മീനച്ചില്‍ നദീതട പദ്ധതിക്ക് തുടക്കമാകുന്നു, ഡിപിആര്‍ തയാറാക്കാന്‍ ധാരണാ പത്രം ഒപ്പിട്ടു

NOVEMBER 13, 2024, 2:05 PM

 കോട്ടയം: ഇടുക്കിയിൽ വൈദ്യുതോത്പാദനത്തിന് ശേഷം വരുന്ന അധികജലം മീനച്ചിലാറിൽ എത്തിച്ച് കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതിനുള്ള മീനച്ചിൽ നദീതട പദ്ധതിയുടെ ഡിപിആർ തയാറാക്കുന്നതിന് കേന്ദ്ര ഏജൻസിയായ വാപ്‌കോസുമായി ജലസേചന വകുപ്പ് ധാരണാപത്രം ഒപ്പിട്ടു. 

മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ ജലസേചന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് സംസ്ഥാനത്തിന് വേണ്ടി ഒപ്പുവച്ചത്. 

ഡിപിആർ ലഭിച്ചാൽ ഉടൻ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് മന്ത്രി റോഷി അറിയിച്ചു. നേരത്തേ പദ്ധതിയുടെ പഠന റിപ്പോർട്ട് മന്ത്രി റോഷി അഗസ്റ്റിന് വാപ്‌കോസ് പ്രതിനിധി അമിതാഭ് ത്രിപാഠി കൈമാറിയിരുന്നു. മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനത്തിനുശേഷം അധികമുള്ള ജലം മീനച്ചിലാറ്റിലേക്കു തിരിച്ചുവിട്ട് വർഷം മുഴുവനും സുസ്ഥിരമായ ഒഴുക്ക് നിലനിർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സംസ്ഥാന ബജറ്റിൽ 3 കോടി രൂപ അനുവദിച്ചിരുന്നു. 

vachakam
vachakam
vachakam

കുടിവെള്ളത്തിനു പുറമേ മീനച്ചിൽ കോട്ടയം ചങ്ങനാശേരി താലൂക്കുകളിൽ കൃഷിക്കായുള്ള ജലസേചനവും പദ്ധതി ലക്ഷ്യമിടുന്നു. മീനച്ചിലാറിൽ വർഷം മുഴുവൻ ജലസമൃദ്ധമാകുന്നതോടെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും കഴിയും. താഴ്ന്ന മേഖലയിൽ വേനൽ കാലത്ത് ഓരു വെള്ളം കയറുന്നതു തടയാനും പദ്ധതി ഉപകരിക്കും. 

അറക്കുളം മൂന്നുങ്കവയലിൽ ചെക്ഡാം പണിത് ഇവിടെനിന്നു 500 മീറ്റർ കനാൽ       നിർമിച്ച് അതിലൂടെ എത്തുന്ന വെള്ളം 6.5 കിലോമീറ്റർ ടണൽ നിർമിച്ച് അതിലൂടെ കോട്ടയം ജില്ലയിൽ മൂന്നിലവ് പഞ്ചായത്തിൽ എത്തിക്കും. ഇവിടെനിന്നു 200 മീറ്റർ ചാലു കീറി വെള്ളം കടപുഴയിലേക്ക് എത്തിക്കുന്നതാണ് പദ്ധതി. 

മുൻ മന്ത്രി കെ.എം. മാണി വിഭാവനം ചെയ്ത സ്വപ്ന പദ്ധതിയാണിത്. അന്ന് പഠന റിപ്പോർട്ട് ലഭിക്കുകയും ടണൽ അടിക്കാനായി ഭൂമിക്കടിയിലെ പാറ നിർണയിക്കാനുള്ള റിഫ്രാക്ഷൻ സർവേക്ക് ബെംഗളൂരു ആസ്ഥാനമായുള്ള ഏജൻസിയുമായി ചർച്ച പൂർത്തിയാക്കുകയും ചെയ്തിരുന്നു. പിന്നീട് സാങ്കേതിക കാരണങ്ങളാൽ പദ്ധതി വൈകുകയായിരുന്നു. 

vachakam
vachakam
vachakam

എന്താണ് മീനച്ചിൽ നദീതട പദ്ധതി? 

വേനൽക്കാലത്ത് വറ്റിവരളുന്ന മീനച്ചിൽ നദി ജലസമൃദ്ധമാക്കുന്നതാണ് മീനച്ചിൽ നദീതട പദ്ധതി.  ഇതു യാഥാർത്ഥ്യമാകുന്നതോടെ നദിയിൽ നിന്നുള്ള വെള്ളത്തെയും അതിൽ നിന്ന് വെള്ളമെടുക്കുന്ന വിവിധ ജലസേചന, കുടിവെള്ള പദ്ധതികളെയും ആശ്രയിക്കുന്ന കർഷക സമൂഹത്തിന് വലിയ പിന്തുണയാകും. 

കെ.എം. മാണി വിഭാവനം ചെയ്ത പദ്ധതി പ്രകാരം മീനച്ചിൽ തടത്തിൽ 75 മീറ്റർ ഉയരത്തിൽ 228 ഹെക്ടർ ജലസംഭരണി വിസ്തൃതിയുള്ള അണക്കെട്ട് നിർമിക്കാനായിരുന്നു പ്രാഥമിക നിർദേശം. കെഎസ്ഇബി മീനച്ചിൽ തടത്തിൽ വഴിക്കടവിൽ നിന്ന് ഇടുക്കി അണക്കെട്ടിലേക്ക് തുരങ്കം നിർമിച്ച് ഡൈവേർഷൻ വെയർ വഴി വെള്ളം തിരിച്ചുവിടാൻ തുടങ്ങിയതോടെ പദ്ധതി തടസ്സപ്പെട്ടു. 

vachakam
vachakam
vachakam

എന്നാൽ, സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി, അടുക്കത്ത് അണക്കെട്ട് നിർമാണം അസാധ്യമാണെന്ന് കണ്ടെത്തി. അതിനുപകരം മലങ്കര അണക്കെട്ടിന്റെ മുകൾഭാഗത്ത് നിന്ന് വെള്ളം തിരിച്ചുവിടുന്നതിനും മീനച്ചിലിലും അതിന്റെ മൂന്ന് പ്രധാന കൈവഴികളിലും മിനി ഡാമുകൾ നിർമ്മിക്കുന്നതിനും ബദൽ പദ്ധതി ശുപാർശ ചെയ്തു.


 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam