ഹിസാര്‍ (ഹരിയാന): യുഎസിലേക്ക് നിയമപരമായി എത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ ഏജന്റുമാര്‍ക്കെതിരെ പരാതിയുമായി അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട ഹരിയാന സ്വദേശി. ഹരിയാനയിലെ ഖാര്‍ ഗ്രാമത്തില്‍ നിന്നുള്ള അക്ഷയ് എന്ന യുവാവാണ് പാതിയുമായി പൊലീസിനെ സമീപിച്ചത്. 50 ലക്ഷം രൂപയാണ് ഏജന്റുമാര്‍ ഇയാളില്‍ നിന്ന് തട്ടിയത്.
മാസങ്ങള്‍ നീണ്ട യാത്രക്കൊടുവില്‍ യുഎസില്‍ എത്തിയെങ്കിലും അഞ്ച് മിനിറ്റിനുള്ളില്‍ പൊലീസ് പിടികൂടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസില്‍ നിന്ന് നാടുകടത്തി ഇന്ത്യയിലെത്തിയ 104 പേരില്‍ ഒരാളാണ് അക്ഷയ്. യുഎസിലേക്കുള്ള തൊഴില്‍ വിസയ്ക്ക് വേണ്ടിയാണ് അക്ഷയ് 2024 ജൂണില്‍ ഏജന്റുമാരെ സമീപിച്ചത്. നിയമപരമായി വ്യോമ മാര്‍ഗം യുഎസില്‍ എത്തിക്കുന്നതിന് 35 ലക്ഷം രൂപയാണ് ഏജന്റുമാര്‍ ചോദിച്ചത്. ആദ്യം ദുബായിലേക്കും അവിടെ നിന്ന് യുഎസിലേക്കും തൊഴില്‍ വിസയില്‍ യുഎസില്‍ എത്തിക്കുമെന്നായിരുന്നു വാഗ്ദാനം.
ഇതനുസരിച്ച് 2024 ജൂലായ് 18 ന് ഏജന്റുമാര്‍ അക്ഷയ്യെ ദുബായില്‍ എത്തിച്ചു. ഒരു മാസക്കാലം അക്ഷയ് ദുബായില്‍ കഴിഞ്ഞു. അഞ്ച് ദിവസത്തിനുള്ളില്‍ യുഎസിലെത്തിക്കാം എന്ന് പറഞ്ഞ് ഓഗസ്റ്റ് 23 ന് ഏജന്റുമാര്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടു. തൊട്ടടുത്ത ദിവസം ബന്ധുക്കള്‍ പണം എത്തിച്ചുകൊടുത്തു. എന്നാല്‍ ദക്ഷിണ അമേരിക്കന്‍ രാജ്യമായ സുറിനാമിലേക്കാണ് അക്ഷയ്യെ ഇവര്‍ കൊണ്ടുപോയത്. അവിടെ 20 ദിവസത്തോളം താമസിക്കേണ്ടി വന്നു. സുറിനാമില്‍ തന്നെ കഴിയേണ്ടി വന്നത് നാട്ടില്‍ ഏജന്റുമാരെ കണ്ട് ബന്ധുക്കള്‍ ചോദ്യം ചെയ്തു.
രണ്ട് ദിവസത്തിനുള്ളില്‍ യുഎസിലേക്ക് കൊണ്ടുപോവുമെന്നാണ് അവര്‍ മറുപടി നല്‍കിയത്. സുറിനാമില്‍ നിന്ന് ബസിലാണ് പിന്നീട് അക്ഷയ്ക്ക് യാത്ര ഒരുക്കിയത്. വിമാനത്തിലാണ് പോവുന്നത് എന്നാണ് ഏജന്റുമാര്‍ ബന്ധുക്കളോട് പറഞ്ഞത്. വിവിധ മാഫിയകളാണ് ബസ് യാത്ര ഏര്‍പ്പാടാക്കിയത്. പിന്നീട് വീണ്ടും 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. 2024 നവംബറില്‍ ഈ പണവും നല്‍കി. ഒടുവില്‍ ജനുവരി 25 ന് മെക്സിക്കോ വഴി അക്ഷയ് യുഎസില്‍ എത്തി. എന്നാല്‍ അവിടെയെത്തി അഞ്ച് മിനിറ്റിനുള്ളില്‍ അമേരിക്കന്‍ പൊലീസ് അക്ഷയ്യെ പിടികൂടി ഡീറ്റെന്‍ഷന്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. ഫെബ്രുവരി 3 ന് അവിടെ നിന്ന് നാടുകടത്തി.
ഏജന്റുമാരെ അറസ്റ്റ് ചെയ്യണമെന്നും തന്റെ 50 ലക്ഷം വീണ്ടെടുത്ത് തരണമെന്നുമാവശ്യപ്പെട്ടാണ് അക്ഷയ് പൊലീസിനെ സമീപിച്ചിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നാട് കടത്തപ്പെട്ട മറ്റ് ചിലരും ഏജന്റുമാര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്