ആറാട്ടിനാനകളെഴുന്നള്ളട്ടെ...

JANUARY 30, 2025, 12:50 AM

ആനയുടമകളും മൃഗസ്‌നേഹികളും മാത്രമല്ല ഉൽസവ സംഘാടകരും പൊതുസമൂഹവും ആനയെ അതിരറ്റു സ്‌നേഹിക്കുന്നുവെന്നതിൽ കോടതികൾക്കെല്ലാം ഏകാഭിപ്രായം. പക്ഷേ, ഉൽസവപ്പറമ്പുകളിൽ ആനച്ചവിട്ടേറ്റുള്ള മരണങ്ങൾ ആവർത്തിക്കവേ ഗജപ്രേമികളുടെ ഹിതം ജ്വലിച്ചത് പരസ്പര വിരുദ്ധമായി. ഇതേത്തുടർന്ന് എഴുന്നള്ളിപ്പിന് കർശന വ്യവസ്ഥകളേർപ്പെടുത്തിയ കേരള ഹൈക്കാടതിയുടെ നിലപാട് സുപ്രീം കോടതിനിർദ്ദയം തള്ളിയതോടെ ആനക്കാര്യത്തിൽ വന്നുപെട്ടിരിക്കുന്നത് അതിസങ്കീർണ്ണത.

ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട ആന എഴുന്നള്ളിപ്പിൽ കലോചിത പരിഷ്‌കാരങ്ങൾ കൊണ്ടുവരണമെന്ന അഭിപ്രായത്തെ ആരും എതിർത്തിരുന്നില്ല. അതേസമയം, ഉത്സവ നടത്തിപ്പുതന്നെ അവതാളത്തിലാക്കുന്ന രീതിയിൽ ഹൈക്കാടതി നിയന്ത്രണങ്ങൾ കൊണ്ടുവന്നുവെന്ന ആക്ഷേപമുയർന്നു. ഫലത്തിൽ സുപ്രീം കോടതി ഈ ആക്ഷേപം ശരിവച്ചിരിക്കുകയാണ്. ഗജകേസരികൾ നിറയുന്ന തൃശ്ശൂർ പൂരം കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഉത്സവമാണ്. അതേസമയം, ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയാൽ ലോകപ്രസിദ്ധമായ കുടമാറ്റം പോലും നടത്താൻ കഴിയാതെ വരുമെന്ന് പൂര സംഘാടകർ ചൂണ്ടിക്കാട്ടാറുണ്ട്. മൃഗസ്‌നേഹത്തിന്റെ പേരിൽ ആചാരങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിനെ അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് സുപ്രീം കോടതി പ്രകടമാക്കുന്നത്. തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടിന് ഏർപ്പെടുത്തിയ വിലക്കും നീക്കിയിരുന്നു.

ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം നിയന്ത്രണം നടപ്പാക്കിയാൽ തൃശൂർ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ഡിസംബർ ആദ്യം സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ തുടർന്ന് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവിന്റെ പ്രയോഗികതയെ ചോദ്യം ചെയ്ത സുപ്രീം കോടതി 2012ലെ ചട്ടങ്ങൾ പ്രകാരം ആന എഴുന്നള്ളിപ്പിന് കൃത്യമായ മാർഗരേഖയുണ്ടെന്നും ആ മാർഗരേഖയ്ക്കപ്പുറത്തേക്കുള്ള നിർദേശങ്ങൾ ഹൈക്കോടതിക്ക് നൽകാൻ സാധിക്കില്ലെന്നും വ്യക്തമാക്കുകയും ചെയ്തു.

vachakam
vachakam
vachakam

ഹൈക്കോടതി പ്രാബല്യത്തിൽ ആക്കാൻ നിർദ്ദേശിച്ച മാനദണ്ഡത്തിനെതിരേ വിവിധ ഭാഗങ്ങളിൽനിന്ന് പ്രതിഷേധം ഉയർന്നിരുന്നു. ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച അധികൃതരോട് 'ഇത് രാജഭരണ കാലമല്ലെ'ന്നായിരുന്നു കോടതി പറഞ്ഞത്. രാജഭരണകാലത്ത് നിലനിന്നിരുന്നു എന്നതിന്റെ പേരിൽ ആന എഴുന്നള്ളിപ്പ് അതേനിലയിൽ ഇപ്പോഴും തുടരണമെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും ഇത് ജനാധിപത്യകാലമാണെന്നും കോടതി നിരീക്ഷിച്ചു.

