ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആർദ്രം ആരോഗ്യം ജീവിതശൈലി രോഗനിർണയ സ്‌ക്രീനിംഗിന്റെ രണ്ടാം ഘട്ടത്തിൽ 50 ലക്ഷത്തോളം പേരുടെ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
ആദ്യഘട്ടത്തിൽ 30 വയസിന് മുകളിൽ പ്രായമുള്ള 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂർത്തിയാക്കി രോഗസാധ്യത കണ്ടെത്തിയവർക്ക് തുടർ ചികിത്സ ഉറപ്പാക്കിയ ശേഷമാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്. ഒന്നാം ഘട്ട സ്‌ക്രീനിംഗിൽ പങ്കെടുത്തവരെ ഉൾപ്പെടെ ഉൾക്കൊള്ളിച്ചാണ് രണ്ടാം ഘട്ട സ്‌ക്രീനിംഗ് നടത്തുന്നത്.
ശൈലി ഒന്നാം ഘട്ടത്തിൽ രക്താതിമർദം, പ്രമേഹം, കാൻസർ, ടിബി, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിയപ്പോൾ രണ്ടാം ഘട്ടത്തിൽ ഇതോടൊപ്പം കുഷ്ഠ രോഗം, മാനസികാരോഗ്യം, കാഴ്ചാ പ്രശ്നം, കേൾവി പ്രശ്നം, വയോജന ആരോഗ്യം എന്നിവയ്ക്കും പ്രാധാന്യം നൽകുന്നു. സ്‌ക്രീനിംഗിൽ രോഗസാധ്യതയുണ്ടെന്ന് കണ്ടെത്തുന്നവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ശൈലി രണ്ട് വാർഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായി 50 ലക്ഷം പേരുടെ സ്‌ക്രീനിംഗ് നടത്തിയതിൽ 23,21,315 പേർക്ക് (46.7 ശതമാനം) ജീവിതശൈലീ രോഗ സാധ്യതയുള്ളതായി കണ്ടെത്തി. നിലവിൽ രക്താതിമർദം മാത്രമുള്ള 6,53,541 (13.15 ശതമാനം) പേരുടേയും പ്രമേഹം മാത്രമുള്ള 4,31,448 (8.68 ശതമാനം) പേരുടേയും ഇവ രണ്ടുമുള്ള 2,71,144 പേരുടേയും ആരോഗ്യ സംബന്ധമായ വിവരങ്ങൾ രേഖപ്പെടുത്തി.
കാൻസർ സാധ്യതയുള്ള 1,10,781 പേരെ കണ്ടെത്തി തുടർ പരിശോധനയ്ക്കായി റഫർ ചെയ്തു. 1,45,867 പേരെ ടിബി പരിശോധനയ്ക്കായും 2,10,641 പേരെ ശ്വാസകോശ സംബന്ധമായ പരിശോധനയ്ക്കായും റഫർ ചെയ്തു. 54,772 കിടപ്പ് രോഗികളേയും പരസഹായം ആവശ്യമുള്ള 85,551 പേരേയും 16,31,932 വയോജനങ്ങളേയും സന്ദർശിച്ച് ആരോഗ്യ സംബന്ധമായ വിവരങ്ങൾ ശേഖരിച്ച് തുടർ സേവനങ്ങൾ നൽകുന്നുണ്ട്.
പുതുതായി ഉൾപ്പെടുത്തിയവയിൽ 1,45,622 പേരെ കുഷ്ഠ രോഗ പരിശോധനയ്ക്കായും 15,94,587 പേരെ കാഴ്ച പരിശോധനയ്ക്കായും 2,29,936 പേരെ കേൾവി പരിശോധനയ്ക്കായും റഫർ ചെയ്തു. 1,24,138 വയോജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളതായി കണ്ടെത്തി. 71,759 പേരെ മാനസികാരോഗ്യ പരിശോധനയ്ക്ക് റഫർ ചെയ്തു. ഇവരിൽ ആവശ്യമായവർക്ക് പരിചരണവും ചികിത്സയും നൽകുന്നുണ്ട്.
നവകേരളം കർമ്മപദ്ധതി ആർദ്രം രണ്ടിന്റെ ഭാഗമായി സംസ്ഥാനത്തെ 30 വയസിന് മുകളിൽ പ്രായമുള്ള എല്ലാ വ്യക്തികളേയും സ്‌ക്രീൻ ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇ ഹെൽത്ത് രൂപകല്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്.
വീടുകളിലെത്തി സ്‌ക്രീനിംഗ് നടത്തി രോഗസാധ്യത കണ്ടെത്തിയ വ്യക്തികളെ പരിശോധിച്ച് രോഗനിർണയം നടത്തി തുടർചികിത്സ ഉറപ്പാക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ജീവിതശൈലീ രോഗങ്ങൾ നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീർണമാകാതെ നിയന്ത്രിക്കാൻ സാധിക്കും. അതോടൊപ്പം രോഗസാധ്യത കണ്ടെത്തിയവരിൽ ജീവിതശൈലിയിൽ മാറ്റം വരുത്തിയും വ്യായാമത്തിലൂടെയും ജീവിതശൈലീ രോഗങ്ങൾ വരാതെ നോക്കാനും സാധിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്