കൊച്ചി: 12000 പേരുടെ നൃത്ത പരിപാടിക്ക് പിന്നാലെ കലൂര്‍ സ്റ്റേഡിയം പരിശോധിക്കാന്‍ ജി.സി.ഡി.എയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും. മൈതാനത്തിന് കേടുപാടുണ്ടോയെന്ന് പരിശോധിക്കുമെന്നും മൃദംഗ വിഷനില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും ജി.സി.ഡി.എ വ്യക്തമാക്കി. ജി.സി.ഡി.എയുടെ എഞ്ചിനീയര്‍മാരും ബ്ലാസ്റ്റേഴ്സ് അധികൃതരും സംയുക്തമായാണ് പരിശോധന നടത്തുക. ബ്ലാസ്റ്റേഴ്സുമായി ഇക്കാര്യത്തില്‍ ബന്ധപ്പെട്ടിരുന്നുവെന്നും ജി.സി.ഡി.എ പറഞ്ഞു.
പുല്‍ത്തകിടിയില്‍ കാരവന്‍ കയറ്റുകയും ടച്ച് ലൈന്‍ വരെ നര്‍ത്തകിമാര്‍ നിരന്നുനില്‍ക്കുകയും ചെയ്തു. ദിവ്യാ ഉണ്ണി നൃത്തം ചെയ്തത് മൈതാന മധ്യത്തിലാണ്. ഇതെല്ലാം ഗ്രൗണ്ടിന് കേടുപാടുകളുണ്ടാക്കിയിട്ടുണ്ടെന്നും ജി.സി.ഡി.എ ചൂണ്ടിക്കാട്ടുന്നു. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടയതിനാല്‍ കേടുപാടുകള്‍ ഉണ്ടാകാതിരിക്കാനാണ് കായികേതര പരിപാടികള്‍ക്ക് സ്റ്റേഡിയം വിട്ടുകൊടുക്കാതിരുന്നതെന്നും ജി.സി.ഡി.എ വ്യക്തമാക്കി.
ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ മെഗാ നൃത്തപരിപാടിക്കിടെ സ്റ്റേഡിയത്തില്‍ താത്ക്കാലികമായി കെട്ടിയ സ്റ്റേജില്‍നിന്ന് വീണ് ഉമാ തോമസ് എം.എല്‍.എയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ പരിപാടിയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഉയര്‍ന്നുവരുന്നത്. പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ വലിയ സാമ്പത്തിക ക്രമക്കേടുകളും നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മൃദംഗ വിഷന്‍ എം.ഡി എം നിഗോഷ് കുമാര്‍, സി.ഇ.ഒ ഷമീര്‍, പൂര്‍ണിമ, നിഗോഷ് കുമാറിന്റെ ഭാര്യ എന്നിവര്‍ക്കെതിരെ പൊലീസ് വിശ്വാസ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. സംഘാടകരുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു.
അതേസമയം, കേസില്‍ ആവശ്യമെങ്കില്‍ ദിവ്യ ഉണ്ണിയേയും മൊഴിയെടുക്കാനായി വിളിപ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ വ്യക്തമാക്കി. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവേണ്ടി വരുമെന്ന സൂചനകള്‍ക്കിടെ ബുധനാഴ്ച ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചുപോയി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്