊച്ചിൻ കോർപ്പറേഷനിലെ ഒരു ഹെൽത്ത് ഓഫീസറെ സസ്‌പെൻഡ് ചെയ്ത് കുറ്റമത്രയും അവരുടെ മേൽ കെട്ടിവയ്ക്കാനുള്ള കുതന്ത്രം ഇതിനിടെ അപഹാസ്യമായി.
കഴിഞ്ഞ വർഷം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലു പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള ആരംഭിച്ചതിനു പിന്നാലെ മഴ പെയ്തതിനിടെ പുറത്തെ ഗേറ്റ് തുറന്ന് ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറിയതാണ് അവിടെ അപകടത്തിനിടയാക്കിയത്. ഇതേത്തുടർന്നും പ്രഖ്യാപനങ്ങൾ ചിലതുണ്ടായെങ്കിലും സുരക്ഷ സംബന്ധിച്ച് അനാസ്ഥ ആവർത്തിക്കുന്നു. വൻ ജനക്കൂട്ടം ഉണ്ടാകുന്നിടത്ത് പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് റവന്യു വകുപ്പിനു കീഴിലുള്ള ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ട് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.പക്ഷേ, ഇതൊക്കെ കടലാസിൽ ഉറങ്ങുന്നു. നിബന്ധനകൾ കർശനമായി നടപ്പാക്കുന്നതിന് സർക്കാർ ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ ദുരന്ത നിഴലിലാകുമായിരുന്നില്ല കലൂരിലെ മെഗാ നൃത്തസന്ധ്യ.
സുരക്ഷയെപ്പറ്റി യാതൊരു ധാരണയും വൈദഗ്ദ്ധ്യവും ഇല്ലാത്തവരെ സ്റ്റേജ് കെട്ടാൻ നിയോഗിച്ചാൽ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ എന്ന്് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കമ്പികൾകൊണ്ടോ ഉറപ്പുള്ള പ്‌ളാസ്റ്റിക് പൈപ്പുകൾ കൊണ്ടോ കൈവരി കെട്ടേണ്ടിടത്ത് റിബൺ കെട്ടിയിരുന്നതാണ് പ്രധാനമായും അപകടത്തിന് ഇടയാക്കിയത്. സ്റ്റേഡിയത്തിന്റെ താഴത്തെ ഗാലറിക്കു മുകളിൽ താത്കാലികമായി നിർമ്മിച്ചതായിരുന്നു പ്രധാന വേദി. വേദിയിലെ കസേരകൾക്കു മുന്നിൽ കഷ്ടിച്ച് രണ്ടടി വീതിയേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ അരികിൽ മുൻകരുതൽ എന്ന നിലയിൽ കെട്ടിയിരുന്നത് ഒരു നാട മാത്രം! കസേരയിൽ ഇരുന്ന ഉമാ തോമസ് എഴുന്നേറ്റ് വശത്തേക്കു നീങ്ങുന്നതിനിടെ കാർപ്പെറ്റിൽ കാൽ തട്ടി ബാലൻസ് തെറ്റിയപ്പോൾ രക്ഷയ്ക്കായി പിടിച്ചത് നാടയിലായിരുന്നു. അതു പൊട്ടിയാണ് അവർ മുഖമിടിച്ച് താഴെ കോൺക്രീറ്റ് തറയിൽ വീണത്.
വലിയ സുരക്ഷാ വീഴ്ചയുണ്ടായതായി എഫ്.ഐ.ആറിൽ പറയുന്നു. കേസിൽ അറസ്റ്റിലായ പ്രധാന പ്രതികളായ മൃദംഗവിഷൻ സി.ഇ.ഒ ഷമീർ, ഇവന്റ്് കമ്പനി മാനേജർ കൃഷ്ണകുമാർ, ബെന്നി എന്നിവർക്ക് ഇടക്കാല ജാമ്യം ലഭിച്ചു. അഞ്ച് പ്രതികളാണ് ഉള്ളത്. അശാസ്ത്രീയമായിട്ടാണ് വേദി നിർമിച്ചത് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കോർപറേഷനിൽ നിന്നും ഫയർഫോഴ്‌സിൽ നിന്നും നിയമപരമായ അനുമതി വാങ്ങിയില്ലെന്നും റിപ്പോർട്ടിലുണ്ട്.
നടിയും നർത്തകിയുമായ ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിൽ 12,600 നർത്തകിമാർ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് അണിനിരന്ന ഭരതനാട്യമായിരുന്നു കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലേത്. വയനാട്ടിലെ 'മൃദംഗ വിഷൻ മാഗസിൻ' ആയിരുന്നു 'മൃദംഗനാദം' എന്ന ഈ പരിപാടിയുടെ സംഘാടകർ. സ്റ്റേജ് കെട്ടാനും മറ്റും ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളെ ഏൽപ്പിക്കുകയാണ് പതിവ്. ഇത്തരം ആൾക്കൂട്ട പരിപാടികൾക്ക് സ്റ്റേജ് തയ്യാറാക്കുന്നതിന് യോഗ്യതയുള്ള ഗ്രൂപ്പുകളെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ കണ്ടെത്തി ലിസ്റ്റ് ചെയ്യണം. ഇത്തരം അംഗീകാരം ലഭിച്ചവർ വേണം ഇതുപോലുള്ള വേദികൾ തീർക്കാൻ നിയോഗിക്കപ്പെടേണ്ടത്. ഇത് നിർമ്മാണ ഘട്ടത്തിലും പൂർത്തിയായതിനു ശേഷവും പരിശോധിച്ച് അനുമതി നൽകാനുള്ള ബാദ്ധ്യത തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ്. ഇതൊന്നും പാലിക്കാതാകുമ്പോൾ ഇത്തരം അപകടങ്ങൾ സ്വാഭാവികം.
ആകെ താളക്കേട്
കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എം.എൽ.എയ്ക്ക് അപകടം പറ്റിയ സംഭവത്തെ ചലച്ചിത്ര സംവിധായകൻ എം.എ. നിഷാദ് നിശിതമായി വിമർശിച്ചത് ശ്രദ്ധേയമായി. ഗിന്നസ്ബുക്കിൽ ഇടം നേടാൻ നടത്തിയ മൃദംഗനാദം എന്ന നൃത്ത പരിപാടി അക്ഷരാർത്ഥത്തിൽ 'മൃഗീയ നാടകം' ആയിരുന്നുവെന്ന് അദ്ദേഹം ആക്ഷേപിച്ചു. ഗുരുതര സ്വഭാവമാർന്ന അപകടം നടന്നിട്ടും അത് വകവയ്ക്കാതെ പരിപാടിയുമായി മുന്നോട്ട് പോയ സംഘാടകരും ഇവന്റ് മാനേജേഴ്‌സുമാണ് പ്രധാന പ്രതികൾ; അവരുടെ പേരുകൾ കൃത്യമായി പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതുപോലെ തന്നെ സമൂഹ നൃത്തത്തിൽ ഒരാളെ മാത്രം ഫോക്കസ് (ദിവ്യാ ഉണ്ണി) ചെയ്തത് അപലപനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിഷാദിന്റെ വാക്കുകൾ:
ഉമാ തോമസ് എം.എൽ.എയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്നറിഞ്ഞതിൽ സന്തോഷമുണ്ട്. എം.എൽ.എ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. പക്ഷെ ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയേ മതിയാവൂ... സമൂഹ നൃത്തത്തിൽ ഒരാളെ മാത്രം ഫോക്കസ് (ദിവ്യാ ഉണ്ണി) ചെയ്ത് മറ്റ് നർത്തകിമാരെ, സിനിമയിലെ നൃത്തരംഗത്ത് അവതരിപ്പിക്കുന്ന സംഘ നർത്തകർ, അല്ലെങ്കിൽ ഡാൻസേഴ്‌സ് (സിനിമാ ഭാഷയിൽ) ആയി പശ്ചാത്തലത്തിൽ നൃത്തം ചെയ്യിപ്പിച്ച രീതി തികച്ചും അപലപനീയമാണ്. ആരൊക്കെയാണ് ഈ പരിപാടിയുടെ പിന്നിൽ പ്രവർത്തിച്ചതെന്ന് അറിയാനുളള അവകാശം പൊതു സമൂഹത്തിനുണ്ട്. ഒരു നർത്തകിയുടെ കൈയിൽ നിന്നും എത്ര രൂപ വാങ്ങി സംഘാടകർ എന്ന കണക്കും പുറത്ത് വന്നു. അപ്പോൾ, ഇതിന്റെ പിറകിലെ കച്ചവട ലക്ഷ്യം പുറത്തറിയുക തന്നെ വേണം. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ, നടത്തിയ പരിപാടിയുടെ അണിയറക്കാരെ മുഴുവൻ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം.
നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫും വിർശനം ചൊരിഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ: 'ഉമാ തോമസിന്റെ അപകടവിവരം അറിഞ്ഞ പിറ്റേ ദിവസം തന്നെ ഞാൻ ആശുപത്രിയിലെത്തി. വെന്റിലേറ്ററിലായിരുന്ന ഉമയെ സ്‌കാനിംഗിനായി കൊണ്ടുപോകുന്നത് കാണാൻ സാധിച്ചു. അവരുടെ മുഖമെല്ലാം നീരുകൊണ്ട് വീർത്തിട്ടുണ്ട്. അവരുടെ അവസ്ഥ ദയനീയമായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലച്ചോറിന് പരിക്കേറ്റു. ഇതുമൂലം ഓർമക്കുറവ്, പ്രതികരണശേഷി, തുടങ്ങിയവയ്ക്ക് തകരാറ് സംഭവിക്കുമെന്നായിരുന്നു ആദ്യം ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ അവർ അതിനെയൊക്കെ അതിജീവിച്ച് വരുന്നുണ്ടെന്നാണ് ഇപ്പോൾ അറിയാൻ സാധിച്ചത്.