ആന എഴുന്നള്ളിപ്പ് ക്ഷേത്രം ആചാരത്തിന്റെ ഭാഗമല്ലെന്നും ജനങ്ങളുടെ സുരക്ഷയാണ് വലുതെന്നും കോടതി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് ഒരു ചട്ടം കൊണ്ടുവരണമെന്ന് നേരത്തെ നിർദ്ദേശിച്ചിരുന്നുവെങ്കിലും സർക്കാർ ഇടപെട്ടിരുന്നില്ല. ഇതോടെയാണ് ഹൈക്കോടതി തന്നെ മാനദണ്ഡം കൊണ്ടുവന്നത്. സർക്കാരിന്റെ ചട്ടം വരുന്നതുവരെ ഇത് പാലിക്കണമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതി വിധിക്കെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. 2024 ഡിസംബറിൽ സ്‌റ്റേ ലഭിച്ചതോടെ ആനകളെ അണിനിരത്തിത്തന്നെ പൂരം നടത്താൻ കഴിഞ്ഞു. ആനകളെ എഴുന്നള്ളിക്കുമ്പോൾ അവ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിക്കണം, തീവെട്ടികളിൽ നിന്നും അഞ്ച് മീറ്റർ ദൂരപരിധി വേണം, ആനകളിൽ നിന്നും എട്ട് മീറ്റർ അകലെ മാത്രമേ ജനങ്ങളെ നിർത്താൻ പാടുള്ളൂ തുടങ്ങിയ നിർദേശങ്ങളാണ് ഹൈക്കോടതി നൽകിയിരുന്നത്. ഇതാണ് സ്റ്റേ ചെയ്തത്. സ്റ്റേ നീക്കണമെന്ന അപേക്ഷ ഉടൻ പരിഗണിക്കണമെന്ന് കാണിച്ച് മൃഗസ്‌നേഹികളുടെ സംഘടന സമർപ്പിച്ച ഹർജി കഴിഞ്ഞയാഴ്ച സുപ്രീം കോടതി നിരസിക്കുകയും ചെയ്തു.

vachakam
vachakam
vachakam

കേരളത്തിൽ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ് ഒരാൾ കൊല്ലപ്പെട്ടെന്നും രണ്ടു ഡസനിലേറെപ്പേർക്ക് പരുക്കേറ്റെന്നും ചൂണ്ടിക്കാട്ടിയാണ് സംഘടന സ്റ്റേ നീക്കണമെന്ന ആവശ്യം ഉന്നയിച്ചത്. അപേക്ഷയിൽ അടിയന്തരവാദം കേൾക്കണമെന്ന അപേക്ഷ അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.വി.നാഗരത്‌ന വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് പ്രയോഗികമാണെന്ന് തോന്നുന്നില്ലെന്നും ആചാരങ്ങളും ആനകളുടെ സംരക്ഷണവും ഒരുമിച്ചു കൊണ്ടുപോകണമെന്നാണുദ്ദേശിക്കുന്നതെന്നും സുപ്രീം കോടതി പറയുന്നു. ശിവരാത്രി ഉൾപ്പെടെയുള്ള ഉത്സവങ്ങൾ വരാനിരിക്കെ അവ തടസ്സപ്പെടുത്താനാണ് മൃഗസ്‌നേഹി സംഘടനയുടെ നീക്കമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കായി ഹാജരായ അഭിഭാഷകൻ വാദിച്ചിരുന്നു.

ഹർജിക്കാരന് എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചുകൂടാ എന്നു ചോദിച്ചാണ് ജസ്റ്റിസ് നാഗരത്‌ന നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി ലിസ്റ്റ് ചെയ്യുന്ന മുറയ്‌ക്കേ കേസ് പരിഗണിക്കുവെന്നും, മറ്റു വിഷയങ്ങൾ ഹൈക്കോടതിയാണ് പരിഗണിക്കേണ്ടതെന്നും സുപ്രീം കോടതി പറഞ്ഞത് ആന എഴുന്നള്ളിപ്പ് അടിയന്തരമായി തടയണമെന്ന് വാശിപിടിക്കുന്നവർക്ക് തിരിച്ചടിയായി. ആന എഴുന്നള്ളിപ്പിന് നിയന്ത്രണമേർപ്പെടുത്തിയ ഹൈക്കോടതി വിധി പുന:സ്ഥാപിക്കണം എന്ന താൽപ്പര്യമാണ് തൽക്കാലത്തേക്കെങ്കിലും നടപ്പാവാതെ പോയിരിക്കുന്നത്.

