അഹമ്മദാബാദ്: നീറ്റ് യുജി പുനഃപരീക്ഷ നടക്കാനിരിക്കെ ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു വിദ്യാർത്ഥി കൂടി ജീവനൊടുക്കി. രഹാൻ പട്ടേൽ (17) എന്ന വിദ്യാർത്ഥിയാണ് മരിച്ചത്.
അഹമ്മദാബാദിലെ ന്യൂ റാണിപ് പ്രദേശത്തെ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലാണ് സംഭവം. പുലർച്ചെ 2.30ഓടെ, താമസിച്ചിരുന്ന കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു വിദ്യാർത്ഥിയെന്നാണ് പൊലീസ് പറയുന്നത്. അമ്മയ്ക്കും ഇളയ സഹോദരനുമൊപ്പമാണ് രഹാൻ താമസിച്ചിരുന്നത്.
കിടപ്പുമുറിയോട് ചേർന്ന ബാൽക്കണിയിൽ സ്ഥാപിച്ചിരുന്ന സുരക്ഷാവല മുറിച്ചശേഷമാണ് വിദ്യാർത്ഥി താഴേക്ക് ചാടിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. അപ്പാർട്ട്‌മെന്റിലെ സുരക്ഷാ ജീവനക്കാരനാണ് ആദ്യം വിദ്യാർത്ഥിയെ കണ്ടെത്തിയത്. തുടർന്ന് അലാറം മുഴക്കി മറ്റ് താമസക്കാരെ വിവരം അറിയിക്കുകയും അടിയന്തരമായി ആംബുലൻസ് വിളിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അടുത്തിടെ നടന്ന പ്ലസ് ടു പരീക്ഷയിൽ 85 ശതമാനം മാർക്ക് നേടിയിരുന്ന രഹാന്‍, കഴിഞ്ഞ നീറ്റ് യുജി പരീക്ഷയിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. മെഡിക്കൽ പ്രവേശനം ലക്ഷ്യമിട്ട് ഒരിക്കൽ കൂടി നീറ്റ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും വിവരമുണ്ട്.
അതേസമയം, ഭാവി പഠനത്തിനായി ഫാർമസി കോഴ്‌സിലേക്കുള്ള പ്രവേശന അപേക്ഷയും വിദ്യാർത്ഥി സമർപ്പിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. അതിനാൽ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യം എന്താണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, പരിശീലന കേന്ദ്രവുമായി ബന്ധപ്പെട്ടവർ എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തി വരികയാണ്. മരണത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