എം.എൽ.എയ്ക്ക് ഉണ്ടായത് ഗുരുതര അവസ്ഥയായിരുന്നു. തീർച്ചയായും അധികൃതർ വരുത്തിവച്ച ഒരു അപകടമാണിത്. പണത്തിനുവേണ്ടിയുളള അത്യാർത്തി കാരണമാണ് ഈ സംഭവമുണ്ടായതെന്ന് പൊതുജനങ്ങൾക്ക് മനസിലായി. മൃദംഗ വിഷൻ സംഘാടകരും ഓസ്‌കാർ ഈവന്റ് മാനേജ്‌മെന്റുമാണ് ഈ സുരക്ഷാവീഴ്ചയുടെ കാരണക്കാർ. 12,000 നർത്തകർ പങ്കെടുത്ത പരിപാടിയായിരുന്നു. ഒരാളിൽ നിന്ന് 5000 ൽ അധികം രൂപ സംഘാടകർ കൈപ്പറ്റിയിട്ടുണ്ടെന്നാണ് അറിയാൻ സാധിച്ചത്. അതു തന്നെ ആറ് കോടിയിലധികം വരും. ഇതുകൂടാതെ സ്‌പോൺസർഷിപ്പ്, ടിക്കറ്റ് വിൽപ്പന എന്നിവ ഉൾപ്പടെ പത്ത് കോടിയിലധികം രൂപ ഇവർ നേടിയെടുത്തിട്ടുണ്ടെന്നാണു വിവരം. ആ പത്ത് കോടിയിൽ നിന്ന് രണ്ടോ മൂന്നോ ലക്ഷം രൂപ ചെലവാക്കിയിരുന്നെങ്കിൽ ബലമുളള ഒരു സ്‌റ്റേജ് പണിയാമായിരുന്നു.
നല്ല സ്‌റ്റേജ് കെട്ടുന്നവർ എറണാകുളത്തുണ്ട്. ഏകദേശം 25000 രൂപ മുതൽമുടക്കിയാണ് സ്‌റ്റേജ് കെട്ടിയത്. കേരളത്തിൽ ഏത് വമ്പൻ തട്ടിപ്പ് നടത്തിയാലും അതിൽ സിനിമാക്കാർ ഉൾപ്പെടുമെന്ന് അടുത്തക്കാലത്തായി പുറത്തുവരുന്ന വിഷയമാണ്. ഇവിടെ അതിന് കാരണമായത് ദിവ്യ ഉണ്ണി എന്ന നടിയാണ്. അവർക്ക് വേണ്ടിയിരുന്നത് പേരും പ്രശസ്തിയുമായിരുന്നു. അത് അവർ നേടിയെടുത്തു. ആര് വീണാലും ആര് മരിച്ചാലും അവർക്കെന്താ? പരിപാടി നടത്തിപ്പുക്കാരുടെ വിശ്വാസ യോഗ്യതയെക്കുറിച്ച് പലരും ദിവ്യയോട് പറഞ്ഞിരുന്നു. അവർക്കുമേൽ ദിവ്യ ദേഷ്യപ്പെടുകയാണ് ചെയ്തത്. അവർ മോഹിച്ച നേട്ടങ്ങൾക്ക് മുന്നിൽ പരാതികൾ ഒന്നുമല്ലാതെയായി.
ഈ മെഗാഷോയിൽ ദിവ്യ ഉത്തരവാദിത്തം കാണിക്കണമായിരുന്നു. വി.ഐ.പികൾ എത്തേണ്ട വേദിയിൽ നല്ലൊരു കൈവരി കെട്ടുന്നതിന് പകരം പത്ത് രൂപയുടെ റിബൺ കെട്ടിയും ലാഭമുണ്ടാക്കി. നമ്മുടെ ഗ്രാമങ്ങളിൽ പണ്ടുകാലത്ത് തോട് മുറിച്ച് കടക്കാൻ ഒരു തെങ്ങിൻ തടിയും കയറും കെട്ടുമായിരുന്നു. റിബണിന് പകരം കയറാണ് കെട്ടിയിരുന്നതെങ്കിൽ ഉമയ്ക്ക് ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു. സംഘാടകർക്കെതിരെ നടപടികൾ എടുത്തിട്ടുണ്ട്. ഇതൊക്കെ കുറച്ചുനാൾ മാത്രമേ ഉണ്ടാകൂവെന്ന് സംഘാടകർക്ക് നന്നായി അറിയാം' അഷ്‌റഫ് പറയുന്നു.
ബാബു കദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്