മൃഗങ്ങളുടെ അവകാശങ്ങളുടെ പേരിൽ ആചാരങ്ങൾ നിയന്ത്രിക്കുന്നതിനേയുംനിശിതമായി വിമർശിച്ചാണ് സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. നാട്ടാന പരിപാലന ചട്ടത്തിൽ വ്യവസ്ഥ ചെയ്യാത്ത ഹൈക്കോടതി നിയന്ത്രണങ്ങളെയും സുപ്രീംകോടതി വിമർശിക്കുകയുണ്ടായി. ഇതിന്റെ തുടർച്ചയാണ് ഫലത്തിൽ എഴുന്നള്ളിപ്പുതന്നെ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്ക് എതിരായ സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്.

vachakam
vachakam
vachakam

ആരോഗ്യ സർട്ടിഫിക്കറ്റ്

മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതിലാണ് നേരത്തെ ഹൈക്കോടതിയുടെ മാർഗനിർദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. പരിപാടിയുടെ സംഘാടകർ ആനയുടെ ആരോഗ്യ സർട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നായിരുന്നു പ്രധാന മാർഗനിർദേശം. ജില്ലാ തല സമിതി സർട്ടിഫിക്കറ്റുകൾ പരിശോധിച്ചായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നൽകേണ്ടത്. തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിർത്തരുതെന്നത് ഉൾപ്പെടെ മറ്റു നിരവധി മാർഗനിർദേശങ്ങളും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. നല്ല ഭക്ഷണം, വിശ്രമം എന്നിവയ്‌ക്കൊപ്പം എഴുന്നള്ളിക്കാൻ ആവശ്യമായ സ്ഥലം, പൊതുജനങ്ങളിൽ നിന്ന് നിശ്ചിത ദൂരം എന്നിവ പരിശോധിച്ച് ഉറപ്പാക്കണം.

സർക്കാർ തലത്തിൽ ഉള്ള ഡോക്ടർമാർ ആയിരിക്കണം ആനകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. ഉത്തരവ് ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ജില്ലകൾ തോറും കമ്മിറ്റികൾ ഉണ്ടാക്കണം. ഇതിൽ ആനിമൽ വെൽഫെയർ ബോർഡിന്റെ അംഗത്തെയും ഉൾപ്പെടുത്തണം. എഴുന്നള്ളത്തിൽ ആനകൾ തമ്മിലുള്ള അകലം മൂന്നു മീറ്റർ ആയിരിക്കണം. ഈ മാനദണ്ഡം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം.

എഴുന്നള്ളിപ്പിനിടെ എലിഫന്റ് സ്‌ക്വാഡ് എന്ന പേരിൽ ആളുകളെ നിയോഗിക്കുന്നതിനും ഹൈക്കോടതി വിലക്കേർപ്പെടുത്തി. ഇതുസംബന്ധിച്ച ദേവസ്വങ്ങൾക്കാണ് നിർദേശം നൽകിയത്. ആനകളെ പിടികൂടാൻ ക്യാപ്ച്ചർ ബെൽറ്റ് ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിട്ടു. ഗുരുവായൂർ, കൊച്ചിൻ, തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡുകൾക്ക് ആയിരുന്നു നിർദേശം. കേസിൽ നാല് ദേവസ്വങ്ങളെയും കോടതി സ്വമേധയാ കക്ഷി ചേർത്തു.

ആനയും തീവെട്ടിപോലുള്ള ഉപകരണങ്ങളും തമ്മിൽ അഞ്ച് മീറ്റർ ദൂര പരിധിയുണ്ടായിരിക്കണം. ജനങ്ങളും ആനയും തമ്മിൽ എട്ടു മീറ്റർ ദൂര പരിധി ഉറപ്പാക്കണം.

ആനകൾ നിൽക്കുന്ന സ്ഥലത്ത് ബാരിക്കേഡ് സംവിധാനമുണ്ടാകണം. മാർഗ്ഗ നിർദേശങ്ങൾ പാലിക്കാത്ത എഴുന്നള്ളത്തുകൾക്ക് ജില്ലാതല സമിതി അനുമതി നൽകരുത്. തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിർത്തരുത്. ദിവസം 30 കിലോമീറ്ററിൽ കൂടുതൽ ആനകളെ നടത്തിക്കരുത്. രാത്രി 10 മുതൽ രാവിലെ 4 മണി വരെ ആനയെ യാത്ര ചെയ്യിക്കരുത്. രാത്രിയിൽ ആനയ്ക്ക് ശരിയായ വിശ്രമ സ്ഥലം സംഘാടകർ ഉറപ്പു വരുത്തണം. ദിവസം 125 കിലോമീറ്ററിൽ കൂടുതൽ ആനയെ യാത്ര ചെയ്യിക്കരുത്. പിടികൂടിയ ആനകളെ ഉപയോഗിക്കുമ്പോൾ ബന്ധപ്പെട്ട ജില്ലാ സമിതിയുടെ അനുമതി വാങ്ങണം. എഴുന്നള്ളിപ്പിനായി ഒരു മാസം മുൻപ് അപേക്ഷ സമർപ്പിക്കണം. ദിവസം ആറ് മണിക്കൂറിൽ കൂടുതൽ വാഹനത്തിൽ ആനയെ കൊണ്ടുപോകരുത്. ആനയെ കൊണ്ടു പോകുന്ന വാഹനത്തിന്റെ വേഗത 25 കിലോമീറ്ററിൽ താഴെയാകണം. ആനയുടെ യാത്രയ്ക്കായി ഉപയോഗിക്കുന്ന വാഹനത്തിന് വേഗപ്പൂട്ട് നിർബന്ധം. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ആനകളെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കരുത്. വെടിക്കെട്ട് സ്ഥലവും ആനയും തമ്മിൽ 100 മീറ്റർ ദൂര പരിധി വേണം എന്നീ നിർദ്ദേശങ്ങളായിരുന്നു ഹൈക്കോടതിയുടേത്.

തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് ആനകളെ അണിനിരത്തിയത് നിയന്ത്രണങ്ങളുടെ ലംഘനമാണെന്ന് പറഞ്ഞ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ നടപടികൾ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മഴ കാരണമാണ് ഇങ്ങനെ വേണ്ടി വന്നതെന്ന വിശദീകരണം കോടതി സ്വീകരിച്ചില്ല. ക്ഷേത്രാചാരത്തിന്റെ ഭാഗമായ ആനയെഴുന്നള്ളിപ്പ് തടയാനുള്ള ശ്രമം കേവലം മൃഗസ്‌നേഹത്തിന്റെ ഭാഗമാണെന്ന് കരുതാനാവില്ലെന്ന നിലപാടാണ് ഹിന്ദു പരിവാറിൽ നിന്നുണ്ടാകുന്നത്.

മൃഗസ്‌നേഹം ഒരു മറയാണെന്നും വിദേശ ഫണ്ടുകൾ കൈപ്പറ്റുന്ന ചില സന്നദ്ധ സംഘടനകൾ ഇതിനു പിന്നിൽ സ്ഥാപിത താല്പര്യത്തോടെ പ്രവർത്തിക്കുന്നുണ്ടെന്നും വരെ ആക്ഷേപിക്കുന്നു അവർ. മൃഗസംരക്ഷണമല്ല, ഭാരതീയവും ഹൈന്ദവവുമായ സംസ്‌കാരത്തിന്റെ സജീവത ഇല്ലാതാക്കുകയാണ് സന്നദ്ധ സംഘടനകളുടെ ലക്ഷ്യമത്രേ. അതിനായി നിഷ്‌കളങ്കരായ ചില വ്യക്തികളെ മുന്നിൽ നിർത്തി വൈദേശികമായ അജണ്ട നടപ്പിലാക്കുന്നു എന്നും ഹിന്ദു പരിവാർ ചൂണ്ടിക്കാട്ടുന്നു.

ബാബു കദളിക്കാട്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam