ഡൽഹി: ഇറക്കുമതി തീരുവ വെട്ടിപ്പുമായി ബന്ധപ്പെട്ട് 1.2 ബില്യൺ ഡോളർ കുടിശ്ശിക അടയ്ക്കണമെന്ന സർക്കാർ ആവശ്യത്തിനെതിരെ ഫോക്‌സ്‌വാഗൺ ഉന്നയിക്കുന്ന വാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യ. മെഴ്‌സിഡസ് ബെൻസ് ഉൾപ്പെടെയുള്ള എതിരാളി കമ്പനികളും കാർ ഭാഗങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് കുറഞ്ഞ നികുതിയാണ് നൽകുന്നതെന്ന ഫോക്‌സ്‌വാഗന്റെ അവകാശവാദത്തെയാണ് സർക്കാർ തള്ളിക്കളഞ്ഞത്.
ഔഡി, സ്കോഡ, വി.ഡബ്ല്യു കാറുകളുടെ നൂറുകണക്കിന് ഭാഗങ്ങൾ വെവ്വേറെ കപ്പലുകളിലായി ഇറക്കുമതി ചെയ്ത് 10 ശതമാനം മാത്രം തീരുവ അടച്ച ശേഷം ഇന്ത്യയിൽ വെച്ച് കാറുകളായി കൂട്ടിയോജിപ്പിക്കുകയായിരുന്നുവെന്ന് 2024-ൽ ഇന്ത്യൻ നികുതി അധികൃതർ ഫോക്‌സ്‌വാഗണെതിരെ ആരോപിച്ചിരുന്നു. പൂർണ്ണമായ കാർ കിറ്റുകളുടെ ഇറക്കുമതിക്ക് ബാധകമായ 30 മുതൽ 35 ശതമാനം വരെയുള്ള തീരുവ ഒഴിവാക്കാനാണ് കമ്പനി ഈ തന്ത്രം ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇറക്കുമതി തീരുവ ആവശ്യത്തെ ചോദ്യം ചെയ്തുകൊണ്ട് ഫോക്‌സ്‌വാഗൺ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായ ഇന്ത്യയിൽ വെറും രണ്ട് ശതമാനം മാത്രം വിപണി വിഹിതമുള്ള തങ്ങളുടെ ബിസിനസ്സിന് ഈ കേസ് "ജീവന്മരണ" പോരാട്ടമാണെന്നാണ് കമ്പനി വിശേഷിപ്പിച്ചത്.
ഈ മാസം ആദ്യം മുംബൈ ഹൈക്കോടതിയിൽ വാദം കേൾക്കുന്നതിനിടെ, മെഴ്‌സിഡസ്, ബി.എം.ഡബ്ല്യു, കിയ എന്നിവയുൾപ്പെടെ സമാനമായ കാറുകൾ നിർമ്മിക്കുന്ന എല്ലാ കമ്പനികളും ഇതേ ഇറക്കുമതി രീതിയാണ് പിന്തുടരുന്നതെന്ന് ഫോക്‌സ്‌വാഗൺ ആരോപിച്ചിരുന്നു. മറ്റ് കമ്പനികൾ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഫോക്‌സ്‌വാഗൺ എതിരാളികളെയും കേസിലേക്ക് വലിച്ചിഴച്ചത്.
വാഹന നിർമ്മാതാക്കൾ മുൻകൂട്ടി കൂട്ടിയോജിപ്പിച്ച എഞ്ചിനോ ഗിയർബോക്സോ മറ്റ് എല്ലാ ഭാഗങ്ങൾക്കുമൊപ്പം ഇറക്കുമതി ചെയ്യുമ്പോൾ, ഇന്ത്യൻ നിയമപ്രകാരം കാർ കിറ്റുകൾക്ക് ബാധകമായ 30 മുതൽ 35 ശതമാനം വരെ തീരുവ നൽകേണ്ടതുണ്ട്. അല്ലാതെ 12 വർഷക്കാലം എല്ലാത്തിനെയും വെറും സ്പെയർ പാർട്സുകളായി കാണിച്ച് ഫോക്‌സ്‌വാഗൺ അടച്ച 5 മുതൽ 15 ശതമാനം വരെയുള്ള നികുതിയല്ല നൽകേണ്ടതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഫോക്‌സ്‌വാഗൺ തെറ്റായ താരതമ്യത്തിന് ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ നികുതി വകുപ്പ്, ഹ്യുണ്ടായിയും മെഴ്‌സിഡസും ശരിയായ നിയമങ്ങൾ പാലിക്കുന്ന കമ്പനികളാണെന്നും എടുത്തുപറഞ്ഞു.
മെഴ്‌സിഡസിന്റെ ഏറ്റവും വിലകൂടിയ ആഡംബര കാറുകളിലൊന്നായ 'മെയ്ബാക്ക്' മോഡലിന്റെ ഭാഗങ്ങൾ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉദാഹരണമാണ് ഇരുപക്ഷവും തമ്മിലുള്ള പ്രധാന തർക്കവിഷയം. 2.5 കോടി രൂപയ്ക്ക് മുകളിൽ വിലയുള്ള മെയ്ബാക്ക് കാറുകൾക്കായി മുൻകൂട്ടി കൂട്ടിയോജിപ്പിച്ച ഗിയർബോക്സോ ട്രാൻസ്മിഷനോ എഞ്ചിനോ ഇറക്കുമതി ചെയ്യുമ്പോൾ മെഴ്‌സിഡസ് ബെൻസ് പോലുള്ളവർ 30 മുതൽ 35 ശതമാനം വരെ തീരുവയാണ് അടയ്ക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി. എന്നാൽ നികുതി തർക്കത്തിൽ ഉൾപ്പെട്ട തങ്ങളുടെ സാധാരണ മോഡലുകളെ ഇത്തരം ഉയർന്ന ആഡംബര കാറുകളുമായി താരതമ്യം ചെയ്യാനാവില്ലെന്നാണ് ഫോക്‌സ്‌വാഗൺ നേരത്തെ കോടതിയെ അറിയിച്ചത്.വിഷയത്തിൽ ഫോക്‌സ്‌വാഗൺ ഇന്ത്യ യൂണിറ്റോ, സ്കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യയോ, കേന്ദ്ര ധനമന്ത്രാലയമോ, മെഴ്‌സിഡസോ, ഹ്യുണ്ടായിയോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
