മധുരയിൽ സമാപിച്ച സി.പി.എം. പാർട്ടി കോൺഗ്രസ് നവകേരള ബദലിന് അംഗീകാരം നൽകിക്കഴിഞ്ഞു. മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളാണ് നവകേരളബദലിന്റെ നാരായവേരുകൾ. ഒന്ന്: ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവൽക്കരണം. രണ്ട്: നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ മേഖലയുമായി കൈ കോർത്ത് നവീകരിക്കുക. മൂന്ന്: അധിക വിഭവ സമാഹരണത്തിനായി യൂസർഫീസും സെസും ഏർപ്പെടുത്തുക. 'ഭംഗിക്ക് രണ്ട് താറാമുട്ടയും' എന്ന സിനിമാ ഡയലോഗ് കടമെടുത്താൽ സ്വകാര്യ വാഴ്‌സിറ്റികളും, ആരോഗ്യ രംഗത്തെ സ്വകാര്യവത്ക്കരണവും നവകേരള ബദലിന്റെ അനുബന്ധ നിർദ്ദേശങ്ങളായുണ്ട്.
പാർട്ടിക്കാർക്ക്, പ്രത്യേകിച്ച് കേരളത്തിലെ പാർട്ടിക്കാർക്ക് കേൾക്കാൻ രസമുള്ള കാര്യങ്ങൾ നവകേരളബദലിലുണ്ട്. ഒരു കാലത്ത് കട്ടയ്ക്ക് നിന്ന് എതിർത്തിരുന്ന കമ്പ്യൂട്ടറും സ്വകാര്യവൽക്കരണവുമെല്ലാം ഇപ്പോൾ പാർട്ടിയുടെ പുതുക്കിയ നയപരിപാടികളിൽ ഉൾപ്പെട്ടത് നന്നായെന്ന് ചിന്തിക്കുന്നവർ ഭൂരിപക്ഷമാണോ ന്യൂനപക്ഷമാണോ എന്നറിയില്ല. നവകേരളബദലിലേക്കുള്ള പാതയിൽ ചുങ്കപ്പിരിവെന്ന മട്ടിൽ യൂസർഫീയും സെസും ഏർപ്പെടുത്തുന്നതിൽ ചില പാർട്ടി പ്രവർത്തകർക്ക് മുറുമുറുപ്പുണ്ട്. ഉടനെ വന്നെത്തുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലായിരിക്കും മാറിയ ഈ നയങ്ങളുടെ മാറ്റുരച്ചു നോക്കുകയെന്ന് പറയാൻ മാത്രം വിഡ്ഢിശകളല്ല മലയാളികൾ. അതെന്താ കാരണമെന്നല്ലേ? വഴിയേ പറയാം.
ചീപ്പാകുമോ 'ബേബി'യുടെ നിലപാടുകൾ
പിണറായിയെ പോലെ സർവശക്തനായ ഒരു 'അവശിഷ്ട' മുഖ്യമന്ത്രിയുടെ ഔദാര്യത്തിലാണ് പ്രാക്കുളം ചെഗുവേര എന്ന വട്ടപ്പേരുള്ള എം.എ. ബേബി സി.പി.എം.ന്റെ ദേശീയ ജനറൽ സെക്രട്ടറിയായതെന്ന് മാധ്യമങ്ങൾ പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു. പിണറായി ഒരു കാലത്ത് 'വീഴ്ത്തിയ' ബേബിയെ ഇപ്പോൾ അദ്ദേഹം വാഴ്ത്തുന്നുണ്ടെങ്കിൽ, അതിനു പിന്നിൽ വ്യക്തമായ കരാറുകളുണ്ടാകാം. ഒരർത്ഥത്തിൽ സി.പി.എം. ദേശീയതലത്തിൽ നേരിടുന്ന പ്രതിസന്ധികൾ ഏറെയുണ്ട്. അതിനെല്ലാമുള്ള രോഗസംഹാരിയായി 'കാളൻ നെല്ലായി' പോലെ ഒരു അദ്ഭുത മരുന്നൊന്നുമല്ല ബേബി. പി. ജയരാജൻ ഒരു അദ്ഭുതമാണെന്ന് ബേബി പറഞ്ഞുകഴിഞ്ഞു.
കാരണഭൂതൻ ബേബിക്ക് പണ്ടേ അദ്ഭുതമാണ്. ഇനിയും പല അദ്ഭുതങ്ങളും ബേബി കാണാനിരിക്കുന്നതേയുള്ളൂ. കേരളത്തിലേക്ക് നോക്കി പല്ലിറുമ്മാമെന്നു കരുതിയാൽ പല്ലില്ലാത്ത പരുവത്തിലിരിക്കുകയാണ് പാർട്ടിയുടെ പി.ബി. അത്തരമൊരു പി.ബിയും ഇത്തരമൊരു ബേബിയും പിണറായിയുടെ വിജയം തന്നെയാണ്. ഈ വിജയത്തിന്റെ പശ്ചാത്തലത്തിൽ മറ്റുള്ളവർ ബേബി 'ചീപ്പായി' സംസാരിക്കുന്നുവെന്ന് ആരെങ്കിലും പറഞ്ഞാൽ അത് കേട്ട് ഉള്ളിൽ ചിരിക്കാനേ ആർക്കും കഴിയൂ. മറ്റൊരാളുടെ കക്ഷത്തിരിലിക്കുന്ന 'തല'യുടെ പരിമിതി ബേബിക്കു മാത്രം ബാധകമാകാതിരിക്കുമോ?
നിലമ്പൂരിലെ 'തറവേല'കൾ തുടങ്ങി
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഏതു ദിവസവും പ്രഖ്യാപിച്ചേക്കാം. പി.വി.അൻവർ വാശിക്ക് രാജിവച്ച സീറ്റിൽ നടക്കാൻ പോകുന്നത് തറവേലകളടങ്ങിയ ഉപതെരഞ്ഞെടുപ്പായിരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എസ്.എൻ.ഡി.പി. എന്ന ന്യൂനപക്ഷം, മലപ്പുറത്തെ ഭൂരിപക്ഷമായ മുസ്ലീം സമുദായത്തെ കുത്തിനോവിച്ചു കഴിഞ്ഞു. മലപ്പുറത്ത് ഒരു മതനിരപേക്ഷ ലൈൻ സ്വീകരിക്കാമെന്ന് യു.ഡി.എഫ്. കരുതിയതാണ്. അതിനായി മലപ്പുറം ഡി.സി.സി. നേതാവ് ജോയിയുടെ നാമനിർദ്ദേശം പോലും അൻവറിൽ നിന്നുണ്ടായി. തൃണമൂൽ കോൺഗ്രസിൽ ചേർന്ന അൻവർ യു.ഡി.എഫ്. സ്ഥാനാർത്ഥിയെ മുൻകൂട്ടി പ്രഖ്യാപിച്ചത് ലീഗിനെയും മറ്റൊരു സീറ്റ് മോഹിയായ ആര്യാടൻ ഷൗക്കത്തിനേയും ഒരേപോലെ കലിപ്പിലാക്കിയിട്ടുണ്ട്.
പ്രിയങ്കാഗാന്ധിക്ക് നിലമ്പൂർ നിയമസഭാ നിയോജകമണ്ഡലത്തിൽ വോട്ട് കുറഞ്ഞുവെങ്കിലും ഈയിടെ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് നല്ല ഭൂരിപക്ഷം ലഭിച്ചിരുന്നു. എൽ.ഡി.എഫ്. നിലമ്പൂരിൽ ഒരു സ്വതന്ത്രസ്ഥാനാർത്ഥിയെ തേടുകയാണ്. നിലമ്പൂരിന്റെ സ്വന്തം പുത്രനെന്നു വിശേഷിപ്പിക്കാവുന്ന എം.സ്വരാജിനെ പാർട്ടിസ്ഥാനാർത്ഥിയാക്കിയാലോ എന്ന ചിന്ത ചില ഇടതുനേതാക്കൾക്കുണ്ട്. ജയിക്കുമെന്ന് ഉറപ്പില്ലാത്ത സീറ്റിൽ മൽസരിക്കാനില്ലെന്ന് സ്വരാജ് നേരത്തെ പാർട്ടിയെ അറിയിച്ചതുകൊണ്ട് ആ വഴിക്കുള്ള ചർച്ചകൾ ഇപ്പോൾ നടക്കുന്നില്ല.
ആശയമറ്റവൻ ആശമാരോടൊപ്പം
വനിതാ സി.പി.ഒ. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഏപ്രിൽ 19ന് അവസാനിക്കും. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയിൽ ശയന പ്രദക്ഷിണം നടത്തുകയാണ് കുറെ സ്ത്രീകൾ. യഥാർത്ഥത്തിൽ ആശാവർക്കർമാരെ പോലെ ഇവരും ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം നിറവേറ്റണമെന്ന് ആവശ്യപ്പെട്ടാണ് സമരം ചെയ്യുന്നത്. പോലീസ് സേനയിൽ 15 ശതമാനം വനിതാ പ്രാതിനിധ്യം നടപ്പാക്കുമെന്നായിരുന്നു ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. കേരളത്തിൽ ആകെയുള്ള പോലീസുകാരുടെ എണ്ണം 56,000 ആണ്. ഇവരിൽ വനിതാ പോലീസുകാരുടെ എണ്ണം കഷ്ടിച്ച് 5000 മാത്രം. ഒരു പോലീസ് സ്റ്റേഷനിൽ 6 വനിതാ സി.പി.ഒ.മാരെങ്കിലും ഉണ്ടായിരിക്കണമെന്നാണ് ചട്ടം. പക്ഷെ, 672 പേരുടെ റാങ്ക്‌ലിസ്റ്റിൽ നിന്ന് നിയമിക്കാവുന്ന 570 ഒഴിവുകൾ നിലവിലുണ്ടായിട്ടും സർക്കാർ അനങ്ങുന്നില്ല. 'വനിതാ മതിൽ' വരെയുള്ള സമരപരിപാടികളുടെ പശ്ചാത്തലമുള്ള സി.പി.എം. ഇക്കാര്യത്തിൽ തൊഴിൽരഹിതരായ സ്ത്രീകളോടുള്ള സമീപനത്തിൽ മാറ്റം വരുത്താത്തത് ദൗർഭാഗ്യകരമാണ്.
ചില ട്രേഡ് യൂണിയനുകളുടെ കരിങ്കാലിപ്പണി
സമരം ചെയ്യുന്ന ആശാവൽക്കർമാരുടെ സമരം പൊളിക്കാൻ ഐ.എൻ.ടി.യു.സി.യെ പോലെ ഒരു തൊഴിലാളി സംഘടന കൂട്ടൂനിന്നുവെന്ന ആരോപണമുയർന്നിട്ടുണ്ട്. ഐ.എൻ.ടി.യു.സിയെ സ്വന്തം പോക്കറ്റിൽ കൊണ്ടുനടന്ന് ആവശ്യമുള്ളപ്പോഴെല്ലാം ഇടതുസർക്കാരിനായി പിണറായിയുടെ കാൽക്കീഴിൽ സമർപ്പിക്കുന്ന നേതാവാണ് ആർ.ചന്ദ്രശേഖരനെന്ന പരാതി പലരും ഉന്നയിച്ചിട്ടുണ്ട്. ഇപ്പോൾ കെ.പി.സി.സി രേഖാമൂലം ചന്ദ്രശേഖരന് താക്കീത് നൽകിക്കഴിഞ്ഞു.
നിലവിൽ കേരളത്തിലെ ട്രേഡ് യൂണിയൻ രംഗത്ത് കളകളേറി വരികയാണ്. പലപ്പോഴും മുതലാളിത്ത ചായ്‌വ് കാണിക്കുന്ന പല തൊഴിലാളി നേതാക്കളും നമ്മെ അമ്പരപ്പിക്കുന്നുമുണ്ട്.
എന്നാൽ തൊഴിലാളിയെ സോപ്പിടുമ്പോഴെല്ലാം അതിനു പിന്നിലെ ചതി പല തൊഴിലാളികളും തിരിച്ചറിയാതെ പോകുന്നുണ്ട്. ഉദാഹരണം കെ.എസ്.ആർ.ടി.സി. തന്നെ കഴിഞ്ഞ രണ്ടുമാസമായി ട്രാൻസ്‌പോർട്ട് ജീവനക്കാർക്ക് ഒറ്റ ഗഡുവായി ശമ്പളം കിട്ടി. മുടങ്ങിക്കിടക്കുന്ന പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ എഴുപത് കോടിയിലേറെ രൂപ സർക്കാർ അനുവദിച്ചു കഴിഞ്ഞു. എന്താണ് പെട്ടെന്ന് ഇങ്ങനെ സംഭവിക്കാൻ? കാരണം മേയ് 10ന് കെ.എസ്.ആർ.ടി.സി.യിൽ തൊഴിലാളി യൂണിയനുകൾക്കായുള്ള റഫറണ്ടം നടക്കാൻ പോകുകയാണ്. ഈ റഫറണ്ടത്തിൽ സി.ഐ.ടി.യു. തയ്യാറായില്ല. ഇപ്പോൾ അതേ സി.ഐ.ടി.യു.വിന് റഫറണ്ടത്തിൽ 'തൊഴിലാളി പ്രീതി' കിട്ടാൻ ശമ്പളം കൃത്യമായി വിതരണം ചെയ്യുന്നുവെന്ന പരാതിയുയർന്നിട്ടുണ്ട്.
കൊമ്പൻപോയ വഴിയെ മോഴയും
ഇടതുമുന്നണിയിലെ കൊമ്പനാണ് സി.പി.എം. മുന്നണിയിലെ വല്യേട്ടനെ ചുറ്റിപ്പറ്റി വിധേയനായിട്ടാണ് സി.പി.ഐ.യുടെ നിൽപ്പ്. സി.പി.എം.ലെ ചില നേതാക്കളുടെ ഏകാധിപത്യശൈലികളിൽ പലപ്പോഴും സി.പി.ഐ. എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എലപ്പുള്ളി വാറ്റ് കമ്പനിയുടെ കാര്യത്തിൽ നാം അത് കണ്ടതാണ്. ഇപ്പോൾ സി.പി.ഐ.യുടെ ഔദ്യോഗിക പാനലിനെതിരെ മൽസരം പാടില്ലെന്ന് പാർട്ടി സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. കെ.ഇ. ഇസ്മയിൽ പക്ഷക്കാരും പിണറായി ശൈലിയെ എതിർക്കുന്നവരുമായ നേതാക്കളെ വിലങ്ങിട്ട് നിർത്താൻ ഇത്തരമൊരു നടപടി വേണ്ടിവരുമെന്നാണ് പാർട്ടിയിലെ ഔദ്യോഗിക പക്ഷം പറയുന്നത്. സി.പി.ഐ. ഇത്രയേറെ അധഃപതിച്ചതെങ്ങനെ? സഖാവ് പിണറായി പോലും, ജില്ലാ സമ്മേളനങ്ങളിലെത്തി സ്വന്തം നിലപാട് ധീരമായി അവതരിപ്പിച്ച 'വല്യേട്ടൻ പാർട്ടി'യെക്കാൾ രാഷ്ട്രീയമായി താഴാൻ എങ്ങനെ ആ പാർട്ടിക്ക് കഴിഞ്ഞു ആവോ?
ആന്റണിചടയംമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്