തൃശൂരിലെ കൊലപാതകം; പതിനാലും പതിനാറും വയസ്സുള്ള കുട്ടികളുടെ പേരില്‍ കൊലക്കുറ്റം ചുമത്തി

JANUARY 2, 2025, 12:18 AM

തൃശൂര്‍: തൃശൂരില്‍ പുതുവര്‍ഷ തലേന്ന് ഉണ്ടായ കൊലപാതക കേസില്‍ പിടിയിലായ പതിനാലും പതിനാറും വയസ്സുള്ള കുട്ടികളുടെ പേരില്‍ കൊലക്കുറ്റം ചുമത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം ഇരുവരെയും ബുധനാഴ്ച രാവിലെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് വിയ്യൂരിലെ ചില്‍ഡ്രന്‍സ് കറക്ഷന്‍ ഹോമിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് തേക്കിന്‍കാട് മൈതാനിയില്‍ യുവാവ് കുത്തേറ്റു മരിച്ചത്.

തൃശ്ശൂര്‍ പാലിയംറോഡ് ടോപ്പ് റസിഡന്‍സിയില്‍ എടക്കളത്തൂര്‍ വീട്ടില്‍ ലിവിന്‍ ഡേവിസ് (30) ആണ് കൊല്ലപ്പെട്ടത്. തേക്കിന്‍കാട് മൈതാനത്ത് പ്രതികള്‍ ലഹരിയുപയോഗിക്കുന്നത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിനു കാരണമെന്ന് ചൂണ്ടിക്കാട്ടി ലിവിന്റെ സുഹൃത്ത് കോട്ടയം സ്വദേശി അരുണ്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈസ്റ്റ് പൊലീസ് കേസെടുത്തത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പതിനാലുകാരന്‍ ആക്രമിച്ചതെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.

ആക്രമണ സ്ഥലത്ത് നിന്ന് കണ്ടെടുത്ത കത്തി പതിനാലുകാരന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. ലിവിനാണ് ആദ്യം കത്തിവീശിയതെന്നും സ്വയരക്ഷയ്ക്ക് കത്തിപിടിച്ചുവാങ്ങി തിരിച്ച് കുത്തിയതാണെന്നും കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ വാദം പൊലീസ് തള്ളി. പതിനാലുകാരന്‍ ഓണ്‍ലൈന്‍ വഴിയാണ് കത്തി വാങ്ങിയത്. വാട്ടര്‍ടാങ്കിന് സമീപത്തെ പടിയിലിരിക്കുന്നതുമായി ബന്ധപ്പെട്ട് ലിവിനുമായി ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും കഴുത്തില്‍ കുത്തുകയുമായിരുന്നെന്നും പൊലീസ് പറഞ്ഞു.

സംഭവ സമയത്ത് ലിവിന്‍ മദ്യലഹരിയിലായിരുന്നു. മടക്കുകത്തികൊണ്ട് കുത്തുന്നതിനിടെ കത്തി മടങ്ങി കുട്ടികളിലൊരാളുടെ കൈയില്‍ പരിക്കേറ്റിട്ടുണ്ട്. അതേസമയം പ്രതികളുടെ പക്കല്‍നിന്ന് ലഹരിവസ്തുക്കള്‍ കണ്ടെടുത്തിട്ടില്ല. വൈദ്യപരിശോധനയിലും ലഹരി സാന്നിധ്യമില്ലായിരുന്നു. ചില ലഹരിവസ്തുക്കള്‍ പ്രാഥമിക പരിശോധനയില്‍ കണ്ടെത്താനാകില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.

അതേസമയം കൊല്ലപ്പെട്ട ലിവിന്റെ പേരില്‍ പോക്സോ കേസടക്കം നാല് കേസുകളുണ്ട്. അടുത്തിടെ നഗരത്തിലെ പള്ളിപ്പെരുന്നാളിനിടെ ഇയാള്‍ക്ക് കുത്തേറ്റിരുന്നു. സ്ഥിരം പ്രശ്നക്കാരായ കുട്ടികളുടെ പേരില്‍ ലഹരിയുപയോഗത്തിനും ലഹരി വില്‍പ്പനയ്ക്കും മണ്ണുത്തി, വിയ്യൂര്‍ സ്റ്റേഷനുകളില്‍ കേസുണ്ട്. സ്‌കൂളില്‍ കത്തിവീശിയ സംഭവത്തിന് പിന്നാലെ പൊലീസ് ഇരുവരുടെയും സാമൂഹികപശ്ചാത്തല റിപ്പോര്‍ട്ട് എടുത്തിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഇവരുടെ പേരില്‍ നടപടിയെടുത്തു. ടി.സി നല്‍കിയില്ലെങ്കിലും സ്‌കൂളില്‍ എത്തേണ്ടെന്നായിരുന്നു നിര്‍ദേശം.

കുട്ടിയുടെ പിതാവ് നേരത്തേ കൊല്ലപ്പെട്ടതാണ്. ഇതേത്തുടര്‍ന്നുള്ള സമ്മര്‍ദങ്ങളും കുട്ടി നേരിട്ടിരുന്നതായി പറയുന്നു. സ്‌കൂളില്‍ പ്രശ്നമുണ്ടായതിനുപിന്നാലെ അമ്മ കൗണ്‍സിലിങ്ങിനായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സഹായം തേടിയിരുന്നു. ഇവരുടെ സഹായത്തോടെ കുട്ടിക്ക് തിരുവനന്തപുരത്ത് ചികിത്സ നല്‍കിയെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ചു. ചികിത്സയില്‍ താത്പര്യം കാണിക്കാതെ ഇനി നന്നായിക്കോളാമെന്ന് അധികൃതര്‍ക്ക് ഉറപ്പുനല്‍കി ആഴ്ചകള്‍ക്കുമുന്‍പേയാണ് കുട്ടി വീട്ടിലെത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam